Image

ഒരു കാര്യവുമില്ലാത്ത കുറേ ചിന്തകള്‍ (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 20 June, 2020
ഒരു കാര്യവുമില്ലാത്ത കുറേ ചിന്തകള്‍ (രാജു മൈലപ്രാ)
'ഹലോ?'
'പറയൂ....'
'അമേരിക്കയില്‍ ഇപ്പോള്‍ കോവിഡ് രോഗികള്‍ കൂടുകയാണല്ലോ!'
'അതേ!'
'ഇപ്പോള്‍ എത്രപേര്‍ക്ക് രോഗം പിടിപെട്ടു...?'
'ഇറ്റലിയില്‍ ആകെ പ്രശ്‌നമാണല്ലോ!'
'അതേ!'
'എത്ര പേര്‍ മരിച്ചു?'
ചാറ്റിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഒരു പുരുഷനും സ്ത്രീയുമാണെന്ന് അവരുടെ ഹസ്താലങ്കാരത്തില്‍ നിന്നും മനസ്സിലാകും. ഇതു വെറുമൊരു 'ഞഞ്ഞ കുഞ്ഞാ' ചാറ്റിംഗല്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രെമോക്ലിപ്പാണ്. നാഴികക്കു നാല്‍പതുവട്ടം ഈ പരസ്യം കാണിക്കുന്നുണ്ട്. നമ്മുടെ നാടിനേക്കുറിച്ചല്ല, മറ്റുള്ളവരുടെ കുറവുകള്‍ പൊക്കിക്കാണിക്കുന്നതിലാണ് അവര്‍ക്കു താല്‍പര്യം. ഇതു കണ്ടു കൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളികളുടെയും, അവരുടെ നാട്ടിലുള്ള ബന്ധുക്കളുടെ ഉല്‍ക്കണ്ഠയെപ്പറ്റിയും അവര്‍ക്കെന്തെങ്കിലും വിചാരമുണ്ടോ?
അമേരിക്കയില്‍ ആദ്യമായി പ്രക്ഷേപണം ചെയ്തു തുടങ്ങിയ മലയാളം ചാനല്‍ ഏഷ്യാനെറ്റാണ്- സമഗ്രമായ പല അന്വേഷണ റിപ്പോര്‍ട്ടുകളും അതിലുണ്ടെന്ന് സമ്മതിക്കാതെ വയ്യാ-
അതിലെ 'ചിത്രം വിചിത്രം' എന്ന പൊളിറ്റിക്കല്‍ സറ്റര്‍ ചിരിയും ചിന്തയും ഉണര്‍ത്തുന്നതാണ്. ആദ്യകാലത്തെ നിലവാരം ഇപ്പോഴുണ്ടോ എന്നു സംശയം. രാഷ്ട്രീയ നേതാക്കളേയും, മന്ത്രിമാരേയും പരാമര്‍ശിക്കുമ്പോള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ചില പേരുകള്‍ തികച്ചും അരോചകമാണ്.
പ്രയാണ മന്ത്രി, ഇരട്ട ചങ്കന്‍ മുഖ്യന്‍, കവി മന്ത്രി, അതിവേഗ ചാണ്ടി, ചെന്നിത്തല ഗാന്ധി- ചില ഉദാഹരണങ്ങള്‍ മാത്രം.
വെറുമൊരു പിള്ളേരു കളിയല്ല 'കൊറോണ വൈറസ് ' എന്ന് ഏതു പിള്ളയ്ക്കും അറിയാം. തുടക്കത്തില്‍ ഈ മഹാമാരിയെ നേരിടുവാന്‍, ഒറ്റക്കെട്ടായി നിന്നിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ പല തട്ടിലാണ്- തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ എതിരാളിയെ ചെളിവാരി എറിയുവാന്‍ കിട്ടുന്ന ഏതവസരവും ഇടം വലം നോക്കാതെ എടുത്തു പ്രയോഗിക്കുകയാണ്.
 കോവിഡ് പ്രതിരോധനത്തില്‍ കേരളം ലോകത്തിനു തന്നെ മാതൃകയായിരുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ നമ്മുടെ പരിമിതമായ കഴിവിനുള്ളില്‍ നിന്നു കൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി ശൈലജ ടീച്ചറും വളരെ സ്തുത്യര്‍ഹമായ ഒരു സേവനമാണ് നടത്തിപ്പോരുന്നത്.
എന്നാല്‍ ഇവരുടെ 'പോപ്പുലാരിറ്റി' പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് അത്ര പിടിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദിനം പ്രതിയുള്ള പത്രസമ്മേളനങ്ങള്‍ ആളുകള്‍ വളരെയേറെ ആകാംക്ഷയോടും താല്‍പര്യത്തോടുമാണു കാത്തിരിക്കുന്നത്. ഇതിനെ 'ബഡായി ബംഗ്ലാവെന്ന് ' കെ.മുരളീധരന്‍ വിശേഷിപ്പിച്ചത് നമ്മള്‍ക്കു സഹിക്കാം.
പ്രവാസി മലായളികളുടെ മടങ്ങിവരവോടെ ക്രമീകരണങ്ങള്‍ താളം തെറ്റി തുടങ്ങി.  ലക്ഷക്കണക്കിനു പ്രവാസികളെ ഒറ്റയടിക്കു സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പോ, ശേഷിയോ ഒന്നും നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിനില്ല. എന്നാല്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട്് വളരെ കഷ്ടപ്പാടിലാണ് വളരെയേറെ ഗള്‍ഫ് മലയാളികള്‍- ഇവരെ തിരികെ ഉടനേ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രവും കേരളവും പരസ്പരം പഴിചാരുകയാണ്. മടങ്ങിയെത്തിയ പ്രവാസികളെ ശത്രുക്കളേപ്പോലെയാണ് ചില വീ്ട്ടുകാരും നാട്ടുകാരും കാണുന്നത്. ഈ സമീപകാലം വരെ അവരുടെ ഔദ്യാര്യത്തിനു വേണ്ടി കാത്തുനിന്നവര്‍, ഇന്നുവരെ കല്ലെറിയുകയാണ്.
'കണ്ടാലകലുന്ന കൂട്ടുകാരോ
കല്ലെറിയാന്‍ വന്ന നാട്ടുകാരോ?'
കവിഭാവനകള്‍ പലപ്പോഴും എത്ര സത്യമാണ്.
രാഷ്ട്രീയക്കാരുടെ കരുതല്‍ കൊണ്ട് വീര്‍പ്പുമുട്ടി നില്‍ക്കുകയാണു ഗള്‍ഫ് മലയാളികള്‍. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാതെ അടങ്ങുകയില്ല എന്ന വാശിയിലാണ് പ്രതിപക്ഷം-നമ്മുടെ ചെന്നിത്തലജി ഇതിനിടയ്ക്ക് പിണറായി വിജയനെ ഒന്നു വിരട്ടി.
രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുവരെ ഉപവാസം. എന്റമ്മോ! എന്തൊരു ത്യാഗം- ഉപവാസം ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി- മുല്ലപ്പള്ളിയുടെ വാക്കുകളില്‍ മുല്ലപ്പൂവിന്റെ പരിമളത്തിനു പകരം, നാറിപ്പൂവിന്റെ ദുര്‍ഗന്ധമാണു നിറഞ്ഞുനിന്നത്.
ലോകമാധ്യമങ്ങള്‍ വരെ പ്രശംസിച്ച ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ വിശേഷിപ്പിക്കുവാന്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ വളരെ തരംതാണതായിപ്പോയി 'നിപ്പാാരാജകുമാരി' യെന്നും 'കോവിഡ് റാണി' യെന്നുമാണ് ശൈലജ ടീച്ചറെ വിളിച്ചത്. പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചപ്പോള്‍, ക്ഷീണമുണ്ടായത് ടീച്ചര്‍ക്കല്ല-കോണ്‍ഗ്രസിനു മൊത്തമാണ്.
ഈ പദപ്രയോഗങ്ങളെ ന്യായീകരിക്കുവാന്‍ പാര്‍ട്ടി കുറച്ചു പ്രയാസപ്പെടേണ്ടി വരും.
അറുപത്തിയഞ്ചു കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്നും എല്ലാവരും മാസ്‌ക്കു ധരിക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളൊന്നും രാഷ്ട്രീയക്കാര്‍ക്കു ബാധകമല്ലെന്നു തോന്നുന്നു. ടെലിവിഷന്‍ ക്യാമറകളുടെ മുന്നില്‍ ആവേശഭരിതരായി പ്രസ്താവന ഇറക്കുന്നവരുടെ പിന്നില്‍ ഇളിച്ചുകൊണ്ടു നില്‍ക്കുന്ന അണികളെ കാണുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്- അവരുടെ മുഖഭാവങ്ങളൊന്നു ശ്രദ്ധിക്കൂ- എത്ര നിഷ്‌കളങ്കരാണവര്‍! ഇവര്‍ക്കൊന്നും ഒരു വേലയും കൂലിയുമില്ല എന്നുള്ളതാണു സത്യം. ഭാവിയില്‍ പാലം പണിതും, മണലുവാരിയും, വനം വെട്ടി നശിപ്പിച്ചും സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കുവാനുള്ള മോഹവുമായാണ് ഇവര്‍ രാവിലെ തന്നെ വീട്ടില്‍ നിന്നും, പോക്കറ്റിലൊരു ഡയറിയുമായി ഇറങ്ങിത്തിരിക്കുന്നത്.
 കേന്ദ്രസര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവിലകൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കുമ്പോള്‍, ഇലക്ട്രിസിറ്റി നിരക്ക് വര്‍ദ്ധിപ്പിച്ച് കേരളം ജനത്തെ വലയ്ക്കുന്നു.
കേരളത്തിലെ ഏറ്റവും മനോഹരമായ ആതിരപ്പള്ളി വെള്ളച്ചാട്ടം നശിപ്പിച്ചിട്ടാണെങ്കിലും, കറന്റ് ഉല്‍പാദിപ്പിക്കുമെന്നുള്ള വാശിയിലാണു സര്‍ക്കാര്‍- എന്തിനോ വേണ്ടിയോ തിളയ്ക്കുന്ന സാമ്പാര്‍-
ഇനി കാര്യത്തിലേക്കു കടക്കട്ടെ! ഈ ബഹളത്തിനിടയില്‍ ഒരു പരിഗണയും കിട്ടാത്ത കുറച്ചു റിട്ടയേര്‍ഡ് അമേരിക്കന്‍ മലയാളികള്‍. ജീവിതത്തിന്റെ നല്ലൊരു പങ്കും അദ്ധ്വാനിച്ചിട്ട് പിറന്ന വീട്ടിലും, വളര്‍ന്ന നാട്ടിലും കുറച്ചുകാലം ഒന്നു കഴിച്ചു കൂട്ടണമെന്നുള്ളവര്‍- അത്യാവശ്യത്തിനു നാട്ടില്‍ ഒറ്റയ്ക്കു പോയ പലരും അവിടെ കുടുങ്ങിപ്പോയി- ഇവിടെ നിന്ന് അങ്ങോട്ടു പോകാമെന്നു കരുതിയാല്‍, ഈ അടുത്ത കാലത്തൊന്നും ഇന്റര്‍നാഷ്ണല്‍ ഫ്‌ളൈറ്റ് പുനാരംഭിക്കുന്ന ലക്ഷണമൊന്നുമില്ല- രണ്ടോ മൂന്നോ ഫ്‌ളയിറ്റ് തങ്ങളുടെ സമ്മര്‍ദ്ദം മൂലം ഇന്‍ഡ്യക്കു പറന്ന് എന്ന അവകാശവാദം ഉന്നയിച്ച സംഘടനകളും ഇപ്പോള്‍ മൗനത്തിലാണ്.
ഗര്‍ഭിണികള്‍ക്കു മുന്‍ഗണയുണ്ടെന്നുള്ള ആശ്വാസ വാക്കുകളാണ് അവരുടെ കൈയില്‍ സ്‌റ്റോക്കുള്ളത്. മണ്ടപോയ തെങ്ങിന്റെ അവസ്ഥയിലിരിക്കുന്ന ഞങ്ങളോടു തന്നെ ഇതു പറയണം.
 കുഞ്ചിയമ്മയുടെ അഞ്ചാമത്തെ മകന്‍ പഞ്ചാര കുഞ്ചുവിനേപ്പോലെ, ഇഞ്ചി കടിച്ചു രസിച്ചു, മല്ലിയില ചവച്ചും മഞ്ഞളുവെള്ളം കുടിച്ചും ശിഷ്ടായുസും കവിക്കുവാനായിരിക്കും ഞങ്ങളുടെ വിധി.
അനുഭവി രാജാ-അനുഭവി!

ഒരു കാര്യവുമില്ലാത്ത കുറേ ചിന്തകള്‍ (രാജു മൈലപ്രാ)
Join WhatsApp News
ഓവർസീസ്..... 2020-06-20 08:52:55
ഓവർസീസ്..... മുല്ലപ്പളി രാമചന്ദ്രനെപ്പോലെയുള്ള നേതാക്കൻമ്മാർ ഉള്ളടത്തോളം കാലം, കമ്മ്യൂണിസ്റ് പാർട്ടിക്ക് മറ്റൊരു പ്രചാകരനെ അന്ന്വേഷിക്കേണ്ട കാര്യമില്ല. കഷ്ട്ടം.
Oommen 2020-06-20 09:31:36
അടക്കത്തിൽ പറയുന്നത് : നാട്ടിൽ കൊണ്ട് പോയി മക്കളെ കെട്ടിക്കാമെന്നു ആഗ്രഹിക്കുന്ന യുവവൃദ്ധന്മാർ പറയുന്നതു നാട്ടിൽ പോകാൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ അതിന്റെ നഷ്ടം കേരളത്തിനാണെന്നാണ്.
C.V. Valanjavattom 2020-06-20 10:04:06
(മലയാള മനോരോമ എഡിറ്റോറിയലിൽ നിന്നും) "സ്വന്തം നാവിന്റെ വിലയും നിലയും അവനവൻ തിരിച്ചറിയേണ്ട കാര്യമാണ്. ഒരു വലിയ പാർട്ടിയുടെ സംസ്ഥാന അത്യക്ഷനാകുമ്പോൾ വിശേഷിച്ചും.. പക്ഷേ മുല്ലപ്പള്ളി രാമചന്ദ്രൻ പൊതുവേദിയിൽ ഇന്നലെ മറന്നത് സ്വന്തം വാക്കുകളുടെ നിലയും വിലയുമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരം ഉൽക്കാടനം ചെയ്യുമ്പോൾ, ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെക്ക് എതിരെ മുല്ലപ്പള്ളി പ്രയോഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ പാർട്ടിക്ക് മാത്രമല്ല, നാടിനു തന്നെ നാണക്കേട് വരുത്തി വയ്ക്കുന്നു. അന്ന് നിപ്പ രാജകുമാരി, ഇപ്പോൾ കോവിഡ് റാണി പദവികൾക്കാണ് ആരോഗ്യമന്ത്രിയുടെ ശ്രമം എന്നാണ് മുല്ലപ്പള്ളി വിമർശിച്ചത്..... ആരോഗ്യ പ്രവർത്തകരുടെ ആൽമധൈര്യം കെടുത്തുന്ന പദപ്രയോഗമാണ് കെപിസിസി പ്രസിഡന്റിൽ നിന്നുമുണ്ടായത്. ഒരു പാർട്ടിയെ നയിക്കുന്ന ആളിൽ നിന്നും അന്തസുറ്റ വാക്കുകളാണ് ആ പാർട്ടിയും സമൂഹവും പ്രതീഷിക്കുന്നത്. ആ കുലീനത കൈമോശം വരുമ്പോൾ അത് ജനത്തെ കൊഞ്ഞനം കുത്തലാകുന്നു. ........................... നാവ് വേലി ചാടുമ്പോൾ അതു നിയത്തിക്കേണ്ടത് അവനവൻ തന്നെയാണ്."
Senior Citizen 2020-06-20 19:31:03
'ഒരു കാര്യവുമില്ലത്ത കുറെ ചിന്തകൾ' എന്ന രാജു മൈലപ്രയുടെ ലേഖനത്തിൽ കുറച്ചു കാര്യവും ചിന്തിക്കാനുമുള്ള വകയുണ്ട്. OCI Cardholders ആയ retirement പ്രവാസികളുടെ കാര്യം വലിയ കഷ്ടത്തിൽ അല്ലെങ്കിൽ തന്നെയും, കുറച്ചു മനഃപ്രയാസത്തിലാണ്. ജനിച്ച നാട്ടിൽ പോയി കുറച്ചുകാലം കഴിയാമെന്നുള്ള ആഗ്രഹം തല്ക്കാലം മനസ്സിൽ അടക്കി, തത്കാലം ഇവിടെത്തന്നെ സന്തോഷമായി കഴിഞ്ഞു കൂടാം. രാഷ്ട്രീയക്കാരുടെ തമ്മിലടി അവസാനിക്കുവാൻ നമ്മൾക്ക് പ്രാർത്ഥിക്കാം .
കോരസൺ 2020-06-21 09:07:49
പറഞ്ഞതിൽ അൽപ്പം കാര്യങ്ങൾ ഉണ്ടെന്നും കാണുന്നു. വാക്കുകൾ മുല്ലപ്പൂക്കളാകാം , ചില മുല്ലപ്പൂക്കൾ ദുർഗന്ധം വമിക്കുന്നവയാവാം. കൊറോണ പടർന്നാൽ മണവും രുചിയും നഷപ്പെടുന്ന ലക്ഷണം ഉണ്ടെന്നു പറയുന്നു. രാഷ്ട്രീയ കൊറോണ വല്ലാണ്ട് തലക്കുപിടിച്ച മലയാളിക്ക് ഗന്ധം തിരിച്ചറിയാൻ കഴിയാതെ പോകുന്നു. ഇത്തരം ചൂണ്ടികാട്ടലുകൾ ഇടയ്ക്കു അനിവാര്യമാണ്. കോരസൺ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക