Image

കാഴ്ച (കഥ: റോസ് ജോർജ്)

Published on 16 June, 2020
കാഴ്ച (കഥ: റോസ് ജോർജ്)
ചാറ്റൽമഴ വകവെക്കാതെ പുറത്തിറങ്ങാനൊരുങ്ങിയപ്പോൾ തടസ്സങ്ങൾ ഒന്നും അവളെ ബാധിച്ചതേ ഇല്ല .അത്രമാത്രം ദൃഢനിശ്ചയത്തോടെയാണ് തന്നെ പുനഃസൃഷ്ടിക്കാൻ രാധ ഇറങ്ങിത്തിരിച്ചത് .നിറയെ പൂക്കൾ വിതറിയ അയഞ്ഞ കോട്ടൺ കുർത്തിയും ഇളം നിറത്തിലുള്ള പാന്റും ധരിച്ചു പടികളിറങ്ങി കുട നിവർത്തിയുള്ള ആ പോക്കുകാണാൻ വീട്ടിലുള്ളവർ ബാൽക്കണിയിൽ അപ്പോഴേക്കും എത്തിയിരുന്നു .ഗേറ്റിലെ കാവൽക്കാരനും അങ്ങനെ ഒരു അപൂർവ്വകാഴ്ച കാണാൻ അവളെ എത്തിനോക്കി .
മുന്നോട്ടുള്ള വഴികളിൽ മഴ ശക്തികൂടിക്കൊണ്ടിരുന്നു .കൂടെ വരാമെന്നു പറഞ്ഞിരുന്നവരെയെല്ലാം തന്ത്രപൂർവം ഒഴിവാക്കിയുള്ള ഈ നടത്തം കുറെയധികം ചോദ്യങ്ങൾ തന്നോടുതന്നെ ചോദിക്കാനും അവക്ക്‌ ആലോചിച്ചു ഉത്തരം കണ്ടെത്താനുമുള്ളതാണ് .

രാധക്കിതു ജീവിതത്തിന്റെ നട്ടുച്ചയെന്നു എനിക്ക് പറയാമോ .ഉദയാസ്തമയങ്ങളും ഭാവിഭൂതങ്ങളും ഉറപ്പിച്ചു പറയാൻ ഞാൻ ആരാണ് . ഒന്നെനിക്കറിയാം അവൾ ജീവിക്കുന്ന ഇന്നിൽ വരൾച്ചയുടെ ഉഷ്ണക്കാറ്റ് വീശുന്നുണ്ട് . അത് പരിഹരിക്കാനാവുമോ ഈ പുറപ്പാട് . അത് എങ്ങനെ എന്നുള്ള കൗതുകകണ്ണുമായാണ് നിങ്ങളെപ്പോലെ ഞാനും അവളിൽ സഞ്ചരിക്കുന്നത് .

പടികൾ കയറി രണ്ടാം നിലയിലെ കോറിഡോറിലൂടെ ഇടത്തെ വശത്തേക്ക് . നിശ്ചിത അകലത്തിൽ പ്രതിമകളെപോലെ അഞ്ചോ ആറോ പേർ നേരത്തെ വന്നിരുപ്പുണ്ട് .അവളും അവരിലൊരാളായി .

എന്താണ് തന്റെ പ്രശ്നം . രാധ തന്നോടുതന്നെ ചോദിക്കുന്നതുകേട്ടു ഞാൻ ചിരിയടക്കാൻ പാടുപെട്ടു . അനുവാദമില്ലാതെ പരകായപ്രവേശം നടത്തിയതിനും കാര്യങ്ങൾ ഓരോന്നും ലൈവ് ആയി നിങ്ങളിലേക്ക് എത്തിക്കുന്നതിലും ഒക്കെ മനഃസാക്ഷിയും കുറ്റപ്പെടുത്തി തുടങ്ങിയിരിക്കുന്നു .

ദാ , അവൾ പ്രശ്നങ്ങൾ ഓരോന്നായി നിരത്തിവച്ചിരിക്കുന്നു . സൂചിയും നൂലും കോർക്കാൻ പറ്റുന്നില്ലാത്തതിനാൽ മൽമൽ കൈലേസുകളുടെ അറ്റം ഭംഗിയായി ഉരുട്ടിത്തയ്ക്കാൻ ആവുന്നില്ലത്രെ . പത്രമാസികകൾ നിവർത്തിയ ഉടൻ തന്നെ കൂടുതൽ മെച്ചമായ വായനാനുഭവത്തിനായി മടക്കി കൂട്ടിവച്ചിരിക്കുന്നു ,ഇടക്കൊക്കെ എത്തിനോക്കുന്ന ഇടങ്ങളിലെ സേവ്ഡ് ഐറ്റംസ് നിറഞ്ഞുകവിഞ്ഞിരിക്കുന്നു , പിന്നെ പഞ്ചസാരപ്പാത്രത്തിലെ കുഞ്ഞൻ ഉറുമ്പും ,തിരിച്ചും മറിച്ചും ഇടുന്ന വേഷങ്ങളും .മൊത്തത്തിൽ തൃപ്തിയില്ല .കൂടുതൽ ഇഷ്ടപെടുന്ന മേഖലകളിലൊക്കെ മുന്നോട്ടുപോകാനാവാതെ ഒരു വിതുമ്പൽ .

ടോക്കൺ വിളിച്ചപ്പോൾ കൈലേസുകൊണ്ടു കണ്ണുതുടച്ചു രാധ ഒപ്‌റ്റോമെട്രിസ്റ് എന്നെഴുതിയ റൂമിലോട്ടു കയറി .

ചുറുചുറുക്കുള്ള കണ്ണുപരിശോധനക്കാരിക്ക് തന്നെ വിട്ടുകൊടുത്തു പൊക്കമുള്ള വലിയ കസേരയിൽ ഇരുന്നു കൈകൾ മടിയിൽ വച്ചു ഭിത്തിയിലെ അക്ഷരനിരകൾ രാധ ഒന്നൊന്നായി വായിച്ചുതുടങ്ങി

യ ര
ഡ ക ര
ല ന പ ഭ

ചുവരിലെ അഞ്ചാമത്തേയും ആറാമത്തെയും അക്ഷരനിരകൾ അവൾക്കു ബുദ്ധിമുട്ടായി തുടങ്ങിയിരിക്കുന്നു . കറുത്തകട്ടിയുള്ള ഫ്രെയിമിൽ അടുക്കിവെച്ചിരിക്കുന്ന ഗ്ലാസ്സുകൾ ഓരോന്നായി കയറിയിറങ്ങി .

"ഇത് എങ്ങനെ ഉണ്ട് "

"വായിക്കാൻ പറ്റുന്നുണ്ട് "

""അപ്പോൾ ഇതോ ""

"ആദ്യത്തേതാണ് കൂടുതൽ മെച്ചം "

""ഇതാണോ ആദ്യത്തേതാണോ നല്ലത് ""

"ഇതാണ്

"അപ്പോൾ ഇതോ

അതാണോ ഇതാണോ നല്ലത്

രാവിലെ തിരിച്ചിട്ടു മറിച്ചിട്ടു നെയ്യിട്ടു കുട്ടിക്ക് കൊടുത്ത ദോശ , കുട്ടിക്കാലത്തെ ഒളിച്ചേ കണ്ടേ , ആ കൈയിൽ ഒക്കാക്കോ ,ഈ കൈയിൽ ഒക്കാക്കോ .....

"ആകെ കുഴങ്ങുന്നല്ലോ , സഹോദരി "അല്പം സാവകാശം നിർത്തി നിർത്തി ചോദിച്ചു എന്നെ ഒന്ന് സഹായിക്കാമോ "

തന്നെ പുനഃസൃഷ്ടിക്കാൻ ഉറച്ച തീരുമാനമെടുത്ത അവളുടെ വിനയമുള്ള അഭ്യർത്ഥനയിൽ ഞാനും പരിശോധകയും മയങ്ങിവീണു .

ഒപ്‌റ്റോമെട്രിസ്റ് നിറപുഞ്ചിരിയോടെ അതിലേറെ നിറവോടെ അവളുടെ കാഴ്ചയുടെ ഭൂപ്രദേശങ്ങൾ അവൾക്കു മുന്നിൽ നിരത്തി .സമതലങ്ങളും , മലമടക്കുകളും നീലജലാശയവും അതിലുണ്ടായിരുന്നു . ആ വലിയകണ്ണുകളെ സൂര്യവെളിച്ചവും ചന്ദ്രനിലാവും തഴുകിത്തലോടി .അവക്ക്‌ പാർക്കാനും പകർത്താനും ഏറ്റവും അനുയോജ്യമായ മേഖലകൾ അവർ കണ്ടെത്തി . അടുത്തും ദൂരെയുമായി ഇഴുകിച്ചേർന്നു നിജപ്പെടുത്തിയ അതിന്റെ അളവുകൾ കുറിപ്പടിയായി അവൾ കൈപറ്റി .അവൾ ഒരു സത്യാനേഷിയെപ്പോലെ എനിക്കുതോന്നി . കാഴ്ച്ചയിൽ രാധ തേടിയതും അതായിരുന്നു .

ഇപ്പോഴും കണ്ണാടിക്കടയിലെ തിരഞ്ഞെടുപ്പിൽ ഞാനുമുണ്ട് രാധയുടെകൂടെ .അവളുടെ പുനസൃഷ്ഠിക്കുള്ള ആദ്യയജ്ഞത്തിൽ അദൃശ്യമായ സാന്നിദ്യം കൊണ്ടു അർത്ഥം കൊടുത്തുകൊണ്ടിരിക്കെ അധിനിവേശപ്രദേശങ്ങളിൽ നിന്നു കൂടുതൽ നാണയങ്ങൾ കൊടുത്തു വായനയുടെ ഭൂമിക അവൾ സ്വന്തമാക്കി .

പുറത്തു ശക്തമായി പെയ്യുന്ന മഴയത്തും അകത്തെ ഉഷ്ണക്കാറ്റേറ്റു വിമ്മിഷ്ടപെടുന്ന തന്റെ ശരീരത്തിന്റെ വിമ്മിഷ്ടങ്ങളെയും മനസ്സിന്റെ വ്യാകുലതകളെയും നീക്കാൻ രാധയുടെ ലോകത്തിൽ വായനയുടെ വാതായങ്ങളും ജനാലകളും അപ്പോഴേക്കും തുറക്കപ്പെട്ടിരുന്നു .കുറ്റമറ്റ കണ്ണുകളോടെ അവൾ തെളിഞ്ഞ ആകാശത്തിലെയും മഴതോർന്ന ഭൂമിയിലെയും വിസ്മയങ്ങൾ സ്വന്തമാക്കി തിരിച്ചു നടന്നു .
കാഴ്ച (കഥ: റോസ് ജോർജ്)
Join WhatsApp News
Monichan (Youtube channel: Focusvienna) 2020-06-18 08:49:20
Wonderful writing, Rose. Best wishes. Monichan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക