Image

വൈശാഖൻ മാഷിന് എൺപത് വയസ്സ്

Published on 28 June, 2020
വൈശാഖൻ മാഷിന് എൺപത് വയസ്സ്
ചെറിയ ചെറിയ ആന്റിനകൾകൊണ്ട് വലിയ ലോകത്തെ പിടിച്ചെടുത്തു മനുഷ്യർക്ക്‌ മുന്നിൽ വെച്ചുകൊടുത്ത കഥാകാരനാണ് വൈശാഖൻ. ഇരുപതു വർഷത്തോളം ദക്ഷിണേന്ത്യൻ റെയിൽവേയ്ക്ക് പച്ച മിന്നിച്ച  ആ വെളിച്ചത്തിൽ മലയാളി  ഇന്നും കഥകൾ വായിക്കുന്നു.  കാലത്തിന്റെ കുത്തൊഴുക്കിൽ അദ്ദേഹത്തിന്റെ കഥകൾ ശിരസ്സുയർത്തി ആഭിജാത്യത്തോടെ നിൽക്കുന്നുവെങ്കിൽ  അത് ജീവിതത്തിന്റെ സത്യനിമിഷങ്ങൾ കഥകളായി രൂപാന്തരപ്പെട്ടതിനാൽ തന്നെയാണ്. 
    കേരളത്തിലെ സർവ്വകലാശാലകളുടെ പാഠപുസ്തകങ്ങൾ, സി. ബി. എസ്. ഇ. ടെക്സ്റ്റ്‌ ബുക്ക്‌ തുടങ്ങിയവയിൽ അദ്ദേഹത്തിന്റെ കഥകൾ കുട്ടികൾ പഠിക്കുന്നു. 
കേരള സാഹിത്യ അക്കാദമിയുടെ അമരക്കാരനായി നിറചിരിയോടെ ഇരിക്കുന്ന അദ്ദേഹം കഥാക്യാമ്പുകളും കഥാശില്പശാലകളും നടത്തി സാഹിത്യത്തെ  കൂടുതൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളിൽ വ്യാപൃതനായിരിക്കുന്നു.
 
വാർദ്ധക്യത്തിൽ തങ്ങളുടെ നിസ്സഹായത പരസ്പരം പങ്കുവെക്കുന്ന ദമ്പതികൾ ഒരു കമ്പിളിയിൽ മൂടിപ്പുതച്ചിരിക്കുന്നവർ ആണെന്ന് അദ്ദേഹത്തിന്റെ ഒരു കഥയിൽ  ഉണ്ട്. കഥയിലെ വൃദ്ധൻ പൂക്കൂടയ്ക്കടുത്തു വീണുകിടക്കുന്ന ജമന്തിപ്പൂവെടുത്ത്‌ വൃദ്ധയുടെ നരച്ച മുടിയിൽ ചൂടിക്കുമ്പോൾ ഓർക്കുന്ന ഭാഗം കഥാകൃത്ത്‌ ഇങ്ങനെ പറയുന്നുണ്ട്. 
'വെൺനര കലർന്നവളല്ല നീയെൻ കണ്ണിന് കണ്വമുനിയുടെ കന്യയാമാരോമലാൾ...' എന്ന്‌.. 
 വിഷമങ്ങളും സങ്കടങ്ങളും ഉണ്ടെങ്കിലും ജീവിതത്തെ ജെണ്ടുമല്ലിയുടെ അഴകോടെ നേരിടാൻ  ഈ ലോകത്തോട് അദ്ദേഹം ആശംസിക്കുന്നു. 

ഇന്നദ്ദേഹത്തിനു എൺപത് വയസ്സ് തികയുന്നു. (1940/ ജൂൺ / 27) ഇനിയും ആ വെളിച്ചത്തിൽ കഥകൾ വായിക്കാൻ  മലയാളിക്ക് ഭാഗ്യമുണ്ടാവട്ടെ. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈശാഖൻ മാഷിന്   സർവ്വ ഐശ്വര്യങ്ങളോടെ  പിറന്നാൾ ആശംസകൾ നേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക