Image

ന്യു യോര്‍ക്കില്‍ കുറയുമ്പോള്‍ കോവിഡ് മറ്റു ചില സ്റ്റേറ്റുകളില്‍ വ്യാപകമാകുന്നു (റൗണ്ട് അപ്പ്)

Published on 16 June, 2020
ന്യു യോര്‍ക്കില്‍ കുറയുമ്പോള്‍ കോവിഡ് മറ്റു ചില സ്റ്റേറ്റുകളില്‍ വ്യാപകമാകുന്നു (റൗണ്ട് അപ്പ്)

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ന്യു യോര്‍ക്കില്‍ മരണ സംഖ്യയും പുതിയ രോഗികളുടെയും എണ്ണവും ഗണ്യമായി കുറഞ്ഞപ്പോള്‍ മറ്റു സ്റ്റേറ്റുകളില്‍ രോഗികളുടെ എണ്ണവും മരണവും കൂടുന്നത് ആശങ്കയായി.

ചൊവ്വാഴ്ച വൈകിട്ട് 6:30 വരെയുള്ള വേള്‍ഡോ മീറ്റര്‍ കണക്കു പ്രകാരം അമേരിക്കയില്‍ ഇന്നലെ മരണം 808. പുതുതായി രോഗം ബാധിച്ചവര്‍ 23,800-ല്‍ പരം.

കാലിഫോര്‍ണിയയില്‍ 79 മരണവും 3062 പേര്‍ക്ക് രോഗബാധയും. ടെക്‌സസില്‍ 45 മരണവും 3700-ല്‍ പരം പേര്‍ക്കു രോഗഗബാധയും. ഫ്‌ലോറിഡയ്ല്‍ മരണം 55. പുതിയ രോഗികള്‍ 2700-ല്‍ പരം. അരിസോണയില്‍ മരിച്ചത് 25 പേര്‍. രോഗം ബാധിച്ചവര്‍ 2300-ല്‍ പരം.

മറ്റു സ്റ്റേറ്റുകളിലെല്ലാം രോഗബാധിതര്‍ 1000-ല്‍ താഴെയാണ്.

ന്യു യോര്‍ക്കില്‍ തിങ്കളാഴ്ച 24 പേരാണു മരിച്ചതെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അറിയിച്ചു. പ്രതിദിനം 800 വരെ വന്നതില്‍ നിന്നാണു ഈ പടിയിറക്കം. ആശുപത്രികളില്‍ ഇനി 1500-ല്‍ പരം പേര്‍ ചികില്‍സയിലുണ്ട്

സ്റ്റേറ്റില്‍ മുപ്പത് ലക്ഷം പേര്‍ക്ക് ടെസ്റ്റ് നടത്തി. ലോകത്തൊരിടത്തും ഇത്രയധികം പേര്‍ക്ക് ടെസ്റ്റ് നടത്തിയിട്ടില്ല. തിങ്കളാഴ്ച 60,000-ല്‍ പരം പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ 631 പേര്‍ക്കാണു രോഗബാധ കണ്ടത്. ഒരു ശതമാനം മാത്രം.

സ്ഥിതി മെച്ചപ്പെട്ടതിനാല്‍ ഓഗസ്റ്റില്‍ ക്വീന്‍സില്‍ യു.എസ്. ഓപ്പണ്‍ നടത്തും. പക്ഷെ കാണികളെ പ്രവേശിപ്പിക്കില്ല.

ഹോസ്പിറ്റലുകളില്‍ വിസിറ്റേഴ്‌സിനെ അനുവദിക്കും.

ഇതേ സമയം ബ്രൂക്ക്‌ലിനില്‍ പാര്‍ക്കുകള്‍ തുറക്കാത്തതില്‍ പ്രതിഷേധിച്ച് ഹസിഡിക് യഹൂദര്‍ പാര്‍ക്കിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി. സ്റ്റേറ്റ് അസംബ്ലി അംഗവും അതിനെ അനുകൂലിച്ചു. സിറ്റി അധിക്രുതര്‍ പ്രതികരിച്ചിട്ടില്ല.

ന്യു ജെഴ്‌സിയില്‍ 51 പേര്‍ മരിച്ചു. 470 പേര്‍ക്ക് രോഗം കണ്ടെത്തിയതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു.
കോവിഡ് മൂലമുള്ള സാമ്പത്തിക ഞെരുക്കത്തില്‍ നിന്നു കര കയറാന്‍ 7500 മെഗാവാട്ട് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന വിന്‍ഡ് ഫാം തുടങ്ങുമെന്നു ഗവര്‍ണര്‍ അറിയിച്ചു

സ്റ്റെറോയിഡ് ഗുണകരം

വിപണിയില്‍ വ്യാപകമായി ലഭ്യമായ ഡെക്‌സാമെതസോണ്‍ എന്ന സ്റ്റെറോയിഡ്, കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഏറെ പ്രയോജനപ്പെടുന്നതായി പഠനം. വെന്റ്‌ലേറ്ററോ ഓക്‌സിജനോ ആവശ്യമായ ഗുരുതര രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ മരണ നിരക്ക് കുറക്കാനായതായാണ് കണ്ടെത്തല്‍.

വെന്റ്‌ലേറ്ററിലുള്ള രോഗികളില്‍ പകുതി മരിക്കുന്നതായാണ് കണക്ക്. ഡെക്‌സാമെതസോണ്‍ പരീക്ഷിച്ചപ്പോള്‍ മരണ മരണനിരക്ക് മൂന്നില്‍ ഒന്നായി കുറഞ്ഞു. ബ്രിട്ടനില്‍ 5000 പേരെയെങ്കിലും ഈ മരുന്ന് കൊണ്ട് രക്ഷിക്കാനായതാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടനില്‍ രോഗവ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ ഡെക്‌സമെതസോണ്‍ ഉപയോഗിക്കുന്നുണ്ട്.

കോവിഡ് ബാധിക്കുന്ന 20 ആളുകളില്‍ 19 പേര്‍ക്കും ആശുപത്രി ചികിത്സ ആവശ്യമില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരില്‍ ഏറെയും അധികം സങ്കീര്‍ണതകള്‍ ഇല്ലാതെ തന്നെ രോഗം മറികടക്കുന്നു. ശേഷിക്കുന്ന ചെറിയ വിഭാഗത്തിനാണ് ഓക്‌സിജന്‍, വെന്റ്‌ലേറ്റര്‍ സഹായങ്ങള്‍ ആവശ്യമായി വരുന്നത്. ഇവര്‍ക്കാണ് ഡെക്‌സാമെതസോണ്‍ ചികിത്സ പ്രയോജനപ്പെടുന്നത്. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഡെക്‌സമെതസോണ്‍ ചികിത്സ ആവശ്യമില്ലെന്നും ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു.

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. ആശുപത്രികളില്‍ ചികിത്സയിലുള്ള 2000 കോവിഡ് രോഗികള്‍ക്ക് ഡെക്‌സാമെതസോണ്‍ നല്‍കിയതിന്റെ ഫലവും ഈ മരുന്ന് നല്‍കാത്ത മറ്റു 4000 കോവിഡ് രോഗികളുടെ രോഗാവസ്ഥയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്.

കോവിഡ് മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞ ഏക മരുന്ന് ഡെക്‌സാമെതസോണാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറയുന്നു.

സന്ധിവാതം, ആസ്തമ എന്നിവക്കാണ് പ്രധാനമായും ഈ സ്റ്റിറോയിഡ് ഉപയോഗിക്കുന്നത്്്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍, റെംഡിസിവിര്‍ എന്നിവയെല്ലാം കോവിഡ് ചികിത്സക്ക് പലയിടങ്ങളിലും ഉപയോഗിക്കുന്നു്. എന്നാല്‍, ആ മരുന്നുകളൊന്നും മരണനിരക്ക് കുറക്കുന്നതില്‍ വിജയിച്ചിട്ടില്ലെന്ന് ഓക്‌സ്‌ഫോഡിലെ ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു.

ചിലവ് കുറഞ്ഞ ഡെക്‌സാമെതസോണിന് മരണനിരക്ക് കുറക്കാനാകുന്നത് ദരിദ്ര രാജ്യങ്ങളില്‍ രോഗത്തിന്റെ ആഘാതം കുറക്കാന്‍ സഹായിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക