Image

പകിട (കഥ: രമണി അമ്മാൾ)

Published on 18 June, 2020
പകിട (കഥ: രമണി അമ്മാൾ)



മഴ കുറേശ്ശെ  പൊടിഞ്ഞുവീഴുന്നുണ്ട്. ഇന്നലെ
രാത്രിയിൽ ഇടതടവില്ലാതെ  പെയ്തതുകൊണ്ടാവും ഇന്നുച്ച മുതൽ പെയ്യണോ വേണ്ടയോയെന്ന ഈ ശങ്ക...

വിവാഹം കഴിഞ്ഞ നാലാം നാൾ.. 
തന്റെ വീട്ടിലേക്ക് ആദ്യ വിരുന്നിനുപോകാനുളള ഒരുക്കം.....
ബൈക്കിലാണു യാത്ര തീരുമാനിച്ചതെന്നു തോന്നുന്നു...
" മഴയുടെ ലാഞ്ചന അറിഞ്ഞിട്ടു തിരിക്കെടാ, അത്രയും ദൂരം ബൈക്കോടിച്ചു  പോകാനുളളതല്ലേ" അമ്മായിയമ്മ. 
സ്വതവേ ആരോടും  അധികമൊന്നും മിണ്ടുന്നതു താൻ കണ്ടിട്ടില്ലാത്ത മകൻ അമ്മയെ ഒന്നു കൂർപ്പിച്ചു  നോക്കി...

ആദ്യമായാണ് താൻ ഒരു ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യാൻ  പോകുന്നത്..

പുതുമണം മാറാത്ത ദമ്പതികളുടെ കന്നി യാത്ര...
ഭത്തൃവീട്ടിലേക്ക്
വലതുകാൽ വച്ചു കയറിതിനുശേഷമുളള പുറംലോക കാഴ്ച...

ചാറ്റൽമഴ ചിറകൊന്നു കുടഞ്ഞു വിതിർത്തു പാറിയകന്നുപോയി......

അയാളുടെ ദേഹത്ത് ഒട്ടും സ്പർശിക്കാതെ സൈഡിലെ കൊളുത്തിൽ പിടിമുറുക്കി കണ്ണടച്ചിരുന്നു.... പറക്കുകയാണെന്നു തോന്നി...
എതിരാളികളെ തോല്പിച്ചു
ഫിനിഷിങ് പോയിന്റിൽ  എത്തുവാനുളള ആവേശത്തോടെ....
ജയം ഉറപ്പിച്ചുളള പാച്ചിൽ..

ഇവിടെ തോറ്റത് താനല്ലേ...
കെണിയിൽ വീഴ്ത്തി തോല്പിക്കപ്പെട്ടവൾ...

വെയിൽ നേർത്തു നേർത്തു സായന്തനത്തിന്റെ ചെപ്പിലൊളിക്കുവാൻ പോകുന്നു....

വീടെത്താറാവുമ്പോഴേക്കും
അഭിനയത്തിന്റെ മൂടുപടമെടുത്തണിയണം....
മുഖത്ത് പ്രസന്നത കളിയാടിക്കണം...
സന്തുഷ്ടമായ കുടുംബജീവിതം ആസ്വദിക്കാൻ കഴിയുന്നതിന്റെ സന്തോഷം..
വാക്കിലും നോക്കിലും പ്രകടമാക്കണം..
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലെ നാണം....
പതറരുത്..
അഭിനയം ഒട്ടും പാളിപ്പോകരുത്....

അമ്മയുടെ മൂന്നു മക്കളിൽ  ഇളയവൾ.. 
അച്ഛന്റെ മുഖം  ഓർമ്മയിലേയില്ല...
ഹൃദയസംബന്ധമായ അസുഖം  അത്യാസന്ന നിലയിലേക്കെത്തിച്ചിട്ടും
ഇളയ സന്തതിയുടെ ഭാവിയെക്കറിച്ചോർത്തുളള
വേവലാതി...
"അവൾക്കും ഒരു  കുടുംബജീവിതം കിട്ടിയിട്ടേ തന്റെ കണ്ണടയാവേ എന്ന  പ്രാർത്ഥന, ദൈവം കേട്ടു." ആയുസ്സു നീട്ടിക്കിട്ടിയത് അതുകൊണ്ടാണെന്ന് വിശ്വസിക്കുന്ന അമ്മ..

ഈ കല്യാണാലോചന വന്നപ്പോൾ, പെട്ടെന്നങ്ങുറപ്പിച്ചപ്പോൾ ഏറെ സന്തോഷിച്ചു..
ആശ്വസിച്ചു....
വലിയ പ്രാരാബ്ദ്ധങ്ങളൊന്നുമില്ലാത്ത പയ്യൻ ...
വിദേശത്ത് നല്ല  ജോലിയും.....
തന്റെ 
കല്യാണം കഴിഞ്ഞാൽ   അമ്മയുടെ സംരക്ഷണം മൂത്ത ചേച്ചിയേറ്റെടുത്തുകൊളളും....
 
ആർഭാടങ്ങളൊന്നുമില്ലാതെ ചുരുങ്ങിയ സമയത്തിനുളളിൽ ആ ചടങ്ങ് നടന്നു....
വീടിനടുത്തുളള
ക്ഷേത്രത്തിൽ വച്ച്..

പെണ്ണിന്റെയും ചെറുക്കന്റെയും നല്ലവിരുന്നു കൂടി കഴിഞ്ഞിട്ടേ കുടുംബവീടു വിട്ടു  ചേച്ചിയോടൊപ്പം  പോകൂ എന്ന അമ്മയുടെ  പിടിവാശി. 
കല്യാണച്ചെക്കനും പെണ്ണിനും 
വിരുന്നൊരുക്കാൻ തന്റെ നേരേ മൂത്ത ചേച്ചി എത്തിയിട്ടുണ്ടാവും.....

മരുമകനെ എതിരേല്ക്കാൻ അമ്മ പതുക്കെ എഴുന്നേറ്റു വന്നു..
മനസ്സു തുറന്നു ചിരിച്ചു....

"കയറി വരൂ മക്കളേ" 

ഇവിടെയെത്തുംവരെ താനെന്ന ഒരു വ്യക്തി അയാൾക്കൊപ്പം പിൻ സീറ്റിൽ ഉണ്ടെന്നുപോലും ഗൗനിക്കാത്തയാൾ.....
ചെറുചിരിയോടെ അകത്തുകടന്ന് സെറ്റിയിൽ ഉപവിഷ്ടനായി...
താൻ നേരെ തന്റെ സ്വന്തം മുറിയിലേക്കും..
പുതിയ തലയണയുറയും വിരിപ്പുമൊക്കെയിട്ട് കട്ടിൽ
അലങ്കരിച്ചിരിക്കുന്നു....!

അമ്മയുടെ സ്നേഹാന്വേഷണങ്ങളുടെ മറുപടി കാതോർത്ത് ചേച്ചി അടുക്കളയിൽ തങ്ങൾക്കു കഴിക്കാനുളളതെടുത്തുവെക്കുന്ന തിരക്കിൽ...
.
"അകത്തു പോയി വേഷമൊക്കെ മാറിയാട്ടു മോനേ..."

"ഇവർക്കു കഴിക്കാനെടുത്തുവെക്കു കുഞ്ഞേ..." 

കിടപ്പുമുറിയിലെ അലമാരയിൽ നിന്നും ചുരിദാർ എടുത്തുകൊണ്ട്  താൻ  അടുക്കള ചായ്പ്പിലേക്കു നടക്കുമ്പോൾ  ചേച്ചിയുടെ മുഖത്ത്  ചോദ്യ ഭാവം..!
"മൂന്നു  രാത്രി ഒന്നിച്ചു കിടക്ക പങ്കിട്ടവർ, തമ്മിലൊളിക്കാൻ ഇനിയെന്താ ഉളളത്? 
ഇവളെന്താ അടുക്കളച്ചായ്പിൽ വന്നു 
വേഷം മാറുന്നത്." എന്നാലും..

"മോനെന്നുവരെ അവധിയുണ്ട്.?..
"രണ്ടു മാസത്തെ ലീവെടുത്താ വന്നത്..
ഇപ്പോൾ ഒരുമാസം കഴിഞ്ഞു..
ഈ മാസം അവസാനത്തിൽ പോകണം"
അമ്മയുടെ മുഖത്തുനോക്കാതെ പുറത്തേക്കു കണ്ണയച്ചുകൊണ്ടുളള മറുപടി...

"മോൻ അകത്തോട്ടു ചെല്ല്.." വീണ്ടും അമ്മ..
അയാൾ
അവിടുന്നെഴുനേറ്റു...

തന്റെ മനസ്സു കലങ്ങിയാൽ വായിച്ചറിയുന്ന അമ്മയിൽ നിന്ന് ....
എങ്ങനെ  മനസ്സിന്റെ വിങ്ങൽ ഒളിപ്പിച്ചു വെക്കും ?..

പുതുപ്പെണ്ണിന്റെ മുഖകാന്തിക്കൊരു പ്രത്യേകതയുണ്ട്..
അസാധാരണമായുളള തിളക്കം...
എന്തൊക്കെയോ നേടിയെടുത്തതിന്റെ സംതൃപ്തി....
തന്റെ മുഖത്ത് ആ തെളിച്ചം അമ്മയ്ക്കു ദർശിക്കാൻ കഴിയുമോ....
മൂടിക്കെട്ടിയ ആകാശംപോലെ പെയ്തേക്കാം..കണ്ണുനീർ..
എപ്പോൾ വേണമെങ്കിലും..

എന്തോ പന്തികേടു ചേച്ചിക്കു മണത്തിരിക്കുമോ..?

"നാളെ രാവിലെ നിങ്ങളിങ്ങെത്തില്ലേ..." 

"പറ്റിയാൽ ഇന്നുതന്നെയിങ്ങു പോരാൻ നോക്കും.."

ഭർതൃവീട്ടിൽ നിന്നിറങ്ങാൻ നേരം 
അമ്മയുടെ ചോദ്യവും, മകന്റെ ഉത്തരവും...

ഇങ്ങോട്ടളള വരവ് അമ്മയുടേയും പെങ്ങളുടേയും സമ്മർദ്ദം കൊണ്ടു മാത്രമുണ്ടായതായിരിക്കും.. ..
അയാളുടെ ബലഹീനതകൾ
പുറത്താരെങ്കിലും അറിഞ്ഞാലോയെന്ന പേടിയുണ്ടാവും.... 

"നിങ്ങളു രണ്ടു ദിവസം ഇവിടുണ്ടാവില്ലേ"...
ചേച്ചിയുടെ ആഗ്രഹം..

"അറിയില്ല..."
"നീയെന്താ ഒരുമാതിരി..? നിനക്കവിടെ വല്ല ബുദ്ധിമുട്ടുമുണ്ടോ?..
അവന്റെ വീട്ടുകാർ, അമ്മയും പെങ്ങളുമൊക്കെ നിന്നോടെങ്ങനെ..?"

"കുഴപ്പമൊന്നുമില്ല..."

"അവനോ..?"

ഊറിയടരാൻ തുടങ്ങുന്ന കണ്ണുനീർ....
താൻ മുഖം തിരിച്ചുകളഞ്ഞു .....

ഒരു പ്രത്യേകതയുമില്ലാതെ ഇന്നത്തെ രാത്രിയും...
കട്ടിലിന്റെ ഓരംചേർന്നു  കിടക്കുമ്പോൾ ആലോചിച്ചു....
തിരികെ ഇയാളോടൊപ്പം പോകണോ..?

തന്റ മുഖത്തേക്കു ഒന്നു നോക്കാൻ, , 
ഒരു വാക്കു മിണ്ടാൻ, അയാൾക്കു താല്പര്യമില്ല....
തന്റെ നിഴലിൽ നിന്നുപോലും അയാൾ അകലം പാലിക്കുന്നു..
പക്ഷേ...മാറിയും മറഞ്ഞുംനിന്ന് അയാൾ  തന്നെ ശ്രദ്ധിക്കുന്നതയി തോന്നിയിട്ടുണ്ട്.

ഒട്ടും  താല്പര്യമില്ലാതെ നടന്ന വിവാഹമോ?.
കഴിഞ്ഞ ..മൂന്നു രാത്രികളിലും ഏറെ വൈകി, എപ്പോഴോ  കയറിവന്നു  കട്ടിലിന്റെ ഓരംചേർന്നു കിടന്നുറങ്ങുകയായിരുന്നു അയാൾ. 

ഒന്നിച്ചു ഭക്ഷണം കഴിക്കാൻ രണ്ടു പേരെയും ഒപ്പം വിളിച്ചിരുത്തുമ്പോഴും കഴിക്കുന്ന പാത്രത്തിൽ മാത്രം കണ്ണു നട്ട് 
തലകുമ്പിട്ടിരുന്നുളള ഭക്ഷണം കഴിപ്പ്..

അമ്മയും പെങ്ങളും കണ്ണിൽ കണ്ണിൽ നോക്കി അവർക്കു തമ്മിലറിയാവുന്ന ഭാഷ കൈമാറുന്നതു താൻ ശ്രദ്ധിച്ചു..
ഇതെന്താ ഇങ്ങനെ... 
എവിടെയോ എന്തോ ചില അപാകതകൾ..
ഒളിച്ചുകിളികൾ  നടന്നിട്ടുണ്ട്...നടക്കുന്നുണ്ട്..
അയാളിലെ പ്രത്യേകതകൾക്ക്
വിവാഹത്തോടെ ഒരു മാറ്റം..
വീട്ടുകാർ പ്രതീക്ഷിച്ചു കാണും.. 
എല്ലാം അറിഞ്ഞുവച്ചുകൊണ്ട് ഒരു പെണ്ണിന്റെ ജീവിതം പരീക്ഷണവസ്തുവാക്കുക
യായിരുന്നോ ഇവർ..?

ഏറെ പ്രതീക്ഷയോടെയാണു പുതിയ ജീവിതം കൈനീട്ടി വാങ്ങിയത്..
ഈ മാസം കൊണ്ടയാളുടെ 
ലീവും തീരും,  
വന്നപോലെ ജോലിസ്ഥലത്തേക്കു  
തിരിച്ചും പോകും....
തന്റെ ധർമ്മ സങ്കടം ആരോടു 
പറയും... 
ബാദ്ധ്യതയിറക്കിവച്ചെന്നാ
ശ്വസിക്കുന്ന  ചേച്ചിമാരോടോ..?
 ഇളയമോൾക്കും നല്ലൊരു ജീവിതം കിട്ടിയല്ലോയെന്നാശ്വസിക്കു
ന്ന അമ്മയോടോ.....?

ഓടിട്ട, രണ്ടു  ചെറിയ
മുറികളും അടുക്കളയും, ചായ്പ്പും  മാത്രമുള്ള തന്റെ വീട്ടിൽ, 
എലിശല്യം കലശലായതിനാൽ എലിവിഷം എപ്പോഴും  സ്റ്റോക്കുണ്ടാവും....
അമ്മയ്ക്കറിയില്ല അതെവിടെയാണിരി ക്കുന്നതെന്ന്....

അമ്മയും ചേച്ചിയും തങ്ങളെ
രാവിലത്തെ ആഹാരം കഴിപ്പിച്ചു വിടാനുള്ള തിരക്കിൽ...അടുക്കളയിൽ...പെട്ടെന്നുണ്ടായ ഒരു തോന്നൽ..
ചായ്പ്പിന്റെ പട്ടികക്കിടയിൽ തിരുകിവച്ചിരുന്ന
ആ ചെറിയ പൊതിയെടുത്ത് 
വാനിറ്റിബാഗിന്റെ അകത്തെയുറയിൽ തിരുകി വച്ചു....ഭദ്രം... ഒരു കരുതലിനു വേണ്ടി...
താൻ അമ്മയോടോ ചേച്ചിയോടോ
സംസാരിക്കുന്നത് കേൾക്കാൻ  അയാൾ ചെവി വട്ടം പിടിക്കുന്നുണ്ട്..    അയാളെപ്പറ്റി താനെന്തെങ്കിലും  പറയുന്നുണ്ടോയെന്ന്...

അയാൾ 
ബൈക്കു സ്റ്റാർട്ടു ചെയ്തു കഴിഞ്ഞു.....
"ഇറങ്ങാം" എന്നു പറയുകപോലും ചെയ്യാതെ...

"അവളു വന്ന് അമ്മയെ കൊണ്ടുപോകുന്നതിന്റെ കൂടെ
ഞാനും അങ്ങുപോകും" ചേച്ചി പറഞ്ഞു..
"മോനേ.. നീ പോകുന്നേനു മുന്നേ ഒരിക്കലൂടെ അവളേംകൊണ്ടു ഇങ്ങോട്ടു  വരണേ..
അങ്ങോട്ടു വരാൻ എനിക്കു തീരെ വയ്യാതായിപ്പോയി..."

"വരാം"...

ബൈക്കിനു പിന്നിൽ കയറുംമുൻപ് താൻ   അമ്മയെ ഒന്നുകൂടി നോക്കി.....
അമ്മയ്ക്ക് മരുമകനെ പിടിച്ചമട്ടാണ്.
ചേച്ചിക്ക് എന്തൊക്കെയോ തന്നോടു ചോദിക്കാനുണ്ട്..
ആ മുഖഭാവം കണ്ടാലറിയാം..

വെയിലു പരക്കാൻ തുടങ്ങിക്കഴിഞ്ഞു......
ഇങ്ങോട്ടു വരുമ്പോൾ ബൈക്കിൽ അളളിപ്പിടിച്ച് പേടിച്ച് കണ്ണടച്ചിരുന്നെങ്കിൽ, തിരിച്ചു പോക്ക് കണ്ണുതുറന്നുപിടിച്ച്..ഇല്ലാത്ത ധൈര്യം ഉണ്ടെന്നു വരുത്തിക്കൊണ്ട്... തേരാപ്പാരെ ഓടിയകലുന്ന
വാഹനങ്ങളുടെ ഇടയിൽക്കൂടി തികഞ്ഞ അഭ്യാസിയേപ്പോലെ ബൈക്കു പറക്കുകയായിരുന്നു. 

അയാളുടെ വീടെത്തിയതറിഞ്ഞില്ല...
ഒരക്ഷരം ഉരിയാടാതെ  വണ്ടിയൊതുക്കിവച്ച് ധൃതിയിൽ അയാൾ അകത്തേക്കു  കയറിപ്പോകുമ്പോൾ....
അയാളുടെ അമ്മയും പെങ്ങളും  വിഷണ്ണരായി നോക്കിനിന്നു.  
കുറ്റബോധം അവരെ ചൂഴുന്നതായി തോന്നി..
എല്ലാവർക്കും എല്ലാം അറിയാമായിരുന്നു..
താൻ ഇവിടെ ഒരു പരീക്ഷണ വസ്തുവാക്കപ്പെടുകയായിരുന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക