Image

നീലപാപ്പാത്തികൾ:ഓർമ്മകളും ഗൃഹാതുരത്വവും നിറഞ്ഞ കുറിപ്പുകൾ (ശ്രീജ രാമൻ)

Published on 15 June, 2020
നീലപാപ്പാത്തികൾ:ഓർമ്മകളും ഗൃഹാതുരത്വവും നിറഞ്ഞ കുറിപ്പുകൾ (ശ്രീജ രാമൻ)
"എല്ലാ അർത്ഥത്തിലും ഭാഗ്യവതിയായ ഒരു കുട്ടിയായിരുന്നു ഞാൻ" എന്ന് പറഞ്ഞുകൊണ്ട് ഒരു എഴുത്തുകാരി സാഹിത്യലോകത്തേക്ക് കടന്നു വരുന്നത് അത്യപൂർവമാകാം.

"Our sweetest songs are those that tell of saddest thought." എന്ന് പശ്ചാത്യരും,
 "കാട്ടാളനെ കവിയാക്കി മാറ്റിയത് ഒരു കരച്ചിലാണ് " എന്ന് പൗരസ്ത്യരും പറഞ്ഞുറപ്പിച്ച ഒരു മേഖലയിൽ, ഭാഗ്യത്തിനും സന്തോഷങ്ങൾക്കും കാര്യമായ സംഭാവനകളൊന്നും നൽകാൻ ഉണ്ടാവില്ല എന്നൊരു ധാരണ പരക്കെ നിലനിൽക്കുന്നുണ്ട്.  ആ വാർപ്പിനെ  വാത്സല്യപൂർവം ചിരിച്ചു തള്ളിക്കൊണ്ടാണ് മിനി വിശ്വനാഥൻ എന്ന എഴുത്തുകാരി മലയാള സാഹിത്യ ലോകത്തിലേക്ക് കടന്നു വരുന്നത്.

 കഴിഞ്ഞ വർഷം പുറത്തിറങ്ങിയ "നീല പാപ്പാത്തികൾ" എന്ന പുസ്തകം ഈ എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പുകളാണ്.

Smart കാലഘട്ടത്തിൽ പലപ്പോഴും നമ്മൾ അറിയാതെ നമ്മളിൽ നിന്നും ഒഴുകി അകലുന്ന ഒന്നാണ് നമ്മുടെ ഓർമ്മശക്തി.
ഓർമ്മകൾ മുറിവുകളായി മാറുമ്പോൾ ബോധപൂർവം അവയെ അടിച്ചമർത്തുന്നവർക്ക് മാത്രം സംഭവിച്ചിരുന്ന സ്‌മൃതിനാശം എന്ന അവസ്ഥ ,  മിക്കവരിലും സ്വാഭാവികമായ ഒരു മാറ്റമായി മാറുന്നത് സർവ സാധാരണമാണ് ഇപ്പോൾ.
 "ഓർത്തിരിക്കുക" എന്ന ആവശ്യം സകല മേഖലകളിലും ഇല്ലാതെയാക്കി,  പരമാവധി സൗകര്യപ്രദവും പ്രായോഗികവുമായി ജീവിതം മുന്നോട്ട് കുതിക്കുമ്പോൾ,സംഭവിക്കുന്ന സ്വാഭാവികമായ ബാലൻസിങ്.

 ഈ ഒരു സാഹചര്യത്തിൽ ആദ്യാവസാനം ഓർമ്മകൾ കൊണ്ട് അടയാളപ്പെടുത്തുന്ന ഒരു പുസ്തകം കൗതുകമാകുന്നു. അതേസമയം,  കണ്ണീരിന്റെ ഉപ്പുരസം ഏറി നിൽക്കുന്ന നൊസ്റ്റാൾജിയ കഥകളിൽ നിന്നും ഏറെ വ്യത്യസ്തവുമാണ് ഈ പുസ്തകം എന്ന് പറയാതിരിക്കാനാവില്ല.
മധുരമുള്ള കഥകളായോ ചിലപ്പോൾ കവിതയായോ നമുക്ക് "നീല പാപ്പാത്തികൾ' വായിക്കാം.

 "മിഴിയെഴുതുമ്പോൾ കണ്ണുകൾക്ക് എന്നത് പോലെ മിനിയെഴുതുമ്പോൾ അക്ഷരങ്ങൾക്ക് എന്തൊരു ഭംഗിയാണ്" എന്ന അവതാരികയിലെ ആദ്യവാചകം അത്രമേൽ സുന്ദരമായി വായനക്കാരനും അനുഭവപ്പെടും.

കാരണം, ഇതിലെഴുതിയിരിക്കുന്നത് മുഴുവനും നന്മയെ കുറിച്ചാണ്..സ്നേഹത്തെ കുറിച്ചാണ്, ഗുരുത്വത്തെ കുറിച്ചാണ്, വിസ്മയം നിറഞ്ഞ കണ്ണുകളോടെ കാറ്റും മഴയും നാടും നഗരവും നോക്കി കാണുന്ന ഒരു കൊച്ചുകുഞ്ഞിന്റെ ഓർത്തെടുക്കലുകളാണ്. പ്രപഞ്ചത്തെ നന്ദിയോടെ നോക്കി കാണുന്നവന് മാത്രം അവകാശപ്പെട്ട ഒരു  അനുഭവം മാത്രമായ ഭാഗ്യത്തെ കുറിച്ചാണ്.

കുടുംബം, അധ്യാപകർ, ഭർത്താവ്, മക്കൾ തുടങ്ങി,  സോഷ്യൽ മീഡിയയിൽ ഇടപെടാനും പുസ്തകം പ്രസിദ്ധീകരിക്കാനും വരെ  സഹായിച്ച, സഹകരിച്ച ഒരുപാട് പേരുടെ നന്മകളും മിനി വിശ്വനാഥന്റെ ഭാഗ്യത്തിന്റെ അടയാളങ്ങളായി ഈ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നു.

പൊതുവെ സ്ത്രീ എഴുത്തുകാരുടെ സൃഷ്ടികളിൽ നിറഞ്ഞു നിൽക്കാറുള്ള കുതറലോ, കലഹമോ, (ഒഴുകാത്ത)കണ്ണീരോ  ഇതിൽ ഒരു പക്ഷെ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. പ്രേമേച്ചിയെ പ്രേമിച്ചു ഫെമിനിസ്റ്റ് ആയ ഭാസ്കരേട്ടനെ കുറിച്ചു പറയുമ്പോൾ പോലും ഒരു പടഹധ്വനി കേൾക്കുന്നില്ല.
അതുകൊണ്ട് തന്നെ ആസ്വാദന തലത്തിന്റെ ഒരു പുതിയ ഗന്ധമായിരിക്കും "നീലപാപ്പാത്തികളു"ടെ വായനക്കാർക്ക് കിട്ടുന്നത്.

"ഓർമ്മകൾ ഗന്ധങ്ങളുടേതാണ്" എന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകം വ്യക്തികളെയും സംഭവങ്ങളെയും ഓർത്തെടുക്കുന്നത് ഗന്ധങ്ങളിലൂടെയാണ്.
അച്ഛമ്മയുടെ ഭസ്മ ഗന്ധവും ഇളയച്ഛന്റെ ബ്രീഫ് കെയ്സിന്റെ മിശ്ര ഗന്ധവും, ഓർത്തെടുക്കലിൽ ഉടനീളം പൂത്തുലയുന്ന ഇലഞ്ഞിയുടെ  ഗന്ധവും
 വായനക്കാരും ഓർത്തു വച്ചേക്കാം.

"തിളങ്ങുന്ന വെള്ളി നിറത്തിന് പകരം മഞ്ഞച്ചു പോയ വെള്ള നിറമുള്ള വിമാനം" കണ്ട് വിസ്മയിച്ച എഴുത്ത്കാരിയെ എതിരേറ്റ ദുബായ് നഗരം "യൗവനത്തിൽ നിന്ന് യൗവനത്തിലേക്ക് മെട്രോയിൽ കുതിച്ചു പായുന്നതായി" അവർക്ക് അനുഭവപ്പെടുന്നു. 'മിനി'യിൽ നിന്നും 'മിനി വിശ്വനാഥനി'ലേക്കും അവിടെ നിന്ന് 'മിനിയമ്മ'യിലേക്കുമുള്ള തികച്ചും സ്വാഭാവികമായ യാത്രയ്ക്കിടയിലും അവരുടെ നിരീക്ഷണങ്ങളിൽ ഒരു "മലയാള ത്ത് പാപ്പ" മാറ്റമില്ലാതെ നിൽക്കുന്നു.

 മണ്ടേങ്കാവിലെ ഭഗവതിയുടെ ചിലമ്പിനെ ഓർമിപ്പിക്കുന്ന ഗൂഢല്ലൂരിലെ സ്ത്രീകൾക്കിടയിൽ നിന്നും,  ബിസിനസ് ഐഡിയകൾ പങ്കു വയ്ക്കുന്ന ദേബാ ശാന്തി എന്ന വീട്ടു ജോലിക്കാരി യിലേക്കെത്തുമ്പോഴും കരുതലും സ്നേഹവും മാത്രമാണ് മിനി വിശ്വനാഥൻ കണ്ടെടുക്കുന്നത് എന്ന് കാണാം.

ഓർമ്മകളും ഗൃഹാതുരത്വവും നിറഞ്ഞ കുറിപ്പുകൾ എങ്ങനെ ഭാഗ്യത്തിന്റെ നീരൊഴുക്കുകൾ ആകുന്നു എന്ന സ്വാഭാവികമായ സംശയം ഇവിടെ തീരും. കാഴ്ചപ്പാടുകളാണ് ഒരാളെ വേറിട്ട് നിർത്തുന്നത് എന്ന കാര്യം നമ്മൾ ഒന്നുകൂടി ഉറപ്പിക്കും.

കുട്ടിത്തവും നിഷ്കളങ്കതയും നന്മകളും മാത്രം നിറഞ്ഞ ഒരു ലോകത്തെ കുറിച്ചു പറയുന്ന പുസ്തകത്തെ അത്രമേൽ കൃത്യമായി അടയാളപ്പെടുത്തിയ കവർ ചിത്രം ചെയ്തത് സിദ്ധാർഥ് മുരളിയാണ്.

പ്രസാധകർ : ഇങ്ക്പോട്ട് പബ്ലിഷേഴ്‌സ്.
വില : 200 രൂപ

പുസ്തകപരിചയം
നീലപാപ്പാത്തികൾ
നീലപാപ്പാത്തികൾ:ഓർമ്മകളും ഗൃഹാതുരത്വവും നിറഞ്ഞ കുറിപ്പുകൾ (ശ്രീജ രാമൻ)നീലപാപ്പാത്തികൾ:ഓർമ്മകളും ഗൃഹാതുരത്വവും നിറഞ്ഞ കുറിപ്പുകൾ (ശ്രീജ രാമൻ)നീലപാപ്പാത്തികൾ:ഓർമ്മകളും ഗൃഹാതുരത്വവും നിറഞ്ഞ കുറിപ്പുകൾ (ശ്രീജ രാമൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക