image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

നീ മറഞ്ഞാലും തിരയടിക്കും, നീലക്കുയിലേ നിൻ ഗാനമെന്നും (ചങ്ങമ്പുഴ-ഒരനുസ്മരണം: സുധീർ പണിക്കവീട്ടിൽ)

SAHITHYAM 17-Jun-2020
SAHITHYAM 17-Jun-2020
Share
image
എഴുപത്തിയെട്ടു വർഷങ്ങൾക്ക് മുമ്പ് മലയാളക്കരയാകെ തേങ്ങി നിന്ന ഒരു ദിവസമാണ് ഇന്ന്, ജൂൺ 17.  അന്നായിരുന്നു മലയാളത്തിന്റെ അഭിമാനവും അഹങ്കാരവുമായ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ള ഇഹലോകവാസം വെടിഞ്ഞത്. കാലവർഷം കോരിച്ചൊരിഞ്ഞ ഒരു ഇരുണ്ട അപരാഹ്നമായിരുന്നു അത്. ആ ദിവസം പാട്ട് നിർത്തി മലയാളത്തിന്റെ പൂങ്കുയിൽ കാലയവനികയിൽ മറഞ്ഞു.  എന്നാൽ ആ ഗാനം നിലച്ചില്ല. അദ്ദേഹത്തിന്റെ തന്നെ വരികൾ നമുക്ക് ഓർമ്മിക്കാം. "നീ മറഞ്ഞാലും തിരയടിക്കും, നീലക്കുയിലേ നിൻ ഗാനമെന്നും.  ചങ്ങമ്പുഴ എന്ന ചതുരക്ഷരീ മന്ത്രം ഉരുവിടാത്ത മലയാളിയില്ല എന്നത്  അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ്.  മഹാകവി ജി ശങ്കരക്കുറുപ്പ് ഒരിക്കൽ പറഞ്ഞുവത്രേ  അദ്ദേഹത്തോടൊപ്പം മറ്റു കവികൾ കൈരളിയുടെ ക്ഷേത്രത്തിനു പുറത്ത് നിന്ന് തൊഴുമ്പോൾ ചങ്ങമ്പുഴ കോവിലിനുള്ളിൽ കാവ്യദേവതയോടോത്ത് ഇരിക്കുന്നുവെന്നു. തേനൊലിപ്പാദങ്ങൾകൊണ്ട് മലയാളഭാഷയെ പ്രണയിച്ച കവി. ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി ആ ഗന്ധർവന് ചുറ്റും നിന്നു. പ്രണയലോലുപനായ ആ വേണുഗോപാലിന്റെ മുരളിയിൽ നിന്നുതിർന്ന ഗാനവീചികളുടെ ഉന്മാദവശ്യത നമ്മെ എന്നും അതിശയിപ്പിക്കുന്നതായിരുന്നു.
നിമിഷങ്ങളിൽ ജീവിച്ച കവിയാണ് ചങ്ങമ്പുഴ. ഓരോ നിമിഷവും അദ്ദേഹം വർണ്ണശബളമാക്കി. മലയാളകവിത അദ്ദേഹത്തിന്റെ മുന്നിൽ കനക ചിലങ്ക കിലുക്കി നർത്തനമാടി.  കവി ഇങ്ങനെ പാടുന്നു. "മതിമോഹന ശുഭനർത്തന മാടുന്നയി മഹിതേ , മമ മുന്നിൽ നിന്നു  നീ മലയാളകവിതേ." കവിതയുടെ കാമുകനായി കഴിയുന്നതുതന്നെ കവിക്ക് ജന്മസാഫല്യം.
കവനസ്വരൂപിണീ; സംതൃപ്തനാണുനിന്‍-
കമിതാവായ് നില്‍ക്കിൽ ഞാനെന്നും

സ്വരരാഗസുധക്ക് എഴുതിയ മുഖവുരയിൽ കവിത ഇങ്ങനെ രേഖപ്പെടുത്തുന്നു. "ചിന്തിപ്പിക്കുന്നതിനേക്കാളേറെ എന്നെ ചിരിപ്പിക്കുകയും കരയിക്കുകയും പുളകംകൊള്ളിക്കുകയും ചില നിമിഷങ്ങൾ - സ്വർഗ്ഗത്തിൽനിന്നും പറന്നെത്തി അങ്ങോട്ടുതന്നെ പറന്നുപോയ ആ ചിത്രശലഭങ്ങൾക്കു പിമ്പേ വെമ്പിക്കുതിച്ച എൻറ കലാകൗതുകത്തിൻറെ കൈവിരലുകളിൽ പറ്റിയ ചില വർണ്ണരേണുക്കൾ''. കവിതകളിലെ ആശയങ്ങൾക്ക്  ഗാഭീര്യം ഇല്ലെന്നുവിമർശകർ വാദിക്കുന്നത് ഇങ്ങനെയുള്ള പ്രസ്താവനകളിൽ നിന്നായിരിക്കും. വിചാരത്തെക്കാൾ വികാരങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്നു പലപ്പോഴും കവി. വിക്ടോറിയൻ യുഗത്തിൽ ഏറെ ആരാധിച്ചിരുന്ന കവി കീറ്റ്സിനോട് ചങ്ങമ്പുഴയെ തുലനം ചെയുന്നുണ്ട്. കാൽപ്പനിക ഭാവഗീതങ്ങളുടെ ജനയിതാവായിരുന്ന കീറ്റ്സം പദങ്ങളെ പ്രണയിച്ചിരുന്നു. ചങ്ങമ്പുഴയും പദകാമുകനായിരുന്നു. കാൽപ്പനിക കവികൾ എല്ലാം പദകാമുകരാണ്. കീറ്റ്സും ക്ഷയരോഗബാധിനായി കേവലം ഇരുപത്തിയാറാമത്തെ വയസ്സിൽ ചങ്ങമ്പുഴ മരിച്ചപ്പോൾ ബോംബയിലെ ഒരു ഇംഗളീഷ് പത്രം കൊടുത്ത തലക്കെട്ട് "Keats of Kerala dead " എന്നായിരുന്നു.

ചങ്ങമ്പുഴ കവിതകളെ മലയാളത്തിന്റെ വസന്തസൗഭാഗ്യമായാണ് നിരൂപകർ  പ്രശംസിച്ചിട്ടുള്ളത്. പ്രസാദമധുരമായ കാവ്യശൈലികൊണ്ട് വായനക്കാരെ അനുഭൂതിയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയ അനശ്വരനായ ആ കവി "മലരൊളി തിരളും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ  മുന മുക്കി കവിതകൾ എഴുതി”. ഇന്നലെ രാത്രി  ഞാനൊരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി എന്നെഴുതിയ കവി. ഭാവനയുടെ വർണ്ണചിറകിൽ ഏറി ചേതോഹരങ്ങളായ വർണ്ണനകൾ കൊണ്ട് കാവ്യനർത്തകിയെ നിരന്തരം നൃത്തം ചെയ്യിച്ച കവി. കവി ആ നർത്തകിയുടെ ചിലമ്പൊലി കേട്ടുകൊണ്ടിരിക്കുന്നു. അദ്ദേഹമെഴുതി
എങ്ങുനിന്നെങ്ങുനിന്നെങ്ങുനിന്നീ
മഞ്ജീരശിഞ്ജിതമുത്ഭവിപ്പൂ?
... ... ... ... ... ... ...
ഞാനെന്നെത്തന്നെ മറന്നുപോയി,
ഞാനെന്നില്‍ത്തന്നെ ലയിച്ചുപോയി,
ഞാനൊരു സംഗീതനാളമായി,

വാനോളം പെട്ടെന്നുയര്‍‍ന്നുപോയി
 ആ കാവ്യനർത്തികയോട് വളരെ ലളിതമായ ഒരാവശ്യമാണ് കവി ഉന്നയിക്കുന്നത്. "തവ തലമുടിയിൽ നിന്നൊരുനാര് പോരും. തരികെന്നെ, താഴുകട്ടെ പെരുമയും പേരും." ഈ ആവശ്യം കാവ്യദേവത നിറവേറ്റി.  "അഴകുറ്റ ഗാനമേ നിന്റെ മുന്നിൽ തൊഴുകൈപൂമൊട്ടുമായ് നിൽപ്പ് ഞങ്ങൾ" എന്ന് പാടിയ കവിയെ അനുവാചക ലോകം നിത്യവും കാണുന്നു.  അപൂർവ സുന്ദരങ്ങളായ കൽപ്പനകൾ കൊണ്ട് , അക്ഷയപദസമ്പത്തുകൊണ്ട് കവിതകളെ ചേതോഹരങ്ങളാക്കാൻ ദിവ്യമായ സർഗ്ഗവൈഭവം സിദ്ധിച്ച കവിക്ക് കഴിയുമായിരുന്നു. മലയാളഭാഷയിൽ കാല്പനിക വസന്തത്തിന്റെ വർണ്ണവും ഗന്ധവുമുള്ള പൂക്കൾ വിരിയിച്ചത് ചങ്ങമ്പുഴ തന്നെ. മനുഷ്യകഥാനുഗായികാനാണ് ചങ്ങമ്പുഴ. പേലവഭാവങ്ങളുടെ ചാരുതയാർന്ന ആവിഷ്കാരങ്ങൾ ചങ്ങമ്പുഴ കവിതകളിൽ സുലഭമാണ്.  ശ്രവണപുടങ്ങൾക്ക് ഇമ്പമേകുന്ന പദാവലിയും താളവും വായനക്കാരെയും കവിയെ പോലെ ഏതോ സ്വർഗ്ഗലോകത്തേക്ക് ആനയിക്കുന്നു.
നിശിതമായ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും കവി പതറിയില്ല. കേവലം സൗന്ദര്യാവിഷ്കാരത്തിനുള്ള  ഉപാധിയായി കവി കവിതയെ കണ്ടെന്നു വിമർശകർ വെറുതെ ആരോപിച്ചു .വിഷാദത്തിന്റെ കവിയെന്ന ആരോപണവുമുണ്ടായി. പ്രത്യേകമായ ഒരു പ്രത്യയശാസ്ത്രം കവിയ്ക്കില്ലായിരുന്നുവെന്നും വിമർശകർ മുറവിളികൂട്ടി. പുരോഗമനപ്രസ്ഥാനക്കാർ ചങ്ങമ്പുഴ കവിത എഴുത്ത് നിർത്തണമെന്നുവരെ ആക്രോശിച്ചു. വിമർശകരോട് കവി ഇങ്ങനെ പ്രതികരിച്ചു.
“കടന്നുപോകുവാനിരിക്കുന്ന വിദൂര ശതാബ്ദങ്ങളുടെ സന്നിധിയിലേക്ക് എന്റെ നേരിയ ഗാനത്തിന്റെ ഒരു മൃദുലവീചിയെങ്കിലും എത്തിച്ചേരുമെന്ന വിശ്വാസമോ അഭിമാനമോ എനിക്കില്ല. എങ്കിലും ഇന്ന് എന്റെ അരികേ നിന്നു കൊഞ്ഞനംകുത്തുന്ന ഹൃദയശൂന്യന്റെ നിഴൽ കാലം മായ്ച്ചുകഴിയുമ്പോൾ ആ സ്ഥാനത്തേക്കു പ്രവേശിക്കുന്ന നാളത്തെ സഹോദരൻ തീർച്ചയായും എന്നോടു സഹതാപമുള്ളവനായിരിക്കും. മണ്ണടിഞ്ഞുകിടക്കുന്ന എന്റെ അസ്ഥിശകലങ്ങൾക്കു മുകളിലൂടെ മഞ്ഞിൽ കുതിർന്നും, വെയിലിൽ വിയർത്തും, മഴയിൽ കുളിർത്തും ദിനരാത്രങ്ങൾ ഓരോന്നോരോന്നായിക്കടന്നുപൊയ്ക്കൊണ്ടിരിക്കേ ആ സഹോദരന്റെ സഹതാപസാന്ദ്രമായ ആഹ്വാനം ഇരുളടഞ്ഞ എന്റെ ശവകുടീരത്തിൽ എത്തിച്ചേരും. “

മലയാളത്തിൽ മറ്റെല്ലാം നശിച്ചാലും ചങ്ങമ്പുഴ കവിത നശിക്കയില്ലെന്നു കവികളും വിമർശക ന്മാരും  ചങ്ങമ്പുഴ മരിച്ചപ്പോൾ എഴുതി വയ്ക്കുകയുണ്ടായി. ചങ്ങമ്പുഴയെ വിഷാതാത്മകതത്തിന്റെ കവി എന്ന് പറയുന്നവർ ചങ്ങമ്പുഴ കവിതകൾ എഴുതുന്ന കാലഘ ട്ടത്തെ വിസ്മരിക്കുന്നതായി കാ ണാം. കാരണം ആ കാലഘട്ടം തൊഴിലില്ലായ്മയും, കാർഷ കവിളവില്ലാതെ കഷ്ടപ്പെടുന്ന കർഷകരും, തന്മൂലം പണിമുടക്കുകൾ ജാഥകൾ, ജനങ്ങളിൽ പടരുന്ന നിരാസതാബോധം, നിരീശ്വരത്വം, എല്ലാറ്റിനോടും വിദ്വേഷം വെറുപ്പ് എന്നിങ്ങനെയുള്ള വിഷമതകളിലൂടെ കടന്നുപോകുന്ന ഒരു ജനവിഭാഗത്തിന്റെ വേദനകൾ അദ്ദേഹം പ്രകടിപ്പിക്കയായിരുന്നു. അവശന്മാർ , ആർത്തന്മാർ ആലംബഹീനന്മാർ അവരുടെ സങ്കടം ആരറിയാൻ എന്ന് കവി പാടിയ സന്ദർഭം ആ കഥയിലേക്ക് മാത്രം ചുരുക്കാതെ അത് അന്നത്തെ സമുദായത്തിന്റെ ചിത്രമായിരുന്നു എന്ന് മനസ്സിലാക്കണം.

ബാഷ്പാജ്ഞലി പേര് പോലെ അതിൽ കുറെ വിലാപങ്ങൾ കാണാം. രക്തപുഷ്പങ്ങൾ എന്ന കവിത യിൽ വിപ്ലവവീര്യം നുരയുന്നു.  അതിലാണ് വാഴക്കുല എന്ന പ്രസിദ്ധ കാവ്യം. ഓരോ കാലഘട്ടത്തിൽ കവി മനസ്സിനെ ഏൽപ്പിക്കുന്ന ആഘാതങ്ങളിൽപ്പെട്ട് അത് പ്രതികരിച്ചുകൊണ്ടിരിക്കുന്നു. വിഷാദാത്മകതത്തിന്റെയും പരാജയബോധത്തിന്റെയും കവിയെന്ന നിരൂപകർ ചങ്ങമ്പുഴയെ വിവേശിപ്പിക്കുന്നത് മുഖ്യമായും രമണനും, വാഴക്കുലയും വിലയിരുത്തിയാണ്.  വാഴക്കുലയിൽ കവി വിവരിക്കുന്നത് അന്നത്തെ സമൂഹ വ്യവസ്ഥിതിയും  പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന രീതിയുമാണ്. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന് മുറക്കാർ എന്ന് പാടി ചങ്ങമ്പുഴ പിന് വാങ്ങിയെന്നാണ് നിരൂപകരുടെ ആക്ഷേപം.  അത് ശരിയാകണമെന്നില്ല.  ഉച്ചനീചത്വങ്ങളെ കവികൾ തുറന്നെഴുതുമ്പോൾ തന്നെ അവരുടെ ആദർശമഹിമ പ്രകടമാകുന്നു. സമൂഹത്തിന്റെ ഉദ്ധാരണം അവർ ലക്ഷ്യമാക്കുന്നു.  മലയപുലയനെകൊണ്ട്  ജന്മിക്ക് നേരെ വെട്ടുകത്തി ഓങ്ങിക്കാൻ  കവി ഒരു ഗുണ്ടയല്ലല്ലോ. സമൂഹത്തിലെ തിന്മകളെ വെളിപ്പെടുത്തി  ചുറ്റുപാടുമുള്ളവരെ ബോധവത്കരിക്കയാണ് കവി. അതേപോലെ  രമണന്റെ ആത്മഹത്യ ഭീരുത്വമായും കാണുന്നുണ്ട്. ഭീരുവായിരുന്നെങ്കിൽ രമണൻ ആത്മഹത്യ ചെയ്യുകയില്ലായിരുന്നു. ചന്ദ്രികയുടെ രാഗവായ്പുകൾ രമണൻ ആദ്യം നിരസിക്കുന്നുണ്ട്. പ്രഭുകുമാരിയെ ഭാര്യയായി കിട്ടിയാൽ പണം ആസ്വദിക്കാമെന്നൊന്നും അദ്ദേഹം ആശിക്കുന്നില്ല. ചന്ദ്രികയെ ഗുണദോഷിക്കയാണ് ചെയ്യുന്നത്. “തങ്കക്കിനാവേ, നീ താലോലിക്കുന്നൊര
സ്സങ്കൽപ്പലോകമല്ലിപ്രപഞ്ചം!”. കാൽപ്പനിക കവികൾ മരണത്തെ ഒരു അഭയമായി കണ്ടിരുന്നു. ആ നിലക്ക് രമണനെക്കൊണ്ട് കവി ആത്മഹത്യ ചെയ്യിക്കുമ്പോൾ അതിനെ ഭീരുത്വമെന്നു പറയാൻ വയ്യ. ബാഷ്പപാജ്ഞലി മുതൽ സ്വരരാഗസുധവരെയുള്ള അമ്പതോളം പുസ്തകങ്ങളിൽ കമനീയ കലാദേവത കണി വച്ചതുപോലുള്ള രചനകൾ നിറഞ്ഞു കിടക്കുന്നു. ജീവിതത്തെ കുറിച്ച് ചങ്ങമ്പുഴ വളരെ ലളിതമായി ഇങ്ങനെ നിർ വചിച്ചിരിക്കുന്നു.

എന്താണിജ്ജീവിതം? - അവ്യക്തമായൊരു
സുന്ദരമായ വളകിലുക്കം.''
സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന കവിതയിൽ കവി തന്നെ തന്റെ പ്രേതകുടീരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ജീവിതത്തിൽ പറ്റിയ പരാജയങ്ങളുടെ ഒരു ഏറ്റുപറച്ചിലാണീ കവിത. കവിയുടെ പശ്ചാത്താപഭരിതമായ ഹൃദയത്തിന്റെ തേങ്ങലുകൾ.  അതിൽ നക്ഷത്രങ്ങളുടെ സ്നേഹഭാജനമായ കവി താരകങ്ങളോട് ചോദിക്കുന്നു.ദൂരെയുള്ള അവർക്ക് അവിടെ വിശ്രമിക്കുന്ന ആത്മാവിന്റെ മനോരഹസ്യങ്ങൾ അറിയാമോ എന്ന്.  അതിൽ നിന്നും ഒരു സ്പന്ദനം കേൾക്കാമെന്നു കവി എഴുതുന്നു.
പാലപൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണര്‍‍ന്നൊഴുകുമ്പോള്‍
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോള്‍
മന്ദമന്ദം പൊടിപ്പതായ് കേള്‍‍കാം
സ്പന്ദനങ്ങളിക്കല്ല റയ്ക്കുള്ളില്‍
പി ഭാസ്കരന്റെ പാടുന്ന മൺതരികൾ എന്ന കവിതയിൽ ഈ പ്രേതകുടീരത്തെ കുറിച്ച് കണ്ണ് നനയിക്കുന്ന വിധം വിവരിച്ചിട്ടുണ്ട്. ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാകവിയുടെ ശ വകുടീരത്തിനരികെ നിന്ന് കവി പറയുകയാണ് " മിഴി നീര് തൂവരുതാരുമീ മണ്ണിൽ മിളി തശാന്തി തുളുമ്പുമീ മണ്ണിൽ, വരിക  പാന്ഥാ നീ
നിശ്ശബദ്ധനായി വരികേപ്രേമ കുടീരകം കാണ്മാൻ". ഒരു മുരളിയുടഞ്ഞതാം മണ്ണിൻ തരികൾ പാടുമാ    മന്ദ്ര സംഗീതം" ശിശുവിനെ പോലെ ചിരിച്ചു നിൽക്കുന്ന ശിശിര നിലാവിൽ ആ ശ വകുടീരത്തിനരികെ  നിന്ന് കവി ചോദിക്കുന്ന ഇതൊക്കെ കരളലിഞ്ഞു പാടാൻ ഇനി ആരാണുള്ളത്.  ഏതോ പെരിയ ശാപം പേറി ഭൂമിയിലെത്തിയ ഗന്ധർവ്വൻ ഒരു നിലാവ് പോലെ അസ്തമിച്ചുപോയി. എന്നാൽ അദ്ദേഹം പാടിയ പാട്ടുകൾ ഇന്നും എല്ലായിടത്തും അലയടിക്കുന്നു. വളരെ നിർദ്ദയം കവിയെ വിമർശിച്ചവരോട് കവി അപേക്ഷിക്കുന്നു.
ഇന്നോ?- ജഗത്തേ, നമസ്‌കരിക്കുന്നു ഞാ-
നെന്നെ നീ വിണ്ടും ചവിട്ടരുതേ!
സ്വപ്നശതങ്ങള്‍തന്നസ്ഥികള്‍ ചിന്നിയ
തപ്തശ്മശാനമിന്നെന്‍ ഹൃദയം!
ഞാനിരുന്നല്പം കരയട്ടെ- നീ നിന്‍റെ
വീണവായിച്ചു രസിച്ചുകൊള്ളൂ!
കാവ്യാംഗനയെ പ്രണയിച്ച കവി മരിച്ചാലും അവളെ പ്രണയിച്ചുകൊണ്ടിരിക്കുമെന്നു ആശ്വസിക്കുന്നുണ്ട് താഴെ പറയുന്ന വരികളിൽ.
മണ്ണടിഞ്ഞു ഞാനെങ്കിലുമിന്നും
എന്നണുക്കളിലേവ, മോരോന്നും
ത്വൽ പ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു ദേവി!

അതെ കവിക്ക്  മരണമില്ല. ഇടക്കെല്ലാം ഭാഷാസ്നേഹികൾക്ക് കവിയുമായി സല്ലപിക്കാം. കവി അതിമാനുഷനാണെന്നു എഴുതിയിട്ടുണ്ട്. കവിയുടെ നാശം എന്നാൽ എല്ലാറ്റിന്റെയും നാശം. അത് എല്ലാ കവികളെയും കുറിച്ചും ആയിരിക്കാം. കവിത നഷ്ടപ്പെട്ടാൽ ഈ വിശ്വമാകെ നിലച്ചുപോകുമെന്ന ഒരു തത്വം അതിൽ ഉൾക്കൊള്ളുന്നു.

അഖിലം നശിച്ചിട്ടേ നശിക്കൂ ഞാ,നെൻ നാശ
മഖിലത്തിനും നാശ, മതിമാനുഷൻ ഹാ! ഞാൻ.
നിങ്ങളും, പുത്രൻമാരും, പൗത്രപൗത്രൻമാർപോലും
മണ്ണായി മണ്ണിൽച്ചേർന്നു മയങ്ങിക്കിടക്കുമ്പോൾ
കേവലം ശിശുവാം ഞാൻ കൈനീട്ടിപ്പൊന്താരക
പ്പൂവിറുത്തടുത്തങ്ങിങ്ങെറിഞ്ഞു വിനോദിക്കും.
അന്നു ഞാൻ കെടാൻപോകുമാദിത്യക്കനലൂതി
പ്പൊന്നന്തത്തിരി മോദാൽ കൊളുത്തും വീട്ടിന്നുള്ളിൽ.
എഴുതിതുടങ്ങിയാൽ ഒരിക്കലും അവസാനിക്കാത്ത ഈ ഓർമ്മകൾക്ക് തൽക്കാലം വിട പറയാം.

ശുഭം



image
Facebook Comments
Share
Comments.
image
കോരസൺ.
2020-06-18 18:02:06
എന്താണീജ്ജീവിതം? അവ്യക്തമായൊരു വളകിലുക്കം, കാലമേറെയായാലും ചങ്ങമ്പുഴയുടെ പകരത്തിനു ഇന്നും മലയാളം കാത്തിരിക്കുന്നു. ഓരോ വരികളിലും ഒരു മിസ്റ്റിക് താളം തുളുമ്പുന്നു , അത് ശ്രീ സുധീറിന്റെ വരികളിലും തുടിച്ചുനിൽക്കുന്ന ഒരു സുന്ദരമായ വായനക്കൂട്ട്.
image
Jyothylakshmy Nambiar
2020-06-17 13:58:29
എന്ത് എഴുതിയാലും കവിതയെന്ന ഓമനപ്പേരു വിളിയ്ക്കുന്ന ഈ കാലഘട്ടത്തിൽ മലയാള ഭാഷയ്‌ക്കൊപ്പം തന്നെ ആയുസ്സുള്ള ചങ്ങമ്പുഴയെ കുറിച്ചും, അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും വളരെ ഹൃദ്യമായ ഭാഷയിൽ അവതരിപ്പിച്ചുകൊണ്ടുള്ള ഈ അനുസ്മരണം മറ്റുള്ള വിഷയങ്ങളിൽ നിന്നിം വളരെ ശ്രദ്ധേയമായിരിയ്ക്കുന്നു.
image
ജോസഫ്‌ എബ്രഹാം
2020-06-17 12:05:55
കവിയെക്കുറിച്ചുള്ള അനുസ്മരണം. ചങ്ങമ്പുഴ കവിതകളുടെ ഒരു കാവ്യ പീഠിക ആക്കി മാറ്റിയ വൈഭവം. അടുത്ത കാലത്ത് ഒരാള്‍ പറഞ്ഞതായി ഓര്‍ക്കുന്നു ചങ്ങമ്പുഴ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ മലയാള സിനിമയിലെ അനശ്വര ഗാനങ്ങളുടെ സൃഷ്ട്ടാവ് ആകുമായിരുനെന്നു. എന്നു നിന്‍റെ മൊയ്തീന്‍ എന്ന സിന്മയിലെ " ശാരതാംബരം ചാരു ചന്ദ്രിക ----" എന്ന പാട്ടിനെ പരാമര്‍ശിക്കവെയാണ് അങ്ങിനെ അഭിപ്രായപ്പെട്ടത്. പതിവ് പോലെ നല്ല ഭാഷകൊണ്ട് കാവ്യാത്മകമായി സുധീര്‍ സര്‍ എഴുതിയിരിക്കുന്നു. അങ്ങയുടെ എഴുത്ത് എപ്പോഴും അനുപമം തന്നെയാണ്. ഏല്ലാവിധ ആശംസകളും
image
girish nair
2020-06-17 11:29:00
കാലത്തിന്റെ പരീക്ഷണങ്ങൾക്ക്ശേഷം ചങ്ങമ്പുഴ കവിതയിലെ കാല്പനികത എവിടെ എത്തിയിരിക്കുന്നു എന്ന് കണ്ടെത്തി അപഗ്രഹിക്കാൻ ഉതകുന്ന ഒരു അനുസ്മരണം.
image
One of my Favorite Poet
2020-06-17 11:15:51
*കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി, കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി, കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി; -------------------------------------------------------------- അന്തിച്ചുകപ്പാർന്നൊരംബരത്തിങ്കലെ- യ്ക്കെന്തിന്നു പിന്നെയും പായുന്നു നേത്രമേ? കൽപാങ്കുരംപോലെ കമ്രമായുള്ളൊരാ- കർപ്പൂരഖണ്ഡമുദിച്ചതില്ലിന്നിയും! കാലമേ ലോകസരസ്സിങ്കൽനിന്നെത്ര നീലോൽപലങ്ങളറുത്തു ഗമിച്ചു നീ എത്ര നിശ്വാസങ്ങൾ പങ്കുവീശീല നിൻ ജൈത്രയാത്രയ്ക്കു തെളിച്ച വഴികളിൽ! ----------------------------------------------------------------- ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ - posted by andrew
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut