Image

ജോസഫ് മാര്‍ത്തോമ്മായുടെ ജീവിതം രാജ്യത്തിന് സമര്‍പ്പിച്ചത് : പ്രധാനമന്ത്രി

Published on 27 June, 2020
ജോസഫ് മാര്‍ത്തോമ്മായുടെ ജീവിതം രാജ്യത്തിന് സമര്‍പ്പിച്ചത് : പ്രധാനമന്ത്രി


തിരുവല്ല: മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടേത് രാജ്യത്തിനായി  സമർപ്പിച്ച  ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെത്രാപ്പോലീത്തയുടെ നവതിയാഘോഷം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്ത്രീകളുടെ ഉന്നമനത്തിലും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുമായി മെത്രൊപ്പൊലീത്ത വഹിച്ച പങ്ക് വലുതാണ്. മാര്‍ത്തോമ്മാ സഭ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.  സഭ ദേശീയ ഐക്യത്തിന് നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പ്രകീര്‍ത്തിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി ഒത്തുചേരാനുള്ള സമയമാണിതെന്നും മോദി പറഞ്ഞു.


കൊവിഡ് 19 നെതിരെ ഇന്ത്യ ശക്തമായി പോരാട്ടമാണ് നടത്തുന്നത്. രോഗബാധയുടെ തുടക്കത്തില്‍ ഇന്ത്യയില്‍ ഇത് വളരെയധികം നാശം വിതയ്ക്കുമെന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അതിനെ തടഞ്ഞു. ലോക്ക്ഡൗണും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും രോഗവ്യാപനം കുറയാന്‍ കാരണമായി. യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറവാണ് ഇന്ത്യയിലെ മരണനിരക്ക്. 


രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവര്‍ രോഗമുക്തരാവുന്ന തോത് ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.


മറുപടി പ്രസംഗത്തില്‍ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. രാജ്യപുരോഗതിക്കായി പ്രധാനമന്ത്രി നടത്തുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്ന്​ അദ്ദേഹം പറഞ്ഞു. ഒപ്പമുള്ളവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തിരുവല്ല മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കായിരുന്നു ചടങ്ങുകൾ.


മലങ്കരയുടെ നവീകരണ പിതാവ്‌ എന്നറിയപ്പെടുന്ന അബ്രഹാം മല്‌പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടില്‍ 1931 ജൂണ്‍ 27 ന്‌ പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി. ടി. ജോസഫ്‌ എന്നായിരുന്നു ആദ്യനാമം. 


ആലുവ യൂണിയന്‍ ക്രിസ്‌ത്യന്‍ കോളേജിലെ പഠനത്തിനു ശേഷം 1954ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ്‌ തിയോളജി കോളേജില്‍ ബി.ഡി പഠനത്തിനു ചേര്‍ന്നു. 1957 ഒകേ്‌ടാബര്‍ 18ന്‌ കശീശ പട്ടം ലഭിച്ചു. 1975 ജനുവരി 11 ന്‌ റമ്ബാനായും ഫെബ്രുവരി എട്ടിന്‌ ജോസഫ്‌ മാര്‍ ഐറേനിയോസ്‌ എന്ന അഭിനാമത്തില്‍ എപ്പിസ്‌ക്കോപ്പായായും അഭിഷിക്‌തനായി.


1999 മാര്‍ച്ച്‌ 15ന്‌ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായി മാര്‍ ഐറെനിയോസ്‌. 


ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം മാര്‍ ക്രിസോസ്‌റ്റം സ്‌ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന്‌ സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി ജോസഫ്‌ മാര്‍ത്തോമ്മ എന്ന പേരില്‍ മാര്‍ ഐറെനിയോസ്‌ ചുമതല ഏല്‍ക്കുകയായിരുന്നു.


വിശ്വാസത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും വിട്ടു വീഴ്ചയില്ലാത്ത നിലപാടെടുത്ത തിരുമേനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു.


കേരളത്തിലെ പാരിസ്‌ഥിക പ്രശ്‌നങ്ങള്‍ നിരന്തരമായി പ്രതിപാദിക്കുന്ന മെത്രാപ്പോലീത്ത ഈ വിഷയം മാരാമണ്‍ കണ്‍വന്‍ഷന്‍ വേദികളില്‍ അവതരിപ്പിച്ചു വിശ്വാസ സമൂഹത്തെ ഇതിന്റെ ഗൗരവം ചോരാതെ മനസിലാക്കിച്ചുഎന്ന പ്രത്യേകതയുമുണ്ട്‌. 

.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക