Image

അമര സല്ലാപം കൊണ്ട്, മതഭിത്തികള്‍ ഭേദിച്ച ക്രിസ്തീയ പുരോഹിതന്‍

കോരസണ്‍ വര്‍ഗീസ് Published on 29 May, 2012
അമര സല്ലാപം കൊണ്ട്, മതഭിത്തികള്‍ ഭേദിച്ച ക്രിസ്തീയ പുരോഹിതന്‍
രണ്ടു വാക്കുകള്‍ ചേരുമ്പോള്‍ ഒരു നക്ഷത്രം ജനിക്കുന്നു എന്നു പറയാറുണ്ട്. എന്നാല്‍ വാക്കുകള്‍ക്കിടയിലെ നിശ്ശബ്ദതയിലും നക്ഷത്രങ്ങള്‍ ജനിക്കുന്നു എന്നു തെളിയിച്ചതാണ് ഫാ. ഡോ. എം.പി. ജോര്‍ജിന്റെ സംഗീത തപസ്സ്ചര്യ. വിശ്വാസികള്‍ക്കു വേണ്ടി ദൈവ തിരുസന്നിധിയില്‍ കര്‍മ്മധൂപമനുഷ്ഠിക്കുന്ന പൗരോഹിത്യ ദൗത്യത്തിനു പുറമേ, സമസ്ഥ ലോകത്തിനു വേണ്ടിയും സര്‍വ്വേശ്വരനോട് സംഗീത ഉപാസന നിവേദിക്കുന്ന മഹാദൗത്യവും ഏറ്റെടുത്ത് വിശ്വമാനവികതക്ക് കൈത്തിരിയായി മാറുകയാണ്, ഈ വൈദികന്‍ .
പാമ്പാക്കുടയിലെ തനി യാഥാസ്ഥിക/ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ പാരമ്പര്യവും, കോനാട്ട് ഏബ്രഹാം മല്‍ പാനച്ചന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച സുറിയാനി സംഗീത പാഠങ്ങളില്‍ നിന്നു തുടങ്ങി, കോട്ടയം തിരുനക്കര കലാക്ഷേത്ര നവരാത്രി മഹോത്സവത്തിനു, തായമ്പകത്തിന്റെയും, സരസ്വതീ വീണയുടെയും, മൃദംഗത്തിന്റേയും, സ്വര-രാഗ-താള-ലയങ്ങളില്‍, ഭക്തജന മദ്ധ്യത്തില്‍ എല്ലാ മറന്നു കര്‍ണ്ണാടക സംഗീതം അരങ്ങേറിയപ്പോള്‍, സംഗീതത്തിനു മത-ജാതി വ്യത്യാസമില്ല എന്നു ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു, ഈ പുരോഹിതന്‍. യേശുക്രിസ്തുവിന്റെ ഭാഷയായ അറമെക്കു ഭാരതവേദ ഭാഷയായ സംസ്‌കൃതവും, ദക്ഷിണേന്ത്യന്‍ സംഗീത ദേവരാഗമായ കര്‍ണ്ണാടക സംഗീതത്തില്‍ ചാലിച്ച്, പാശ്ചാത്യ സംഗീതത്തിന്റെ അടിസ്ഥാന ശിലകളില്‍ അളന്നെടുക്കാന്‍ കഠിന പ്രയത്‌നം ചെയ്ത വര്‍ഷങ്ങളുടെ കാത്തിരിപ്പാണ്, അഖില-ലോക സംഗീത സദസ്സുകള്‍ ഉയര്‍ന്ന പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിക്കുവാന്‍ അദ്ദേഹത്തെ യോഗ്യനാക്കിയത്.
ഭാഷയുടെ ഋജുവായ സ്വഭാവവും, സംഗീതത്തിന്റെ മുഖരിതവും, സൂചനീയത്വഭാവങ്ങള്‍ തുടിക്കുന്ന വശ്യതയും കൊണ്ട് സംഗീതത്തെ മനസ്സിലേറ്റാന്‍ ഈ ദൈവ-ഗായകന് കഴിയുന്നു എന്നത്, സംഗീത കച്ചേരികളിലെ വന്‍ജന സാന്നിദ്ധ്യം തെളിയിക്കുന്നു.
സംഗീത പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ല എന്നു നന്നെ ചെറുപ്പത്തില്‍ സംഗീതം അരോചകമായി തോന്നിയിരുന്നു എന്നും തുറന്നു പറയുന്ന അച്ചനു, കോട്ടയം പഴയസെമിനാരിയിലെ പരിശീല നാളുകളില്‍, അതിരാവിലെയുള്ള നമസ്‌ക്കാര ഗാനങ്ങളില്‍ സുറിയാനി സംഗീതത്തിന്റെ അലകള്‍ ഇടനെഞ്ചിലൂടെ പേമാരിയായി പെയ്തിറങ്ങുന്നത് ശ്രദ്ധിച്ച്, സെമിനാരി പ്രിന്‍സിപ്പലായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ, അഭിവന്ദ്യ: ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ്. കൂട്ടത്തില്‍, ജോര്‍ജ് ശെമ്മാശ്ശന്‍ പാടുമ്പോള്‍ ഗാനങ്ങള്‍ക്ക് പ്രത്യേക ബലം അനുഭവപ്പെടുന്നു എന്നു സാക്ഷ്യപ്പെടുത്തിയ സഹപാഠികളും. ബഹു: ഏബ്രഹാം കോനാട്ടച്ചന്റെ ശിക്ഷണത്തിലെ സുറിയാനി സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങള്‍, പുലര്‍ച്ചെ, തൊണ്ട തുറന്നു എല്ലാം മറന്നു ആലപിച്ചപ്പോള്‍-ദൈവഹിതം തിരിച്ചറിയപ്പെടുകയായിരുന്നു. തുടര്‍ന്നു സെമിനാരിയിലെ സുറിയാനി സംഗീതാദ്ധ്യാപകനായ ബഹു: കോരതു മല്‍പ്പാനില്‍ നിന്നും സുറിയാനി ഗീതങ്ങളിലെ വൈവിദ്ധ്യമാര്‍ന്ന സൂക്ഷ്മതലങ്ങള്‍ ശ്രദ്ധിച്ചു പഠിച്ചു. 1983 ല്‍ സെമിനാരിയില്‍ സുറിയാനി അദ്ധ്യാപകനായി ചേര്‍ന്നു.
സുറിയാനി രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ മലയാളം ആരാധനാ ഗാനങ്ങള്‍ ഏകീഭവിപ്പിക്കുവാന്‍, ക്രാന്തദൃഷ്ടിയോടെ, സെമിനാരി പ്രധാന അദ്ധ്യാപകന്‍ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നത് നല്ലതാണെന്ന് ജോര്‍ജച്ചനോടു ആവശ്യപ്പെടുകയും, കര്‍ണ്ണാടക സംഗീത അദ്ധ്യാപകനായ അമ്പിസ്വാമിയുടെ ശിക്ഷണത്തില്‍ പരിശീലനം ആരംഭിക്കുവാനുള്ള ക്രമീകരണവും ചെയ്തു. പുലര്‍ച്ചെ 4 മണിക്ക് തുടങ്ങുന്ന നമസ്‌ക്കാരങ്ങളും ഒപ്പം സ്വാധകവും വര്‍ഷങ്ങള്‍ പിന്നിട്ട് 1984 ല്‍ കോട്ടയം തിരുനക്കര- നവരാത്രി മണ്ഡപത്തില്‍ അരങ്ങേറി. 15-#ാ#ം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു കര്‍ണ്ണാടക സംഗീത ചക്രവര്‍ത്തിയായ പുരന്തരദാസിന്റെയം , കര്‍ണ്ണാടക സംഗീത ത്രയം എന്നു വിശേഷിപ്പിക്കുന്ന, ത്യാഗരാജന്‍ ദീഷിതര്‍, ശ്യാമശാസ്ത്രിയുടെയും സംഗീത-സാഗരം, ക്ഷേത്ര ആരാധനകളില്‍ പവിത്രമായി പരിരക്ഷിച്ചിരുന്നു. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ അടിസ്ഥാന ശിലയെന്നു വിശേഷിപ്പിക്കുന്നതാണ് സാമവേദം, പ്രകൃതിയിലെ പക്ഷി-മൃഗാദികളുടെ ശബ്ദനിരീക്ഷണത്തില്‍ നിന്നും, കടഞ്ഞെടുത്ത രാഗ-താളങ്ങള്‍, നാദബ്രഹ്മത്തില്‍ സന്നിവേശിപ്പിച്ച്, ദേവരാഗങ്ങളായി, രാജസദസ്സുകളിലേയ്ക്കും, ക്ഷേത്ര അങ്കണങ്ങളിലുമായി നൂറ്റാണ്ടുകള്‍ നിലനിന്നു. കര്‍ണാടക സംഗീതജ്ഞരെയും, കലാകാരന്മാരെയും രാജസദസ്സുകള്‍ വളരെ ആദരിച്ചിരുന്നു. സാധാരണക്കാരില്‍ നിന്നും വളരെ ദൂരെ അകത്തളത്തില്‍ ദിവ്യമായി-ശുദ്ധമായി നിലനിന്ന കര്‍ണാടക സംഗീതം മറ്റു ജാതി-മത-ദേശങ്ങള്‍ക്ക് അപ്രാപ്യമായിരുന്നു. കച്ചേരികള്‍ മത്സരവേദിയാണ്, അല്ലാതെ സംഗീത പരിപാടിയല്ല. മത്സരത്തിനു വിവിധ സംഗീതജ്ഞരും, മേളങ്ങളും . ദിവസങ്ങളോളം നടക്കുന്ന വൈവിധ്യമാര്‍ന്ന, ആലാപന അച്ചന്‍ വാചാലനായി. എല്ലാ വര്‍ഷവും കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രഭാരവാഹികള്‍ നടത്തുന്ന കര്‍ണ്ണാടക സംഗീത കച്ചേരിക്ക് അച്ചന്‍ സംഗീതാര്‍ച്ചന നടത്തുണ്ട്.
കൊലവെറിയും, ലജ്ജാവതിയും തുടങ്ങിയ തട്ടുപൊളി പാട്ടുകള്‍ നിലനില്‍ക്കില്ലെന്നും പ്രമദവനവും, ഹരിമുരളീരവും തുടങ്ങിയ ശുദ്ധസംഗീതം എന്നും ഇടംനേടുമെന്നും അച്ചന്‍ പറഞ്ഞു. ഇമ്പമായ രാഗങ്ങള്‍ മാത്രം ചേര്‍ന്നതല്ല യാഥാര്‍ത്ഥ സംഗീതമെന്നും അച്ചന്‍ അഭിപ്രായമുണ്ട്. പ്രകൃതിയിലെ വൈവിദ്ധ്യമാര്‍ന്ന ശബ്ദ തരംഗങ്ങള്‍ക്ക് ഒരു പ്രകൃതിദത്തമായ ഹാര്‍മണി നിലനില്‍ക്കുന്നു. അതാണ് ശ്രദ്ധിക്കേണ്ടത്. നെടുമുടിയിലൂടെ പോകുമ്പോള്‍ മാക്രികളുടെ സിംഫണി രസാവഹമാണെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. പൊടി മാക്രി, ചെറിയ മാക്രി, ഇടത്തരം മാക്രി, വലിയ മക്രികള്‍ ഇവയൊക്കെ പുറപ്പെടുവിക്കുന്ന ശബ്ദം ശ്രദ്ധിച്ചാല്‍ എവിടെയോ കോര്‍ത്തിണക്കാനാവുന്ന ഒരു കണ്ണി കാണാനാവും. പള്ളിയാരാധനയിലെ കൊയറിന്റെ സംഗീതവും അതുപോലെ വൈവിധ്യമാര്‍ന്ന സ്വരങ്ങള്‍ ചേര്‍ന്ന ഹാര്‍മണിയായാലേ പ്രകൃതിക്കിണങ്ങുന്ന സംഗീതമാകു പ്രകൃതിയുടെ ഹാര്‍മണിയാണ് ദൈവരാഗമായി രൂപാന്തരപ്പെടുന്നത്. ഒരു പക്ഷേ- വിസ്വരതയും ആവശ്യമായി തോന്നും. പ്രകൃതിയുടെ അത്യുജ്വലമായ ലയവ്യത്യാസത്തില്‍, തവളകരച്ചിലും, കുയിലിന്റെ സംഗീതവും, കാക്കയുടെയും ചീവീടിന്റെയും ശബ്ദവും, സിംഹ ഗര്‍ജ്ജനവും, വെള്ളച്ചാട്ടത്തിന്റെ മുഖരിതമായ ആരവവും, കാറ്റിലാടുന്ന ചില്ലകളുടെ കളഗാനവും എല്ലാം നിറഞ്ഞതല്ലേ-അതിന്റെ നിമഗധയില്‍ ലയിച്ചിരിക്കുന്നതാണ് ശുദ്ധ ആസ്വാദനം.
സംഗീത ആസ്വാദനവും, നാം ഇനിയും മനസ്സിലാക്കേണ്ട വിഷയമാണെന്നാണ് അച്ചന്റെ അഭിപ്രായം. രണ്ടു രാഗങ്ങളുടെ ഇടയിലേ നിശ്ശബ്തക്കു പോലും ഒരു പ്രകൃതിദത്തമായ ക്രമം നിലനില്‍ക്കുന്നു. നമ്മുടെ ഗാനമേളകള്‍ ശബ്ദമുഖരിതവും വലിയ ബോക്‌സുകളിലൂടെ അടിച്ചിളക്കി വിടുന്ന ബഹളത്തില്‍ സംഗീതം ആസ്വദിക്കാനാവില്ല. പാടുന്നവര്‍ക്കും, കേള്‍ക്കുന്നവര്‍ക്കും ഈ ബഹളമയത്തില്‍, സംഗീതം അപ്രാപ്യമാകുന്ന ദുഃഖസത്യമാണ് നമ്മുടെ സംഗീത മേളകള്‍. മദ്യം കുടുകുടെക്കുടിച്ച് എത്രയും വേഗം ബോധം നഷ്ടപ്പെടുന്ന മദ്യാപനരീതിയിലാണ് നമ്മുടെ സംഗീത ആസ്വാദനവും, തിരക്കിട്ട്, എത്രയും വേഗത്തില്‍ ഏത്രയും കൂടുതല്‍- എന്ന രീതി നാം മാറ്റേണ്ടിയിരിക്കുന്നു. ടെലിവിഷന്‍ പ്രോഗ്രാമിലെ സംഗീത മത്സരങ്ങള്‍ നമ്മുടെ സംഗീത ആസ്വാദശൈലി തന്നെ മാറ്റി മറിച്ചുകൊണ്ടിരിക്കയാണ്. ചിലര്‍ പാട്ടിനായി മാത്രം ജനിച്ച വരാണെന്ന ധാരണ മാറിക്കൊണ്ടിരിക്കുന്നു.
സംഗീതവും ആസ്വാദനവും പരിണാമത്തിലൂടെ കടന്നുപോകയാണ്. ചെറുപ്പത്തിലെ നേര്‍സറി പാട്ടുകളില്‍ നിന്നും, യൗവനത്തിലേ പ്രമേഗാനങ്ങളിലേക്കും, വാര്‍ദ്ധക്യത്തിലെ ശോകഗാനങ്ങളിലേക്കും നമ്മുടെ താല്‍പര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. അതുപോലെയായിരുന്നു ക്ഷേത്ര-അകത്തളങ്ങളിലെ കര്‍ണാടക സംഗീത സദസ്സുകള്‍ , ക്രിസ്ത്യന്‍ സംഗീത കച്ചേരികളിലേക്കുള്ള പരിണാമവും, അതിനു നിദാനമായ സാഹചര്യവും അച്ചന്‍ അനുസ്മരിച്ചു. 2007 ല്‍ മാര്‍ത്തോമ്മ വലിയ മെത്രപ്പോലീത്ത അഭിവന്ദ്യ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നവതി ആഘോഷത്തിന് തിരുവല്ലയില്‍ വച്ചു നടത്തപ്പെട്ട കച്ചേരിയാണ് ക്രിസ്ത്യന്‍ സംഗീതരീതിയില്‍ ക്രമപ്പെടുത്തിയ സുവിശേഷഗാനങ്ങള്‍ കീര്‍ത്തനങ്ങളായി കച്ചേരിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍, കര്‍ണ്ണാടക സംഗീതം അതിരുകള്‍ ഭേദിച്ചു, പുതിയ മാനങ്ങള്‍ നേടുകയായിരുന്നു. തുടര്‍ന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അനവധി ക്രിസ്ത്യന്‍ സംഗീതകച്ചേരികള്‍ നടത്തപ്പെട്ടു. വളരെ പഴയഗാനങ്ങള്‍, തില്ലാന-മംഗളങ്ങള്‍, പുതിയ ചേരുവകളിലൂടെ കര്‍ണാടക സംഗീത പരിവേഷം പ്രാപിച്ചപ്പോള്‍ അത്യന്തമായ അനുഭൂതിയാണുണ്ടായത്. സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ, പരമദയാലോ പാദം വന്ദനമേ, സിയോന്‍ പുരിയേ, കനാന്‍ നാടേ, തുടങ്ങിയ ഗാനങ്ങള്‍ മാസ്മരമായ അനുഭവങ്ങളായി പുനര്‍ജനിക്കപ്പെട്ടു.
അച്ചന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് 1984-ല്‍ സംഭവിച്ചു. സുറിയാനി സംഗീതത്തിലെ 8 രീതികള്‍ പാശ്ചാത്യസംഗീതത്തിന്റെ സംഗീത ക്രമങ്ങളുടെ രീതിയിലേക്ക് മാറ്റിക്കുറിക്കുവാന്‍, അന്നത്തെ സെമിനാരി പ്രിന്‍സിപ്പാള്‍ പൗലോസ് മാര്‍ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ജോര്‍ജച്ചനെ റഷ്യയിലേക്ക് അയക്കുന്നു. അവിടെ റഷ്യന്‍ ഭാഷ പഠിക്കയും, സെന്റ് പീറ്റര്‍സ് ബര്‍ഗിലെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് മ്യൂസിക്ക് അക്കാദമിയില്‍ നിന്ന് ഹാര്‍മണിയും കൊയര്‍ കണ്‍ണ്ടക്കന്‍ എന്ന വിഷയത്തില്‍ പ്രാവീണ്യം നേടി. സെന്റ് പീറ്റര്‍സ് ബര്‍ഗിലെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സംഗീത അക്കാദമിയിലെ വോണ്ടല്ലോ മൊണാണ എന്ന ഗുരുവിന്റെ ശിക്ഷണം സംഗീത ലോകത്തിലെ പുതിയ അനുഭവങ്ങള്‍ പ്രദാനം ചെയ്തു. 2000-ല്‍ പോളണ്ടില്‍ വച്ചു നടത്തപ്പെട്ട അന്തര്‍ദേശീയ കൊയര്‍ മത്സരത്തില്‍ ജോര്‍ജച്ചന്‍ നേതൃത്വം നല്‍കുന്ന "സുമോറ" കൊയറിലെ 25 സംഗീതജ്ഞര്‍ പങ്കെടുക്കയും പുരസ്‌ക്കാരം നേടുകയും ചെയ്തു. 2009 ല്‍ റഷ്യയിലെ ബലാറസില്‍ വച്ചു നടത്തപ്പെട്ട അന്തര്‍ദേശീയ സംഗീത മത്സരത്തില്‍ "സുമോറ" ഒന്നാം സ്ഥാനം നേടിയത് അച്ചന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണെന്ന് സ്മരിക്കുന്നു.
1988-ല്‍ പാശ്ചാത്യ സംഗീത സംലയനത്തെപ്പറ്റി പഠിക്കുവാന്‍ ഇംഗ്ലണ്ടിലെ സെന്റ് ആല്‍ബന്‍സിലേക്കു പോയി. അവിടെ പഠനത്തിനായി കാന്‍ട്രര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു എന്നത് അച്ചന്‍ നന്ദിയോടെ സ്മരിക്കുന്നു. അവിടെ സംഗീത അദ്ധ്യാപകനായിരുന്ന ആന്‍ട്രൂ പാര്‍നെല്‍ പാശ്ചാത്യ സംഗീതത്തിന്റെ അവര്‍ണ്ണനീയ സാധ്യതകളെ അച്ചനു പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെ തന്റെ സംഗീത ലോകത്തെ പ്രയാണത്തെ സമുദായത്തിനും സമൂഹത്തിനുമായി പകര്‍ന്നുകൊടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി, കോട്ടയത്ത് ശ്രുതി എന്ന പേരില്‍ ഒരു സംഗീത അക്കാദമി രൂപപ്പെടുത്തി. ഇത് മലങ്കരസഭയുടെ പഴയ സെമിനാരി ഫാക്കല്‍റ്റിയുടെ മേല്‍നോട്ടത്തില്‍, ഏതു വിശ്വാസത്തിലുള്ളവര്‍ക്കും സംഗീതം അഭ്യസിക്കുവാനുള്ള കളരിയായി തുറന്നിട്ടിരിക്കുന്നു. അവിടെ സംഗീത പ്രേമികളുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രമായി ശ്രദ്ധ നേടിക്കഴിഞ്ഞു. അച്ചന്‍ രൂപപ്പെടുത്തി ആവിഷ്‌ക്കരിച്ച സുമോറ എന്ന 50 പേരടങ്ങുന്ന കൊയര്‍ നിരവധി അംഗീകാരങ്ങള്‍ അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ നേടിക്കഴിഞ്ഞു. സുറിയാനി സംഗീതത്തിലെ എക്കാറ രാഗങ്ങളെ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ വിവിധ മാനങ്ങളില്‍ ഗവേഷണം നടത്തിയതിന് അച്ചന് ഡോക്ടറേറ്റു ലഭിച്ചു.
സംഗീതത്തിന്റെ അനന്ത സാധ്യതകളെപ്പറ്റി അച്ചനു സ്വന്തമായ കാഴ്ച്ചപ്പാടുകള്‍ ഉണ്ട്. ദൈവത്തിലേക്കു സമീപിക്കുവാന്‍ സംഗീതത്തോളം പോന്ന മാര്‍ഗ്ഗങ്ങളില്ല. ആ പ്രേമിന്റെ ശാന്തി മന്ത്രങ്ങളാണ് പൗരസ്ഥ്യ ഓര്‍ത്തഡോക്‌സ് ആരാധനകളെ ധന്യമാക്കുന്നത്. വേദനിക്കുമ്പോഴും, ആഹ്ലാദചിത്തരാകുമ്പോഴും, നിര്‍വികാര അവസ്ഥയിലും രാഗങ്ങള്‍ പ്രത്യേക അനുഭൂതി പകരുന്നു. നല്ല രാഗങ്ങള്‍ കാലത്തെ അതിജീവിക്കും. മാലാഖകളുടെ സംഗീതവും സാത്താന്റെ സംഗീതവുമുണ്ട്. നല്ല സംഗീത സാന്നിദ്ധ്യത്തില്‍ പശു കൂടുതല്‍ പാലു ചുരത്തുന്നു എന്നു പോലും മനസ്സിലാക്കിയിട്ടുണ്ട്. ദാവീദിന്റെ കിന്നര വീണസംഗീതത്തില്‍ ശൗല്‍ രാജാവിന്റെ ഭ്രാന്തു കുറഞ്ഞു എന്ന മ്യൂസിക്കല്‍ തെറാപ്പി എത്രയോ മുമ്പുതന്നെ പരീക്ഷിച്ച ചികിത്സാ മാര്‍ഗ്ഗമാണ്. ശരീരത്തിന്റെ തളര്‍ച്ചയേയും മാനക തളര്‍ച്ചയേയും ലഘൂകരിക്കുവാന്‍ സംഗീത ചികിത്സക്ക് കഴിയും എന്നു തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. രോഗശാന്തി ശ്രുശ്രൂഷകള്‍ എന്നു പ്രസിദ്ധപ്പെടുത്തുന്ന വന്‍ യോഗങ്ങളില്‍ ശബ്ദചികിത്സയാണ് പ്രവര്‍ത്തിക്കുന്നത്. സംഗീതത്തിന്റെ മതത്തിന്റെ അതിര്‍ വരമ്പുകളില്ല, ഇസ്സാം മതത്തിലെ പ്രാര്‍ത്ഥനാ സമയം അറിയിക്കുന്ന ബാങ്കു വിളിയുടെ സംഗീതവും, സൂഫികളുടെ ഭക്തിസാന്ദ്രമായ കൗവാലി സംഗീതവും, സുറിയാനി എക്കാറ രാഗങ്ങളും ദൈവത്തിലേക്കു നയിക്കുന്ന ശക്തി ശ്രോതസ്സുകള്‍ തന്നെ.
അമേരിക്കയില്‍ വളരുന്ന പുതിയ തലമുറ തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് അച്ചന്‍ പറഞ്ഞു. മലയാളം നന്നായി പറയാനും വായിക്കാനും ശ്രമിക്കുന്ന, ഇന്ത്യന്‍ ഭാഷയേയും സംഗീതത്തെയും, നൃത്തത്തെയും താലോലിക്കുന്ന പുതിയ തലമുറ വളരെ പ്രതീക്ഷ ഉണര്‍ത്തുന്നു. നാട്ടിലെ ടി.വി. അവതാരകരുടെ ഇംഗ്ലീഷ് കലര്‍ത്തിയ മലയാള അവതരണനം വച്ചു നോക്കുമ്പോള്‍, അമേരിക്കയിലെ കുട്ടികള്‍ നന്നായി ഉച്ചരിക്കുന്നു. അമേരിക്കയില്‍ മലയാളഭാഷക്ക് വലിയ സാധ്യതകള്‍ തന്നെ ഉണ്ട്.
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെയും, ദേവരാജന്‍ മാസ്റ്ററുടെയും പ്രോത്സാഹനം തന്റെ സംഗീതചര്യയെ സമ്പുഷ്ടമാക്കുന്നു എന്ന് അച്ചന്‍ പറഞ്ഞു. ഇനിയും പുതിയ തലമുറക്ക് കൈമാറാനുള്ള സംഗീത നിക്ഷേപം സ്വരൂപിക്കയാണ് തന്റെ ലക്ഷ്യമെന്നും, ദൈവഹിതം മനസ്സിലാക്കി, അതിനു അനുരൂപപ്പെട്ടു തന്റെ ഓരോ നിശ്വാസവും ദൈവ മഹത്വത്തിനാകട്ടെ എന്നു മന്ത്രിച്ചുകൊണ്ട് താന്‍ യാത്ര തുടരും.
പാതകള്‍ ഒരിക്കലും അവസാനിക്കുന്നില്ല; ചക്രവാളം മുമ്പോട്ടു ചരിച്ചുകൊണ്ടേയിരിക്കും. മതത്തിന്റെ പരിമിത സീമകളില്‍ തളച്ചിടാതെ, കാലത്തിന്റെ നിഗൂഢതകളിലേക്ക് സംഗീതത്തിലൂടെ വിസ്മയകരമായ യാത്ര, ഡോ. എം.പി. ജോര്‍ജച്ചന്‍ തുടരുന്നു.

[റവ. ഫാ. ഡോ. എം.പി. ജോര്‍ജുമായി കോരസണ്‍ വര്‍ഗീസ് നടത്തിയ അഭിമുഖത്തില്‍ നിന്നു തയ്യാറാക്കിയത് -korason Varghese (Tele: 516-398-5989)v.korason@yahoo.com]
അമര സല്ലാപം കൊണ്ട്, മതഭിത്തികള്‍ ഭേദിച്ച ക്രിസ്തീയ പുരോഹിതന്‍
ഫാ. ഡോ. എം.പി. ജോര്‍ജ്
അമര സല്ലാപം കൊണ്ട്, മതഭിത്തികള്‍ ഭേദിച്ച ക്രിസ്തീയ പുരോഹിതന്‍
അമര സല്ലാപം കൊണ്ട്, മതഭിത്തികള്‍ ഭേദിച്ച ക്രിസ്തീയ പുരോഹിതന്‍
അമര സല്ലാപം കൊണ്ട്, മതഭിത്തികള്‍ ഭേദിച്ച ക്രിസ്തീയ പുരോഹിതന്‍
കോരസണ്‍ വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക