Image

സി.വി. വര്‍ഗീസ്‌ വളഞ്ഞവട്ടത്തിന്‌ പ്രഥമ `അക്ഷര' സാഹിത്യ-സാമൂഹ്യ അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 29 May, 2012
സി.വി. വര്‍ഗീസ്‌ വളഞ്ഞവട്ടത്തിന്‌ പ്രഥമ `അക്ഷര' സാഹിത്യ-സാമൂഹ്യ അവാര്‍ഡ്‌
ഡാളസ്‌: അമേരിക്കയില്‍ വളരെ വിജയകരമായി പ്രസിദ്ധീകരിച്ചുവരുന്ന `അക്ഷരം' സാഹിത്യ-സാംസ്‌കാരിക വാരികയുടെ പ്രഥമ പുരസ്‌കാരത്തിന്‌ സി.വി. വര്‍ഗീസ്‌ വളഞ്ഞവട്ടത്തിനെ തെരഞ്ഞെടുത്തു. 1973-ല്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത അദ്ദേഹം ആരംഭകാലം മുതല്‍ തന്നെ സമൂഹത്തിനും സാഹിത്യത്തിനും നല്‍കിയ നിസ്‌തുലമായ സേവനങ്ങളാണ്‌ അദ്ദേഹത്തെ `അക്ഷര'അവാര്‍ഡിന്‌ തെരഞ്ഞെടുക്കുവാന്‍ പ്രേരകമായതെന്ന്‌ അക്ഷരം മാഗസിന്‍ മാനേജിംഗ്‌ എഡിറ്റര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

ശ്രീ വളഞ്ഞവട്ടത്തിന്റെ പ്രവര്‍ത്തനമണ്‌ഡലങ്ങള്‍ വളരെ വിപുലമാണ്‌. സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ സ്ഥാപകാംഗമായ അദ്ദേഹം ഇടവകയുടെ സെക്രട്ടറിയായും ട്രസ്റ്റിയായും നിരവധി തവണ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ തുടക്കത്തിന്‌ ചുക്കാന്‍ പിടിച്ച അദ്ദേഹം സംഘടനയുടെ പ്രസിഡന്റായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഫൊക്കാനയുടെ പ്രഥമ നാഷണല്‍ കമ്മിറ്റി മെമ്പറായിരുന്ന അദ്ദേഹം നിലവിലുള്ള ഫൊക്കാന കമ്മിറ്റിയിലും അംഗമാണ്‌. തിരുവല്ല അസോസിയേഷന്റെ സ്ഥാപകാംഗമായ സി.വി ആ സംഘടനയുടെ ട്രഷററായി തെരഞ്ഞെടുക്കപ്പെടുകയും, തിരുവല്ലയിലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌തുവരുന്നു.

ഇന്ത്യന്‍ ഓവര്‍ഗീസ്‌ കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന വളഞ്ഞവട്ടം സംഘടനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറാണ്‌.

സാഹിത്യ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സി.വി, അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ `അശ്വമേധ'ത്തിന്റെ പത്രാധിപ സമിതി അംഗമായിരുന്നു. നിരവധി ചെറുകഥകളുടെ സൃഷ്‌ടാവായ അദ്ദേഹത്തിന്റെ `സ്വപ്‌നങ്ങളുടെ കാമുകന്‍' എന്ന നോവല്‍ അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തില്‍ ഇന്നും പച്ചപിടിച്ച്‌ നില്‍ക്കുന്നു.

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍ജിനീയറായി സേവനം അനുഷ്‌ഠിച്ചുകൊണ്ടിരുന്ന അദ്ദേഹം അടുത്തകാലത്ത്‌ സര്‍വീസില്‍ നിന്നും വിരമിച്ചു. കുടുംബസമേതം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്നു.

മെയ്‌ 20-ന്‌ ഞായറാഴ്‌ച ക്യൂന്‍സിലെ രാജധാനി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ കൂടിയ പ്രൗഢഗംഭീരമായ സദസിനെ സാക്ഷിനിര്‍ത്തിക്കൊണ്ട്‌ അക്ഷരം മാഗസിന്‍ ചീഫ്‌ എഡിറ്റര്‍ ജിന്‍സ്‌മോന്‍ സക്കറിയ, മാനേജിംഗ്‌ ഡയറ്‌കടര്‍ പ്രിന്‍സ്‌ മാര്‍ക്കോസ്‌ എന്നിവരില്‍ നിന്നും വര്‍ഗീസ്‌ വളഞ്ഞവട്ടം അവാര്‍ഡ്‌ ഫലകം സ്വീകരിച്ചു.
സി.വി. വര്‍ഗീസ്‌ വളഞ്ഞവട്ടത്തിന്‌ പ്രഥമ `അക്ഷര' സാഹിത്യ-സാമൂഹ്യ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക