Image

കൊറോണ വാക്‌സിന്‍ വാങ്ങാന്‍ നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടു

Published on 16 June, 2020
 കൊറോണ വാക്‌സിന്‍ വാങ്ങാന്‍ നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടു


ബര്‍ലിന്‍: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വാങ്ങാന്‍ നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്‍കൂര്‍ കരാറില്‍ ഒപ്പുവച്ചു. ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന വാക്‌സിനുകള്‍ ഉപയോഗത്തിലാകുന്ന മുറയ്ക്ക് 300 മില്യണ്‍ ഡോസുകള്‍ വാങ്ങാനാണ് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ കരാറിലെത്തിയിരിക്കുന്നത്.

മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ഈ കരാറില്‍ പങ്കാളികളാകാന്‍ സൗകര്യം ലഭിക്കും. മരുന്ന് നിര്‍മാണ കന്പനിയായ അസ്ട്രാസെനക്കയുമായാണ് കരാര്‍.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി വാക്‌സിന്‍ വീതിച്ചു നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇതു ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

വിവിധ ലോക രാജ്യങ്ങള്‍ ഇതിനകം വാക്‌സിന്റെ ലഭ്യത ഉറപ്പാക്കിക്കഴിഞ്ഞു. എന്നാല്‍, യൂറോപ്പ് ഇപ്പോള്‍ മാത്രമാണ് ഇതിലേക്ക് ഒരു ചുവട് വച്ചിരിക്കുന്നതെന്ന് ജര്‍മന്‍ ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍ ചൂണ്ടിക്കാട്ടി.

കോവിഡിനെതിരായ വാക്‌സിനുകള്‍ സംബന്ധിച്ച് മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ കന്പനികളുമായി ചര്‍ച്ച നടത്തുകയാണെന്നും വാക്‌സിനേഷന്‍ സഖ്യത്തെ ഉദ്ധരിച്ചുകൊണ്ട് ജര്‍മന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ ഭരണസമിതിക്ക് അത്തരം വാങ്ങലുകള്‍ നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകളില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുന്‍കൂര്‍ വാങ്ങല്‍ കരാറുകളെ അനുകൂലിച്ച് യൂറോപ്യന്‍ കമ്മീഷന്‍ വെള്ളിയാഴ്ച വ്യക്തത വരുത്തിയിരുന്നു.

സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിഇയര്‍ ടൈംലൈനിനു പകരം 12 മുതല്‍ 18 മാസം വരെ റിക്കാര്‍ഡ് സമയത്ത് കോവിഡ് 19 നു വാക്‌സിന്‍ കണ്ടെത്താന്‍ ലബോറട്ടറികള്‍ പോരാടുന്‌പോള്‍ ഉല്‍പാദനത്തില്‍ മുന്‍കൂര്‍ പേയ്‌മെന്റുകള്‍ ശക്തമായ നിക്ഷേപമാണ് ഉണ്ടാക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയ്‌ക്കൊപ്പം വികസിപ്പിച്ചെടുത്ത അസ്ട്രസെനെക്കയില്‍ നിന്നുള്ള വാക്‌സിന്‍ നിലവില്‍ ക്ലിനിക്കല്‍ മൂല്യനിര്‍ണയ ഘട്ടത്തിലെ ഒരുപിടി വാക്‌സിനുകളില്‍ ഒന്നാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഒരു കൂട്ടം അംഗരാജ്യങ്ങളുടെ ദ്രുതഗതിയിലുള്ള ഏകോപിത നടപടി ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും കൂടുതല്‍ മൂല്യം സൃഷ്ടിക്കും. കമ്മീഷനുമായി ചേര്‍ന്ന്, ഭാവിയില്‍ ചര്‍ച്ചകളില്‍ കൂടുതല്‍ വേഗത്തിലും ശക്തമായും മാറുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. 2020 അവസാനത്തോടെ വാക്‌സിന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് സഖ്യം അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക