Image

വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തണം: കെ.വി. തോമസ്

Published on 29 May, 2012
വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തണം: കെ.വി. തോമസ്
ആലുവ: സംസ്ഥാനത്ത് വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട ഗവേഷണസൌകര്യങ്ങളോടു കൂടിയ സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി കെ.വി. തോമസ് അഭിപ്രായപ്പെട്ടു. ആലുവ അശോകപുരം സെന്റ് ഫ്രാന്‍സിസ് ഡി അസീസി സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും ഉന്നത നിലവാരം പുലര്‍ത്തുന്ന ഫ്രാന്‍സിസ്കന്‍ മിഷണറി ബ്രദേഴ്സ് നേതൃത്വം നല്‍കുന്ന സെന്റ് ഫ്രാന്‍സിസ് ഡി അസീസി സ്കൂള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. മനുഷ്യനില്‍ മാനവികത വളര്‍ത്താന്‍ ശരിയായ വിദ്യാഭ്യാസത്തിനേ കഴിയൂ എന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാവേലിക്കര ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. വിവരസാങ്കേതികവിദ്യയുടെ വിസ്ഫോടനം നടക്കുന്ന കാലഘട്ടത്തില്‍ വായനാശീലം കുറഞ്ഞുവരുന്നത് ശരിയായ വളര്‍ച്ചയുടെ ലക്ഷണമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ്കന്‍ മിഷണറി ബ്രദേഴ്സ് പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജൈല്‍സ് തെക്കേമുറി മുഖ്യപ്രഭാഷണം നടത്തി. സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ കരസ്ഥമാക്കിയ അജയ് പോളിനു കേന്ദ്രമന്ത്രി മെമന്റോ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണന്‍, അശോകപുരം പള്ളി വികാരി ഫാ. ആന്റണി പൂതവേലില്‍, പിടിഎ പ്രസിഡന്റ് ദിലീപ്കുമാര്‍, ബ്രദര്‍ ബ്രൂണോ മലയില്‍, ബ്രദര്‍ പോള്‍ ചുക്കനാനിക്കല്‍, മുനിസിപ്പല്‍ കൌണ്‍സിലര്‍ വി.പി. ജോര്‍ജ്, പി.എ. ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ വിമല ഗോപാലകൃഷ്ണന്‍ സ്വാഗതവും മാനേജര്‍ ബ്രദര്‍ പീറ്റര്‍ വാഴേപ്പറമ്പില്‍ നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക