Image

വായനയിലൂടെ.......(എഴുതാപ്പുറങ്ങൾ - 63:ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 19 June, 2020
വായനയിലൂടെ.......(എഴുതാപ്പുറങ്ങൾ - 63:ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
വായനാദിനത്തിൽ എല്ലാവരും അഭിപ്രായപ്പെട്ടു വായന മരിയ്ക്കുന്നില്ല എന്ന്. അദ്ധ്യയനവും ഡിജിറ്റൽ സംവിധാനത്തിൽ ഒതുക്കിനിർത്തിയ ഈ ലോകത്ത് എന്നാൽ പിന്നെ പുസ്തകങ്ങൾക്കാണോ മരണം സംഭവിയ്ക്കുന്നത്?  
ഫെയ്‌സ് ബുക്കിലോ ട്വിറ്ററിലോ വാട്സ്ആപ്പിലോ ഇൻസ്റ്റ ഗ്രാമിലോ എഴുതുന്ന ആൾ ഗ്രന്ഥകർത്താവ് ആകുന്നില്ല. ഏതൊരു എഴുത്തുകാരന്റെയും സ്വപ്നങ്ങളിൽ ഒന്നാണ് തന്റേതായ ഒരു പുസ്തകത്തിനു ജന്മം നൽകി ഒരു ഗ്രന്ഥാ കർത്താവുക എന്നത്. ഈ സ്വപ്ന സാക്ഷാത്കാരത്തിന്  പുസ്തകം ജനിച്ചെ മതിയാകൂ. അപ്പോൾ ഇവിടെ പുസ്തകങ്ങളും മരിച്ചു കൊണ്ടിരിയ്ക്കുന്നില്ല.

പാഠപുസ്തകങ്ങളെ കൂടാതെ പല വർണ്ണ ചിത്രങ്ങളും, മുത്തശ്ശിക്കഥകളും എല്ലാം അടങ്ങിയ ബാലരമ, പൂമ്പാറ്റ, ബാലമംഗളം, അമർചിത്ര കഥകൾ  എന്നിവ വല്ലപ്പോഴും വായിക്കാൻ കയ്യിൽ കിട്ടുമ്പോഴുണ്ടാകുന്ന കുട്ടികാലത്തെ സന്തോഷം ഒരിയ്ക്കലും തിരിച്ചു കിട്ടാകുന്നതല്ല . സോഷ്യൽ മീഡിയകളിൽ ദിനം പ്രതി സാഹചര്യങ്ങൾക്ക് അനുകൂലമായ തമാശകളും കാർട്ടൂണുകളും പ്രത്യക്ഷപ്പെടുമ്പോൾ ഒരു നിമിഷം ചിന്തയിൽ വരുന്നത്, കുട്ടികളും വലിയവരും ഒരുപോലെ വായിച്ച് ചിരിയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്ന ബോബനും മോളിയും, ലോലൻ, പൊങ്ങ ച്ചാം പൊന്നമ്മ എന്നിവ വായിച്ച് രസിച്ചിരുന്ന ഒരു സംതൃപ്തി ഈ നേരമ്പോക്കുകൾക്ക് ഉണ്ടോ എന്നാണ്.

രാവിലെ എഴുന്നേറ്റാൽ മുത്തി കുടിയ്ക്കുന്ന ചായയ്‌ക്കൊപ്പം അന്നത്തെ ദിനപത്രത്തിലെ ചൂടുള്ള വാർത്ത വായിക്കുന്ന സ്വഭാവം നമ്മളിൽ മിക്കവർക്കുന് ഉണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. എന്നാൽ  ഇന്ന് ലോകം ആ സംതൃപ്തി നേടുന്നത് ചായക്കപ്പിനൊപ്പം മറുകയ്യിൽ തലോടികൊണ്ടിരിയ്ക്കുന്ന മൊബയിൽ ഫോണിലെ വാർത്തകളിലാണ്.

കഥകളും കവിതകളും വായിച്ച് ആസ്വദിയ്ക്കാൻ ഇഷ്ടപ്പെടുന്നവർ കഥാസമാഹാരങ്ങളും കവിഹാസമാഹാരങ്ങളും തിരഞ്ഞു ലൈബ്രറി തോറും കയറി ഇറങ്ങിയിരുന്നു ഒരു കാലഘട്ടം ഒരുപാട് പുറകെ പോയിട്ടില്ല. എന്നാൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കൂൺ പോലെ പൊട്ടിമുളയ്ക്കുന്ന കവിതകളും കഥകളും ലേഖനങ്ങളും ഏതു വായിയ്ക്കണം എന്ന ആശയകുഴപ്പത്തിലാണ് വായനക്കാരൻ. ഇനിയും അവയ്ക്ക് ശ്രദ്ധ കിട്ടാൻ കഥാകദനങ്ങളും, കവിത പാരായണവും ആകർഷണമായ ചിത്രങ്ങൾ സംയോജിപ്പിച്ച് അയയ്ക്കുന്ന പതിവും ഏറെയാണ്. 

ഒരു പുതിയ പുസ്തകം കയ്യിൽ കിട്ടിയാൽ അത് വായിച്ച് തീരുംവരെ ഒരു സ്ഥലത്ത് നിന്ന് അനങ്ങാതെ ഉത്സാഹത്തോടു കുടി വായിക്കുന്നവർ, മറ്റു ചിലർ നടപ്പിലും ഇരുപ്പിലും ഭക്ഷണം കഴിയ്ക്കുമ്പോഴും യാത്രയിലും പുസ്തകം താഴെ വയ്ക്കാതെ വായിക്കുന്നവർ. ഓരോ എട് വായിച്ചു കഴിഞ്ഞാലും ഒരു അടയാളം വച്ച് കുറേശ്ശേ ആയി വായിക്കുന്നവർ. ഇത്തരം വായനക്കാരുടെ ഒരു പരമ്പരയും ഇന്നത്തെ ഈ സമൂഹത്തിലുണ്ടായിരുന്നു. എന്നാൽ ഇന്നവർ ഇന്ന് അവർ അവരുടെ വായനയെ തളച്ചിടുന്നത് ലാപ്ടോപ്പിൽ തുറക്കുന്ന ഇ-പുസ്തകത്തിലെ പേജുകൾ സ്ക്രോൾ ചെയ്തുകൊണ്ടാണ്. ഒരു പുസ്തകം കയ്യിൽ എടുക്കുമ്പോൾ ഒരു വായനക്കാരൻ ആസ്വദിയ്ക്കുന്ന അതിന്റെ വാസനയും ഓരോ ഏടുകളിലും ഓരോ വരികളിലൂടെയും നയങ്ങൾ ചലിപ്പിയ്ക്കുമ്പോൾ മനസ്സിൽ പതിയുന്ന വാക്കുകളും വാചകങ്ങളും പ്രയോഗങ്ങളും ആയിരുന്ന പുസ്തക വായനയുടെ വായനാസുഖം വായനക്കാരൻ ശരിയ്ക്കും അനുഭവിയ്ക്കാറുണ്ട്. എന്നാൽ ഇ-പുസ്തകങ്ങൾ സൗകര്യമാണെങ്കിലും ഈ ഒരു സംതൃപ്തി പകരാൻ അതിനു കഴിയുന്നുണ്ടോ എന്നത് സംശയമാണ്.

ഈ അടുത്ത കാലം വരെയുള്ള പ്രശസ്തരായ എഴുത്തുകാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ പലരും  അവരിലെ സർഗ്ഗാത്മകതയെ വായനക്കാരിലെത്തിക്കാൻ ശ്രമിയ്ക്കുമ്പോൾ അവർക്കനുഭവപ്പെട്ട ദുരനുഭവങ്ങൾ നിരത്താറുണ്ട്. പലരും തന്റെ രചനകളെ കൈപ്പടയായി എഴുതി പ്രസിദ്ധീകരണങ്ങൾക്ക് അയക്കുമ്പോൾ അവർ തിരസ്കരിയ്ക്കുന്നതും, പ്രതികരിയ്ക്കാതിരിയ്ക്കുന്നതും ആയ അനുഭവങ്ങളാണവ. എന്നാൽ ഇന്ന് എഴുതാനുള്ള ഒരു പ്രതലത്തെ അന്വേഷിച്ച് എഴുത്തുകാരൻ അലയേണ്ടതില്ല. യഥാർത്ഥ കഴിവുള്ള ഒരാളെ വായനക്കാർക്ക് തിരിച്ചറിയാൻ വളരെ വേഗം പടർന്നുപിടിയ്ക്കുന്ന സമൂഹമാധ്യമങ്ങൾ മാത്രം മതി. ആർക്കും എന്തും എഴുതി ഫെയ്‌സ് ബുക്കിലോ വാട്ട്സ് ആപ്പിലോ, ട്വിറ്ററിലോ ഇൻസ്റ്റ ഗ്രാമിലോ ഇടാം. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും വായനക്കാർ നിരവധിയാണ്. കാരണം ഇന്ന് മനുഷ്യന്റെനടപ്പിലും ഇരുപ്പിലും സമൂഹമാധ്യമങ്ങൾ കൂടെത്തനെ ഉണ്ട്.
കാലാനുസൃതമായ മാറ്റങ്ങൾ വിലയിരുത്തിയാൽ മനസ്സിലാക്കാൻ കഴിയുന്നത് വായനയോ പുസ്തകങ്ങളോ മരിയ്ക്കുന്നില്ല. മനുഷ്യനുള്ളിടത്തോളം ഇവയ്ക്ക് മരണവുമില്ല. മാറിയിരിയ്ക്കുന്നത് മനുഷ്യനിലെ വായനയുടെ സ്വഭാവം മാത്രം. മതിയായ അർത്ഥത്തിൽ പറയുകയാണെങ്കിൽ, സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടൽ കൊണ്ട് മനുഷ്യന്റെ വായനാ ശീലം കൂടിയിരിയ്ക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വായന ഒരുവിധത്തിൽ ഒരു നേരംപോക്ക് മാത്രമാണ്.  എന്ത് വായിക്കണം അല്ലെങ്കിൽ എവിടെ നിന്ന് വായിക്കണം എന്ന ആശയകുഴപ്പം വായനക്കാരൻ നേരിടുന്നു. സമൂഹ മാധ്യമങ്ങളിലൂടെ  ഓരോരുത്തരിലും എത്തുന്ന സൃഷ്ടികളുടെ ഗുണനിലവാരം വായനക്കാരന് അളന്നെടുക്കാൻ കഴിയാറില്ല. എഴുത്തിന്റെ സ്വഭാവവും ദിനംപ്രതി മാറിമറയുന്നു. അതുകൊണ്ടു തന്നെ എല്ലാ വായനക്കാരും എന്തൊക്കെയോ വായിക്കുന്നു. ചുരുക്കത്തിൽ ചിട്ടയായ ഒരു വായന സ്വഭാവം വായനക്കാരിൽ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.

യഥാർത്ഥ വായനയുടെ ഗൗരവവും അത് നൽകുന്ന വിജ്ഞാനവും മനുഷ്യർ മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു. വായന അറിവാണ്, വിജ്ഞാനമാണ്, ബുദ്ധിവികാസമാണ്

Join WhatsApp News
girish nair 2020-06-19 21:32:01
വായന മരിക്കുന്നുവോ എന്ന ആശങ്ക ഒരുപാട്കാലമായി നിലനിൽക്കുന്നതാണ്. ആ ആശങ്കകൾക്കു വലിയ അടിസ്ഥാനം ഇല്ലെന്നാണ് പറയാനുള്ളത്. വായന മരിക്കുന്നില്ല, ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ വായനയുടെ ഭാവതലങ്ങളാണ് മാറിക്കൊണ്ടിരിക്കുന്നത്. ഇ വായന ആയാലും സമൂഹ മാധ്യമങ്ങളിലൂടെയുള്ള വായന ആയാലും വാട്സ്ആപ്പ് സന്ദേശങ്ങൾ ആയാലും വായനയുടെ വിവിധ രൂപങ്ങളിൽ സർഗ പ്രക്രിയയായി വായനയുണ്ട്. പക്ഷേ വായനയുടെ മൂല്യം എത്രത്തോളം ഉണ്ടെന്നതിലാണ് കാര്യം. വായനയുടെ ആത്യന്തിക ലക്ഷ്യം വ്യക്തിയുടെയും സമൂഹത്തിന്റെയും നൻമ ആകുമ്പോൾ വായനയുടെ സർഗ്ഗ സഞ്ചാരം സമൂഹത്തിന് ഗുണകരമാവും വളരെ ആശയപരമായ ശ്രീമതി ജ്യോതിലക്ഷ്മി യുടെ ലേഖനത്തിന് അഭിനന്ദനങ്ങൾ.
Das 2020-06-21 14:30:43
Hi, your article, reading habits on decline, is thought-provoking indeed ! While on the subject, we may consider that such decline habits are measured per say Books are available in different formats, making it easier to consume the contents while performing various multitasking activities, anyway. We must find overall solutions thereby inculcating unique ways to address by sharing consciousness across individuals, childrens mainly, who are taught to read thus effectively developing this declining trend. Ma'm, your thoughts are appreciated that helps transform value-adding not only to youngsters but also to society at large . . . Happy Reading !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക