Image

അവസാന നിമിഷം ( കവിത: നിമ്മി പ്രകാശ്)

Published on 17 June, 2020
അവസാന നിമിഷം ( കവിത: നിമ്മി പ്രകാശ്)
ഓ  പ്രിയപ്പെട്ടവനെ...

ഉന്മാദിയായൊരു
കാമുകനെപോലെ അവനെന്നെ
ഇറുകെ വാരിപുണർന്ന്
ആഴത്തിൽ അമർത്തി ചുംബിച്ചു
കൊണ്ടിരിക്കുകയാണ് .

നുരഞ്ഞ് പതഞ്ഞൊഴുകുന്ന
വീഞ്ഞിന്റെ ലഹരിയാണ്
ഇപ്പോഴവന്.
അവന്റെ മഞ്ഞുറഞ്ഞ
വിരലുകളുടെ സ്പർശനം
ഓരോ നിമിഷവും
എന്റെ ഞരമ്പുകളെ മരവിപ്പിച്ചു
കൊണ്ടിരിക്കുകയാണ്.

മനുഷ്യസിരകളെ കാർന്നു തിന്ന്
ലോകം കീഴടക്കികൊണ്ടിരിക്കു
ന്നൊരു നിശബദകൊലയാളി
മഞ്ഞുപുതച്ചുറങ്ങുന്ന ഇറ്റലി
യിലെ നഗരങ്ങളിലൂടെ മരണം
വിതച്ച് ഉന്മത്തയായ
നർത്തകിയെപോലെ
മതിമറന്ന്നൃത്തം ചെയ്യുകയാണ്.

ഇരുപത്തിമൂന്നാം നമ്പർമുറിയി
ലെ പാതിതുറന്നിട്ട മഞ്ഞലിഞ്ഞ
ചില്ലുജാലകത്തിനപ്പുറം
റോമാനഗരം തോറ്റവന്റെ നിലവിളി
യടക്കംചെയ്ത ശ്മശാനംപോലെ
വിറങ്ങലിച്ച് നിൽക്കുന്നു.

ഒഴുകാൻ മറന്ന തൈബർ നദി
തണുത്തുറഞ്ഞു
നിശ്ചലമായിരിക്കുന്നു.
മിലാനിലെയും ലുംമ്പോർഡിയ
യിലെയും ബേർഗേമിലെയും
തെരുവുകൾ
വായ്മൂടികെട്ടിയിരിക്കുന്നു.

പ്രിയപ്പെട്ടവനെ.

അവന്റെ തണുത്തുറഞ്ഞ
കരങ്ങളെന്നെ വരിഞ്ഞു
മുറുക്കികൊണ്ടിരിക്കുക
യാണ്.
കാപിടോലിൻ കുന്നിന്റ താഴ്‌വാര
യിലെ ഒലീവ് മരങ്ങൾക്കിടയിൽ
നിന്നുയരുന്നകാറ്റിന്റെ
ശിൽക്കാരത്തിനിപ്പോൾ ബീഥോവനിൽ
നിന്നുയരുന്ന മാസ്മരികസംഗീത
ത്തിന്റെ ഒരുനേർത്ത താളമാണ്‌

നഗരപാതകളെ അണിയിച്ചൊരു
ക്കുന്ന വർണ്ണപൂക്കളായ ട്യുലിപ്പിന്
കത്തുന്ന സൗന്ദര്യമാണ്.
അവയെന്നെ മനോഹരമായാ
പ്രണയകാലത്തിലേയ്ക്ക്
കൈപിടിച്ച് കൂട്ടി കൊണ്ട്പോകുന്നു.

കോടമഞ്ഞ്പുതച്ച പുകച്ചുരുളുകളി
ലൂടെ ഞാനൊരു തൂവൽ പോലെ
മേഘശകലങ്ങളിലേയ്ക്ക്‌
പറന്നുയരുകയാണ്.

ഹാ!!
മരിച്ചവന്റെ വിലാപംപോലെ
കാതിൽ വന്നലയ്ക്കുന്ന
പള്ളിമണിയുടെ മുഴക്കങ്ങൾ
ഇൗ നിശ്ശബ്ദതയിലെന്റെ
ചിന്തകളെ കൊന്നു അതിവേഗം
കടന്നുപോകുന്നു.

ഷാംപെയിനിന്റെ അവസാന
തുള്ളികളും ചുണ്ടുനനച്ചൂർന്നിറ
ങ്ങുമ്പോൾ പെയ്തു തോർന്നൊരു മഴയുടെ
തണുപ്പ് പൂർണ്ണമായും എന്നെ
കീഴടക്കുകയാണ്.

ഹാ!! പ്രിയപ്പെട്ടവനെ..

എനിക്ക് ചുറ്റും ലില്ലി പൂക്കൾ
വിടർന്നു നിൽക്കുകയും
അവയുടെ മണമെന്നെമത്തു
പിടിപ്പിക്കുകയും ചെയ്യുന്നു.

ക്യാൻവാസിലെ ഇനിയും
പൂർണ്ണ മാകാത്തചിത്രത്തിലെ
പ്രിൻസസ് ലപ്പീസ് ബ്ലു പോലും
തോറ്റു പോകുന്ന
പ്രണയം നിറച്ച് വെച്ച
നിന്റെ നീല കണ്ണുകളിൽ
അവസാനമായി ഒരിക്കൽ കൂടി
ഞാനൊന്നമർത്തിചുംബിച്ചോട്ടെ....


അവസാന നിമിഷം ( കവിത: നിമ്മി പ്രകാശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക