Image

കൽക്കട്ടയിലേക്കുള്ള തീവണ്ടി (ചെറുകഥ: ജെ. വേണുഗോപാൽ)

Published on 19 June, 2020
കൽക്കട്ടയിലേക്കുള്ള തീവണ്ടി (ചെറുകഥ: ജെ. വേണുഗോപാൽ)
""യാത്രിയോം കൃപയാ ധ്യാൻജി.......""
ഉറക്കെയുള്ള സംസാരബഹളങ്ങളിൽ നിന്ന് അനൗൺസ്‌മെന്റിലെ വാക്കുകൾ ചികഞ്ഞെടുക്കാൻ  അയാൾ ചെവി കൂർപ്പിച്ചു.
തനിക്കു പോകേണ്ട ട്രെയിൻ അൽപ സമയത്തിനകം എത്തും. ഷോൾഡർ ബാഗ് ചേർത്ത് പിടിച്ച്‌  അയാൾ സ്റ്റേഷനിലെ ബെഞ്ചിൽ നിവർന്നിരുന്നു. 

നിറം മങ്ങിയ വ്യക്തത ഇല്ലാത്ത ഓർമ്മചിത്രങ്ങളുടെ  ക്യാൻവാസ് നിവർത്തി വെച്ചിരുന്നത് ചുരുട്ടി എടുത്ത്  അയാൾ ട്രെയിനിൽ കയറാൻ തയാറെടുത്തു.
പ്ലാറ്റ്ഫോമിലെ പൊടി പാറിച്ചു  വന്നു നിന്ന ട്രെയിനിന്റെ ജനറൽ കംപാർട്മെന്റ് ലക്ഷ്യമാക്കി അയാൾ നടന്നു. നല്ല തിരക്ക് ഉണ്ട്. ട്രെയിൻ കാത്തു നിന്നവർ ഒക്കെയും ഈ ജനറൽ കംപാർട്മെന്റിലേക്ക് ആയിരുന്നോ. ഒരു മര്യാദയും കാണിക്കാത്ത തിരക്കിൽ ഞെങ്ങി ഞെരുങ്ങി അയാൾ ഒരു തരത്തിൽ കയറി പറ്റി. സീറ്റുകളിൽ ഇരിക്കാവുന്നതിലും  അധികം ആളുകൾ തിങ്ങിയിരിക്കുന്നു. തിരക്കും ചൂടും ഒന്നും തങ്ങൾക്ക്
പ്രശ്നമല്ല എന്ന മട്ടിൽ സംസാരവും  പൊട്ടിച്ചിരികളുമായി കുറച്ചു യുവാക്കൾ. മൊബൈലിൽ മുഖം പൂഴ്ത്തി ബാഹ്യലോകവുമായി ബന്ധം വിച്ഛേദിച്ചവർ. ചാരിയിരിക്കാൻ സ്ഥലം കിട്ടിയാലും ഇല്ലെങ്കിലും ഉറങ്ങുമെന്നു വാശിയുള്ളവർ. ബാഗ് അടക്കിപ്പിടിച്ചു  നിൽക്കുന്ന തന്റെ പ്രായാധിക്യം ശ്രദ്ധിച്ചിട്ടാവും ഒരു യാത്രികൻ അല്പം ഒതുങ്ങി ഇരുന്നോളാൻ ആംഗ്യം കാണിച്ചു. ബാഗ് മടിയിൽ ഒതുക്കി അയാൾ ഇരുന്നു.

"എവിടേക്കാ? "..
ചോദ്യം കേട്ട് അയാൾ ഞെട്ടി..എവിടേക്കാണ് തന്റെ യാത്ര? ഓർമകളുടെ ക്യാൻവാസ് പെട്ടെന്ന് ചുരുൾ നിവർത്തി തിരഞ്ഞു. നെറ്റിത്തടത്തിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ തുടച്ചു സഹയാത്രികനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു. യാത്ര  എവിടേക്ക് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഒരല്പം സാവകാശം തരൂ..
തന്റെ പരിഭ്രമം കണ്ടിട്ടാവണം ചോദ്യകർത്താവ് മുഖം തിരിച്ചു.

കുറച്ചു പണിപ്പെട്ട് പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു.. "ഹൗറ.. അല്ല.. ഷാലിമാർ.. "

വിശ്വാസം വരാത്തപോലെ സഹയാത്രികൻ  അയാളെ നോക്കി. "ഹൗറയോ...ഹേയ് സുഹൃത്തേ താങ്കൾ ട്രെയിൻ മാറി കേറിയിരിക്കുകയാണ്. ഇത് അവിടേയ്ക്ക് പോകുന്ന ട്രെയിൻ അല്ല."
"ദൈവമേ.. ഇനി എന്താ ചെയ്ക.." തൂവാല കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട്  അയാൾ പിറുപിറുത്തു.
"സാരമില്ല പാലക്കാട്‌ ഇറങ്ങിക്കൊള്ളൂ. താങ്കളുടെ ട്രെയിൻ പുറകെ വരും.." സഹയാത്രികൻ ആശ്വസിപ്പിച്ചു.
     
പാലക്കാട്‌ ഇറങ്ങുമ്പോൾ അയാൾ മനസ്സിൽ ഉറപ്പിച്ചു. മറക്കരുത്.. ഹൗറ.. ഷാലിമാർ.. . ഇപ്പോൾ അങ്ങനെയാണ്.അടുത്ത് നടക്കുന്ന കാര്യങ്ങൾ ഓർമയിൽ നിൽക്കണമെങ്കിൽ എല്ലാം പലവുരു ചൊല്ലി പഠിക്കണം. കുട്ടികാലത്തെ ഇമ്പോസിഷൻ പോലെ.  മങ്ങിപ്പോകുന്ന ഓർമകളെ തെളിച്ചെടുക്കാൻ പെടാപ്പാടു പെടുകയാണ്. ശ്രമിക്കുന്തോറും വാശിയോടെ തന്നെ കബളിപ്പിക്കുകയാണ് മനസ്സ്. അസ്വസ്ഥത സമ്മാനിക്കുന്ന ഒരു കമ്പ്യൂട്ടർ ഗെയിം പോലെ ആണ് ഇപ്പോൾ തന്റെ നിമിഷങ്ങൾ. എന്നാൽ അകലെയുള്ളവ നല്ല മിഴിവോടെ തിളങ്ങുകയും ചെയ്യുന്നു. ഭൂതകാലം മറവിയുടെ ആക്രമണത്തിന് ഇരയായിട്ടില്ല ഇതുവരെ.  ഡിമെൻഷ്യ എന്നല്ലേ പറഞ്ഞത് ഡോക്ടർ.. ചിലപ്പോൾ അൽഷിമേഴ്‌സ് ആവാം. തുടക്കത്തിൽ പറയാൻ ബുദ്ധിമുട്ട് ഉണ്ടത്രേ. ഓർമകളുടെ കോശങ്ങൾ വേഗത്തിൽ നശിക്കും അൽഷിമേഴ്സ് ആണെങ്കിൽ.. അസാധാരണ  പെരുമാറ്റങ്ങൾ ഉണ്ടാവും. ഒരുപക്ഷേ  ഈ യാത്ര ലക്ഷ്യത്തിൽ എത്തുമ്പോഴേക്കും താൻ പൂർണമായും മറവിയുടെ ലോകത്തേയ്ക്ക് ഊളിയിട്ട് ഇറങ്ങിയിട്ടുണ്ടാവും. മറവിരോഗം ഉണ്ടെന്നു പോലും മറന്നു പോകുന്ന അവസ്ഥ. എന്തായിരുന്നു ആ ഡോക്ടറുടെ പേര്..??
      
പാലക്കാട്‌ സ്റ്റേഷനിൽ വണ്ടി നിൽകുമ്പോൾ രാത്രിയായിട്ടുണ്ടായിരുന്നു. വിശപ്പുതോന്നുന്നു. എപ്പോഴാണ് താൻ അവസാനമായി  ഭക്ഷണം കഴിച്ചത്?  സ്റ്റാളിൽ നിന്ന് ഒരു പൊതി വാങ്ങിയാലോ. ഭക്ഷണപ്പൊതിയും വെള്ളവും വാങ്ങി പ്ലാറ്റ്ഫോമിലെ ഒരു ബെഞ്ച് ലക്ഷ്യമാക്കി നടന്നപ്പോളേക്കും അനൗൺസ്‌മെന്റ് വന്നു.. ചോടി സി ദേർ മേം....
    
ഭക്ഷണം കഴിക്കാനുള്ള ഉദ്യമം ഉപേക്ഷിച്ചു ട്രെയിനിൽ കയറാൻ  തീരുമാനിച്ചു. ബാഗിൽ പൊതിയും കുപ്പി വെള്ളവും വെച്ചപ്പോഴേക്കും ശബ്ദകോലാഹലത്തോടെ അയാൾക്ക്  പോകേണ്ട വണ്ടി എത്തി.
തിരക്കിന് ഒട്ടും  കുറവില്ല. കൂടുതൽ ആണെങ്കിലേ ഉള്ളു.  ട്രെയിനിൽ ഒരു വിധം കയറി പറ്റി.
 
സമയം ഏതാണ്ട് രാത്രി 10 മണിയോടടുത്തിരിക്കുന്നു.നല്ല തിരക്ക്. ബംഗാളികൾ. കേരളത്തിൽ ജോലി തേടി വന്നവർ. കക്കൂസ് പോലും അവർ കയ്യടക്കിയിരിക്കുന്നു .അടുത്തിരുന്ന രണ്ടുപേർ  പരിമിതമായ സ്ഥലം ഉപയോഗിച്ച് ആഹാരം കഴിക്കാനുള്ള ശ്രമത്തിലാണ്.
ഭക്ഷണം താൻ വാങ്ങിയോ? ഓർമയിൽ തിരഞ്ഞു. അതെ വാങ്ങിച്ചിരുന്നു. അടുത്ത് നടന്ന കാര്യങ്ങൾ മറന്നു പോകുന്നു. തന്റെ മനസിനെ, ഓർമകളെ കാർന്നു തിന്നുന്ന രോഗം. അടുത്ത് നിന്നും അകലേക്ക് പടരുന്നു. ഒരു വാശിയോടെന്നപോലെ അകലെയുള്ള ചിത്രങ്ങൾ തിളങ്ങുന്നു..
  
മാഞ്ഞു പോകുന്ന ചിത്രങ്ങളെ എപ്പോഴും പൊടിതട്ടി മിനുക്കി കൊണ്ടിരിക്കണം. ഒരു തരം ബ്രെയിൻ എക്സർസൈസ്. അങ്ങനെയല്ലേ ആ സൈക്കിയാട്രിസ്റ് പറഞ്ഞത്..
    
അവിശ്വസനീയമായതാണ് സംഭവിച്ചത്. ആ തിരക്കിനിടയിലും ഒരു ബംഗാളി ചെറുപ്പക്കാരൻ ഇരിക്കാൻ അല്പം സ്ഥലം തന്നു. "ധന്യബാദ*... " അവന്റെ മാതൃഭാഷയിൽ നന്ദി കേട്ടപ്പോൾ സന്തോഷത്തോടെയും ആൽശ്ചര്യത്തോടെയും ഒരു പുഞ്ചിരി സമ്മാനിച്ച്  ഉറക്കം തുടർന്നു.
ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു പൊതി തുറന്നു.. അതും മറന്നാലോ...
    
ഉറക്കം പതുക്കെ കൺപോളകളിൽ ഭാരമേല്പിക്കാൻ തുടങ്ങിയിരുന്നു. ചുറ്റുമുള്ള ചലനങ്ങളും ശബ്ദങ്ങളുമൊക്കെ അകന്നുപോകുന്ന ഒരു തീവണ്ടിയൊച്ച പോലെ മാഞ്ഞുപോകുന്നു. ഓർമ്മകൾക്കു തിമിരം ബാധിച്ചെങ്കിലും താൻ സ്വപ്നം കാണാറുണ്ട്. ചിന്തകളേക്കാൾ തിളക്കമേറിയ സ്വപ്‌നങ്ങൾ....
  
പകൽ വെളിച്ചവും ഉച്ചത്തിലുള്ള സംസാരവും അയാളെ  വിളിച്ചുണർത്തുമ്പോൾ ട്രെയിൻ നിസ്സംഗതയോടെ അതിന്റെ യാത്ര തുടരുകയായിരുന്നു.
എൺപത് കളിലെ കൽക്കട്ടയിൽ നിന്ന്  ഇപ്പോഴത്തെ കൊൽക്കൊത്തയിലേക്കുള്ള മാറ്റങ്ങൾ തന്നെ കുഴയ്ക്കുമോ?
    
അച്ഛൻ കൃഷ്ണൻ നായരുടെയും അമ്മ പൂർണിമ  സെന്നിന്റെയും ഏക മകനായി ബാന്ദ്രഗച്ഛ * യിലെ കൊച്ചു വീട്ടിൽ ദാരിദ്ര്യവും സ്നേഹവും ഒരേയളവിൽ പങ്കിട്ടെടുത്ത ബാല്യവും കൗമാരവും എത്ര വ്യക്തതയോടെയാണ് മനസ്സിൽ തെളിയുന്നത്? അണയാൻ പോവുന്ന തിരിനാളം പോലെ..
വളരെ ചെറുപ്പത്തിൽ കേരളത്തിൽ നിന്ന് നാട് വിട്ടു കൽക്കട്ടയിൽ എത്തിയതാണ് അച്ഛൻ. ഏതൊക്കെയോ ജോലികൾ ചെയ്തു, അവസാനം ഒരു സ്കൂൾ മാഷായതും അമ്മയെ പ്രേമിച്ചു കൂടെക്കൂട്ടിയതുമൊക്ക എത്ര കേട്ടാലും മതി വരാത്ത കഥകൾ. കൂടുതലും അമ്മയാണ് വാചാല യാവുക. വീട്ടിലെ ഭാഷ ബംഗ്ല ആണെങ്കിലും, അമ്മ  എന്ന് തന്നെ വിളിച്ചു ശീലിപ്പിച്ചു അച്ഛൻ.. കേരളത്തിലേക്ക് പോകാൻ എന്തോ അച്ഛന് അത്ര താല്പര്യം ഇല്ലായിരുന്നു. തന്റെ ജനനത്തിന് മുൻപ് ഒരിക്കൽ തറവാട്ടിൽ പോയതും തണുത്ത സ്വീകരണം കിട്ടിയതുമൊക്കെ അമ്മ പറഞ്ഞ അറിവ് കിട്ടി.
 
ബാന്ദ്രഗച്ഛ  പബ്ലിക് സ്കൂളിലെ പഠനം കഴിഞ്ഞു  രബീന്ദ്ര ഭാരതി യിലെ ഡിഗ്രി പഠനത്തിന് ചേർക്കുമ്പോൾ, നാട്ടിൽ നിനക്ക്  കളക്ടർ ആയി പോസ്റ്റിങ്ങ്‌ കിട്ടി ആരുടെയൊക്കെയോ മുൻപിൽ തനിക്ക്  ഞെളിഞ്ഞു നടക്കണം എന്ന് അച്ഛൻ പറയുമായിരുന്നു..
   ഡിഗ്രി പഠനത്തിനിടയ്ക്കാണ് വാടക വീടിന്റെ ഉടമയുടെ മകൾ  നീൾ മിഴികൾ  കൊണ്ട് തന്നെ  വശീകരിക്കാൻ  തുടങ്ങിയത്. പലപ്പോഴും ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി തന്റെ മുൻപിൽ ആകസ്മികമായി വന്നു പെടും. ആശാലത.. അതായിരുന്നു അവളുടെ പേര്..
പിന്നെ പ്രണയത്തിന്റെ നാളുകൾ.
  
പ്രതീക്ഷിച്ച പോലെ ഒന്നും സുഗമമായി നടന്നില്ല. ശക്തമായ എതിർപ്പ് അവളുടെ ആഢ്യരായ കുടുംബത്തിൽ നിന്നും. ഗുണ്ടകളെ വിട്ടുള്ള മർദനം. അമ്മയുടെ വീട്ടുകാരെ എങ്ങനെയൊക്കെയോ സ്വാധീനിച്ചു വിവാഹമോചനം. തുടർന്നുള്ള അച്ഛൻെറ മദ്യപാനാസക്തി. അച്ഛന്റെ മരണം. പിടിച്ചു നില്കാനാകാതെ തനിക്ക്, കൊൽക്കത്തയോട് വിടപറയേണ്ടി വന്നു.

അമ്മയെ ഒത്തിരി ഇഷ്ടമായിരുന്നു. കടും ചുവപ്പ് സിന്ദൂരപൊട്ടിട്ടു, വീതികൂടിയ കരയുള്ള വെളുത്ത നിറമുള്ള സാരിയിൽ അമ്മ സുന്ദരിയായിരുന്നു. അച്ഛൻ ആ വംഗ സൗന്ദര്യത്തിൽ വീണുപോയതിൽ അത്ഭുതമില്ല.

ഏതോ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. കുറേപ്പേർ തിരക്ക് കൂട്ടി. കൂട്ടത്തിൽ ശക്തരായ ചിലർ കയറിപ്പറ്റി. ട്രെയിൻ അതിന്റെ യാത്ര പിന്നെയും തുടർന്നു

കൊൽക്കത്തയിൽ നിന്നും പ്രണയത്തിൽ നിന്നും ഒക്കെ ഒരു ഭീരുവായി തനിക്ക് ഒളിച്ചോടേണ്ടി വന്നു.

പിന്നീട് നാട്ടിൽ ഒരു അമ്മാവന്റെ സഹായം കൊണ്ട് തുടർ പഠനം തുടർന്നു.

പരിമിതികൾ വാശിയുടെ വിത്ത് പാകുകയായിരുന്നു. സർവീസ് ഉദ്യോഗത്തിന്റെ പടവുകൾ  താണ്ടി ഉയരത്തിലേക്ക് പിടിച്ചുകയറുമ്പോൾ  കൽക്കത്തയും മധുരിക്കുന്ന ഓർമകളും മനസിലേക്ക് വിരുന്നെത്തുന്ന തവണകളുടെ എണ്ണം കുറഞ്ഞു വന്നു.
ബിസിനസ് കാരനായ  അമ്മാവൻ സമർത്ഥമായി ലാഭം കൊയ്തു. മനസില്ലാമനസ്സോടെ  മുറപ്പെണ്ണുമായുള്ള വിവാഹത്തിന് സമ്മതിച്ചപ്പോൾ ചതുരംഗത്തിൽ ശ്രദ്ധയോടെ കരുക്കൾ നീക്കുന്ന വിജയിയുടെ  ഭാവമായിരുന്നു അമ്മാവന്റെ മുഖത്ത്.
      പലവുരു കൽക്കട്ടയിലേക്ക് തിരിച്ചുപോയാലോ എന്നും, ചില സിനിമയിലെ ക്ലൈമാക്സ്‌ രംഗങ്ങളെപോലെ തന്റെ പ്രണയം സാഫല്യത്തിലെത്തിച്ചാലോ എന്നും തോന്നാതിരുന്നില്ല. പരിമിതികൾ, സ്വാർത്ഥത, അലസത,  ഭീരുത്വം ഒക്കെയാവാം അത്തരമൊരു സാഹസത്തിലേക്കു നീങ്ങാനായില്ല.
      പിന്നീടുള്ള തന്റെ ജീവിതയാത്ര കൾ മങ്ങിയ ഓർമ്മചിത്രങ്ങളാണ്.  ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്നു.  കോടമഞ്ഞിൽ കൂടിയുള്ള യാത്ര പോലെയാണ്‌ ഇനിയങ്ങോട്ട്.. പോകുന്തോറും കട്ടികൂടിവരുന്ന  കോടമഞ്ഞ്... ഒടുവിൽ ആ യാത്ര അവസാനിക്കുമ്പോഴേക്കും ഒന്നും അറിയാതെ നിശ്ചേഷ്ടനായി,  നിസ്സംഗനായി,  മൗനിയായി ചലിക്കാൻ പോലും തോന്നാതെയുള്ള  ആ ഒരു ഇരുപ്പുണ്ടല്ലോ..ആ അവസ്ഥയിലെത്തുന്നുമുൻപ് തനിക്ക് ഭൂതകാലത്തിൻറെ ശേഷിപ്പുകളിലെത്തണം.
      ട്രെയിൻ എവിടെയോ നിർത്തി ഇട്ടിരിക്കുന്നു ആരൊക്കെയോ ഇറങ്ങുന്നു കയറുന്നു. പലഭാഷകളിൽ ഉച്ചത്തിൽ സംസാരിക്കുന്ന പലതരം മനുഷ്യർ. വിയർപ്പിന്റെ, കടുകെണ്ണയുടെ, വിലകുറഞ്ഞ സുഗന്ധവസ്തുക്കളുടെ കൂടിക്കലർന്ന മടുപ്പിക്കുന്ന ഗന്ധം. പുഴുങ്ങുന്ന ചൂട്...
      ക്ഷീണവും വിശപ്പും കൺപോളകളിൽ നൽകിയ ഭാരം ഒരു മയക്കമായി മാറുമ്പോൾ,  ഭൂതകാലത്തിലെവിടെനിന്നോ,  ഒരു തെരുവുനാടകത്തിലെന്നപോലെ   രംഗപ്രവേശം നടത്തുന്ന സ്വപ്നകഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു മസ്തിഷ്കത്തിലെ  അവശേഷിക്കുന്ന കോശങ്ങൾ.
   വണ്ടി വീണ്ടും യാത്ര ആരംഭിച്ചു.. കൂടെ അയാളുടെ മനസും.
    ബിസിനസ് കാരനായ അമ്മായി അച്ഛന് ഭരണതലത്തിൽ സ്വാധീനമുണ്ടാക്കാനും  സഹായങ്ങൾ അവിഹിതമായി ലഭ്യമാക്കാനുമുള്ള ഒരു ഉപാധിയായി തന്നെ മാറ്റിയെടുക്കുകയായിരുന്നു.
   ഉയരങ്ങൾ കീഴടക്കുന്ന ആവേശത്തിൽ എത്തിക്സ്കളൊക്കെ നഷ്ടപ്പെടുന്നത് കാര്യമാക്കിയില്ല. രബീന്ദ്രഭാരതിയിലെ സാംസ്‌കാരിക കൂട്ടായ്മകളിലെയും ഉജ്വലമായ സമരമുഖങ്ങളിലെയും പകരക്കാരനില്ലാത്ത വിദ്യാർത്ഥിനേതാവ് എങ്ങനെയാണ്‌ അഴിമതിയുടെ മായിക വലയത്തിൽ പെട്ടുപോയത്.. അവസാനം പിടിക്കപ്പെട്ടപ്പോൾ ആരുമുണ്ടായില്ല രക്ഷപെടുത്താൻ. നേട്ടങ്ങൾ കൊയ്ത അമ്മായി അച്ഛൻ തന്റെ നിസ്സഹായത വെളിപ്പെടുത്തി.
    പിന്നീട് സ്വന്തം വീട്ടിൽ, താൻ പണികഴിപ്പിച്ച രമ്യഹർമത്തിൽ ഒറ്റപ്പെടലിന്റെ, അവഗണനയുടെ വേദനയുമായി, ഓർമകൾ മാഞ്ഞുപോകുന്നതിന്റെ  അസ്വസ്ഥതയുമായി ദിവസങ്ങൾ.. മാസങ്ങൾ, വർഷങ്ങൾ.. മറന്നിരിക്കുന്നു ഭാര്യയുടെയും മക്കളുടെയും പേരുകൾ.. ശ്രമിച്ചാൽ ഓര്മയിലെത്തിയേക്കാം. പക്ഷെ എന്തിന്.. അയാൾ നെടുവീർപ്പിട്ടു.
        
ഓർത്തെടുക്കാനാവുന്നതു മക്കളുടെയും ഭാര്യയുടെയും കുത്തുവാക്കുകളിൽ മൂർച്ചയേറിയവ മാത്രം. ഒടുവിൽ എല്ലാം ഉപേക്ഷിച്ചു് ഇറങ്ങുന്നതിനു  ദിവസങ്ങൾക്ക് മുൻപ്  വീട്ടിലുള്ളവർ ഏതോ വൃദ്ധസദനത്തിന്റെ പേരും മറ്റ് വിശദാംശങ്ങളും ചർച്ച ചെയ്യുന്നത് അൽപാൽപമായി കേട്ടതോർമയുണ്ട്..
       പിന്നെ, എത്ര ദിവസങ്ങൾക്കു ശേഷം എന്നോർമയില്ല. അതോ അന്നുതന്നെയോ.. ഇറങ്ങി..കിട്ടിയതെന്തൊക്കെയോ എടുത്ത് പാക്ക് ചെയ്ത്...
        ആരും അന്വേഷിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. വലിയൊരു ബാധ്യത ഒഴിഞ്ഞു എന്ന് ആശ്വാസമാവും  അവർക്ക് . ഓർമ നശിച്ചുകൊണ്ടിരിക്കുന്നതിനാൽ ഒരു തിരിച്ചു വരവ് അസാധ്യം എന്ന് എല്ലാവർക്കും അറിയാം.
       വിജനമായ തരിശു നിലങ്ങളും മൊട്ടക്കുന്നുകളും പുറകിലേക്ക് അതിവേഗം പാഞ്ഞുകൊണ്ടിരുന്നു.
        
ബാന്ദ്രഗച്ഛ ഗ്രാമത്തിലൂടെ ഒഴുകുന്ന ദാമോദർ നദിയുടെ ഒരു കൊച്ചു കൈവഴി ഉണ്ട്. വേനൽക്കാലത്തു ഉണങ്ങി വരണ്ടുപോകുന്ന ആ അരുവി പക്ഷേ മഴ കനക്കുമ്പോൾ വലിയൊരു പുഴയായി മാറി അടുത്തുള്ള കരപ്രദേശത്തെയൊക്കെ വെള്ളത്തിനടിയിലാക്കും..ഒരു വായനശാലയുണ്ട്  ഈ കൈവഴിയുടെ തീരത്ത്. കുന്നിൻ മുകളിലേക്ക് വളഞ്ഞു പോകുന്ന ചെമ്മൺ റോഡ്. ഒരു പള്ളി. അവിടെ നിന്ന് താഴെ പുഴയിലേക്ക്  നോക്കിയാൽ മനോഹര ദൃശ്യമാണ്.  വായനശാലയിൽ നിന്നും താഴേക്കു കല്ല് പാകിയ പടവുകൾ ചെന്നെത്തുന്നത് വീതി കുറഞ്ഞ ചെമ്മൺ പാതയിലേക്കും പിന്നെ പുഴയിലേക്കും. ഏതൊരാളിലും പ്രണയത്തിന്റെ കാല്പനികത സൃഷ്ടിക്കുവാൻ പോന്ന ഒരു ചുറ്റുപാട്. അവിടെ ആയിരുന്നു തങ്ങളുടെ സംഗമകേന്ദ്രം.
   കവിതയും കഥയും പാട്ടും ഒക്കെയായിട്ട് തുടങ്ങിയ സൗഹൃദം സാവധാനം പ്രണയത്തിലേക്കും
പിന്നെ അടങ്ങാത്ത അഭിനിവേശത്തിന്റെ ഒടുങ്ങാത്ത  തൃഷ്ണകളിലേക്കും മാറി. ഏത് സമയത്തും കലപില ശബ്ദമുതിർക്കുന്ന  അരുവിയും  ഒഴുകിപ്പരക്കുന്ന നിലാവുമൊക്കെ  ആ സുന്ദര നിമിഷങ്ങൾക്ക്  ചാരുത  നൽകിയിരുന്നു
   ട്രെയിൻ ജനാലകളുടെ  ഷട്ടറുകൾ കൂട്ടത്തോടെ താഴ്ത്തിയിടുന്ന ശബ്ദം ഓർമകളുടെ ലോകത്തിൽ നിന്ന് അയാളെ തട്ടിയുണർത്തി. പുറത്തു പെയ്യുന്ന മഴത്തുള്ളികളിൽ ചിലതൊക്കെ ഷട്ടറുകളുടെ നിർമിതിയിലുളള പോരായ്മയും കാലപ്പഴക്കവും മുതലെടുത്തു കോച്ചിനുള്ളിലേക്കു കയറിപ്പറ്റുന്നു.
    ജനാലകൾ അടക്കപ്പെട്ട കോച്ചിനുള്ളിലെ പുഴുങ്ങുന്ന ചൂടും വിശപ്പും ക്ഷീണവുമൊന്നും  അയാളുടെ മനസ്സിന്റെ യാത്രയെ തടസ്സപ്പെടുത്തിയില്ല.      ഓർമകൾ കോറിയിട്ട  ചുമർചിത്രങ്ങളുടെ ഭംഗി നുകർന്നുകൊണ്ട് തീവണ്ടിയോടൊപ്പം യാത്ര തുടർന്നു അയാളുടെ മനസ്സും.
   ട്രെയിൻ ഹൗറ സ്റ്റേഷനിലിലെത്തുമ്പോൾ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. തോൾ ബാഗ് എടുത്ത്  സാവധാനം പ്ലാറ്റഫോമിലേക്കു ഇറങ്ങി. മേൽക്കൂരയിൽ നിന്ന് മുഖത്തേക്ക് വീണ തണുത്ത മഴത്തുള്ളികൾ തുടച്ചുകൊണ്ട് അയാൾ ആൾക്കൂട്ടത്തിനൊപ്പം നടന്നു. പുറത്തേക്കുള്ള വാതിലിൽ എത്താത്ത താമസം ഓട്ടോക്കാരും ടാക്സിക്കാരും പൊതിഞ്ഞു.ഒരു വിധത്തിൽ അവരുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടു കുറച്ചകലെമാറികിടന്ന  ഒരു കോൺക്രീറ്റ് സ്ലാബിൽ ബാഗ് വെച്ച്, എന്ത് ചെയ്യണം എന്നറിയാതെ അയാൾ നിന്നു. റിക്ഷാക്കാരുടെ ശല്യം ഒട്ടൊന്നു ശമിച്ചിട്ടുണ്ട്. ഒരു പക്ഷെ, തന്റെ മട്ടും ഭാവവും ഒന്നും അവർക്ക് വലിയ പ്രതീക്ഷ കൊടുത്തു കാണില്ല.  കൽക്കത്തയുടെ മുഖമുദ്രയായിരുന്ന, കൈകൊണ്ടു വലിക്കുന്ന റിക്ഷകൾ അപ്രത്യക്ഷമായിരിക്കുന്നു. ആ സ്ഥാനം കയ്യടക്കിയ  സൈക്കിൾ റിക്ഷകൾ പണ്ടേയുണ്ട്. അടുത്ത് തന്നെ സൈക്കിൾ റിക്ഷകളും കലഹരണപ്പെടുമെന്ന് ആ വണ്ടികളെയും അത് ചവിട്ടുന്ന വൃദ്ധരായ മനുഷ്യക്കോലങ്ങളെയും കണ്ടാൽ മനസ്സിലാകും.  മഴ ഒന്ന് ശമിച്ചിരിക്കുന്നു. പ്ലാറ്റ്ഫോമിന് പുറത്തെ വിശാലമായ എൻട്രൻസ് ന്റെ ഒരു കോണിൽ ആയാളിരുന്നു. മുകളിലെ ലൈറ്റുകളിൽ വട്ടമിട്ടു കൂട്ടമായി പറക്കുന്ന ഈയാം പാറ്റകൾ അവസാന രാത്രി ആഘോഷിക്കുകയാണ്. നാളെ രാവിലെ  ചിറകൊടിഞ്ഞു മൃതപ്രായമായി കാക്കകൾക്ക് ഭക്ഷണമാകാൻ പോകുന്നെന്ന് അറിയാതെയുള്ള ആഘോഷം.
    വീണ്ടും അയാളുടെ മനസ്സ് ഭൂതകാലത്തിലേക്ക് പാഞ്ഞു. അവിടെയാണല്ലോ  തിളക്കമാർന്ന ചിത്രങ്ങൾ ഉള്ളത്. നീണ്ട മൂന്ന് വർഷങ്ങൾ പ്രണയകാലമായിരുന്നു. ഗുൽമോഹർ പൂക്കൾ ചുവപ്പിച്ച പാതകളിലൂടെ കൈകോർത്തു നടന്ന ദിവസങ്ങൾ. ചേർത്ത് പിടിച്ചു നടക്കാൻ വേണ്ടി കുടയും  കൊണ്ട് മഴപെയ്യാൻ കൊതിച്ച ദിനങ്ങൾ. ഒടുവിൽ ഒരു ദിവസം മനസ്സും ശരീരവുമൊക്ക പങ്കു വെച്ച ആ രാത്രി. ഈയാംപാറ്റയുടെ ആഘോഷം പോലെയായിരുന്നു അന്നത്തെ രാത്രി.  അടുത്ത ദിവസം  പ്രണയത്തിന്റെ ചിറകുകൾ ഒടിഞ്ഞു.  തമിഴ് നാട്ടുകാരനായ സുഹൃത്ത് ഒരുക്കി തന്ന മുറിയിൽ രാവിലെ വാതിലിൽ മുട്ട് കേട്ടു പ്രിയതമ യുടെ കൈ നെഞ്ചിൽ നിന്ന് പതുക്കെ മാറ്റിയിട്ടു വാതിൽ തുറന്നപ്പോൾ കണ്ടത് മൂന്ന് തടിമാടൻ ബംഗാളികൾ. പുറകിൽ തന്റെ അളിയൻ ആവാനുള്ള ഓഫർ വേണ്ടെന്നു വെച്ച അവളുടെ ചേട്ടനും. ആശയുടെ മുൻപിലിട്ടു മർദിച്ചു അവശനാക്കിയശേഷം അവളുടെ നിലവിളിയെ വകവെക്കാതെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ച്ചയായിരുന്നു ബോധം പോകുന്നതിനു തൊട്ടു മുൻപ് കണ്ടത്.
ആ സംഭവത്തോടെ എല്ലാം മാറിമറിഞ്ഞു. തന്റെ ജീവിതം തന്നെ അന്ന് തിരുത്തി കുറിക്കപ്പെട്ടു. പരുക്കുകളിൽ നിന്ന് ആരോഗ്യം ഒരു വിധം വീണ്ടെടുക്കുമ്പോഴേക്കും അവിശ്വസനീയമായ സംഭവപരമ്പരകളായിരുന്നു തന്നെ എതിരേറ്റത്. ആരുടെയൊക്കെയോ നിർബന്ധത്തിനു വഴങ്ങി അച്ഛനെ ഒറ്റയ്ക്കാക്കി അമ്മ  പോയപ്പോൾ  ഏറെ വേദനിച്ചു. അധികം താമസിയാതെ അച്ഛന്റെ മരണം.   ഇതിനൊക്കെ കാരണമായ പ്രണയത്തെ മനസ്സിൽ നിന്ന് തുടച്ചു നീക്കി. ആശയെ പറ്റി ഒന്നും പിന്നെ കേട്ടിട്ടില്ല. അമ്മയെ ഇടയ്ക്കെപ്പോഴോ കണ്ടിരുന്നു. ഒന്നും സംസാരിക്കാതെ ആ പാവം കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ഉമ്മ വെച്ച് തന്റെ ചോദ്യങ്ങൾക്കൊന്നും  ഉത്തരം തരാതെ നടന്നകന്നു.
   മഴ പെയ്യുന്നുണ്ട്. അരിച്ചു കയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ബാഗിൽ നിന്ന് ഷീറ്റ് എടുത്തു പുതച്ചു. വീടില്ലാത്തവരും യാചകരെന്നു തോന്നിക്കുന്നവരും ഒക്കെ അങ്ങിങ്ങായി പുതച്ചുമൂടി ഉറക്കം തുടങ്ങിയിരിക്കുന്നു. ഓർമ്മയിലെ ചിത്രങ്ങളിലെ  മങ്ങിപ്പോകുന്ന വർണഭേദങ്ങൾ കൺപോളകളിൽ ഭാരമേൽപിക്കാൻ തുടങ്ങിയപ്പോൾ അയാൾ തന്റെ ബാഗിനെ നെഞ്ചോടു ചേർത്തുപിടിച്ചു.
    " അരെ ജാഗോ.. ഉദ്യേ പാർ.... "
ലാത്തി കൊണ്ടുള്ള മുട്ടും ഉച്ചത്തിലുള്ള ആക്രോശവും അയാളെ ഉണർത്തി റയിൽവേ പോലീസ് ആണ്. കുഴപ്പക്കാരനല്ല എന്ന് തോന്നീട്ടാവും ഞെട്ടി എഴുന്നേറ്റ തന്നെ തറപ്പിച്ചൊന്ന് നോക്കിയിട്ട് അയാൾ നടന്നകന്നു.
     
പേ ആൻഡ് യൂസ് ടോയ്‌ലെറ്റിലെ തന്റെ ഓർമകളെ പോലെ പാടുവീണ കണ്ണാടിയിൽ തന്റെ അവ്യക്തമായ പ്രതിബിംബത്തെ നോക്കി കുറേ നേരം നിന്നു. കുറച്ചു വെള്ളം കയ്യിലെടുത്തു നരച്ച അലങ്കോലമായ മുടി കോതി ഒതുക്കി.. അയാൾ തിരക്കിലേക്ക് ഇറങ്ങി.
    മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെ 30 കൊല്ലത്തിനപ്പുറമുള്ള നഗരത്തിന്റെ ഓർമകളുമായി നഗരത്തെ നോക്കി അയാൾ പകച്ചുനിന്നു.
    താൻ പണ്ട് താമസിച്ചിരുന്ന വീട്, വായനശാല ഒക്കെ പഴയത് പോലെ ഉണ്ടാവുമോ അവിടെ?
    ബസ് സ്റ്റോപ്പിൽ എത്തി. പണ്ട് മനഃപാഠം ആയ ബസ് നമ്പർ 6 നോക്കി കുറേ നിന്നു. ഇല്ല. നമ്പറുകൾ മാറിയിരിക്കുന്നു.
    12 C ആണ് നമ്പർ എന്ന് ചോദിച്ചു  മനസിലാക്കി. തിങ്ങി നിറഞ്ഞ ഒരു ബസിൽ ഒരു വിധം കയറിപ്പറ്റിയതും കണ്ടക്ടറുടെ നീട്ടിയുള്ള വിസിൽ  കേട്ട ഡ്രൈവർ ഒരു മര്യാദയുമില്ലാതെ ബസ് മുൻപോട്ട് എടുത്തു. ഇറങ്ങേണ്ട സ്ഥലം കൃത്യമായി പറഞ്ഞു. അവിടെ എത്തുമ്പോൾ പറയണേ എന്ന് അപേക്ഷിച്ചു ടിക്കറ്റ് എടുത്തു.
     പഴയ ചിത്രങ്ങൾ വ്യക്തമായി മനസിലുണ്ടെങ്കിലും പതിറ്റാണ്ടുകൾ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെ തികച്ചും അപരിചത്വം തോന്നുന്ന തന്റെ ഭൂതകാല ഭൂമിയിലേക്കയാൾ നെഞ്ചിടിപ്പോടെ കാലുകുത്തി.
       ബസ്‌സ്റ്റോപ്പിൽ നിന്ന് ഒരു നൂറു മീറ്റർ നടക്കണം. ഒരു പള്ളിയുണ്ട്. അതുകഴിഞ്ഞു വായനശാല. അതിന്റെ എതിർവശം ഒരു ഒറ്റയടിപ്പാത . അതെത്തുന്നത് ഒരു നടപ്പാലം. പുഴയുടെ കുറുകെയുള്ള ആ പാലം കടന്നു കൽപ്പടവുകൾ ഇറങ്ങിച്ചെന്നാൽ  താൻ താമസിച്ചിരുന്ന വീടായി.
       കോൺക്രീറ്റ് കെട്ടിടങ്ങൾ മുഖച്ഛായ മാറ്റിയ നാൽക്കവല. മഴ ചാറുന്നുണ്ട്. അയാൾ നടന്നു. പള്ളി വലിയ മാറ്റങ്ങൾ ഇല്ലാതെ നിൽക്കുന്നു. പുതുതായി പെയിന്റ് ചെയ്തിട്ടുണ്ട്. വായനശാല നിന്നിടം ഒരു വലിയ ഷോപ്പിംഗ് കോംപ്ലക്സ് ഉയർന്നിരിക്കുന്നു. വിഷമം തോന്നി. തന്റെ ഭൂതകാലത്തിന്റെ ഒരു വലിയ അടയാളം അപ്രത്യക്ഷമായിരിക്കുന്നു. കുറച്ചകലെ മാറി കണ്ട റോഡിലൂടെ നടന്നു. പാലത്തിലേക്കുള്ള അപ്പ്രോച്ച് റോഡാണ്. ഗ്രാമീണമുഖം നഷ്ടപ്പെട്ട ചുറ്റുപാട്  അയാൾക്കൊട്ടും സ്വീകാര്യമായില്ല. പാലത്തിലെ ഫുട്പാത്തിലൂടെ നടത്തം തുടർന്നു.
     കുറച്ചു ദിവസങ്ങളായി മഴ പെയ്തിറങ്ങിയിട്ടുണ്ട്. പുഴ തവിട്ടു നിറത്തിൽ  തിമിർത്തു ഒഴുകുന്നു. ചാറ്റൽ മഴയിൽ കുതിർന്ന ഷർട്ടിന്റെ ഭാഗങ്ങൾ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നു. സൂര്യൻ കറുത്ത മഴമേഘങ്ങളിൽ ഒളിച്ചു കളിക്കുന്നു.  ആശയും താനും  മണിക്കൂറുകൾ സംസാരിച്ചിരുന്ന, മനസ്സ് പങ്കുവെച്ചിരുന്ന  കല്പടവുകൾ  കുറ്റിച്ചെടികൾ കയ്യടക്കിയിരിക്കുന്നു. അവയ്ക്കു മേലെ വാശിയോടെ പടർന്നു കയറുന്ന  വള്ളിപ്പടർപ്പുകൾ.
      ശക്തിയായി അടിച്ച കാറ്റിൽ  അയാളുടെ നരച്ച നീണ്ട മുടിയിഴകൾ പറന്നു. കൊച്ചു മഴത്തുള്ളികൾ മുഖത്ത് പടർന്ന വിയർപ്പുതുള്ളികൾക്കിടയിൽ സ്ഥാനം പിടിച്ചു. അയാൾ മുഖമുയർത്തി നോക്കി. പുഴയുടെ അക്കരെ പുതുതായി വന്ന അനേകം കെട്ടിടങ്ങളുടെ ഇടയിൽ ആ പഴയ രണ്ടു നില വീട് അയാൾ തിരിച്ചറിഞ്ഞു.
    നടത്തത്തിനു അയാൾ അറിയാതെ വേഗം കൂടി. പടവുകൾ ഇറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു. വിശപ്പും ദാഹവും  ക്ഷീണവും മറന്നു. മുറ്റത്തു കെട്ടിനിന്ന മഴവെള്ളത്തിൽ കളിച്ചുകൊണ്ടിരുന്ന  കൊച്ചുകുട്ടി അപരിചിതനെ കണ്ട് ഒരു നിമിഷം പകച്ചു നിന്ന ശേഷം അകത്തേക്കോടി. അൽപനേരത്തിനു ശേഷം വാതിലിന്റെ കാൽപകുതിയിൽ സാരിത്തലപ്പ് കൊണ്ട് തലമറച്ച  ഒരു സ്ത്രീയുടെ മുഖം പ്രത്യക്ഷപ്പെട്ടു. കറുത്ത ഫ്രെയിമുള്ള കണ്ണടചില്ലിനപ്പുറത്ത് ഇപ്പോഴും സൗന്ദര്യം വറ്റാത്ത ആ നീൾമിഴികൾ. മങ്ങിയ വെളിച്ചത്തിൽ, ആ കണ്ണുകൾ വായിച്ചെടുക്കാനാവാതെ അയാൾ നിന്നു. ഞെട്ടലോ,ദുഖമോ സന്തോഷമോ അതോ നിസ്സംഗത യോ എന്ന് തിരിച്ചറിയാനാവാതെ കുറച്ചു നിമിഷങ്ങൾ. 
    വരണ്ടതൊണ്ട കൊണ്ട് അയാൾ മുരടനക്കി.. "ആമി .... "*... മുഴുമിക്കാനാവാതെ നിന്ന അയാളെ നോക്കി വരാന്തയിലെ  കസേരയിൽ ഇരിക്കാൻ ആംഗ്യം കാണിച്ച് സ്ത്രീരൂപം ഉള്ളിലേക്ക് മറഞ്ഞു
      
അനുസരണയുള്ള കുട്ടിയെ പോലെ ബാഗ് താഴെ വെച്ച് അയാൾ പ്ലാസ്റ്റിക്‌ കസേരയിലിരുന്നു.
       പെട്ടെന്ന് ഒരു കുറ്റബോധം അയാളിൽ പടർന്നു കയറി. താൻ ഇതെന്താണ് ഈ കാണിക്കുന്നത്. എന്തർഹതയാണ്‌ ഈ വീട്ടിൽ വരാൻ  തനിക്കുള്ളത്. തന്നെ ആത്മാർത്ഥമായി പ്രണയിച്ചവളുടെ സ്വപ്‌നങ്ങൾ ചവിട്ടിയരച്ചിട്ടു പോയ തനിക്ക് എന്ത് സ്വീകരണം ആണ് ഇവിടെ ലഭിക്കേണ്ടത്.
     അയാളുടെ വലതു കൈ ചെറുതായിട്ട് വിറയ്ക്കാൻ തുടങ്ങി. മസ്തിഷ്കത്തിലെ കോശങ്ങളുടെ മരണം വേഗത്തിലാവുന്നുവോ.. എന്തായിരുന്നു ആ ബസിന്റെ നമ്പർ? ആ സൈക്കിയാട്രിസ്റ്റിന്റെ പേര്? മക്കൾ ഏത് കോഴ്സിനാണ് പഠിക്കുന്നത്?? തൂവാലകൊണ്ടു മുഖത്ത് പടർന്ന വിയർപ്പു തുടച്ചു. വലതു കയ്യുടെ വിറയൽ കൂടിവരുന്നുണ്ടോ? അയാൾ സാവധാനം എഴുനേറ്റു. ഇടതു കൈകൊണ്ടു ബാഗ് എടുത്തു നിശബ്ദനായി പുറത്തേക്കു നടന്നു. ഗേറ്റിനു പുറത്തേക്ക് നടക്കുമ്പോൾ ഒരു സ്കൂട്ടർ വന്നു കയറി. നനഞ്ഞു കുതിർന്ന  മഴക്കോട്ടും ഹെൽമെറ്റും ഊരി മാറ്റി സുമുഖനായ യുവാവ് വീടിനുള്ളിലേക്കു കയറുന്നതിനു മുൻപ് അയാളെ നോക്കി.
     ഓർമ്മകൾ അതിവേഗം ഇറേസ് ചെയ്യപ്പെടുന്ന തലച്ചോറുമേന്തി അയാൾ നടന്നു. മഴ പെട്ടെന്ന് ശക്തിയാർജിച്ചു പെയ്തു തുടങ്ങി. വഴിമറയ്ക്കുന്ന മഴ. റോഡിന്റെ വശങ്ങളിലൂടെ മഴ വെള്ളം കുത്തിയൊലിക്കുന്നു. തന്റെ മനസുപോലെ. അതും  പെയ്തു തോരുകയാണല്ലോ.   കുറ്റിച്ചെടികൾ നിറഞ്ഞ വള്ളിപ്പടർപ്പുകൊണ്ട് മൂടിയ കല്പടവുകളിലേക്കു അയാൾ സാവധാനം ഇറങ്ങി. ആശയും താനും സ്വപ്‌നങ്ങൾ നെയ്ത പടവുകൾ.. താഴെ ഒന്നോ രണ്ടോ  പടവുകൾ പുഴ വിഴുങ്ങിയിരിക്കുന്നു. നല്ല ഒഴുക്കുള്ള തണുത്ത വെള്ളം കാലുകളിൽ ഇലക്ട്രിക് ഷോക്ക് ഏൽപിച്ചപോലെ തോന്നി. അടുത്ത പടിയിലേക്ക് കാലൂന്നിയപ്പോൾ പുഴ അതിന്റെ ശക്തിഅറിയിക്കുന്നുണ്ടായിരുന്നു. അടുത്തത് ചിലപ്പോൾ ഉരുളൻ കല്ലുകളാവും. പുഴയോടൊപ്പം ചലിക്കുന്ന ആ കല്ലുകൾ തന്നെ കൂട്ടിക്കൊണ്ട് പോകുന്നത് ഓർമകളുടെ ഒളിച്ചുകളിയില്ലാത്ത ലോകത്തേയ്ക്കാവും.
      വലത്തേകാല് ഉരുളൻ കല്ലുകളെ തൊടുന്നതിന് തൊട്ടുമുൻപ് രണ്ടു ബലിഷ്ഠമായ കൈകൾ അയാളെ ചുറ്റിപിടിച്ചു.
    "ബാബാ ... ദയാ കരേ ആസാ* "...
         
മഴയുടെ ആരവത്തെ മറികടന്നു ആ വാക്കുകൾ അയാളുടെ കാതിൽ പതിഞ്ഞു.. 
    അയാളുടെ വിറയാർന്ന ശരീരം ആ കൈകളുടെ സഹായത്തോടെ കൽപ്പടവുകൾ കയറുമ്പോൾ " ആമാകെ ചെരെ ദാവോ.. "* എന്നു ദുർബലമായി പറഞ്ഞെങ്കിലും മഴയുടെ ആർത്തനാദത്തിൽ ആ ശബ്ദം മുങ്ങിപ്പോയിരുന്നു...

--------------------------------------------------
*ധന്യബാദ : നന്ദി
*ബാന്ദ്രഗച്ഛ : Bhandergacha - ഹൗറയ്ക്ക് അടുത്തുള്ള ഒരു ഗ്രാമം
*ആമി : ഞാൻ
* ബാബാ : അച്ഛൻ (ബാപ് )
*ആസാ : വരൂ
*ആമാ കെ ചെരെ ദാവോ. :എന്നെ പോകാൻ അനുവദിക്കൂ 

(J Venugopal lives in  Kochi. Working in Indian Railways)
കൽക്കട്ടയിലേക്കുള്ള തീവണ്ടി (ചെറുകഥ: ജെ. വേണുഗോപാൽ)
Join WhatsApp News
ജോസഫ്‌ എബ്രഹാം 2020-06-19 21:09:52
ഓര്‍മ്മകള്‍ നഷ്ട്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഭൂതകാലത്തിലേക്ക് നടത്തിയ യാത്ര വളരെ ഹൃദ്യമായിത്തന്നെ പറഞ്ഞിരിക്കുന്നു. നല്ലോരശയം ഒഴുക്കോടെ പറഞ്ഞിരിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു മകനുള്ള അമ്മ മറ്റുള്ളവര്‍ പറഞ്ഞതു കേട്ട് വിവാഹമോചനം നേടുമോ ? അതൊരു കല്ലുകടിയായി തോന്നി അതുപോലെ ഹാസ്യത്തിനു വേണ്ടി ചേര്‍ത്ത പ്രയോഗം ( അടിപിടിയുടെ സമയം ) ചേര്‍ച്ചയില്ലാതെ പോയി. എന്നിരുന്നാലും വിഷയവും പരിസമാപ്തിയും നന്നായി. കൂടുതല്‍ നന്നായി എഴുതുവാന്‍ കഴിവുള്ള ആളാണെന്ന് മനസ്സിലാകുന്നുണ്ട്. എല്ലാ ആശംസകളും .
ജെ വേണുഗോപാൽ 2020-06-22 09:31:40
ശ്രീ ജോസഫ്. കഥ വായിച്ചതിനും വിമർശനാത്മകമായ നിരീക്ഷണം നടത്തിയതിനും വളരെ നന്ദി. തീർച്ചയായും പോരായ്മകൾ മനസിലാക്കുന്നു. വിലയേറിയ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു ഇഷ്ടത്തോടെ ജെ വേണുഗോപാൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക