Image

ആഘോഷത്തേക്കാൾ അപകടമാണ് സഖാക്കളേ ചില മനോഹരമായ ആചാരങ്ങൾ (ബിലു പദ്മിനി നാരായണൻ)

Published on 15 June, 2020
ആഘോഷത്തേക്കാൾ അപകടമാണ് സഖാക്കളേ ചില മനോഹരമായ ആചാരങ്ങൾ (ബിലു പദ്മിനി നാരായണൻ)
വനിതാ മതിലിന് കൂടെ നിന്ന പെണ്ണുങ്ങൾ പലർക്കും താലിയും മാലയും ഒക്കെയുണ്ടായിരുന്നു. വൈകീട്ട് പറഞ്ഞ നേരത്തിന് വീട്ടിലെത്താൻ പറ്റിയില്ലെങ്കിൽ കെട്ട്യോന്റെ വായേന്ന് കേൾക്കേണ്ടിവരും എന്നുള്ളവരും ഉണ്ടായിരുന്നു.

പൊറത്ത് മാറിയിരുന്ന് തീർത്ത ദിവസങ്ങളെ ആർത്തവം എന്ന് വൃത്തിയായി പറഞ്ഞ ഒരു മുഖ്യമന്ത്രിയെ അവർക്ക് മനസ്സിലായിരുന്നു - നവോത്ഥാനവും ലിംഗനീതിയും ഒന്നും അറിഞ്ഞു കൂടെങ്കിലും.

അവർ അവരുടെ നിസ്സഹായതയിലും പരിമിതികളിലും നിന്നുകൊണ്ട് എടുത്ത തീരുമാനം, "ചോയ്സ്" ആയിരുന്നു ആ മതിൽപ്പണി. അഥവാ അവരെ മുൻ നിർത്തി ഭരണകൂട തീരുമാനമായി നടപ്പിലാക്കിയ തുല്യ നീതിയുടേതായ ഒരു വിഷൻ / ഭാവി ദർശനം.

തങ്ങൾ അനുഭവിക്കുന്നതിലും ആചരിക്കുന്നതിലും മെച്ചപ്പെട്ട ഏതോ ഒരു അന്തസ്സ് വരുംതലമുറയ്ക്കെങ്കിലും കിട്ടുമെന്ന ലളിതമായൊരു പ്രതീക്ഷ.

അവർ നിൽക്കുന്നിടത്തു നിന്ന് ഒരു ചുവടെങ്കിലും മുന്നോട്ടു വെയ്ക്കുകയായിരുന്നു.

ആ ഒരു ചുവടിന്റെ ചോയ്സും പ്രവൃത്തിയും അതിനുള്ള പ്രയത്നവും തിരുത്തലുമാണ് കമ്യൂണിസ്റ്റുകാരിയെ /കാരനെ അതാക്കി മാറ്റുന്നത്. കല്യാണവും പേറും പിറപ്പും ചാവും ചോറും അടക്കമുള്ള നിത്യനിദാനങ്ങളിൽ ഒക്കെയും ഉണ്ടാക്കാൻ ശ്രമിക്കേണ്ടത്.

കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റിനും കുടുംബത്തിനും നടപ്പിലാക്കേണ്ടതുണ്ട് എന്നു തോന്നാത്ത ലിംഗസമത്വത്തിനു മുന്നിൽ വനിതാമതിലും മറ്റ് സമത്വചിന്താ പദ്ധതികളും ജെൻഡർ വിദ്യാഭ്യാസവും എല്ലാം അപമാനിക്കപ്പെടുന്നുണ്ട്. നോക്കുകുത്തികൾ ആവുന്നുണ്ട്.

സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് പൊന്നും പണ്ടവും വാങ്ങി പത്തു പറ ചോറു വെച്ച് നാട്ടാരെ ഊട്ടി നടക്കുന്ന എത്രയോ കല്യാണങ്ങളേക്കാൾ നിങ്ങൾ സാംസ്കാരിക ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് അർഹിക്കുന്നതു തന്നെയാണ്. നിങ്ങൾ കളിക്കാരാണ് കരുക്കളല്ല.

സഖാവ് റിയാസ് അനായാസം രാജാവിനെ വീഴ്ത്താൻ കഴിയാറുള്ള ഒന്നാന്തരം ചെസ്സ് കളിക്കാരൻ കൂടിയാണ് , ആയിരുന്നു എന്ന പഴയ എസ്. എഫ്.ഐ. കേട്ടറിവുകൂടി വെച്ച് പറയുകയാണ് ..!

ആഘോഷത്തേക്കാൾ അപകടമാണ് സഖാക്കളേ ചില മനോഹരമായ ആചാരങ്ങൾ. തികച്ചും ലളിതമായ ചടങ്ങുകളിലെ പ്രതീകപരമായ അസമത്വങ്ങൾ.

വനിതാ മതിലിന് ഇടയ്ക്ക് പഴുതു വരാതെ കൈകൾ കോർത്ത പെണ്ണുങ്ങളിൽ നിന്ന് നിരാശയോടെ ക്ഷമാപണത്തോടെ ഞാൻ കൈകൾ തിരിച്ചെടുക്കുകയാണ്.

നമ്മുടെ കൈ നമ്മളോട് ചേർന്നുള്ള ബലങ്ങൾക്ക് വിലയും മൂല്യവും തുടർച്ചയുമില്ല. ആണു ചേർന്നാലേ ശരിയ്ക്കുള്ള മതിലുറയ്ക്കൂ.
ആഘോഷത്തേക്കാൾ അപകടമാണ് സഖാക്കളേ ചില മനോഹരമായ ആചാരങ്ങൾ (ബിലു പദ്മിനി നാരായണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക