Image

ഒക്കലഹോമയില്‍ ഗീവര്‍ഗീസ്‌ സഹദായുടെ പെരുനാള്‍

Published on 29 May, 2012
ഒക്കലഹോമയില്‍ ഗീവര്‍ഗീസ്‌ സഹദായുടെ പെരുനാള്‍
ഒക്കലഹോമ: അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ കീഴിലുള്ള ഒക്കലഹോമ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ കാവല്‍പിതാവായ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ നാമത്തിലുള്ള പ്രധാന തിരുനാള്‍ മെയ്‌ 4,5,6 തീയതികളിലായി ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കപ്പെട്ടു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും, പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു.

ഏപ്രില്‍ 29-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി റവ. ഫാ. സാജു ജോര്‍ജ്‌ കൊടി ഉയര്‍ത്തിയതോടെ ഒരാഴ്‌ച നീണ്ട പെരുന്നാളിന്‌ ആരംഭം കുറിച്ചു. മെയ്‌ 4,5 തീയതികളിലായി നടന്ന സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷ പ്രഘോഷണം എന്നിവയ്‌ക്ക്‌ റവ.ഫാ. കുര്യന്‍ പുതൃക്കയില്‍, റവ.ഫാ. സാജു ജോര്‍ജ്‌, ഡീക്കന്‍ റിച്ചി വര്‍ഗീസ്‌, ഡീക്കന്‍ എബി വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കാനെത്തിയ അഭിവന്ദ്യ തിരുമനസ്സിനെ ഇടവക വികാരി കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചാനയിച്ചു. കത്തിച്ച മെഴുകുതിരിയേന്തിയ വിശ്വാസി സമൂഹം ഉജ്വലവരവേല്‍പ്പാണ്‌ ആര്‍ച്ച്‌ ബിഷപ്പിന്‌ നല്‍കിയത്‌. ലുത്തിനിയയ്‌ക്കുശേഷം നടന്ന പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന എന്നിവയ്‌ക്ക്‌ മോര്‍ തീത്തോസ്‌ നേതൃത്വം നല്‍കി. സമൂഹത്തിലെ തിന്മയ്‌ക്കും അനീതിയ്‌ക്കുമെതിരായി വീര പോരാട്ടം നടത്തിയ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ കാവലും മധ്യസ്ഥതയും ഇടവകയ്‌ക്കും ദേശത്തിനും എന്നും ഉണ്ടാകട്ടെ എന്നും, സാക്ഷ്യമുള്ള സമൂഹമായി വളര്‍ന്നുവരുന്ന ഇടവകയ്‌ക്ക്‌ കൂടുതല്‍ വളര്‍ച്ചയും പുരോഗതിയും ഉണ്ടാകട്ടെ എന്നും മെത്രാപ്പോലീത്ത തന്റെ സന്ദേശത്തിലൂടെ ആശംസിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌. ആഘോഷപൂര്‍വ്വമായ റാസ, നേര്‍ച്ച വിളമ്പ്‌, ആശീര്‍വാദം, സ്‌നേഹവിരുന്ന്‌, കൊടിയിറക്കല്‍ എന്നീ ചടങ്ങുകളോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ സമാപനം കുറിച്ചു.

ഇടവകാംഗമായ പോള്‍ വര്‍ക്കിയും കുടുംബവുമായിരുന്നു ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി. വികാരി റവ.ഫാ. സാജു ജോര്‍ജിന്റെ നേതൃത്വത്തില്‍ ജോബിന്‍ മത്തായി (സെക്രട്ടറി), ജോബി ജോസഫ്‌ (ട്രഷറര്‍), പി.കെ. ജോണ്‍സണ്‍ (വൈസ്‌ പ്രസിഡന്റ്‌) എന്നിവര്‍ ഉള്‍പ്പെട്ട വിവിധ കമ്മിറ്റികള്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ജോബിന്‍ മത്തായി അറിയിച്ചതാണിത്‌.
ഒക്കലഹോമയില്‍ ഗീവര്‍ഗീസ്‌ സഹദായുടെ പെരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക