Image

“...വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല” (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

Published on 15 June, 2020
“...വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല” (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
മനുഷ്യനില്‍ നിന്നും എപ്പോഴും അവഗണന നേരിടേണ്ടി വന്നിട്ടുള്ള ഒരു പക്ഷിയാണ് നമ്മുടെ സ്വന്തം കാക്ക- പ്രത്യേകിച്ചു കേരളക്കരയില്‍. കറുപ്പാണു പ്രശ്‌നം. ഇന്നു കറുപ്പിന്റെ അടിസ്ഥാനത്തില്‍ വിവാദങ്ങള്‍ കത്തിക്കയറുകയാണ്- ഒരിക്കലും, ഒരു കാലത്തും അവസാനിക്കാത്ത ഒരു വിവാദം!

റിട്ടയര്‍മെന്റില്‍, പ്രത്യേകിച്ചു ഇന്നത്തെ ‘ലോക്ഡൗണില്‍’ (ലോക്ഡ് ഇന്‍?) കഴിയുന്ന ഒരു പക്ഷി നിരീക്ഷകന്‍ കൂടിയായ ഈ ലേഖകന്‍ മറ്റു ജന്തുക്കളെന്നപോലെ കാക്കയുടെ ജീവിതരീതികളും മനസ്സിലാക്കുന്നതില്‍ അതീവതല്‍പരനാണ്. ഇതെഴുതുമ്പോള്‍ പല കാക്കകളും എന്റെ പിന്നാമ്പുറത്തു കൂടെ, നമ്മുടെ ഗായകന്‍ എം. ജി. ശ്രീകുമാര്‍ പറയുന്നതുപോലെ ‘ഫ്‌ളാറി’ പറക്കുന്നുണ്ട്. ഞങ്ങളുടെ പിന്നാമ്പുറത്തിന്റെ അതിര്‍ പ്രിസേര്‍വാണ്, ധാരാളം മരങ്ങളും, വള്ളിച്ചെടികളും ഇടതൂര്‍ന്നു വളരുന്ന ഒരു കാട്! അതിന്റെ മരച്ചില്ലകളില്‍ ഒരു പറ്റം കാക്കകള്‍ കൂടുവച്ചു സ്ഥിരതാമസമുണ്ട്.

    കാക്കകള്‍ ലോകത്തെമ്പാടുമുണ്ട്, എന്നാല്‍ ‘സിംഗപ്പൂരില്‍ കാക്കകളില്ലത്രേ’ എന്നാണു മൂന്നാം ക്ലാസില്‍ അന്നാമ്മ ടീച്ചര്‍ പഠിപ്പിച്ചത്. അത് അനേക വര്‍ഷങ്ങള്‍ക്കു മുമ്പ്. ചിലപ്പോള്‍ കേരളത്തിലെ കാക്കകള്‍ ഇന്നു സിംഗപ്പൂരില്‍ ഇമിഗ്രന്റായി ചെന്നെത്താനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല.

    കാക്കകളെപ്പറ്റി സാദാ മലയാളികള്‍ക്കു പൊതുവെ അത്ര നല്ല മതിപ്പില്ലാത്തതിനു കാരണം അവരുടെ നിറം, അരോചകമായ ക്രാ...ക്രാ... കരച്ചില്‍, പിന്നെ തക്കം കിട്ടിയാല്‍ മോഷ്ടിക്കുമെന്ന ഒരു ദുഷ്‌പ്പേരുള്ളതുകൊണ്ടുമാണ്. എന്നിരിക്കിലും, മലയാളക്കരയില്‍ കുറെയേറെ കവിതകളോ, പാട്ടുകളോ ഇവരെ ചൊല്ലി ഇന്നും പ്രചുരപ്രചാരത്തിലുണ്ട്. പ്രൈമറി സ്കൂളില്‍ തുടങ്ങുന്ന ആദ്യത്തെ കവിത. “കാക്കെ കാക്കെ കൂടെവിടെ...”, “കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം...”, “കാട്ടിലെ കുയിലിന്‍ കൂട്ടില്‍ പണ്ടു കാക്ക കൊണ്ടൊരു മുട്ടയിട്ടു....”, “കാടറിഞ്ഞില്ല കൂടറിഞ്ഞില്ല”, എന്തിനേറെ പറയുന്നു നമ്മുടെ പാവം കുയിലു പോലുമറിഞ്ഞില്ല എന്നല്ലെ ജനസംസാരം? (സോഷ്യല്‍ മീഡിയ)

    “കാക്ക വായിലും പൊന്നുണ്ട്” എന്നാണല്ലോ നമ്മുടെ പഴമക്കാര്‍ പറയുന്നത്? “കാക്കകളെ നോക്കിടുവിന്‍ വിതയ്ക്കുന്നില്ല, കൊയ്തു കളപ്പുരയില്‍ കൂട്ടുന്നില്ല” എന്ന് ബൈബിളിലെ മഹത്‌വചനത്തെ ആധാരമാക്കി ഒരു പാട്ടു തന്നെയുണ്ട്. ചിലപ്പോള്‍, വശീകരണശക്തിയുള്ള കാക്കകണ്ണുകൊണ്ടുള്ള ആ നോട്ടത്തില്‍ ചില കവികള്‍ താനേ വീണു പോയതാവാം. എന്തായാലും ഇവിടെ കാക്ക തന്നെയാണു താരം. കാക്കയെ പലര്‍ക്കുമിഷ്ടമല്ലെങ്കില്‍ തന്നെയും എന്തോ ഒരു പ്രത്യേകതയുള്ളതുകൊണ്ടല്ലെ കവികള്‍ പുകഴ്ത്തിപാടിയത്? എന്തോ ഒരിഷ്ടം! കാക്ക കറുത്തതാണെങ്കിലും, കവികള്‍ക്കു കറുപ്പിനോടു ഒരു പ്രത്യേക അടുപ്പമുണ്ട്. അതുകൊണ്ടല്ലെ അവര്‍ “കറുപ്പിനഴക്... വെളുപ്പിനഴക്”, “കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി കൂടെവിടെ...”, “കറുകറുത്തൊരു പെണ്ണാണ്, കടഞ്ഞെടുത്തൊരു മെയ്യാണ്...” എന്നൊക്കെ പാടിയത്?

    ഇവരുടെ ബുദ്ധിവൈഭവം അതിശയിപ്പിക്കുന്ന ഒന്നാണ് എന്നു ശാസ്ത്രലോകം ഇതിനോടകം വിധിയെഴുതിയിരിക്കുന്നു. കറുത്തവരാണ്, പാട്ടിനു മാധുര്യമില്ല എന്നൊക്കെ അങ്ങനെയങ്ങു പറയാന്‍ വരട്ടെ. ഇവര്‍ സാധാരണ പക്ഷിയല്ല, പിന്നെയോ ഒരൊന്നൊന്നര പക്ഷിയാണ്. ഇവര്‍ സുന്ദരീ-സുന്ദരന്മാരാണ്. പ്രഭാതസൂര്യകിരണമേല്‍ക്കുമ്പോള്‍ ഈ കറുപ്പിനു ഏഴഴകാണ്. കാക്കയെ സാധാരണക്കാരന്‍ മൈന്‍ഡു ചെയ്യാറില്ലെങ്കിലും ‘ഹൂ കെയേഴ്‌സ്’ എന്നാണ് ഇവരുടെ ആറ്റിറ്റിയൂഡ്.

    കാക്കകള്‍ പലതരത്തിലുണ്ട്. ചിലപ്പോള്‍ നമ്മുടെ അടുക്കളയുടെ, അല്ലെങ്കില്‍ കിണറിന്റെ മതിലിലും, കയ്യൂരികളിലും പെട്ടു പിഴച്ചു അതിഥിയായ് വന്നു തത്തിക്കളിക്കുന്ന ഒരു ചെറിയ ഇനം കാക്ക. ഞങ്ങളുടെ ഗ്രാമക്കാര്‍ ഇതിനെ ‘കുട്ടനാടന്‍ കാക്ക’ എന്നു വിളിക്കുകന്നത് കേട്ടിട്ടുണ്ട്. അവര്‍ നമ്മുടെ നാടന്‍ കാക്കയെക്കാള്‍ ആകാരത്തില്‍ ചെറുതാണ്. കറുപ്പു നിറമെങ്കിലും, അതിന്റെ കഴുത്തിന്റെ ഭാഗത്തിന്റെ സുന്ദരമായൊരു ഇളം ചാരനിറമാണ്. അതിന്റെ ക്രാ...ക്രാ.... ‘E-sharp’ നോട്ടിലാണെന്നു മാത്രം. കിണറിന്റെ മതിലിന്‍ മേല്‍ അക്ഷമരായി ഇരുന്നു അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞുമുള്ള ചെറു ചുവടുവെയ്പ്പുകള്‍ക്കു മലയാളത്തിലെ സിനിമാറ്റിക് ഡാന്‍സിന്റെ ഒരു ചുവയുണ്ട്. അതിനിടയില്‍ ശ്രൃംഗാരഭാവത്തില്‍ തല ചെരിച്ചു പിടിച്ചു ഒരു നോട്ടവും...! ഒരു അഡാര്‍ കണ്ണിറുക്ക്!

    കാക്കകള്‍ പലവിധമാണെന്നു പറഞ്ഞുവല്ലോ? ഇനിയും ‘റേവന്‍’ എന്ന ഒരു കൂട്ടര്‍ കൂടെയുണ്ട്.  അവര്‍ നമ്മുടെ നാടന്‍ കാക്കകളേക്കാള്‍ ആകാരത്തില്‍ വലിപ്പമുള്ളവരാണ്. ഇവരുടെ ചിറകിനും, ചുണ്ടിനും, കാലുകള്‍ക്കും നേരിയ വ്യത്യാസമുണ്ട് എന്നാണ് ഓര്‍ണിത്തോളജിസ്റ്റുകള്‍ പറയുന്നത്.

    സൂക്ഷിച്ചില്ലെങ്കില്‍ സൂത്രശാലികളായ ഇവര്‍, അമ്മച്ചിമാര്‍ ക്ലീന്‍ ചെയ്തുകൊണ്ടിരിക്കുന്ന മത്തികളില്‍ ഒന്നിനെ നിമിഷനേരത്തിനകം ചൂണ്ടിയെന്നുമിരിക്കും. അതുകൊണ്ട് അമ്മച്ചിമാരുടെ ബുക്കില്‍ ഇവറ്റകള്‍ക്കു അത്ര നല്ല പേരില്ല. മറ്റൊരു കൂട്ടരാണ് ‘മാഗ്‌പൈ’ എന്നു വിളിക്കുന്ന വെളുപ്പും കറുപ്പും നിറമുള്ള ഒരിനം കാക്ക. മിക്കരാജ്യങ്ങളിലും കാണാറുണ്ടെങ്കില്‍ തന്നെയും കേരളത്തില്‍ അധികം കണ്ടിട്ടില്ല. ഈ മാഗ്‌പൈ കാക്കകള്‍ മറ്റു കാക്കകളെക്കാളും വളരെയധികം ബുദ്ധിയുള്ളവരായിട്ടാണ് പഠനം തെളിയിക്കുന്നത്. ഇവയെ പലരും വീട്ടിലെ ഒരംഗമായി, ഒരു പെറ്റായി വളര്‍ത്താറുണ്ട്. ഇന്നു നമ്മുടെ നാടന്‍ കാക്കളേയും ചിലര്‍ വീടുകളില്‍ വളര്‍ത്തുന്നു. ഒരു മാടത്തത്തയെപ്പോലെയോ മൈനയെപ്പോലെയൗ വര്‍ത്തമാനം പറയാന്‍ ഇവര്‍ക്കു കഴിവുണ്ടെന്നും പറയപ്പെടുന്നു. ഇവരുടെയെല്ലാം ഡിസ്റ്റന്റ് കസിനാണ് നമ്മുടെ ‘ബ്ലാക്ക് ബേഡ്’ (കാക്കത്തമ്പുരാട്ടി?). ഇവരെല്ലാം ജന്തുശാസ്ത്രപ്രകാരം ഒരേ കുടുംബക്കാര്‍.

    കാക്കകണ്ണുള്ളതു ചിലര്‍ക്കു സൗന്ദര്യം കൂടുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ചിലര്‍ക്കു ‘കാകദൃഷ്ടി’യാണെന്നും കേട്ടിട്ടുണ്ട്. സാഹിത്യകാരന്‍മാര്‍ ചിലപ്പോള്‍ കാക്കകളെ ‘കാകന്‍’ എന്നു ഓമനിച്ചു വിളിച്ചു കണ്ടിട്ടുണ്ട്.

    കാക്കമുട്ടയോ, കാക്കയിറച്ചിയോ ഉപയോഗയോഗ്യമാണോ എന്നാരും പറഞ്ഞു കേട്ടിട്ടില്ല. ചിലപ്പോള്‍ ചൈനാക്കാര്‍ക്കു കൂടുതല്‍ പറയാനുണ്ടായിരിക്കും. കാരണം നമ്മുടെ നാടന്‍ ‘വെറ്റ് മാര്‍ക്കെറ്റിനെ’ വെല്ലുന്നതാണല്ലോ ചൈനയുടെ ‘വെറ്റ്മാര്‍ക്കറ്റ്’? കുളി ശരിയായില്ലെങ്കില്‍ പഴമക്കാര്‍ പറയും ‘കാക്ക കുളിച്ച പോലെ’ എന്ന്. ചിലരുടെ മോശമായ കയ്യക്ഷരം നോക്കി ടീച്ചറമ്മമാര്‍ ‘കാക്ക ചികഞ്ഞ പോലെ’ ഉണ്ടല്ലോ എന്നു പറയുന്നതും കേട്ടിട്ടുണ്ട്.

    ഇനിയും കാക്കയുടെ ഒരു കുഞ്ഞിനെ ആവശ്യമില്ലാതെ ഒന്നു തൊട്ടുനോക്കൂ; വിവരം അറിയും. അവര്‍ ഐക്യമത്യമുള്ളവാണ്, നമ്മെ പോലെയല്ല. അവര്‍ കൂട്ടം ചേര്‍ന്നാക്രമിക്കും. അങ്ങനെ കാക്കയുടെ ‘ഞോട്’ കിട്ടിയ പല മഹാന്മാരേയും (കൂട്ടുകാര്‍) എനിയ്ക്കറിയാം. അതു കൊണ്ടു ജാഗ്രതൈ! കാരണം “കാക്കയ്ക്കു തന്‍ കുഞ്ഞു പൊന്‍കുഞ്ഞാണ്.” “കാക്കക്കൂട്ടില്‍ കല്ലെറിയരുത്” എന്നു പഴമക്കാരുടെ ഒരു വാണിംഗും ഉണ്ടല്ലോ?

    കിച്ചന്റെ പരിസരത്തു, കിണറിന്റെ മതിലില്‍ ഇരുന്നു ‘ഗാന്ധാരശ്രുതിയില്‍ മീട്ടി പാടുമ്പോള്‍’ അമ്മച്ചിമാര്‍ മൈന്‍ഡു ചെയ്യുന്നില്ലെങ്കില്‍ ഇവര്‍ പ്രതികാരം ചെയ്യാനും മടിക്കുന്നവരല്ല. കാക്ക വിരേചന നടത്തിയ വെള്ളം കുടിയ്ക്കാത്ത ഗ്രാമവാസികള്‍ ഇന്നു വളരെ വിരളമാണ്. കൂടാതെ നമ്മുടെ കിണറുകളില്‍ രണ്ടു മൂന്നു തവളകളും സ്ഥിരതാമസം നടത്തുന്നുണ്ടല്ലോ? അപ്പോള്‍...?

    ഇന്നു മുഖത്തിന്റെ നിറം അല്പമെങ്കിലും ഒന്നു മാറ്റിയെടുക്കാന്‍ ഇന്ത്യാക്കാര്‍-പ്രത്യേകിച്ചു കേരളക്കാര്‍ ‘ഫെയര്‍ ആന്‍ ലൗവ്‌ലി’ എന്ന സെലസ്റ്റ്യല്‍ ലേപനത്തിനു കോടികള്‍ മുടക്കുന്നു. മുഖം അല്പമെങ്കിലും വെളുത്തിരുന്നാല്‍ സൗന്ദര്യം കൂടുമെന്നു പണ്ടാരോ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ടത്രേ. സിനിമാതാരങ്ങളും, പ്രത്യേകിച്ചു ആണ്‍താരങ്ങളും ഇതിന്റെ പ്രയോക്താക്കളാണെന്നാണു പിന്നാമ്പുറ വാര്‍ത്ത. ‘കാക്ക കുളിച്ചാല്‍ കൊക്കാവില്ല’ എന്നോര്‍ക്കുന്നതു ഇത്തരുണത്തില്‍ നല്ലത്.

    പണ്ട് ഏതോ ഒരമ്മച്ചിയുടെ കിച്ചനില്‍ നിന്നും അടിച്ചുമാറ്റിയ ഒരു നെയ്യപ്പവുമായി അടുത്തുള്ള ഒരു മരക്കൊമ്പിലിരുന്നു ആസ്വദിക്കുമ്പോള്‍, കൊതിയൂറി കൗശലശാലിയായ ഒരു കുറുക്കന്‍ താഴെയിരുന്നു കാക്കയോടു തന്റെ മനോഹരമായ ആ ക്രാ...ക്രാ... എന്ന ഫേമസ് നമ്പര്‍ ഒന്നു പാടൂ എന്നു കേണപേക്ഷിച്ചതുമൊക്കെ കഥയാണല്ലോ? ബുദ്ധിമതിയായ ആ കാക്ക ആ നെയ്യപ്പം മുഴുവന്‍ ആസ്വദിച്ചു കഴിച്ചതിനു ശേഷമാണ് കുറുക്കനെ ക്രാ...ക്രാ... എന്ന പാട്ടുപാടി കേള്‍പ്പിച്ചു ‘സന്തോഷിപ്പിച്ചത്’ എന്നതും കഥ!

    കാക്കയെ ഒരു ദുഃശകുനമായി ചിലര്‍ കരുതുന്നുണ്ടെങ്കിലും ഈ ബ്ലാക്ക്ബ്യൂട്ടിയ്ക്ക് ഈയുള്ളവന്റെ ബുക്കില്‍ എന്നും ഒന്നാം സ്ഥാനം തന്നെയാണ്. അതുകൊണ്ടാണ് ഈ ചിത്രം രചിയ്ക്കാന്‍ എനിക്കു പ്രേരണ വന്നും. നമിക്കുന്നു, കാക്കേ നിന്നെ ഞാന്‍ നമിക്കുന്നു.

************

Join WhatsApp News
Sudhir Panikkaveetil 2020-06-15 22:57:59
നല്ല വിവരണം. വൈലോപ്പിള്ളിയെ എന്തെ മറന്നത്? അങ്ങേരു കാക്കയെപ്പറ്റി എഴുതിയത് വായിച്ച് കാക്കകൾ വളരെ സന്തോഷിച്ചത്രേ.. കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി... അഭിനന്ദനം ശ്രീ വർഗീസ് സാർ.
Sarasamma. NY 2020-06-16 13:37:22
കാക്ക- എന്ന പാഠം തുടങ്ങുന്നത് -കാക്കയെ കണ്ടിട്ടില്ലാത്തവർ ചരുങ്ങും - എന്നാണ്. കാക്കയെ കാണാത്തവർ ചുരുങ്ങി പോകും എന്നും അനുമാനിക്കാം, സിംഗപ്പൂരിൽ കാക്ക ഇല്ല. അപ്പോൾ സിംഗപ്പൂരുകാർ ചുരുങ്ങി പോകും - അങ്ങനെയും കരുതാം. മലയാളികൾ നല്ല ശതമാനവും പുനർജനിക്കുന്നതു കാക്ക ആയിട്ടാവും എന്നാണ് എൻ്റെ വിശ്വസം, അതല്ല എങ്കിൽ കാക്ക പുനർജനിക്കുന്നതു മലയാളി ആയിട്ടാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക