Image

ഒറ്റയ്ക്കൊരു യാത്ര (കവിത: സുമി മീനങ്ങാടി)

Published on 15 June, 2020
ഒറ്റയ്ക്കൊരു യാത്ര (കവിത: സുമി മീനങ്ങാടി)
ഒറ്റയ്ക്കൊരു യാത്ര പോകണം..
പുറം കാഴചകളിൽ കണ്ണും 
അകക്കാഴ്ചകളിൽ മനസ്സും നട്ട് 
ഏറ്റവും മാധുര്യമേറിയതും 
പ്രിയതരവുമായൊരോർമ്മയേയും 
കൂടെ കൂട്ടിയേക്കണം 
മാറാല കെട്ടിയ ചിന്തകളെ 
തുടച്ചെറിഞ്ഞേക്കണം 
നെഞ്ചിലെവിടെയോ വിങ്ങുന്ന 
സങ്കടങ്ങളൊക്കെയും 
ഒരു നിശ്വാസച്ചൂടിലൊതുക്കി 
ആഞ്ഞെറിഞ്ഞേക്കണം 
ഇന്നലെകളുടെ ചവറ്റുകുട്ടയിലേക്ക്...
നൂൽമഴ ഇഴ പാകിയ 
മേച്ചിൽപുറങ്ങളിലും 
ഇളവെയിൽ 
തോറ്റോടിയ താഴ്വാരങ്ങളിലും 
ഉറക്കെ ചിരിക്കണം 
തിരക്കുകൾ കനംതൂങ്ങുന്ന 
സൗഹൃദങ്ങൾക്കൊപ്പം 
ഒഴുകിയകലാനായി 
ഉള്ളിൽ പതഞ്ഞൊഴുകുന്ന 
കുഞ്ഞരുവിയെ തുറന്നു വിട്ടേക്കണം 
പുതുമഴ നനവൂട്ടിയ മണ്ണിൽ 
കാലവർഷതിമിർപ്പിൻ്റെ 
കടും ചായക്കൂട്ടുകൾ 
ഒഴുകിയിറങ്ങുന്നതു കാണണം 
വെറുപ്പും വിദ്വേഷവും 
കഥ പറയുന്ന 
ഇന്നലെകളെ പുറകിലാക്കി 
സ്വച്ഛതീരങ്ങളിലേക്കൊരു യാത്ര പോകണം 
ഒറ്റയ്ക്കങ്ങനെ..


Join WhatsApp News
Shaji 2020-06-15 12:15:09
മനോഹരം.....
Aju 2020-06-15 22:16:30
Adipoli
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക