Image

ഒരു വീട്ടില്‍ നിന്നും ഒരു സിനിമ ! അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി-''ESSENTIAL'

സന്തോഷ് പിള്ള Published on 16 June, 2020
ഒരു  വീട്ടില്‍  നിന്നും  ഒരു സിനിമ !  അമേരിക്കന്‍  മലയാളികള്‍ക്ക്  അഭിമാനമായി-''ESSENTIAL'

ഒരു കുടംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ പോലെ,  കലാ ദേവിയുടെ കടാക്ഷം  ലഭിക്കുക എന്നത്  അത്യഅപൂര്‍വ്വമാണ്. ടെക്‌സസിലെ, ഡാലസിലുള്ള, ഫ്രിസ്‌കോയില്‍ താമസിക്കുന്ന ജ്യോതിക് തങ്കപ്പന്‍, ശശിലേഖ ജ്യോതിക് എന്നീ ദമ്പതികള്‍ക്കാണ്  ഇങ്ങനെ ഒരു മഹാനുഗ്രഹം ലഭിച്ചിരിക്കുന്നത്.

 

മാനവരാശിയെ വെല്ലുവിളിച്ചുകൊണ്ട് ലോകമെമ്പാടും മരണം വാരിവിതറുന്ന മഹാമാരിക്കെതിരെ,  സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിച്ചുകൊണ്ട് മുന്‍നിരയില്‍ നിന്നും പൊരുതുന്നത്, ആരോഗ്യ രംഗത്തെ പ്രവര്‍ത്തകരാണ്. ഉറ്റവര്‍ക്കും,ഉടയവര്‍ക്കും, അടുത്തു വരുവാനും, പരിപാലിക്കുവാനും സാധിക്കാത്ത സാഹചര്യത്തില്‍, മരണത്തോട് മല്ലിടുന്ന ലക്ഷോപലക്ഷം രോഗികളുടെ ഏക ആശ്രയവും ആതുര സേവകര്‍ തന്നെ. അതുകൊണ്ടാണ്,   ദൈവത്തിന് എല്ലാസ്ഥലത്തും ഒരേ സമയത്ത്  ഓടിയെത്താന്‍ സാധിക്കാത്തതുമൂലം ദൈവം ആരോഗ്യ പ്രവര്‍ത്തകരെ  സൃഷ്ടിച്ചു എന്നു പറയുന്നത്. ആതുരസേവകര്‍ക്കുള്ള ആദരസൂചകമായി, ആരോഗ്യ പ്രവര്‍ത്തകയായ ശശിലേഖ ജ്യോതിക്  'ESSENTIAL'  എന്ന ഒരു  ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നു.  ജ്യോതിക് തങ്കപ്പന്‍, ശശിലേഖ ജ്യോതിക് എന്നീ ദമ്പതികളും, അവരുടെ രണ്ട് കുട്ടികളും മാത്രം ചേര്‍ ന്നാണ്, കഥ, തിരക്കഥ , സംഭാഷണം, സംവിധാനം, ഛായാഗ്രഹണം, ചിത്ര സംയോജനം, അഭിനയം അങ്ങനെ ഒരു സിനിമയുടെ എല്ലാ തലങ്ങളും സംയോജിപ്പിച്ചു ഈ മനോഹരമായ ദൃശ്യാവിഷ്‌ക്കാരം സാധ്യമാക്കിയിരിക്കുന്നത്.  കൊറോണ എന്ന പകര്‍ച്ചവ്യാധിയില്‍,  ഒരു ആതുര സേവകന്റെ കുടുംബം കടന്നു പോകുന്ന, ഹൃദയ സ്പര്‍ശിയായ വൈകാരിക തലങ്ങള്‍,  ഒരു കൗമാരക്കാരിയുടെ കാഴ്ച്ചപ്പാടിലൂടെ നോക്കിക്കാണുകയാണ്, വിദഗ്ദ്ധമായ തിരക്കഥയിലൂടെ എഴുത്തുകാരിയായ, സംവിധായിക ശശിലേഖ ജ്യോതിക്  നിര്‍വഹിച്ചിരിക്കുന്നത്.
കുടുംബത്തിന്റെ സുരക്ഷക്കൊപ്പം, തന്റെ ജോലിയോടുളള കടപ്പാടും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന  ഒരു കുടുംബനാഥന്റെ  മാനസിക സംഘര്‍ഷം, മനോഹരമായി പകര്‍ത്തിയെടുത്തിയിരിക്കുന്നു, ഛായാഗ്രഹകനായ ജ്യോതിക് തങ്കപ്പന്‍. 

 

ഇതിലെല്ലാമുപരിയായി, തന്റെ ആദ്യ അഭിനയസംരംഭത്തിലൂടെ, കലാസ്വാദകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്, പതിനഞ്ചു വയസ്സുകാരി മീനാക്ഷി ജ്യോതിക്. പക്വമായ അഭിനയത്തിലൂടെയും സംഭാഷണരീതികളിലൂടെയും ആദ്യം പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുകയും, പിന്നീട് പ്രത്യാശയുടെ കിരണങ്ങള്‍ പരത്തുകയും, ചെയ്തിരിക്കുകയാണ് ഈ ഹൈസ്‌കൂള്‍കാരി.  അഭിനയത്തോടൊപ്പം, തായ്ക്വാണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് ധാരിയുമായ മീനാക്ഷിജ്യോതിക് , ഒരു എഴുത്തുകാരിയും, ചിത്രകാരിയും, പിയാനോ വായനക്കാരിയും  കൂടിയാണ്. ചെറിയ ചില രംഗങ്ങളില്‍ മാത്രം കടന്നു വന്ന്,  ഭാവാഭിനയത്തിലൂടെ, പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നു, മീനാക്ഷിയുടെ എട്ടുവയസ്സുകാരിയായ അനുജത്തി ശ്വേതാ ജ്യോതിക്.

ലോക്ക്ഡൗണിന്റെ പരിമിതികള്‍മൂലം,  ഒരു വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നുമാണ്, കലാസാങ്കേതിക  വശങ്ങളില്‍ അത്യുന്നത  നിലവാരം പുലര്‍ത്തുന്ന ഈ ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കേറിയ  ഔദ്യോഗിക ജീവിതത്തിനിടയിലും, കലോപാസനയ്ക്ക് സമയം കണ്ടെത്തുന്ന, ശശിലേഖ - ജ്യോതിക് ദമ്പതികളുടെ ആദ്യ ഹ്രസ്വ ചിത്രമായ അന്യം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തിരുന്നു. ESSENTIAL എന്ന രണ്ടാമത്തെ ചിത്രവും, അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍  ഹൃദയത്തില്‍ ഏറ്റെടുത്തതില്‍ ജ്യോതിക് കുടുംബം നന്ദി രേഖപ്പെടുത്തുന്നു.

ഒരു  വീട്ടില്‍  നിന്നും  ഒരു സിനിമ !  അമേരിക്കന്‍  മലയാളികള്‍ക്ക്  അഭിമാനമായി-''ESSENTIAL'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക