Image

ഫീനിക്‌സ്‌ ഹോളിഫാമിലിയില്‍ `വിശ്വാസോത്സവ്‌ 2012' സംഘടിപ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 29 May, 2012
ഫീനിക്‌സ്‌ ഹോളിഫാമിലിയില്‍ `വിശ്വാസോത്സവ്‌ 2012' സംഘടിപ്പിച്ചു
ഫീനിക്‌സ്‌: അരിസോണയിലെ ഫീനിക്‌സില്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷന്റെ ആഭിമുഖ്യത്തിലുള്ള ഹോളി ഫാമിലി സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ദിനാഘോഷങ്ങളുടെ ഭാഗമായി `വിശ്വാസോത്സവ്‌ 2012' സംഘടിപ്പിച്ചു.

സ്‌കോട്ട്‌ ഡെയിലിലെ മൗണ്ടന്‍വ്യൂ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറിയ വിവിധ കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്‌ഘാടനം വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ നിര്‍വഹിച്ചു. പൂര്‍വ്വികരില്‍ നിന്നും തലമുറകളായി കൈമാറിപ്പോരുന്ന വിശ്വാസദീപ്‌തി ഒളിമങ്ങാതെ വരുംതലമുറയിലേക്ക്‌ കൈമാറുകയെന്ന ഗൗരവകരമായ ഉത്തരവാദിത്വം വിശ്വാസപരിശീലന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സണ്‍ഡേ സ്‌കൂളുകള്‍ ഏറ്റെടുക്കണമെന്ന്‌ ഉദ്‌ഘാടന സമ്മേളനത്തില്‍ അച്ചന്‍ പറഞ്ഞു.

നൂതന സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ പുതിയ ലോകത്തിന്‌ ക്രൈസ്‌തവമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും, ക്രൈസ്‌തവ ദര്‍ശനങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പരിപാടികള്‍ സംഘടിപ്പിച്ചത്‌. വിവിധ നൃത്ത-സംഗീത പരിപാടികള്‍, ലഘുനാടകങ്ങള്‍ എന്നിവ തികച്ചും ക്രൈസ്‌തവ പ്രമേയങ്ങളിലധിഷ്‌ഠിതവും ഉന്നത നിലവാരം പുലര്‍ത്തുന്നവയുമായിരുന്നു.

വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകളും ട്രോഫികളും സമ്മേളനത്തില്‍ വിതരണം ചെയ്‌തു. 2011-12 അക്കാഡമിക്‌ വര്‍ഷത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ ബൈബിള്‍ പഠന പദ്ധതിയില്‍ പങ്കെടുത്ത്‌ വിജയികളായവര്‍ക്കുള്ള പ്രത്യേക കാഷ്‌ അവാര്‍ഡുകള്‍ എഡ്വിന്‍ ജോസ്‌, അരുണ്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ പങ്കിട്ടു. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുഷാ സെബി എന്നിവര്‍ അടങ്ങുന്ന അധ്യാപക സമിതിയാണ്‌ പരിപാടികള്‍ വിജയിപ്പിക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.
ഫീനിക്‌സ്‌ ഹോളിഫാമിലിയില്‍ `വിശ്വാസോത്സവ്‌ 2012' സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക