Image

കുടുംബത്തിന്റെ വെളിച്ചം മാതാവാണെങ്കില്‍ നെടുംതൂണാണ് പിതാവ്: ഡോ ഐസക് മാര്‍ ഫിലക്‌സിനിയോസ്

പി പി ചെറിയാന്‍ Published on 21 June, 2020
കുടുംബത്തിന്റെ വെളിച്ചം മാതാവാണെങ്കില്‍ നെടുംതൂണാണ് പിതാവ്: ഡോ ഐസക് മാര്‍ ഫിലക്‌സിനിയോസ്

ഡാളസ്: മാതാവ് ഒരു കുടുംബത്തിന്റെ വെളിച്ചമാണെങ്കില്‍ കുടുംബത്തെ താങ്ങി നിര്‍ത്തുന്ന നെടുംതൂണാണ് പിതാവെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നു നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ ഐസക് മാര്‍ ഫിലക്‌സിനിയോസ്.

ജൂണ്‍ 21 ഞായറാഴ്ച രാവിലെ ഡാളസ് കാരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പരസ്യാരാധനയില്‍ പങ്കെടുത്തു ധ്യാന പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്‌കോപ്പ.

പിതൃ ദിനമായി ഇന്ന് നാം ആചരിക്കുമ്പോള്‍ എല്ലാ പിതാക്കന്മാര്‍ക്കും സന്തോഷിക്കുന്നതിനുള്ള അവസരമാണ്. നിശ്ശബ്ദമായ, ത്യാഗസമ്പൂര്‍ണമായ പിതാക്കന്മാരുടെ ജീവിതത്തെ ആദരിക്കപ്പെടുന്നു എന്നതും അവരെ സംബന്ധിച്ചു അഭിമാനിക്കാവുന്നതാണ്. ഒരു കുടുംബത്തിന്റെ സന്തോഷം പൂര്‍ത്തീകരിക്കപ്പെടുന്നത്,
ഭവനത്തിന്റെ മാതാവായ വെളിച്ചം പിതാവായ തൂണില്‍ പ്രതിഫലിക്കുന്ന അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണെന്ന് നാം എപ്പോഴും ഓര്‍ത്തിരിക്കണം--തിരുമേനി ഉദ്‌ബോധിപിച്ചു.

എന്നാല്‍ ഇതിനൊക്കെ അപ്പുറമായി നമ്മുടെയെല്ലാം പിതാവായ, സര്‍വ സ്രുഷ്ടിക്കും മുഖാന്തരമായ ദൈവത്തെ നാം ദിനംതോറും സ്മരിക്കുകയും അവന്റെ കല്പനകള്‍ പ്രമാണിച്ചു ജീവിക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന സന്തോഷം മറ്റെന്തിനേക്കാളും വര്‍ണനാതീതമാണ്.

സഭയായി ഇന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന 'എന്താണ് ആരാധന' എന്ന വിഷയത്തെകുറിച്ചും തിരുമേനി പ്രതിപാദിച്ചു . വിശ്വാസ ജീവിതത്തിന്റെ പ്രഘോഷണ അനുഭവമായി ആരാധന മാറണമെന്നും അദ്ദേഹം പറഞ്ഞു

കൊറോണ വൈറസ് വ്യാപകമായി മൂന്ന് മാസങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഭദ്രാസനാസ്ഥാനത്തു പുറത്തു ഇങ്ങനെ ആരാധന നടത്തുന്നതിന് അവസരം ലഭിച്ചതെന്നും ഇതിനു അവസരം ഒരുക്കിയ കരോള്‍ട്ടന്‍ വികാരി റവ തോമസ് മാത്യു, കമ്മറ്റി അംഗങ്ങള്‍ എന്നിവരെ തിരുമേനി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു .

വികാരി റവ തോമസ് മാത്യു അദ്ദേഹത്തെ സ്വാഗതം ചെയുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു.
ഇടവക സെക്രട്ടറി സജു കോരാ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു.

ഡാളസില്‍ കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ദേവാലയം തുറന്നു നിലവിലുള്ള നിര്‍ദേശങ്ങള്‍ക്കു വിധേയമായി പരിമിതമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ആരാധന നടത്തുന്ന ഏക മാര്‍ത്തോമാ ദേവാലയമാണ് കാരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ച്.

കുടുംബത്തിന്റെ വെളിച്ചം മാതാവാണെങ്കില്‍ നെടുംതൂണാണ് പിതാവ്: ഡോ ഐസക് മാര്‍ ഫിലക്‌സിനിയോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക