Image

മനസ്സ് ( കവിത: രമണി അമ്മാൾ )

Published on 22 June, 2020
മനസ്സ് ( കവിത: രമണി അമ്മാൾ )


മരുഭൂമിയാണെന്റെ മനസ്സ് 
വസന്ത ഹേമന്ത ഋതുക്കളില്ലാത്ത,
ഇലകൾ കൊഴിയുന്ന 
ശിശിരമില്ലാത്ത,
നീലക്കായലിന്നോളമില്ലാത്ത
തിരകളിളകാത്ത
മഹാ സമുദ്രം...

മരുഭൂമിയാണെന്റെ മനസ്സ്. 
മണലാഴക്കടലെന്റെ മനസ്സ്

അനന്തം മണൽക്കാട്ടിൽ
വീശുന്ന ചുടുകാറ്റിൽ 
അനങ്ങാപ്പാറപോൽ നിൽക്കുമെണ്ണപ്പനകൾ..
ചൂടസ്തമിക്കാത്ത പകലുകൾ രാത്രികൾ
പഥികരില്ലാത്ത പാതയിൽ 
ഒട്ടകത്തിന്റെ കാല്പാടുകൾ...

മരുഭൂമിയാണെന്റെ മനസ്സ്
മണലാഴക്കടലെന്റെ മനസ്സ് 

പ്രണയ സാഗരമങ്ങകലെ
നിലാവു പൂക്കുന്ന കായലകലെ
വിളറും ആകാശ ദൈന്യതയരികെ

മരുഭൂമിയാണെന്റെ മനസ്സ്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക