Image

ചൈനാ അതിര്‍ത്തിയില്‍ സൈനീക സന്നാഹമൊരുക്കി ഇന്ത്യ, 15,000 പട്ടാളക്കാരെ വിന്യസിച്ചു

Published on 27 June, 2020
ചൈനാ അതിര്‍ത്തിയില്‍ സൈനീക സന്നാഹമൊരുക്കി ഇന്ത്യ, 15,000 പട്ടാളക്കാരെ വിന്യസിച്ചു
ന്യൂഡല്‍ഹി: ചൈന ആക്രമണത്തിനുമുതിര്‍ന്നാല്‍ നേരിടുന്നതിനായി കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയിലേക്ക് (എല്‍.എ.സി.) ടാങ്കുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി 15,000 സൈനികരെ ഇന്ത്യ അയച്ചു. വടക്കന്‍ ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ 2013ല്‍ ചൈനയുമായി സംഘര്‍ഷമുണ്ടായതിനുശേഷം ഇപ്പോഴാണ് ഇത്രവലിയ സൈനികസന്നാഹത്തെ ഇന്ത്യ അയക്കുന്നത്. 50 ദിവസത്തിലേറെയായി കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സേന (പി.എല്‍.എ.) തുടരുന്ന ആക്രമണോത്സുകതയ്ക്കുള്ള മറുപടിയായാണിത്.

ഇന്ത്യന്‍ പ്രതിരോധത്തെ അതിജീവിക്കാന്‍ ഒരുലക്ഷം പട്ടാളക്കാരെയെങ്കിലും ചൈനയ്ക്കുവേണ്ടിവരും. എന്നാല്‍, ഇതുവരെ അത്രയേറെപ്പേരെ ചൈന വിന്യസിച്ചിട്ടില്ല. “ഇത്രവലിയ സേനാവിന്യാസം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍പോന്നത്ര പട്ടാളക്കാരെയേ അയച്ചിട്ടുള്ളൂ എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍” കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് നേരിട്ടറിവുള്ള സേനാ ഉദ്യോഗസ്ഥന്‍ പേരുവെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ പറഞ്ഞു.

“എല്‍.എ.സി.ക്കപ്പുറമുള്ള സ്വന്തം പ്രദേശത്തു നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ആക്രമാസക്തമായ പെരുമാറ്റമുണ്ടായിട്ടില്ല. എല്‍.എ.സി.യില്‍ റോന്തുചുറ്റുന്ന പി.എല്‍.എ. സംഘങ്ങളാകട്ടെ സ്വന്തം പ്രദേശത്തേക്ക് ഉള്‍വലിഞ്ഞുകഴിഞ്ഞു. ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ സ്വന്തം സ്ഥലത്തുതന്നെയാണുള്ളത്. അതിനാല്‍ അവര്‍ നേര്‍ക്കുനേര്‍ വരുന്നില്ല. പ്രകോപനമുണ്ടാക്കാതെ സേനാപിന്മാറ്റം നടക്കുകയും ചെയ്യും” മറ്റൊരു സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.അഞ്ചു ബ്രിഗേഡുകളിലായി 15,000 പട്ടാളക്കാരെയാണ് ഇന്ത്യ അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക