Image

എപ്പോഴാണ് നാം മുതിര്‍ന്നവര്‍ ആകുന്നത്? (ജയാ.ജി.നായര്‍)

Published on 17 June, 2020
എപ്പോഴാണ് നാം മുതിര്‍ന്നവര്‍ ആകുന്നത്? (ജയാ.ജി.നായര്‍)

ഒരു ചോദ്യം: എപ്പോഴാണ് നാം മുതിർന്നവർ (adult) ആകുന്നത്‌ - നമ്മുടെ തന്നെ കാഴ്ചപ്പാടിൽ?
ശാരീരികമായ വളർച്ചയുമായി മുതിര്‍ന്നവരാകുന്നതിന്  നേരിട്ട് ബന്ധമുണ്ടാകണമെന്നില്ലല്ലോ. ചിലപ്പോൾ, ഒരു ജീവിതകാലം മുഴുവനുമെടുത്തെന്നും വരാം.
ഇതിനോടു ചേർന്നുള്ള മറ്റൊരു ചോദ്യം എപ്പോഴാണ് നമുക്ക് 'പ്രായമാകുന്നത്' എന്നതാണ്. ചോദ്യങ്ങൾ രണ്ടും രണ്ടാണ്, ഒന്നല്ല എന്നു വ്യക്തമാണല്ലോ (നിയമം പലപ്പോഴും  അങ്ങനെയാണ്  കരുതുന്നത്!). എപ്പോഴാണ് പ്രായമാകുന്നതായി തോന്നലുണ്ടാകുന്നത്? ആദ്യത്തെ വെള്ളിമുടിയിഴ  കാണുമ്പോൾ? ചലനങ്ങൾക്ക് പഴയതുപോലെ വഴക്കമില്ലാതെയാകുമ്പോള്‍? ചില കാര്യങ്ങൾ ജീവിതത്തിൽ ഇനിയൊരിക്കലും നടക്കില്ലായിരിക്കും എന്നു തിരിച്ചറിയുമ്പോള്‍? നമ്മുടെ കുട്ടിക്കാലത്തെപ്പറ്റി  അറിയുന്നവർ  നമ്മളല്ലാതെ അധികം പേരില്ല  എന്നു വരുമ്പോള്‍, ബാല്യത്തിലെ പേരു  ചൊല്ലി വിളിക്കാൻ - അല്ലെങ്കിൽ പേരു വിളിക്കാൻ തന്നെ – അധികമാരുമില്ലാതെയാകുമ്പോള്‍?  അപ്പോഴൊക്കെ നമ്മൾ സ്വയം പറയുന്നു – ആ, ശരിയാണ്, പ്രായമാകുന്നു!
പ്രധാന ചോദ്യത്തിലേക്ക് – മുതിര്‍ന്നവരാകുന്നതിലിലേക്ക്‌ - തിരിച്ചെത്താം. എപ്പോഴാണ് സ്വയം adult  ആയതായി തോന്നുക?
സ്വന്തമായി ജോലി ചെയ്യാനോ സമ്പാദിക്കുവാനോ തുടങ്ങുന്നതോ, ഒറ്റയ്ക്ക് താമസം തുടങ്ങുന്നതോ, വിവാഹം കഴിക്കുന്നതോ,  ചെറിയ-വലിയ തീരുമാനങ്ങൾ സ്വയമെടുക്കുന്നതോ ‘മുതിര്‍ന്നതിന്‍റെ’ തെളിവ് ആവണമെന്നില്ല. ചിലപ്പോൾ അങ്ങനെ തെറ്റിദ്ധരിക്കപ്പെടാമെങ്കിലും. ആത്മവിശ്വാസത്തിന്‍റെയും മനസ്സുറപ്പിന്‍റെയും ആവരണങ്ങൾ ചിലപ്പോൾ വെറും മുഖാവരണങ്ങൾ മാത്രമാവും – അതും, വളരെ കട്ടികുറഞ്ഞവ.
എന്താണ് മുതിര്‍ന്നതാകല്‍ (adulthood ) എന്ന  ചോദ്യം പ്രസക്തം. കുട്ടിയല്ലാത്തവൻ മുതിർന്നവന്‍ എന്ന് നിരൂപിച്ചാൽ, കുട്ടിത്തം മാറുന്നത് ഒരു ലക്ഷണമായി വരുന്നു. കളിപ്പാട്ടങ്ങളോടുള്ള - അത് ഏതു തരത്തിലുള്ളതുമാവട്ടെ - ഭ്രമം ഇല്ലാതാവുന്നത് ഒരു ലക്ഷണമാവാം. അച്ഛനമ്മമാർ ചെയ്യുന്നത് എപ്പോഴും ശരിയാവണമെന്നില്ല എന്ന് മനസ്സിലാക്കുന്നത് ഒരു തുടക്കമാവാം. മറ്റൊരാളുടെ ജീവിതത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നത് ഒരു നാഴികക്കല്ല് തന്നെയാണ്. സ്വന്തം കുട്ടിയെ കൈപിടിച്ച് നടത്തുമ്പോള്‍, ഒരു പക്ഷെ അതിലുമധികം, അച്ഛനെയോ അമ്മയെയോ പരിപാലിക്കുമ്പോള്‍ നാം ചില പടവുകള്‍ താണ്ടുന്നുണ്ട്. ഓർമകൾ മാഞ്ഞു  തുടങ്ങുന്ന  പ്രിയപ്പെട്ടവരുടെ  ഓർമയും തിരിച്ചറിവും ഇനി നമ്മളാണ് എന്നത് മുതിര്‍ന്നതാകുന്നതിന്‍റെ ഭാഗമല്ലേ? കാലുകൾ നിലത്തുറച്ചാണ് നിൽക്കുന്നത് എന്ന അനുഭവം തീർച്ചയായും adulthood-നെ കാണിക്കുന്നു. സ്വന്തം പരാജയങ്ങൾക്കു കാരണം തേടി നിലക്കണ്ണാടിയിലേക്ക് മാത്രം നോക്കുമ്പോള്‍, നമുക്ക് മാറ്റാൻ പറ്റാത്ത കാര്യങ്ങൾ അങ്ങിനെതന്നെ അംഗീകരിക്കുമ്പോൾ, നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ മറ്റാരുമില്ല എന്ന് മനസ്സിലാക്കുമ്പോള്‍?
പല അറിവുകളും മുതിര്‍ന്നതാകുന്നതിന്‍റെ ലക്ഷണങ്ങളാണെന്ന് തോന്നുന്നു.  ചെയ്യുന്നതെന്താണ് എന്നതിനെക്കുറിച്ചും എന്തിനു ചെയ്യുന്നുവെന്നും അത് ചെയ്യുന്ന തന്നേക്കുറിച്ചുമുള്ള വ്യക്തമായ അറിവ്, ചിലതു പറയാനും ഇനി ചിലതു പറയേണ്ടെന്നു തീരുമാനിയ്ക്കുവാനുമുള്ള അറിവ്, ഏതു സമരമാണ് വിട്ടു കളയേണ്ടത്‌ ഏതിനുവേണ്ടിയാണ്  പോരടിക്കേണ്ടത് എന്നും ഇടയ്ക്കു പടനിലത്തിൽ നിന്നും തിരിഞ്ഞു നടക്കുന്നത് പരാജയം സമ്മതിക്കലല്ലെന്നുമുള്ള അറിവ്? സ്വന്തം നടപ്പിൽ നാട്യം വേണ്ടെന്നു തീരുമാനിക്കാനുള്ള കഴിവ്?
ഇനി എന്തൊക്കെ? പറയൂ!

ഒന്നുകൂടി?
മുതിര്‍ന്നവരാകുന്നത് (adulthood ) എപ്പോഴാണ് എന്ന അന്വേഷണത്തിന്റെ വ്യർത്ഥത കാണാൻ പറ്റുന്നതും ഒരു ലക്ഷണമാകുമോ? മുതിർന്നവർ എന്നത് വെറും ഒരു സമൂഹ നിർമിതി (social construct) ആണെന്നും പറയാം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക