Image

ചൈനക്കാരേയും തെറി വിളിച്ചിട്ടു കാര്യമൊന്നുമില്ല; കേവല ദേശസ്‌നേഹത്തിനപ്പുറമാണ് വസ്തുതകള്‍  (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 18 June, 2020
ചൈനക്കാരേയും തെറി വിളിച്ചിട്ടു കാര്യമൊന്നുമില്ല; കേവല ദേശസ്‌നേഹത്തിനപ്പുറമാണ് വസ്തുതകള്‍   (വെള്ളാശേരി ജോസഫ്)
ഉല്‍പ്പാദനവും വിതരണവും മെച്ചപ്പെടുത്താതെ പണ്ട് പാക്കിസ്ഥാനികളെ വിളിച്ചുകൊണ്ടിരുന്നതുപോലെ ചൈനക്കാരേയും തെറി വിളിച്ചിട്ടു കാര്യമൊന്നുമില്ല. കേവല ദേശസ്‌നേഹത്തിനപ്പുറമാണ് പ്രബലമായ ഒരു രാജ്യവുമായി ഏറ്റുമുട്ടുമ്പോള്‍ ഉള്ള വസ്തുതകള്‍  
 
ചീനച്ചട്ടി, ചീനഭരണി - ഇവയൊക്കെ എറിഞ്ഞുടച്ച് കുടുംബിനികള്‍ക്ക് ചൈനയോട് പ്രതിഷേധിക്കാം. മുക്കുവര്‍ക്ക് ചീനവല കടലില്‍ വലിച്ചെറിഞ്ഞും ചൈനയോട് പ്രതിഷേധിക്കാം. പക്ഷെ ഇതുകൊണ്ടു വെല്ലോം ചൈന കുലുങ്ങുമോ? ചൈനയോട് മല്ലിടണമെങ്കില്‍ നമ്മുടെ സമ്പദ് വ്യവസ്ഥ ശക്തിയാര്‍ജ്ജിക്കണം. കയ്യില്‍ തുട്ടില്ലാതെ ആധുനിക രീതിയില്‍ യുദ്ധം ചെയ്യാന്‍ ഏതെങ്കിലും ഒരു രാജ്യത്തിന് സാധിക്കുമോ? നമ്മുടെ റിസേര്‍വ് ബാങ്ക് തന്നെ പറയുന്നത് ഇനി വരാന്‍ പോകുന്നത് 'നെഗറ്റീവ് ഗ്രോത്' ആയിരിക്കും എന്നാണ്. ചൈനീസ് ഉല്‍പന്നങ്ങളൊക്കെ ബഹിഷ്‌കരിച്ച് ചൈനീസ് ഇക്കോണമിയെ നേരിടണം എന്നുപറഞ്ഞു സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അലമുറ ഇടുന്നുണ്ട്. കഴിഞ്ഞ 20-30 വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈന സൃഷ്ടിച്ച ലോജിസ്റ്റിക്‌സിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവര്‍ ആണിങ്ങനെ അലമുറ ഇടുന്നത്. നാഷണല്‍ ജ്യോഗ്രാഫിക്കിന്റ്റെ ഒരു ഡോക്കുമെന്റ്ററിയില്‍ ചൈനീസ് ഉല്‍പ്പാദന മേഖല കാണിച്ചത് ഇപ്പോഴും ഓര്‍മിക്കുന്നൂ. ലക്ഷക്കണക്കിനാളുകള്‍ പണിയെടുക്കുന്ന ഫാക്റ്ററികള്‍; ആ ഫാക്റ്ററികളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനുള്ള 'കണ്ടയിനര്‍ ടെര്‍മിനലുകള്‍'; തുറമുഖങ്ങള്‍; കപ്പലുകള്‍ - ഇവയെല്ലാം അഭംഗുരം പ്രവര്‍ത്തിക്കുന്ന ഒന്നാണ് ചൈനീസ് ഇക്കോണമി. 'Those who rule the seas rule the world' -  എന്നാണ് പറയപ്പെടുന്നത്. പണ്ട് സമുദ്രദേവനെ പേടിച്ച് ഇന്ത്യ ശക്തമായ നേവിയോ, കടല്‍മാര്‍ഗമുള്ള വ്യാപാരത്തേയോ കൃത്യമായി പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതാണ് ശക്തമായ നേവിയുണ്ടായിരുന്ന ബ്രട്ടീഷ് സാമ്രാജ്യത്തോട് അടിയറവ് പറയേണ്ടി വന്നത്. ഇവിടെ ശക്തമായ സാമ്രാജ്യങ്ങള്‍ ഇല്ലാതിരുന്നതല്ലായിരുന്നു നമ്മള്‍ ബ്രട്ടീഷുകാരോട് പരാജയപ്പെടാന്‍ കാരണം. നമ്മുടെ മതബോധവും സാമൂഹ്യ ബോധവുമായിരുന്നു ഇന്ത്യ പണ്ട് ശക്തമായ നേവിയുണ്ടായിരുന്ന ബ്രട്ടീഷുകാരോട് പരാജയപ്പെടാന്‍ കാരണം.
 
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉല്‍പ്പാദന മേഖലയിലെ പ്രശ്‌നങ്ങളാണ്. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്നൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പറയാന്‍ എളുപ്പമാണ്. പ്രാക്റ്റിക്കലായി നടക്കുന്ന ഒരു സംഭവമല്ല അത്. നമ്മുടെ ഉല്‍പാദന മേഖല ചൈനീസ് ഉല്‍പന്നങ്ങളോട് മത്സരിച്ചു ജയിക്കാതെ ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി പോലും ഇവിടെ നിറുത്താനാവില്ല എന്നതാണ് യാഥാര്‍ഥ്യം. ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഭരണകൂട ഉരുക്കുമുഷ്ടി ഉപയോഗിച്ച് നിറുത്തിയാല്‍ ഇവിടെ കള്ളക്കടത്ത് കൂടും എന്ന ഒറ്റ പ്രയോജനമേ ഉള്ളൂ. ദുബായ്, ശ്രീലങ്കാ, സിംഗപ്പൂര്‍ - എന്നിങ്ങനെ അനേകം രാജ്യങ്ങളില്‍ നിന്ന് നമ്മളറിയാതെ ചൈനീസ് ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകും. ചൈന അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സത്യത്തില്‍ പല അമേരിക്കന്‍ പേരുകളിലും, ചൈനീസ് അല്ലാത്ത പേരുകളിലും അനവധി ഇലക്ട്രോണിക്ക് ഉപകരണങ്ങളും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും ഇന്ന് വില്‍ക്കപ്പെടുന്നുണ്ട്. നമ്മള്‍ അമേരിക്കന്‍ പ്രൊഡക്റ്റാണെന്ന് വിചാരിച്ചു വാങ്ങിക്കുന്ന സാധനങ്ങളുടെ യഥാര്‍ഥ ഉല്‍പ്പാദനം ചൈനയിലാണ് നടക്കുന്നതെന്ന് മാത്രം!
 
ഇന്ത്യ വിചാരിച്ചാലോ, അമേരിക്ക വിചാരിച്ചാലോ അതല്ലെങ്കില്‍ കുറച്ചു പേര്‍ ചൈനീസ് പ്ലാസ്റ്റിക്ക്, കളിപ്പാട്ടം, പടക്കം - ഇവയൊക്കെ പറഞ്ഞു ബഹിഷ്‌ക്കരിച്ചാലോ ചൈനീസ് ഇക്കോണമി ഇന്ന് തളരത്തില്ല. ചൈനീസ് ഇക്കോണമി ഇന്ന് വളര്‍ന്നു കഴിഞ്ഞതിന്റ്റെ പിന്നില്‍ 'ആധുനികത' എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തിന്റ്റെ പ്രധാന സവിശേഷത ഉണ്ട്.
 
ആ സവിശേഷത 'സയന്‍സ് ഇന്‍ ദ ഫോം ഓഫ് ടെക്നോളജി' ആണ്. ചൈനയുടെ സമുദ്രോല്‍പ്പന്നങ്ങള്‍ തന്നെ നോക്കിയാല്‍ മതി 'സയന്‍സ് ഇന്‍ ദ ഫോം ഓഫ് ടെക്നോളജി' എന്ന ആ സവിശേഷത മനസിലാക്കുവാന്‍. ചുറ്റുമുള്ള കടലുകളില്‍ ചൈന 'സീ ഫുഡ്' വന്‍തോതില്‍ കൃഷി ചെയ്യുന്നൂ. അതുകൊണ്ട് ചൈനീസ് ഉപഭോക്താവിന്റ്റെ തീന്‍മേശയില്‍ മത്സ്യവും, മറ്റ് സമുദ്രോല്‍പ്പന്നങ്ങളും നിറയുന്നു.
ജാപ്പനീസ് ജനതയും സമുദ്രോല്‍പ്പന്നങ്ങള്‍ ആസ്വദിച്ചു കഴിക്കുന്നവരാണ്. പക്ഷെ കടലില്‍ നിന്ന് പിടിക്കുന്നതല്ലാതെ കടലില്‍ കൃഷി ചെയ്യുവാന്‍ ജപ്പാന്‍കാര്‍ക്ക് ആയിട്ടില്ല. ചൈനയെ അപേക്ഷിച്ച് ഇന്‍ഡ്യാക്കാര്‍ക്ക് തണുപ്പില്ലാത്ത കടല്‍വെള്ളം ചുറ്റിലുമുണ്ട്. പക്ഷെ നമ്മുടെ നേതാക്കന്‍മാര്‍ക്ക് ദീര്‍ഘ വീക്ഷണമില്ല. സമീപ കാലത്ത് ആധുനികതയുടെ സവിശേഷത ആയ 'സയന്‍സ് ഇന്‍ ദ ഫോം ഓഫ് ടെക്നോളജി' കുറച്ചെങ്കിലും കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിലൂടെയും, ടെലിക്കോം വിപ്ലവത്തിലൂടെയും പ്രോത്സാഹിപ്പിച്ച ഒരേയൊരു നേതാവ് രാജീവ് ഗാന്ധി മാത്രമായിരുന്നു.
 
ഇപ്പോഴുള്ള നേതാക്കന്‍മാര്‍ പ്രായം ചെന്ന പശുക്കളെ കന്നുകാലി ചന്തയില്‍ വില്‍ക്കാന്‍ പോലും കഴിയാത്ത രീതിയിലേക്ക് ഉത്തരേന്ത്യയിലെ പാവപ്പെട്ട കര്‍ഷകരെ എത്തിച്ച് അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയാണ്. ഒരു ഗതിയും, പര ഗതിയും ഇല്ലാത്ത പാവപ്പെട്ട ബീഹാറുകാരെ മഹാരാഷ്ട്രക്കാരുടെ പേര് പറഞ്ഞു ശിവസേനക്കാര്‍ ഓടിച്ചിട്ട് തല്ലുമ്പോള്‍ അറിയാം നമ്മുടെ നേതാക്കന്‍മാരുടെ ദീര്‍ഘ വീക്ഷണത്തിന്റ്റെ അഭാവം. ഇവിടെ പ്രശ്‌നങ്ങളും, ഭിന്നിപ്പും സൃഷ്ടിക്കാന്‍ മാത്രമേ നേതാക്കന്‍മാര്‍ക്ക് താല്‍പര്യമുള്ളൂ. രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ദീര്‍ഘ വീക്ഷണത്തോടെ ഇടപെടാന്‍ അവര്‍ക്കൊന്നും താല്‍പര്യവുമില്ലാ; സമയവുമില്ലാ.
ചൈനയിലേതു പോലെ ഇപ്പോള്‍ ഇലക്രോണിക്‌സ്-ഡിജിറ്റല്‍-ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റെലിജെന്‍സ് മേഖലയിലെ വളര്‍ച്ച നേടാനാണ് നാം ശ്രമിക്കേണ്ടത്. ചൈന ഇപ്പോള്‍ റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റെലിജെന്‍സിലും, ഇന്‍ഫ്രാസ്ട്രക്ച്ചറിലും ഒക്കെ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു.
 
ചൈനയുടേത് ഇന്നിപ്പോള്‍ 13 ട്രില്യണ്‍ GDP സൈസുള്ള ഇക്കോണമി ആണ്; ഇന്ത്യയുടേത് 2.6 ട്രില്യണ്‍ സൈസുള്ള ഇക്കോണമിയും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയാണ് ചൈനയുടെ GDP. ഒരു വര്‍ഷത്തെ ചൈനയുടെ പ്രോഡക്ട് & സര്‍വീസ് കയറ്റുമതി ശരാശരി 60 ബില്യണ്‍ ഡോളറിലും കൂടുതല്‍ ആണ്. ഇന്ത്യയുടെ വെറും 11 ബില്യണ്‍ ഡോളറിന്റ്റെ മാത്രം.
 
ചൈനയുടെ ഉല്‍പാദന രംഗത്തെ വളര്‍ച്ച അറിയാന്‍ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികള്‍ക്ക് കളിപ്പാട്ടം വില്‍ക്കുന്ന കടയിലോ പോയാല്‍ മതി. ചൈനീസ് വളര്‍ച്ചയുടെ മറ്റൊരു കാര്യം ചൈനയുടെ വളര്‍ച്ച ഉല്‍പാദനം കൊണ്ടുള്ളതാണ് എന്നാണ്. ഇന്ത്യയുടേത് സര്‍വീസസ് - അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്.
 
തൊഴില്‍ അന്വേഷിച്ച് ചൈനാക്കാരന്‍ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടില്‍ ദാരിദ്ര്യം ഇല്ല. ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാര്‍ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയില്‍ ഉല്‍പാദനം തകൃതിയായി നടക്കുമ്പോള്‍ സംഭവിക്കില്ല. ചൈനയില്‍ ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ നഗരങ്ങളിലേക്കും, ഉല്‍പാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.
ഇന്ത്യയില്‍ 2011-12 -ന് ശേഷം തൊഴില്‍ സൃഷ്ടിക്കുന്ന കണ്‍സ്ട്രക്ഷന്‍ സെക്റ്റര്‍ ആകെ മൊത്തം ഡൗണ്‍ ആണ്. ടെക്സ്റ്റയില്‍സിലാണെങ്കില്‍ ചൈന 145 ബില്യണ്‍ ഡോളര്‍ എക്‌സ്‌പോര്‍ട്ട് നടത്തുമ്പോള്‍ നാം ബംഗ്ലാദേശിനേക്കാളും വിയറ്റ്‌നാമിനെക്കാളും പിന്നിലാണ്. ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയ നെത്ര്വത്ത്വത്തിന്റ്റെ ദീര്‍ഘവീഷണത്തിന്റ്റെ അഭാവം തന്നെയാണ്. പശുവിന്റ്റെ പേരില്‍ തമ്മില്‍ തല്ലുന്ന നമ്മള്‍ ലെതര്‍ ഉല്‍പന്നങ്ങളില്‍ നമുക്കുണ്ടായിരുന്ന നേട്ടം മറ്റ് രാജ്യങ്ങളുടെ മുന്നില്‍ അടിയറവ് വെച്ചത് സ്വോഭാവികം മാത്രം.  2014-നു മുമ്പ് ഇന്ത്യക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്‌പെയ്‌സ്, ഐ. ടി. - ഇവയില്‍ ലോകോത്തര നിലവാരം ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ അങ്ങനെയൊരു ലോകോത്തര നിലവാരം ഒരു സെക്റ്ററിലും നമുക്ക് അവകാശപ്പെടാനില്ല. 'മെയ്ക്ക് ഇന്‍ ഇന്‍ഡ്യാ' എന്ന് പറഞ്ഞു കുറെ ആളുകളെ കളിപ്പിച്ചത് മാത്രമാണ് ഇന്ത്യയുടെ ഭരണവര്‍ഗത്തിന് ഈ കാലയളവില്‍ പറയാനുള്ളത്. 'മെയ്ക്ക് ഇന്‍ ഇന്‍ഡ്യാ' ഇനി 'അസ്സെംബ്‌ളിങ് ഇന്‍ ഇന്‍ഡ്യാ' ആയി വഴിമാറുന്നൂ എന്ന് ചിലരൊക്കെ പറയുന്നൂ. അതും ശരിയാകുമെന്ന് തോന്നുന്നില്ല. കാരണം അത്ര ശോചനീയമാണ് ഇന്ത്യയുടെ ഭരണ വ്യവസ്ഥിതിയും, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്തെ അപര്യാപ്തതകളും.
 
ചൈന ഇരുമ്പുമറക്കുള്ളില്‍ ആയതുകൊണ്ട് ചൈനയുടെ യഥാര്‍ത്ഥ ശക്തി ലോകരാജ്യങ്ങള്‍ക്ക് അറിയാന്‍ വയ്യാ. പക്ഷെ അമേരിക്കന്‍ ടെലിവിഷന്‍ സീരിയലുകള്‍ ഒക്കെ നല്‍കുന്ന സൂചനകള്‍ അനുസരിച്ചാണെങ്കില്‍, ചൈന ഒരു 'സൂപ്പര്‍ പവര്‍' സ്റ്റാറ്റസിനോട് അടുക്കുകയാണ്. ചൈനയുമായി വ്യാപാര തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കയുടെ തര്‍ച്ചയുടെ തുടക്കം അമേരിക്കക്കാര്‍ തന്നെ ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രവചിച്ചുട്ടുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഒരു സാമ്പത്തിക ശക്തി എന്ന നിലയിലും, സൈനിക ശക്തി എന്ന നിലയിലും അമേരിക്കയുടെ തകര്‍ച്ചയുടെ തുടക്കം അമേരിക്കക്കാര്‍ തന്നെ നേരത്തേ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ സീരിയലായ 'ബോസ്റ്റണ്‍ ലീഗലില്‍' അവരുടെ സ്ഥാപനത്തിന് സാമ്പത്തിക ബാധ്യത വന്നപ്പോള്‍ ചൈനക്കാര്‍ അവരുടെ സ്ഥാപനം ഏറ്റെടുക്കുന്നത് കാണിക്കുന്നുണ്ട്. അതേപോലെ കൗണ്ടര്‍ ടെററിസത്തെ കുറിച്ചുള്ള അമേരിക്കന്‍ സീരിയലായ '24'- ല്‍, സീരിയലിന്റ്റെ നായകനായ ജാക്ക് ബവ്വറിനെ ചൈനാക്കാര്‍ കടത്തിക്കൊണ്ട് പോവുന്നത് കാണിക്കുന്നുണ്ട്. അതേ ടെലിവിഷന്‍ സീരിയലില്‍ തന്നെ അമേരിക്കന്‍ സ്റ്റെയിറ്റുമായി കലഹിക്കുമ്പോള്‍ ഒരാള്‍ ചൈനയില്‍ അഭയം തേടാന്‍ പോവുന്നത് കാണിക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാല്‍ ഇപ്പോള്‍ അമേരിക്കയുടെ ശത്രു റഷ്യയല്ല; ചൈനയാണെന്നു സാരം. അങ്ങനെ അമേരിക്ക പോലും ഭയപ്പെടുന്ന ഒരു രാജ്യമായി മാറിക്കഴിഞ്ഞു ചൈന ഇന്ന്.
 
യഥാര്‍ഥ വസ്തുതതകള്‍ ടെലിവിഷന്‍ സീരിയലുകളിലോ, സിനിമകളിലോ കാണിക്കുന്നതല്ലെന്ന് പറഞ്ഞാല്‍ പോലും ചൈനീസ് സമ്പദ് വ്യവസ്ഥിതിയുടെ ശക്തിയും, ചൈനീസ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റ്റെ മേന്മയും ഇന്ന് ലോകം അംഗീകരിച്ചേ മതിയാകൂ. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനിതനായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് ചൈനയായിരിക്കും അടുത്ത 'സൂപ്പര്‍ പവര്‍'എന്ന് ഡേറ്റകളുടെ അടിസ്ഥാനത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.
 
നമ്മുടെ ഉല്‍പ്പാദന മേഖലയും, ഇന്‍ഫ്രാസ്ട്രക്ച്ചറും കരുത്താര്‍ജിക്കാതെ ചൈനയോട് മുട്ടാന്‍ നമുക്ക് പരിമിതികളുണ്ടെന്നുള്ള യാഥാര്‍ഥ്യം എത്ര വലിയ രാജ്യസ്‌നേഹി ആണെങ്കിലും അംഗീകരിച്ചേ മതിയാകൂ. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി നമ്മുടെ ഉല്‍പ്പാദന മേഖലയും, തൊഴില്‍ മേഖലയും പിന്നോട്ടാണ്. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി പറഞ്ഞു ആദ്യം നമ്മുടെ സര്‍ക്കാര്‍ ഇന്ത്യക്കാരെ പറ്റിക്കുകയായിരുന്നു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി പിന്നീട് 'അസംബ്ലിങ് ഇന്‍ ഇന്ത്യ' ആയി മാറി. അതും വലിയ ഗുണമൊന്നും ചെയ്തില്ലാ. സ്വന്തമായി ഉല്‍പ്പാദന രംഗത്ത് വളര്‍ച്ച കൈവരിക്കാതെ ഇന്ത്യയെ ഒരു വികസിത രാജ്യം ആയി ആരും കണക്കാക്കില്ല എന്നുള്ള കാര്യം ഉത്തരവാദിത്ത്വബോധമുള്ള ആരും മറന്നു പോകരുത്. 'എക്‌സലന്‍സിന്' പ്രാധാന്യം കൊടുക്കുന്ന ഒരു രീതി ഇന്ത്യന്‍ സമൂഹത്തിന് ഇന്നും ഇല്ലാ. ആരെങ്കിലും സ്വന്തം കഴിവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടാല്‍ അയാളെ എങ്ങനെയെങ്കിലും ഒതുക്കണമെന്നാണ് നമ്മുടെ മിക്ക സ്ഥാപനങ്ങളിലുള്ളവരുടേയും ചിന്ത. അതുകൊണ്ടു തന്നെ മഹത്തായ സൃഷ്ടികളോ, മഹത്തായ സംരഭങ്ങളോ ഇന്ത്യയില്‍ നിന്ന് വരുന്നില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് നോബല്‍ സമ്മാനങ്ങള്‍ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്‌ലട്ടുകള്‍ക്ക് ഒളിമ്പിക് മെഡലുകള്‍ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തര്‍ ദേശീയ നിലവാരത്തിലുള്ള ബ്രാന്‍ഡുകള്‍ ഒന്നും തന്നെയില്ല. നമുക്ക് അന്തര്‍ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്‌സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. അതും അത്ര വലിയ നേട്ടം ഒന്നുമല്ല. ISRO ഉപയോഗിക്കുന്ന പലതും വിദേശ കമ്പനികളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഐ.ടി., ഫാര്‍മസ്യൂട്ടിക്കല്‍സ് - ഈ രംഗത്തൊക്കെ നമ്മള്‍ ലോകോത്തര നിലവാരം കൈവരിച്ചതായിരുന്നു. പക്ഷെ അത് നമുക്ക് നിലനിര്‍ത്താന്‍ ആയില്ലാ. ചുരുക്കം പറഞ്ഞാല്‍ ഉല്‍പ്പാദനവും വിതരണവും മെച്ചപ്പെടുത്താതെ പണ്ട് പാക്കിസ്ഥാനികളെ ഹിന്ദിയില്‍ 'കുത്തേ', 'കമീനേ' എന്നൊക്കെ വിളിച്ചുകൊണ്ടിരുന്നതുപോലെ ചൈനക്കാരേയും തെറി വിളിച്ചിട്ടു കാര്യമില്ലെന്നു സാരം.  
 
(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
ചൈനക്കാരേയും തെറി വിളിച്ചിട്ടു കാര്യമൊന്നുമില്ല; കേവല ദേശസ്‌നേഹത്തിനപ്പുറമാണ് വസ്തുതകള്‍   (വെള്ളാശേരി ജോസഫ്)
Join WhatsApp News
Donald 2020-06-18 19:11:11
ഹ! നമ്മുടെ സ്വർണ്ണം ചീത്തയാണെങ്കിൽ തട്ടാനെ ചീത്തവിളിക്കുന്നതല്ലേ നല്ലത് ?
Josukuty 2020-06-19 05:20:29
ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ യോജിക്കുന്നു. ചൈനയുമായുള്ള പ്രശ്നം വികാരപരമായി പരിഹരിക്കേണ്ടിയത് അല്ല. നയതന്ത്രപരമായ ഇടപെടലുകളാണ് ആവശ്യം. സ്വന്തമായി കടൽ കര ഇല്ലാത്ത നേപ്പാളിന്‌ ഇന്ത്യയിലെ തുറമുഖം ഉപയോഗിക്കാനും ഇന്ത്യയിൽ നിന്നും നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ നികുതി നേപ്പാൾ സർക്കാരിന് ഇന്ത്യ കൊടുത്തിരുന്നതും ആയ സൗജന്യങ്ങൾ ഇല്ലാതാക്കിയത് വഴി ഇന്ത്യയെ ആശ്രയിക്കാതെ ജീവിക്കാൻ പറ്റാത്ത നേപ്പാൾ എന്ന കൊച്ചു രാജ്യത്തെ പോലും ഇന്ത്യയുടെ ശതൃവാക്കിയ നയതന്ത്ര പാളിച്ചകൾ ഒഴിവാക്കാമായിരുന്നു. ചൈന, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ എല്ലാ അയൽക്കാരുമായി നല്ല സുഹൃത് ബന്ധം നിലനിർത്താൻ ഉതകുന്ന ശക്തമായ നയതന്ത്ര നീക്കം ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക