Image

ഇന്ത്യയിലെ കോവിഡ് വ്യാപനം നവംബറോടെ മൂര്‍ധന്യത്തിലേയ്ക്ക് (ശ്രീനി)

Published on 15 June, 2020
ഇന്ത്യയിലെ കോവിഡ് വ്യാപനം നവംബറോടെ മൂര്‍ധന്യത്തിലേയ്ക്ക് (ശ്രീനി)
ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിവേഗതയാര്‍ജിച്ചതോടെ മഹാനഗരങ്ങളെല്ലാം കടുത്ത ഭീതിയിലാണ്. വൈറസിന്റെ പകര്‍ച്ച അതി രൂക്ഷമായ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടല്‍ നടത്തേണ്ട ഘട്ടത്തിലുമെത്തിയിരിക്കുന്നു. അവിടെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാന്‍ 500 റെയില്‍വേ കോച്ചുകളാണ് സജ്ജമാക്കാന്‍ പോകുന്നത്. ഡല്‍ഹിയില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിന് കാരണമാവുകയും രോഗികളുടെ എണ്ണം 40,000 ത്തോടടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ യുദ്ധസമാനമായ ഇടപെടല്‍.

അതേസമയം, ഇന്ത്യയില്‍ രോഗം ബാധിച്ചവരില്‍ പകുതിയിലേറെ പേരും സുഖം പ്രാപിച്ചത് ആശ്വാസകരമാണ്. 50.6 ശതമാനമാണ് രോഗമുക്തിയുടെ നിരക്ക്. എന്നാല്‍ മരണ സംഖ്യയില്‍ ഇന്ത്യ ജര്‍മനിയെയും കവച്ചുവച്ചുകൊണ്ട് 9-ാം സ്ഥാനത്താണിപ്പോള്‍. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഇന്ത്യയിലെ ആകെ കേസുകള്‍ 3,32,424 ആണ്. രോഗികള്‍ 1,53,106 പേരും സുഖം പ്രാപിച്ചവര്‍ 1,69,798 പേരും ആണ്. 9,520 പേര്‍ ഇതിനോടകം മരണത്തിനു കീഴടങ്ങി. എന്നാല്‍ ഈ സംഖ്യ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്.

ഇതിനിടെ ഇന്ത്യയിലെ കോവിഡ് കേസുകള്‍ വരുന്ന നവംബര്‍ പകുതിയോടെ മൂര്‍ദ്ധന്യത്തിലെത്തുമെന്ന പഠനം ആശങ്ക ഉയര്‍ത്തുന്നു. രണ്ടു മാസത്തെ ലോക്ഡൗണും മറ്റ് കര്‍ശനമായ നടപടികളും മൂലമാണ് കോവിഡ് വ്യാപനത്തെ ഇത്രയെങ്കിലും പിടിച്ചു നിര്‍ത്താന്‍ ആയത്. നവംബര്‍ പകുതിയാകുമ്പോഴേയ്ക്കും ഐ.സി.യു ബെഡ്ഡുകളും വെന്റിലേറ്ററുകളും പോരാതെ വരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്ഡൗണ്‍ കര്‍ശനമാക്കിയതിനാല്‍ കോവിഡ് കേസുകള്‍ പരമാവധി വര്‍ധിക്കുന്ന കാലയളവ് 80 ദിവസം വരെ വൈകിപ്പിക്കാനായത്രേ. രോഗബാധിതരുടെ എണ്ണം 97ശതമാനം വരെയും മരണം 60 ശതമാനത്തോളവും കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നുണ്ട്. രോഗം ബാധിക്കുന്നവരെ അപേക്ഷിച്ച് രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയിലെ ആരോഗ്യ മേഖല 60 ശതമാനത്തോളം ശക്തിപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. പക്ഷേ, നവംബറിനു ശേഷമുള്ള നാലഞ്ചു മാസങ്ങളില്‍ ഐസൊലേഷന്‍ ബെഡ്ഡുകളുടെ കുറവുണ്ടാകും. വെന്റിലേറ്ററുകളും തികയാതെ വരും. ലോക്ഡൗണ്‍ ഇത്രയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുമായിരുന്നു.

ഈ അവസരത്തില്‍ ഇന്ത്യയുടെ സ്വന്തം യോഗയുടെയും ശ്വസന ക്രിയയുടെയും പ്രസക്തി ലോകാരോഗ്യ സംഘടന എടുത്തുപറഞ്ഞിരിക്കുന്നു. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ യോഗയും ശ്വസന ക്രിയയും പതിവായി അനുഷ്ഠിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ "ഇന്റര്‍ ഏജന്‍സി സ്റ്റാന്‍ഡിങ് കമ്മിറ്റി' നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന വിലയിരുത്തലിലാണ് ഈ നിര്‍ദ്ദേശം. ദിവസവും 20 മിനിറ്റെങ്കിലും യോഗയ്ക്കും ബ്രീത്തിംഗ് എക്‌സര്‍സൈസിനും വേണ്ടി മാറ്റി വയ്ക്കണമെന്നാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.

ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിലും മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മാറ്റമില്ലാതെ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്നലെ (ജൂണ്‍ 14) 120 കോവിഡ് മരണം സ്ഥിരീകരിച്ചതോടെ മരണസംഖ്യ 4,000 ത്തിലേക്കെത്തുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 3,000 കടന്നിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി  പ്രദേശമായ മുംബൈയിലെ ധാരാവിയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരിഭ്രാന്തി പരത്തിയിരിക്കുന്നു. രോഗികളുടെ എണ്ണം 2000ത്തിന് മുകളിലായി. 80 ഓളം പേര്‍ ഇവിടെ മരിക്കുകയും ചെയ്തു. പത്തുലക്ഷത്തിലധികം പേരാണ് ധാരാവിയിലുള്ളത്. തീര്‍ത്തും മോശമായ ജീവിത സാഹചര്യങ്ങളാണിവിടെയുള്ളത്.

ഡല്‍ഹിയില്‍ ഇന്നലെ 2,224 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം ആദ്യമായാണ് ഇത്രയും ഏറെപ്പേരില്‍ വൈറസ് കണ്ടെത്തുന്നത്. ഇതോടെ രോഗബാധിതതരുടെ എണ്ണം 41,000 കടന്നു. 56 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1300നു മുകളിലായി. തമിഴ്‌നാട്ടിലെ ശക്തമായ രോഗവ്യാപനം കേരളത്തെയും ഭയപ്പെടുത്തുന്നുണ്ട്. അവിടുത്തെ മരണസംഖ്യ 400നു മുകളിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച 38 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. ഇവിടെ ഒരൊറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മരണനിരക്കാണിത്. ഞായറാഴ്ച മാത്രം 1974 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 44,000 കടന്നു.

ഗുജറാത്തിലെ സ്ഥിതിഗതികളും അത്ര പന്തിയല്ല. സംസ്ഥാനത്ത് രോഗം കണ്ടെത്തിയവര്‍ 23,600ലേറെ വരും. ആകെ മരണം 1,187 ആണ്. കര്‍ണാടകത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 176 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 7,000മായി. ബംഗളൂരുവിലും രോഗവ്യാപന തോതും മരണ നിരക്കും കൂടിക്കൊണ്ടിരിക്കുന്നു. നിലവില്‍ 90ഓളം പേര്‍ മരണത്തിന് കീഴടങ്ങി.

കേരളത്തില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. വിദേശ മലയാളികളും അന്യസംസ്ഥാനത്തുള്ള മലയാളികളും നാട്ടിലേക്കെത്തുന്നതിനു മുമ്പ് ഒരു കേസുപോലും സ്ഥിരീകരിക്കാത്ത ദിവസം ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ വരവോടെ ഓരോ ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം നൂറ് കടന്നിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളില്‍ "വന്ദേ ഭാരത്' മിഷനിലൂടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശ്രമിക് തീവണ്ടികളിലൂടെയും അനേകം മലയാളികള്‍ കേരളത്തിലെത്തുമെന്നതിനാല്‍ രോഗവ്യാപനത്തില്‍ വലിയ കുറവുണ്ടാകാന്‍ സാദ്ധ്യതയില്ല.

ഒരു ലക്ഷത്തോളം പ്രവാസി മലയാളികള്‍ അധികം താമസിയാതെ കേരളത്തിലേക്കെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഡല്‍ഹിയില്‍ സ്ഥിതി മോശമായതോടെ മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പലായനം ചെയ്യുകയാണ്. കോവിഡ് ബാധിച്ച് എട്ട് മലയാളികളാണ് ഡല്‍ഹിയില്‍ മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശനം അനുവദിക്കുന്നത്. രോഗലക്ഷണമില്ലാത്തവരു നേരിയ ലക്ഷണമുള്ളവരും വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട്. സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപയാണ് ഈടാക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് മലയാളികള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ ശ്രമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക