Image

ട്രമ്പും മെലനിയയും തമ്മില്‍ വിവാഹത്തിനു മുന്‍പുള്ള കരാര്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 June, 2020
ട്രമ്പും മെലനിയയും തമ്മില്‍ വിവാഹത്തിനു മുന്‍പുള്ള കരാര്‍ (ഏബ്രഹാം തോമസ്)
പ്രിനപ്ഷ്യല്‍ (വിവാഹത്തിനു മുന്‍പുള്ള) കരാര്‍അമേരിക്കയില്‍ ചില സമ്പന്നര്‍ക്കിടയില്‍ ദാമ്പത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. വിവാഹം കഴിക്കുവാന്‍ പോകുന്ന വ്യക്തികള്‍ വിവാഹശേഷമുള്ള ജീവിതത്തില്‍ തങ്ങളുടെ സ്വത്തുക്കളും വരുമാനങ്ങളും എങ്ങനെ വിനിയോഗിക്കണമെന്ന് ഈ കരാറില്‍ പ്രത്യേകം എഴുതിചേര്‍ക്കാറുണ്ട്. മിക്കവാറും ധനാഢ്യരായ പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് വിവാഹമോചനത്തിലും ഭര്‍ത്താവിന്റെ മരണത്തിലും പ്രിനപ് എഗ്രിമെന്റിന്റെ വകുപ്പുകള്‍ ഏറെ പ്രയോജനം ചെയ്യാറുണ്ട്. ഭാര്യയുടെ താല്‍പര്യങ്ങള്‍ പ്രധാനമായും സംരക്ഷിക്കപ്പെടുന്നത് തന്നെ പ്രിനപ് എഗ്രിമെന്റിലെ മേക്ക് ഹെര്‍ ആന്‍ ഓഫര്‍ ഷി കെനോട്ട് റെഫ്യൂസ്-ലെ വകുപ്പുകള്‍ മൂലമാണെന്ന് പറയാം.

2017 ജനുവരിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് വൈറ്റ് ഹൗസിലേയ്ക്ക് താമസം മാറിയപ്പോള്‍ പ്രഥമ വനിത മെലനിയയും ദമ്പതികളുടെ 10 വയസുള്ള മകന്‍ ബാരനും ന്യൂയോര്‍ക്കില്‍ തന്നെ തുടര്‍ന്നു. അക്കാലത്ത് പ്രഥമ വനിത വാഷിംഗ്ടണിലേയ്ക്ക് മാറാതിരിക്കുവാന്‍ കാരണം പറഞ്ഞത് ന്യൂയോര്‍ക്ക് സ്‌ക്കൂളില്‍ തുടരുന്ന മകന്റെ വിദ്യാഭ്യാസത്തിന് ഭംഗം വരാതിരിക്കാനാണ് എന്നായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ പ്രഥമ ദമ്പതികള്‍ക്കിടയില്‍ ബന്ധത്തിന് മരവിപ്പുണ്ടെന്നും മെലനിയയെയും ബാരനെയും ന്യൂയോര്‍ക്കില്‍ സംരക്ഷക്കുന്നതിന് സുരക്ഷയ്ക്കും മറ്റുമായി നികുതിദായകരുടെ ഭീമമായ തുക ചെലവാകുന്നുണ്ടെന്നും ആരോപിച്ചു.

ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന തന്റെ പുതിയ പുസ്തകം, 'ദ ആര്‍ട്ട് ഓഫ് ഹെര്‍ ഡീല്‍,' ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് മെലനിയ ട്രമ്പില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ മേരി ജോര്‍ഡന്‍ പറയുന്നത് പ്രഥമ വനിത തന്റെ വൈസ്റ്റ് ഹൗസ് ആഗമനം താമസിപ്പിച്ചത് ട്രമ്പുമായി അവര്‍ ഉണ്ടാക്കിയ പ്രീനപ്പ് എഗ്രിമെന്റ് മറ്റി എഴുതാന്‍ വേണ്ടി ആയിരുന്നു എന്നാണ്.

2016 ലെ ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തെ എതിരാളികള്‍ നേരിട്ടത് ട്രമ്പിന്റെ വഴിവിട്ട ജീവിതത്തെ കുറിച്ചുള്ള ആരോപണങ്ങളും പ്ലേബോയ് പ്ലേമേറ്റ് കരന്‍ മക്ഡൂഗലിന്റെ വീഡിയോ ടേപ്പുമായാണ്. മെലനിയ കൂടുതല്‍ വിവരങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് അറിഞ്ഞു എന്ന് ജോര്‍ഡന്‍ എഴുതി. പുതിയ പ്രഥമ വനിതയ്ക്ക് ഈ പശ്ചാത്തലത്തില്‍ ഒരു 'കൂളിംഗ് ഓഫി'ന് സമയം ആവശ്യമായിരുന്നു. ഈ സമയം ട്രമ്പുമായുള്ള ഉടമ്പടി ഭേദഗതി ചെയ്യാനാണ് മെലനിയ ഉപയോഗിച്ചത്. ഇത് ബാരന്റെ കാര്യം ശ്രദ്ധിക്കുവാനാണ് എന്ന് മെലനിയ പുറം ലോകത്തോട് പറഞ്ഞു, ജോര്‍ഡന്‍ തുടര്‍ന്ന് വിവരിക്കുന്നു.

അവര്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ വരുമ്പോഴും സ്വത്തിന്റെ അവകാശത്തിലും ബാരനെ ട്രമ്പിന്റെ മൂത്ത മക്കള്‍ക്കുമൊപ്പമോ അതിലും ഉപരിയായോ പരിഗണന നല്‍കുമെന്ന് ലിഖിതമായി തന്നെ വേണമായിരുന്നു ജോര്‍ഡന്‍ ആരോപിക്കുന്നു.

മെലനിയയുടെ ഒറിജിനല്‍ പ്രീനപ് എഗ്രിമെന്റ് അത്ര വലിയ നേട്ടമൊന്നും അവര്‍ക്ക് നല്‍കുന്നതായിരുന്നില്ല. എങ്കിലും ട്രമ്പിന്റെ മുന്‍ ഭാര്യമാരെക്കാള്‍ കൂടുതല്‍ കാലം ഒപ്പം കഴിഞ്ഞത് മെലനിയയാണ്. അതിനാല്‍ മെലനിയയ്ക്ക് വലിയ വിലപേശല്‍ നടത്താനുള്ള കഴിവുണ്ട്. മെലനിയയ്ക്ക് ട്രമ്പിന് മേലുള്ള സ്വാധീനം വര്‍ധിച്ചു വന്നപ്പോള്‍ ട്രമ്പിന്റെ സുഹൃത്തുക്കളും മൂത്ത മക്കളില്‍ ഒരാളും അവരോട് എത്രയും വേഗം വൈറ്റ് ഹൗസിലെത്തുവാന്‍ അഭ്യര്‍ത്ഥിച്ചു.

ജോര്‍ഡന്റെ പുസ്തകത്തിന് 286 പേജുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കുടിയേറ്റക്കാരി പ്രഥമ വനിത ലൂയിസ ആഡംസ് ആയിരുന്നു. അതിന് ശേഷം മെലനിയയാണ് മറ്റൊരു കുടിയേറ്റക്കാരി പ്രഥമ വനിത.

ഈ പുസ്തകം എഴുതാന്‍ നൂറിലേറെ പേരെ ജോര്‍ഡന്‍ ഇന്റര്‍വ്യൂ ചെയ്തു. മെലനിയയുടെ സ്ലൊവേനിയയിലെ സ്‌ക്കൂള്‍ സഹപാഠികള്‍ മുതല്‍ മുന്‍ ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി വരെ. ട്രമ്പിനെപോലെ തന്നെ നിഗൂഢമായ സ്വകാര്യത കെട്ടിപ്പടുക്കുന്നതില്‍ മെലനിയയും തല്‍പരയാണെന്ന് പുസ്തകം വെളിപ്പെടുത്തുന്നു.

അവര്‍ ഇരുവരും അവരുടെ സ്വന്തം ചരിത്രം രചിക്കുന്നതില്‍ വ്യാപൃതരാണ്. വൈറ്റ് ഹൗസില്‍ തുടര്‍ന്നുകൊണ്ട് തന്റെ ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന മെലനിയ എല്ലാസഹകരണവും അര്‍ഹിക്കുന്നു. മെലനിയയും ട്രമ്പും രണ്ട് ധ്രുവങ്ങളാണെന്ന് തോന്നുമെങ്കിലും രണ്ടുപേരും യോദ്ധാക്കളാണ്. അതിജീവികളും, പുസ്തകം തുടരുന്നു.

ഈ പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ ഒരു സത്യവും ഇല്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
ട്രമ്പും മെലനിയയും തമ്മില്‍ വിവാഹത്തിനു മുന്‍പുള്ള കരാര്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക