Image

മാനസിക പ്രയാസം താങ്ങാനാവാത്ത അപമൃത്യൂവെന്ന് വൈദികര്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനമെന്ന് പോലീസ്

Published on 22 June, 2020
മാനസിക പ്രയാസം താങ്ങാനാവാത്ത അപമൃത്യൂവെന്ന് വൈദികര്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനമെന്ന് പോലീസ്

പുന്നത്തുറ: കോട്ടയം പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ.ജോര്‍ജ് എട്ടുപറയില്‍ ആത്മഹത്യ ചെയ്തതു തന്നെയാണെന്ന് ഉറപ്പിച്ച് ചങ്ങനാശേരി അതിരൂപത. പള്ളിയിലെ ഷെഡിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഏറെ മാനസിക സംഘര്‍ഷത്തിലായിരുന്നൂ. അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഏറെ പരിശ്രമിച്ചിരുന്നു. എന്നാല്‍ അതിനു കഴിഞ്ഞില്ലെന്ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് മുണ്ടകത്ത് പറഞ്ഞു.

പള്ളിയില്‍ നിന്നും ഫാ.ജോര്‍ജ് മാറ്റം ആവശ്യപ്പെട്ടിരുന്നു. മാറ്റം കൊടുക്കാമെന്ന് ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം പറഞ്ഞിരുന്നു. നാലരയ്ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കിയിരുന്നു. കാണാതെ വന്നപ്പോള്‍ ബിഷപ് തിരിച്ചുവിളിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഫാ. ജോസഫ് പറഞ്ഞു.

കുരിശുമായി ബന്ധപ്പെട്ട ഒരു പ്രശ്നവുമില്ല. ഫെബ്രുവരിയിലാണ് ഫാ. ജോര്‍ജ് ചുമതലയേറ്റത്. മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നതോടെ പള്ളി അടച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് ഷെഡില്‍ തീപിടുത്തമുണ്ടായിരുന്നു. നാലു പേര്‍ക്ക് പൊള്ളലേറ്റിരുന്നു. മൂന്നു പേര്‍ അപകടനില തരണം ചെയ്തിരുന്നു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഇടവകാംഗങ്ങള്‍ക്കുണ്ടായ ദുരന്തത്തില്‍ അദ്ദേഹം ഏറെ ദുഃഖിതനായിരുന്നു. ഇതില്‍ മനംനൊന്തുള്ള അപമൃത്യൂവാണെന്ന് വൈദികര്‍ പറയുന്നത്.

ഫാ.ജോര്‍ജിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിയമനമെന്ന് പോലീസും വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ദുരുഹത കാണുന്നില്ല. തീപിടുത്തവുമായി ബന്ധപ്പെട്ട് വൈദികന്‍ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നുവെന്നും പോലീസ് പറഞ്ഞു. ശരീരത്തില്‍ കാണപ്പെട്ട ചെറിയ മുറിവുകള്‍ കിണറ്റില്‍ വീണ സമയത്ത് സംഭവിച്ചതാണെന്ന കരുതുന്നു.

അതേസമയം, തീപിടുത്തത്തില്‍ പൊള്ളലേറ്റവരെ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരുടെ ചികിത്സയ്ക്ക് മൂന്നു ലക്ഷത്തിലേറെ രൂപ ചെലവായിരുന്നു. ഈ പണം കണ്ടെത്താന്‍ കഴിയാതെ വൈദികന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. രൂപതാ നേതൃത്വം സഹായിച്ചില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഇടവക ജനത്തില്‍ നിന്ന് പിരിവ് എടുക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഇതോടെ ചികിത്സാ ചെലവ് കണ്ടെത്താന്‍ കഴിയാതെ വന്ന മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. 

ഫാ.ജോര്‍ജ് എട്ടുപറയിലിനെ കുറിച്ച് സ്വദേശമായ മങ്കൊമ്പ് തെക്കേക്കര സെന്റ് ജോണ്‍സ് ഇടവകക്കാര്‍ക്ക് പറയാനുള്ളത് നന്മമാത്രം. വര്‍ഷങ്ങളോളം അമേരിക്കയില്‍ സേവനം ചെയ്തിരുന്ന ഫാ.ജോര്‍ജ് അടുത്തകാലത്താണ് തിരിച്ചെത്തി ഇടവക ഭരണത്തില്‍ പ്രവേശിച്ചത്. നാട്ടുകാരുടെ പ്രിയപ്പെട്ട സോണിയച്ചന്റെ സേവനം നാട്ടുകാര്‍ ഏറ്റവും അനുഭവിച്ചറിഞ്ഞത് പ്രളയത്തിന്റെ കാലത്തായിരുന്നു. മഹാപ്രളയത്തിന്റെ ദുരിതം ഏറ്റവും അനുഭവിച്ച കുട്ടനാട്, മങ്കൊമ്പ് മേഖലകളില്‍ വീട് നഷ്ടപ്പെട്ട നിരവധി പേര്‍ക്കാണ് വീടു വയ്ക്കാന്‍ പണം നല്‍കിയത്. സ്വന്തം ഇടവകയിലും മുന്‍പ് സേവനം ചെയ്ത കായിപ്പുറം ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളിലം ജാതിമത ഭേദമന്യേ അദ്ദേഹം പണം നല്‍കി. അമേരിക്കയില്‍ സേവനം ചെയ്തിരുന്ന കാലത്ത് ലഭിച്ച 50 ലക്ഷത്തോളം വരുന്ന സ്റ്റൈപ്പന്റ് മുഴുവന്‍ സ്വന്തം നാട്ടിലെ ജനങ്ങളുടെ ദുരിതമകറ്റാനാണ് നല്‍കിയത്.

യുവജനങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു സോണിയച്ചന്‍. അദ്ദേഹം ഏതു പള്ളിയിലേക്കു സ്ഥലംമാറിപ്പോയാലും മുന്‍പ് ഇരുന്ന പള്ളികളിലെ യുവജനങ്ങള്‍ സ്നേഹബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തെ തേടി ചെല്ലുമായിരുന്നുവെന്നൂം മങ്കൊമ്പ് നിവാസികള്‍ പറയുന്നു. നിഷ്‌കളങ്ക മനസ്സിന് ഉടമയായ വൈദികന്‍ വലിയ മനുഷ്യസ്നേഹിയായിരുന്നു. മാനസിക സമ്മര്‍ദ്ദം നേരിടാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന്റെ പരാജയം.

പുന്നത്തുറ പള്ളിയില്‍ ഏറെ മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. കുരിശ് രൂപം അള്‍ത്താരയില്‍ നിന്ന് മാറ്റിയതിനെ ചൊല്ലി വിശ്വാസികള്‍ക്കിടയിലുണ്ടായ ഭിന്നതയാണ് ഏറ്റവും വലിയ പ്രശ്നം. ഇതോടെ പള്ളിയിലെ വരുമാനത്തില്‍ വലിയ കുറവുണ്ടായി. ഇതിനു പുറമേ പള്ളിയിലുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ക്ക് പൊള്ളലേറ്റതോടെ അവരുടെ ചികിത്സാ ചെലവും കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യതയും വികാരിയച്ചന്റേതായി. എന്നാല്‍ അതിരൂപതയുടെ ഭാഗത്തുനിന്നും ഒരു സഹായവും അച്ചന് കിട്ടിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഫാ.ജോര്‍ജ് എട്ടുപറയിലിന് സഭയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് ഇടവകാംഗമായ ജോളി എട്ടുപറ. വൈദികന്‍ ഈ പള്ളിയില്‍ നിന്ന് അതിരൂപത നേതൃത്വത്തോട് സ്ഥലംമാറ്റം ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ബിഷപുമായി കൂടിക്കാഴ്ച അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ബിഷപ് ഹൗസില്‍ എത്തിയിരുന്നില്ല. കാണാതെ വന്നതോടെ പരിചയക്കാരുടെയോ ബന്ധുക്കളുടെയോ വീട്ടില്‍ പോയതാവാമെന്ന് കരുതി. രാത്രി വൈകിയിട്ടും കാണാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. വൈദികനെ കാണാത്തതിനാല്‍ പള്ളി ജീവനക്കാരന്‍ അത്താഴം മുറിക്ക് പുറത്തുവച്ചിട്ട് പോകുകയായിരുന്നു.

ഈ പള്ളിയില്‍ വരുന്ന വൈദികനും അധികകാലം ഇരിക്കില്ലെന്ന് ഇടവകക്കാര്‍ പറയുന്നു. ഇതിനു മുന്‍പ് ഇരുന്ന വൈദികന്‍ എട്ടു മാസം കഴിഞ്ഞപ്പോള്‍ സ്ഥലംമാറിപ്പോയി. അദ്ദേഹം മുന്‍പ് ചാന്‍സലറായിരുന്നതിനാല്‍ അതിരുപതയില്‍ സ്വാധീനിച്ച് സ്ഥലം മാറ്റം തരപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഫാ.ജോര്‍ജ് വിദേശത്തുനിന്ന് വന്നതിനാല്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ അറിയാതെ ചുമതലയേല്‍ക്കുകയായിരുന്നു. പ്രശ്നങ്ങള്‍ അറിഞ്ഞതോടെ ഇവിടെ നിന്ന് സ്ഥലം മാറിപ്പോകാന്‍ ആഗ്രഹിച്ചിരുന്നു.

ഇടവകക്കാരുടെ ആഗ്രഹത്തിന് വിരുദ്ധമായി പള്ളിയിലെ അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന ക്രൂശിത രൂപം മാറ്റിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പതിറ്റാണ്ടുകളായി ഞങ്ങളുടെ പൂര്‍വ്വികര്‍ വണങ്ങിയ കുരിശ് മാറ്റിയതോടെ വൈകാരികമായ പ്രശ്നങ്ങളുണ്ടായി. ഇതോടെ 500 ഓളം ഇടവകക്കാരുള്ള പള്ളിയില്‍ ആളുകള്‍ വരുന്നത് കുറഞ്ഞു. മറ്റ് പള്ളികളിലാണ് ആളുകള്‍ പോയിരുന്നത്. ആഴ്ചയില്‍ 18,000 രൂപ വരെ സ്തോത്രക്കാഴ്ച കിട്ടിയിരുന്ന പള്ളിയിലെ വരുമാനം ഇതോടെ കുറഞ്ഞു 4000 രൂപ വരെയായി. ഇതോടെ പള്ളിയുടെ ദൈന്യംദിന ചെലവുകള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയായി. ഇത് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

ഇത്രയും നല്ലൊരു പുരോഹിതന്‍ ഈ ഇടവകയില്‍ വന്നിട്ടില്ലെന്നാണ് ഇടവകക്കാര്‍ പറയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം- ജോളി എട്ടുപറ പറഞ്ഞു. മാറ്റിയ ക്രൂശിത രൂപം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതില്‍ കേസ് നടക്കുന്നുമുണ്ട്.

പള്ളിയിലെ അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന ക്രൂശിത രൂപം മാറ്റിയതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും മുന്‍പ് ഈ പള്ളിയില്‍ നടന്നിരുന്നു. പ്രതിഷേധിച്ച ഇടവകക്കാരെ പോലീസ് അറസ്റ്റു ചെയ്തുനീക്കുകയും വന്‍ പോലീസ് സന്നാഹത്തോടെ പുതിയ കുരിശ് സ്ഥാപിക്കുകയും ചെയ്തിരുന്നു.


അതിരൂപത അനുശോചിച്ചു 

ഫാ. ജോര്‍ജ് എട്ടുപറയുടെ അസ്വഭാവിക മരണത്തില്‍ അതിരൂപതയുടെ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നു.

2020 ഫെബ്രുവരി മാസത്തിലാണ് അദ്ദേഹം പുന്നത്തുറ പള്ളി വികാരിയായി ചുമതലയേറ്റത്. കുറച്ചു നാളുകള്‍ക്കുമുന്‍പ് പള്ളി കോമ്പൗണ്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ ചിലര്‍ക്ക് പരിക്ക് പറ്റിയ സംഭവം രക്തസമ്മര്‍ദ്ദരോഗിയായിരുന്ന അദ്ദേഹത്തിന് വലിയ വിഷമത്തിന് ഇടയായിട്ടുണ്ടെന്ന് മനസ്സിലായിട്ടുള്ളതാണ്.

ബഹുമാനപ്പെട്ട ജോര്‍ജ്ജ് എട്ടുപറയച്ചന്റെ അകാല നിര്യാണത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെയും പുന്നത്തുറ ഇടവകയുടെയും ദു:ഖത്തില്‍ ചങ്ങനാശേരി അതിരൂപതാ കുടുംബം മുഴുവന്‍ പങ്കുചേരുന്നു. പോലീസിന്റെ എല്ലാ നിയമനടപടികളോടും അതിരൂപത പൂര്‍ണ്ണമായി സഹകരിക്കുന്നതാണ്. പരേതന്റേയും കുടുംബാംഗങ്ങളുടെയും അതിരൂപതയുടെയും വികാരത്തെ എല്ലാവരും മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അഡ്വ. ജോജി ചിറയില്‍ (അതിരൂപതാ പി.ആര്‍.ഒ)
ഫാ. ആന്റണി തലച്ചെല്ലൂര്‍ (ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍)
Join WhatsApp News
Josukuty 2020-06-22 07:15:11
അനുശോചനങ്ങൾ. …….. ഇതിൻറെ പിന്നിലെ കാരണങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടാകാൻ സാധ്യത ഇല്ല. ഒരു വൈദികൻ പോലും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കാൻ കേരളത്തിലെ ഇടവകക്കാർ ആഗ്രഹിക്കുകയില്ല. ആ പള്ളിയിൽ ചെകുത്താൻ കുരിശു സ്ഥാപിക്കുന്നതുമായി ബന്ധപെട്ടു നടന്ന സംഭവങ്ങളുടെ വിഡിയോ കണ്ടിരുന്നു. ബിഷപ്പിൻറെ നിർബന്ധ ബുദ്ധി മൂലമാണു പ്രശ്നങ്ങൾ ഉണ്ടായതെന്നു അന്ന് തന്നെ കേട്ടിരുന്നു. ക്ലാവർ കുരിശുമായി ബന്ധപെട്ടു ഇടവകക്കാരുടെ ഇഷ്ടത്തിനു വിരുദ്ധമായി എന്തെങ്കിലും കർക്കശ നിലപാടുകൾ എടുക്കാൻ ബിഷപ് നിർബന്ധിച്ചിരിക്കാം. ഇടവകക്കാർക്കെതിരായി ബിഷപ്പിൻറെ ധിക്കാരപരമായ തീരുമാനം നടപ്പാക്കാനുള്ള ബുദ്ധിമുട്ടു മൂലം അദ്ദേഹം ഇങ്ങനെ ഒരു വഴി തെരഞ്ഞെടുത്തതാകാം. ബിഷപ്പിൻറെ പങ്കു ഒരിക്കലും പുറത്തു വരാൻ സാധ്യത ഇല്ല.
കത്തോലിക്ക സഭയും കിണറും 2020-06-22 17:50:51
കത്തോലിക്ക സഭയും കിണറും തമ്മിൽ എന്തോ വലിയ നിഗൂഢ ബന്ധം. യേശു വീണ്ടും വന്നാൽ കുരിശിൽ തറക്കുകയില്ല . കിണറ്റിൽ തള്ളിയിടും എന്ന് വ്യക്തം. അപ്പോൾ പള്ളിയുടെ മുകളിൽ എല്ലാം കിണർ, കൊള്ളാം ; വാട്ടർ ടാങ്ക് ആയും ഉപയോഗിക്കാം. അപ്പോൾ ഓർത്തഡോക്സ്കാർ ദുഃഖവെള്ളിയിൽ കുരിശു കുമ്പിടുന്നതിനു പകരം ഇങ്ങനെ ചൊല്ലും- ഞങ്ങളുടെ അല്മമത്തിനു രക്ഷയായ കിണറിൽ ഞങ്ങളും ചാടുന്നു. അപ്പോൾ കന്യാ സ്ത്രികളെ കിണറ്റിൽ തള്ളിയിട്ടാലും ആരും ചോദിക്കില്ല. ഓർത്തഡോക്സ്കാർ കിണറ്റിൽ ചാടി യേശുവിനോട് ചേരുമ്പോൾ പള്ളികൾ എല്ലാം പത്രിയർക്കേസിന്. - ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക