Image

ധരുണ്‍ രവി നാളെ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യും; ടെക്‌സാസിലും എതിരാളികളില്ലാതെ റോംനി;

Published on 30 May, 2012
 ധരുണ്‍ രവി നാളെ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യും; ടെക്‌സാസിലും എതിരാളികളില്ലാതെ റോംനി;
ന്യുജേഴ്‌സി: സഹപാഠിയുടെ സ്വവര്‍ഗ ലൈംഗികത വെബ്കാമില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ കോടതി 30 ദിവസം തടവിന് ശിക്ഷിച്ച ഇന്ത്യന് വംശജന്‍ ധരുണ്‍ രവി(20) ശിക്ഷ അനുഭവിക്കാനായി നാളെ ജയിലില്‍ ഹാജരാവും. രവി ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ടെയ്‌ലര്‍ ക്ലെമന്റി ആത്മഹത്യ ചെയ്ത കേസില്‍ ഈ മാസം 21നാണ് മിഡില്‍സെക്‌സ് കൗണ്ടി കോടതി രവിയെ 30 ദിവസത്തെ തടവിന് ശിക്ഷിച്ചത്. രവിയുടെ ശിക്ഷയ്‌ക്കെതിരെ വാദിഭാഗവും പ്രതിഭാഗവും അപ്പീല്‍ നല്‍കിയിട്ടുണ്ട്. ജയിലില്‍ നല്ലനടപ്പ് നടന്നാല്‍ രവിയുടെ ശിക്ഷ കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷപാതിത്വപരമായ പെരുമാറ്റം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, തെളിവു നശിപ്പിക്കല്‍, ചാരപ്രവര്‍ത്തി നടത്തല്‍ തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളുടെ പേരിലാണ് രവിയെ ജൂറി കുറ്റക്കാരനെന്നു കണ്‌ടെത്തിയത്.

ആത്മഹത്യ ചെയ്ത ക്ലെമന്റിയും ധരുണ്‍ രവിയും റട്‌ഗേഴ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായിരുന്നു . തന്റെ ആണ്‍സുഹൃത്തിനൊപ്പം തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ക്ലെമന്റി അറിയിച്ചതിനെത്തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്റെ മുറിയിലേക്കു പോയ രവി അവിടെ നിന്ന് രഹസ്യമായി ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ഇടപഴകലുകള്‍ വീക്ഷിച്ചു. ഇരുവരും പരസ്പരം ചുംബിക്കുന്നതു കണ്ട രവി മറ്റൊരവസത്തില്‍ സുഹൃത്തിനൊപ്പം തനിച്ചിരിക്കണമെന്ന് ക്ലെമന്റി ആവശ്യപ്പെട്ടപ്പോള്‍ മുറി വിട്ട് പോകുന്നതിന് മുമ്പ് കമ്പ്യൂട്ടറിന്റെ വെബ്ക്യാം ഓണ്‍ ചെയ്യുകയും ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ഇടപഴകലുകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം രഹസ്യമായി കാണുകയും ചെയ്തു. പിന്നീട് ഇക്കാര്യം ട്വീറ്റ് ചെയ്ത് സുഹൃത്തുക്കളെയും അറിയിച്ചു. സ്വവര്‍ഗാനുരാഗിയെന്ന പേരില്‍ പിന്നീട് രവിയും കൂട്ടുകാരും ക്ലെമന്റിയെ തുടര്‍ച്ചയായി കളിയാക്കാന്‍ ആരംഭിച്ചു. ഇതില്‍ മനംനൊന്ത് 2010 സെപ്റ്റംബര്‍ 22ന് ക്ലെമന്റി ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ടെക്‌സാസിലും എതിരാളികളില്ലാതെ റോംനി; റിപ്പബ്ലിക്കന്‍ സ്ഥാന്ര്‍ഥിത്വം ഉറപ്പിച്ചു

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം മിറ്റ് റോംനി ഉറപ്പിച്ചു. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റോംനി പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരെ മത്സരിക്കും. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ 58 റിപ്പബ്ലിക്കന്‍ ഡെലിഗേറ്റുകളുടെ വോട്ടു കൂടി വേണ്ടിയിരുന്ന റോംനി ചൊവ്വാവ്ച നടന്ന ടെക്‌സാസ് െ്രെപമറിയില്‍കൂടി ജയിച്ചതോടെ 158 ഡെലിഗേറ്റുകളുടെ പിന്തുണ കൂടി നേടി. 70 ശതമാനം വോട്ടുകള്‍ നേടിയാണു റോംനി ടെക്‌സാസ് പ്രൈമറിയില്‍ ജയിച്ചു കയറിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ താന്‍ ബഹുമാനിതനും വിനയാന്വിതനുമായെന്നു റോംനി പ്രതികരിച്ചു. മാസാച്യുസെറ്റ്‌സ് മുന്‍ ഗവര്‍ണര്‍ കൂടിയാണ് റോംനി. ഓഗസ്റ്റ് 27നു ഫ്‌ളോറിഡയിലെ ടാംപിയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ റോംനിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ടെക്‌സാസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം കൂടിയായ റോണ്‍ പോളിന് പ്രൈമറിയില്‍ പത്തുശതമാനവുംവോട്ടു മാത്രമെ നേടാനായുള്ളു. റിക് സാന്റോറം ഏഴ് ശതമാനവും മുന്‍ സ്പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിറ്റ് അഞ്ചു ശതമാനവം വോട്ടുകള്‍ നേടി. അതേസമയം, അഭിപ്രായ സര്‍വേകള്‍ പ്രകാരം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമ- റോംനി മത്സരം കടുത്തതാകുമെന്നാണ് റിപ്പോര്‍ട്ട്.

ഓപെറ ബ്രൗസറിനെ വാങ്ങാന്‍ ഫേസ്ബുക്ക്

ഒസ്‌ലോ: ഫേസ്ബുക്ക് ബ്രൗസറിനെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായെങ്കിലും ഇതുവരെ തീരുമാനം ആയിരുന്നില്ല. ഇതിപ്പോള്‍ സാധാരണക്കാരന്റെ മൊബൈല്‍ ബ്രൗസറായ ഓപെറയെ വാങ്ങാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ആയിരം കോടി ഡോളറാണ് ഓപെറ സോഫ്റ്റ്‌വെയര്‍ എന്ന കമ്പനി വികസിപ്പിച്ച ഓപെറ ബ്രൗസറിനു ഫേസ്ബുക്ക് ഇട്ടിരിക്കുന്ന വില.

മികച്ച സോഫ്റ്റ്‌വെയര്‍ എന്ന പേര് സ്വന്തമാണെങ്കിലും പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ ആധിപത്യമുറപ്പിക്കാന്‍ ഓപെറയ്ക്കു ഇനിയുമായിട്ടില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍, പിഡിഎ തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളില്‍ ഓപെറയ്ക്കാണ് ആധിപത്യം. ഇതുമുതലെടുക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യവും. ലോകത്തെമ്പാടുമായി ഓപെറ മിനി ബ്രൗസറിനു 17 കോടി ഉപയോക്താക്കളുണ്‌ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വന്തം ബ്രൗസര്‍ എന്ന പ്ലാറ്റ്‌ഫോമില്‍ ഫേസ്ബുക്കിന്റെ വേഗത കൂട്ടാനാണ് സുക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. സ്വന്തം ബ്രൗസറിനായി പല വഴികള്‍ ആലോചിച്ചെങ്കിലും ഏറ്റവുമൊടുവില്‍ ഓപെറയിലാണ് ഫേസ്ബുക്ക് എത്തിനില്‍ക്കുന്നത്. നിരവധി സവിശേഷതകളുള്ള ഓപെറ, ഫേസ്ബുക്കിനു ഏറ്റവും അനുയോജ്യമായ ബ്രൗസറാണ്. അതുകൊണ്ടു തന്നെ ഓപെറയുടെ വില ആയിരം കോടിയില്‍ നിന്നു 1200 കോടി വരെ ഉയര്‍ത്താന്‍ ഫേസ്ബുക്ക് തയാറായേക്കും.

അതേസമയം, ഇന്‍സ്റ്റഗ്രാം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആയിരം കോടി ഡോളര്‍ എന്ന റിക്കാര്‍ഡ് തുകയ്ക്കു വാങ്ങിയ ഫേസ്ബുക്ക് മറ്റൊരു ഭീമന്‍ കച്ചവടത്തിന് ഒരുങ്ങുമ്പോള്‍ ഏറെ തടസങ്ങളും തരണം ചെയ്യേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേതു ഓപെറയുടെ സ്ഥാപകനും മുഖ്യ ഓഹരി ഉടമയുമായ ജോണ്‍ എസ് വോണ്‍ തെച്ച്‌നെറിന്റെ എതിര്‍പ്പ് തന്നെയാണ്. കമ്പനിയെ സ്വന്തംനിലയില്‍ വളര്‍ത്താനാണ് തെച്ച്‌നെറിന്റെ ശ്രമം. അടുത്ത വര്‍ഷത്തോടെ 50 കോടി ഉപയോക്താക്കളെയാണ് ഓപെറ ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക് മുന്നോട്ടുവച്ചിരിക്കുന്ന വിലയും അത്ര വലുതല്ലെന്നാണ് തെച്ച്‌നെറിന്റെ പക്ഷം. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞാല്‍ ഈ കാല്‍വെപ്പ് ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. കാരണം വെറുമൊരു ഇന്റര്‍നെറ്റ് സൈറ്റ് എന്നതില്‍ നിന്നും നിങ്ങളുടെ വെബ് എന്നതിലേക്കുള്ള വളര്‍ച്ചയുടെ തുടക്കമാകും ഇത്. ഇത് കൂടാതെ മൊബൈല്‍ പരസ്യ വരുമാനം കണെ്ടത്താന്‍ ഫേസ്ബുക്ക് വിഷമിക്കുന്ന ഈ കാലത്ത് ലോകത്തെ നമ്പര്‍ വണ്‍ മൊബൈല്‍ ബ്രൗസര്‍ ആയ ഓപെറയെ കൂട്ട് പിടിക്കുന്നത് വന്‍ സാമ്പത്തിക ലാഭവും പ്രധാന എതിരാളി ആയ ഗൂഗിളുമായുള്ള മത്സരത്തിന്റെ പുതിയ മുഖവുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക