Image

മെയ്മാസത്തില്‍ ബൈഡന്‍ 80 മില്യന്‍ ഡോളര്‍ ശേഖരിച്ചു (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 16 June, 2020
മെയ്മാസത്തില്‍ ബൈഡന്‍ 80 മില്യന്‍ ഡോളര്‍ ശേഖരിച്ചു  (ഏബ്രഹാം തോമസ് )
 മെയ് മാസത്തില്‍ മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡനും ഡെമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റിയും ചേര്‍ന്ന് സംയുക്തമായി ബൈഡന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് 80.1 മില്യന്‍ ഡോളര്‍ ശേഖറിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നു. ഇതില്‍ ഏപ്രില്‍ മാസത്തില്‍ ശേഖരിച്ച 60.5 മില്യന്‍ ഡോളറിനെക്കാള്‍ കൂടുതലാണ്. 2020 ന്റെ ആദ്യ ത്രൈമാസത്തില്‍  ബൈഡന്റെ പ്രചരണവിഭാഗം 74 മില്യന്‍ ഡോളര്‍ മാത്രമായിരുന്നു ശേഖരിച്ചത്. ദാതാക്കളില്‍ പകുതിയിലധികവും ആദ്യമായാണ് സംഭാവന നല്‍കിയതെന്ന് ബൈഡന്‍ പറഞ്ഞു. ചെറിയ സംഭാവന നല്‍കുന്നവര്‍ ഫെബ്രുവിരിക്ക് ശേഷം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.

ജൂണിലെ ആദ്യ രണ്ടാഴ്ച മാത്രം പുതിയ 15 ലക്ഷം ദാതാക്കളെ കൊണ്ടു വന്നിട്ടുണ്ടെന്ന് ബൈഡന്‍ ക്യാമ്പ് പറഞ്ഞു. ഇന്‍പേഴ്‌സണ്‍ ദാതാക്കളെപോലെ വെര്‍ച്വല്‍ ദാതാക്കള്‍ കൈ അയച്ച് സംഭാവന നല്‍കില്ല എന്ന വാദവും കണക്കുകള്‍ തിരുത്തിക്കുറിച്ചു എന്നും അനുയായികള്‍ പറഞ്ഞു. വെര്‍ച്വല്‍ ദാതാക്കളെമാത്രം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആശ്രയിക്കേണ്ടി വന്നതിനാല്‍ സമീപനം കൂടുതല്‍ 'ക്രിയാത്മകമായാണ്.' നടത്തുന്നത്. കുക്കിംഗ്, യോഗാ ക്ലാസുകളും താഴേക്കിടയിലുള്ളവരെ നേരില്‍ കണ്ടും സംഭാവന സ്വീകരിക്കുന്നു. പീറ്റ് ബട്ടീജുമായി കഴിഞ്ഞയാഴ്ച ബൈഡന്‍ നടത്തിയ ഫണ്ട് റെയ്‌സിംഗില്‍  1 മില്യന്‍ ഡോളറില്‍ കൂടുതല്‍ നേടി. എലിസബെത്ത് വാറനുമൊപ്പമാണ് അടുത്ത ഫണ്ട് റെയ്‌സിംഗ്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് തന്റെ ഫണ്ട് റെയ്‌സിംഗ് ശ്രമങ്ങള്‍ പുനരാരംഭിച്ചു. നാല് ദിവസം നീണ്ടുനിന്ന ഡിജിറ്റല്‍ ഫണ്ട് കളക്ഷനില്‍ ട്രമ്പ് 27 മില്യന്‍ ഡോളര്‍ ശേഖരിച്ചു. തിരഞ്ഞെടുപ്പിന് കേവലം നാലരമാസം മാത്രം ശേഷിക്കുമ്പോള്‍ ട്രമ്പിന്റെ ജോബ് അപ്രൂവല്‍ റേറ്റിംഗ് 42% ആയി കുറഞ്ഞിരിക്കുകയാണ്. ബൈഡനുമായി തട്ടിച്ചു നോക്കുമ്പോള്‍ ജനപ്രിയത 8 പോയിന്റ് കുറവാണ്. ട്രമ്പ് അപകട മേഖലയിലാണെന്ന് ചില നിരീക്ഷകര്‍  പറയുന്നു. എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ട്രമ്പിന് പുത്തരിയല്ല. 2016 ല്‍ വിജയിച്ചത് അത്തരമൊരു ഘട്ടം തരണം ചെയ്താണ്. ചരിത്രം പരിശോധിച്ചാല്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ചില മുന്‍പ്രസിഡന്റുമാര്‍ ഈ പ്രതിസന്ധികള്‍ നേരിട്ടതായി കാണാം. 1984 ല്‍ റൊണാള്‍ഡ് റീഗന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്് 55% അപ്രൂവല്‍  റേറ്റിംഗുമായാണ്. റീഗന്‍ 49 സംസ്ഥാനങ്ങളിലും വലിയ വിജയം നേടി. ബില്‍ക്ലിന്റണ്‍ 1996 ല്‍ 58% ജോബ് റേറ്റിംഗുമായി 379 ഇലക്ടൊറല്‍ വോട്ടുകള്‍ നേടി.

2004ല്‍ ജോര്‍ജ് ഡബ്‌ളിയു ബുഷും 2012 ബരാക്ക് ഒബാമയും സ്വന്തം ബലത്തില്‍ തിരഞ്ഞെടുപ്പുകള്‍ വിജയിച്ചു. 2004ല്‍ ബുഷിന്റെ അപ്രൂവല്‍ റേറ്റിംഗ് 47% വും 2012 ല്‍ ഒബാമയുടേത് 48% വും ആയിരുന്നു. ഒബാമ 51% വോട്ടുകള്‍ നേടി വിജയിക്കുവാന്‍ കാരണമായത് മിറ്റ് റോംനിയുടെ ദുര്‍ബല സ്ഥാനാര്‍ത്ഥിത്വമായിരുന്നു.

1980 ല്‍ ജിമ്മികാര്‍ട്ടറും 1992ല്‍ ജോര്‍ജ് എച്ച് ഡബ്‌ളിയും ബുഷും പരാജയപ്പെടാന്‍ കാരണമായത് താഴുന്ന അപ്രൂവല്‍ റേറ്റായിരുന്നു. 1980 ജൂണില്‍ കാര്‍ട്ടറുടേത് 38% ശതമാനമായിരുന്നു. ഇത് പിന്നീട് കൂടുതല്‍ താണു. തിരഞ്ഞെടുപ്പില്‍ ആറ് സംസ്ഥാനങ്ങളില്‍ മാത്രം വിജയിക്കുവാനേ കാര്‍ട്ടര്‍ക്ക് കഴിഞ്ഞുള്ളൂ. ബുഷ് സീനിയറിന്റെ നമ്പരും 1992 ജൂണില്‍ 37% ആയിരുന്നു. ഒരു വര്‍ഷം മുമ്പ് ഗള്‍ഫ് യുദ്ധത്തിന് ശേഷം 90% വരെ ഉയര്‍ന്നു നിന്ന ഗ്രാഫാണ് മുറയ്ക്ക് താഴ്ന്നതും പിന്നെ കരകയറാതെ ഇരുന്നതും. കാരണം പ്രധാനമായും തകരുന്ന സാമ്പത്തികാവസ്ഥയായിരുന്നു. ബുഷ് 38% വോട്ടു നേടി-80 വര്‍ഷത്തിനുള്ളില്‍ രണ്ടാമൂഴത്തിന് ശ്രമിക്കുന്ന ഒരു പ്രസിഡന്റിന്റെ ഏറ്റവും മോശം പ്രകടനം.

ഇപ്പോള്‍ ട്രമ്പിന്റെ ശരാശരി അപ്രൂവല്‍ റേറ്റിംഗ് 42% ആണ്. സ്വന്തം ബലത്തില്‍ വിജയിക്കുവാന്‍ ഇത് പോരാ. 1980 ലെ കാര്‍ട്ടറുടെയോ 1992 ലെ ബുഷ് സീനിയറിന്റെയോ അത്രയും മോശമല്ല തന്റെ അവസ്ഥ എന്ന കാര്യത്തില്‍ ട്രമ്പിന് ആശ്വസിക്കാം.

മെയ്മാസത്തില്‍ ബൈഡന്‍ 80 മില്യന്‍ ഡോളര്‍ ശേഖരിച്ചു  (ഏബ്രഹാം തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക