Image

മാസ്‌ക് ധരിക്കാത്തവരെ ശിക്ഷിക്കരുതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 June, 2020
മാസ്‌ക് ധരിക്കാത്തവരെ ശിക്ഷിക്കരുതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍- (ഏബ്രഹാം തോമസ്)
ടെക്‌സസ് ഗവര്‍ണ്ണറും ഡാലസ് കൗണ്ടി ജഡ്ജും ജനങ്ങള്‍ മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ രണ്ടു തട്ടിലാണെന്ന് ഇരുവരുടെയും തുടരെ തുടരെയുള്ള പ്രസ്താവനകള്‍ വ്യക്തമാക്കി. ടെക്‌സസ് ഹോസ്പിറ്റലുകളില്‍  ചികിത്സയിലുള്ള കോവിഡ്-19 ബാധിതരില്‍ ചികിത്സയിലായവര്‍ കഴിഞ്ഞ 7 ദിവസത്തിനുള്ളില്‍ 19% വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ ഈ വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. ടെക്‌സസുകാര്‍ കഴിയുന്നിടത്തോളം വീടിനുള്ളില്‍ കഴിയണമെന്നും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും എന്നാല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മാസ്‌ക് ധരിക്കാത്തവരുടെ മേല്‍ പിഴ ചുമത്തരുതെന്നും ആബട്ട് പറഞ്ഞു.
ഇതിനെതിരെ പ്രതികരിച്ച ഡാലസ് കൗണ്ടി ജഡ്ജ് ക്ലേ ജെന്‍കിന്‍സ് മാസ്‌ക് ധരിക്കാത്തവരുടെ മേല്‍ പിഴ ചുമത്തുമെന്നോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നോ ഗവര്‍ണ്ണര്‍ ഓര്‍ഡര്‍ പുറപ്പെടുവിക്കണമെന്ന്  പറഞ്ഞു. റിപ്പബ്ലിക്കനായ ഗവര്‍ണ്ണറും ഡെമോക്രാറ്റായ കൗണ്ടി ജഡ്ജും തമ്മില്‍ അഭിപ്രായ വ്യത്യാസം ഡാലസ് കൗണ്ടിയില്‍ രണ്ടുമാസം മുന്‍പ് ജെന്‍കിന്‍സ് നിരോധനാജ്ഞ പുറപ്പെടുവിച്ചപ്പോള്‍ തുടങ്ങിയതാണ്. ഇങ്ങനെ ഓര്‍ഡര്‍ പ്രഖ്യാപിച്ച ജഡ്ജ് തന്റെ അധികാരപരിധി ലംഘിക്കുകയാണ് ചെയ്തതെന്ന് അന്ന് ആബട്ട് പറഞ്ഞിരുന്നു.

ഇപ്പോള്‍ ജഡ്ജിന്റെ വിയോജിപ്പ് അറിഞ്ഞപ്പോള്‍ ജഡ്ജ് ഒരു ഷെരീഫിനെപോലെ പെരുമാറുകയാണെന്നും എല്ലാവരെയും ജയിലില്‍ അടയ്ക്കാനാണ് ആഗ്രഹമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ഇതിന് മറുപടിയുമായി ജെന്‍കിന്‍സ് മുന്നോട്ടു വന്നു. ഡാലസ് മേയര്‍ എറിക് ജോണ്‍സണും മറ്റ് നാല് നോര്‍ത്ത് ടെക്‌സസ് നഗരങ്ങളായ ഫോര്‍ട്ട് വര്‍ത്ത്, ആര്‍ലിംഗ്ടണ്‍, പ്‌ളേനോ, ഗ്രാന്റ് പ്രെയറി എന്നിവയുടെ മേയര്‍മാരും ജെന്‍ കിന്‍സിനെ അനുകൂലിച്ചു.

കൗണ്ടി ജഡ്ജ്മാരെയും മേയര്‍മാരെയും പൊതുവില്‍ വിമര്‍ശിച്ച് തങ്ങളുടെ അധികാരം ഉപയോഗിച്ച് ഗവര്‍ണ്ണറുടെ  മറ്റ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുവാന്‍ ഇവര്‍ നടപടികള്‍ എടുത്തിട്ടില്ലെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.
ഡാലസ് കൗണ്ടിയില്‍ ഹോസ്പിറ്റലൈസ് ചെയ്യുകയോ ഗുരുതരമായി രോഗം ബാധിക്കുകയോ ചെയ്തവര്‍ 400 ആയി ഉയര്‍ന്നു. മുന്‍ ആഴ്ചകളില്‍ ഇത് 300 നും 350നും ഇടയില്‍ ആയിരുന്നു. എമര്‍ജന്‍സി ചികിത്സകള്‍ക്കായി എത്തുന്നവരില്‍ നാലില്‍ ഒന്നില്‍ അധികം കോവിഡ്-19 ബാധിച്ചവരാണ്.

ടറന്റ് കൗണ്ടിയില്‍ 70 കാരിയായ ക്രൗളിനിവാസി കൊറോണ വൈറസ് ബാധിച്ച 198-മത്തെ രോഗിയായി. 144 പുതിയ കേസുകളാണ് ഒരാഴ്ചയ്ക്കുള്ളില്‍ കൗണ്ടി റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം 7,642 കേസുകളുണ്ടായി. 3,299 പേര്‍ക്ക് രോഗം ഭേദമായി.
ഡെന്റണ്‍ കൗണ്ടിയില്‍ 40 പുതിയ കേസുകളുണ്ടായി. 13 രോഗം ഭേദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതുവരെ കൗണ്ടിയില്‍ 1,812 വൈറസ് കേസുണ്ടായി. 36 മരണവും 961 രോഗം ഭേദമാകലും സംഭവിച്ചു.

കൊളിന്‍ കൗണ്ടിയില്‍ 120 പുതിയ കേസുകളുണ്ടായി. മൊത്തം 1,787 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 1,295 പേര്‍ സുഖം പ്രാപിച്ചു. 38 പേര്‍ മരണപ്പെട്ടു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 67 കാരനായ സെലിന നിവാസിയാണ്. ഇയാള്‍ ഒരു മക്കിനി ആശുപത്രിയിലാണ് മരിച്ചത്. റോക്ക് വാള്‍ കൗണ്ടിയില്‍ പുതിയതായി ഒന്‍പത് കേസുകള്‍ കൂടി ചേര്‍ന്നപ്പോള്‍ മൊത്തം 244 പേര്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. 172 പേര്‍ സുഖം പ്രാപിച്ചു. മരണപ്പെട്ടത് 16 പേര്‍- ഇവരില്‍ 15 പേരും റോക്ക് വാളിലെ ബ്രോഡ്‌മോര്‍ ലോഡ്ജ് നിവാസികളായിരുന്നു.

കോഫ്മാന്‍ കൗണ്ടിയില്‍ ഒന്‍പത് പുതിയ കേസുകളുണ്ടായി- മൊത്തം 338 കൊറോണ വൈറസ് കേസുകള്‍. 273 പേര്‍ സുഖം പ്രാപിച്ചു. 3 പേര്‍ മരിച്ചു.
എല്ലിസ് കൗണ്ടിയില്‍ 11 പുതിയ കേസുകള്‍ കൂടി ചേര്‍ന്ന് 487 കേസുകളായി. 335 പേര്‍ക്ക് രോഗം ഭേദമായി. 18 മരണം സംഭവിച്ചു.

ജോണ്‍സണ്‍ കൗണ്ടി 261 കേസുകള്‍ സ്ഥിരീകരിച്ചു. നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. ഐസൊലോഷനില്‍ നിന്ന് 191 പേര്‍ വിടുതല്‍ നേടി. സംസ്ഥാനം ആന്റി ബോഡി ടെസ്റ്റുകള്‍ കൂടി കണക്കുകളില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ പ്രോബബിള്‍ കേസുകള്‍ 17 ഉണ്ടെന്ന് കൗണ്ടി പറയുന്നു.

നോര്‍ത്ത് ടെക്‌സസിലെ വിവിധ കൗണ്ടികളിലെ കോവിഡ്-19 രോഗബാധയും സുഖം പ്രാപിക്കലും മരണസംഖ്യയും ഇതുവരെ ഇപ്രകാരമാണ്. ഡാലസ് കൗണ്ടി രോഗം ഭേദമായവരുടെ കണക്ക് പ്രസിദ്ധപ്പെടുത്താറില്ല.

മാസ്‌ക് ധരിക്കാത്തവരെ ശിക്ഷിക്കരുതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍- (ഏബ്രഹാം തോമസ്)
Join WhatsApp News
Anthappan 2020-06-18 21:18:31
There is no reason for punishing the people those who are not wearing the mask. COVID-19 will take care of it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക