Image

സ്നേഹമുള്ളവർ ഇങ്ങിനെ ആണ് വേണ്ടത് : ഡോ.കുഞ്ഞമ്മ ജോർജ്ജ്

Published on 15 June, 2020
സ്നേഹമുള്ളവർ ഇങ്ങിനെ ആണ് വേണ്ടത് : ഡോ.കുഞ്ഞമ്മ ജോർജ്ജ്
കഴിഞ്ഞ ആഴ്ച തന്നെ എഴുതേണ്ടതായിരുന്നു ഈ കുറിപ്പ്.
പിന്നെ ഇത്രയും കാലയളവിനുള്ളിൽ എല്ലാവർക്കും കാര്യങ്ങൾ അതിന്റെ തീവ്രതയിൽ അറിയാമല്ലോ എന്നും കരുതി. ഈയിടെ നടന്ന ചില രാഷ്ട്രീയ, സാമൂഹിക സംഭവങ്ങൾ, പ്രധിഷേധ പ്രകടനങ്ങൾ കണ്ടപ്പോൾ ഇങ്ങനെ എഴുതണമെന്നു തോന്നി. 
മൂന്നു മാസത്തെ കൊറോണ ലോക്ക് ഡൗൺ കാലത്ത് എന്റെ മോൾക്കും കൊച്ചുമോൾക്കും ഒപ്പം ഉണ്ടായിരുന്ന ഞങ്ങൾ വീട്ടിലെ ഒരംഗത്തെ പോലെ കരുതുന്ന സഹായി ഇടുക്കി ജില്ലയിലുള്ള അവളുടെ വീട്ടിലേക്കു പോയി. പോകേണ്ട ചില അത്യാവശ്യ കാര്യങ്ങൾ അവർക്കും ഉണ്ടായിരുന്നു. അവർക്കൊരു പേര് വേണമെങ്കിൽ സ്നേഹം എന്നോ മറ്റോ ആയിക്കോട്ടെ. 
33വർഷത്തെ ബന്ധമാണ് ഞങ്ങൾക്കിടയിൽ. എന്റെ മകളെ 11വർഷം വളർത്തി. അനെസ്തേസിയോളജിസ്റ്റ് ഡോക്ടർ ആയ ഞാൻ രാത്രിയിൽ എമർജൻസി കേസുകൾ കഴിഞ്ഞു വരുമ്പോൾ ഒന്നുകിൽ തൊട്ടിലാട്ട് അല്ലെങ്കിൽ കളികൾ... 
അങ്ങിനെ നീണ്ട 11വർഷങ്ങൾ. പിന്നെ നമ്മുടെ "സ്നേഹം'' വിവാഹശേഷം പാലായിൽ നിന്നും ഇടുക്കിയിലേക്ക് .. 
രണ്ടു കുട്ടികൾ.. തുടർന്ന് ഭർത്താവിന്റെ മരണം, മക്കളുടെ പഠിപ്പ്, മകളുടെ വിവാഹം, മകന്റെ പഠിപ്പ്.. 
എല്ലാത്തിനും ഞങ്ങൾ താങ്ങായി നിന്നു. ഞങ്ങളുടെ ഏതാവശ്യത്തിലും അവരും കൂട്ടായി. അത്യാവശ്യം ബാധ്യതകൾ തീർന്നപ്പോൾ വീണ്ടും ഞങ്ങളുടെ അടുത്തേക്കെത്തി. എന്റെ മകളോടും കൊച്ചു മകളോടും ഒപ്പം.
ഇടുക്കിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച  ഞങ്ങൾ കാറുമായി ചെന്ന് അവളെ തിരിച്ചു കൊണ്ടുവന്നു. 
സ്നേഹത്തെ കണ്ടതും എന്റെ കൊച്ചുമകൾ ആമിക്കുട്ടി വല്ലാതെ ആഹ്ളാദ ചിത്തയായി. 'മ്മാന്റി വന്നല്ലോ'എന്നു പറഞ്ഞു മോൾ അടിമുടി സന്തോഷം കൊണ്ടു. 
പക്ഷെ , സ്നേഹം, ബാഗ് തിണ്ണയിൽ വച്ചു, കുളിച്ചു മാറാൻ ഒരു ജോഡി ഡ്രെസ്സുമെടുത്തു നേരെ പുറത്തെ ബാത്ത് റൂമിൽ പോയി. 
കുളിച്ചു വന്നതിനു ശേഷമേ കുഞ്ഞിൻെറയോ ഞങ്ങളുടേയോ അടുത്തേക്ക് വന്നൊള്ളു. അതാണ് ജ്ഞാനം. ഇങ്ങനെയാണ് ശീലിക്കേണ്ട ശരിയായ രീതി. 
എന്തിനാണ് അധികം വിദ്യാഭ്യാസം? എന്തിനാണ് MLA ആകേണ്ടത് ?
എന്തിനു മുൻസിപ്പൽ ചെയർമാൻ ആകണം ?
എല്ലാവരും ചെയ്തു കൂട്ടിയതൊക്കെ നമ്മൾ കണ്ടതല്ലേ ...! 
പലർക്കും മാസ്ക് ഇല്ല, സാമൂഹിക അകലം പ്രശ്നമല്ല, 
ഹസ്തദാനം, ആലിംഗനം ഇവയെങ്കിലും ഒഴിവാക്കാമായിരുന്നു. 
പറഞ്ഞു വരുന്നത് മാസ്ക് ധരിക്കാൻ എല്ലാവർക്കും അറിയാം, വേണ്ടപോലെ അറിയില്ല എന്നേയുള്ളു. മാസ്ക് ധരിക്കുമ്പോൾ അതിന്റെ purpose serve ചെയ്യുന്ന രീതിയിൽ തന്നെ ധരിക്കണം. കഴുത്തിനുള്ള വെറും അലങ്കാര വസ്തു ആക്കരുത്. സംസാരിക്കുമ്പോൾ മുഖാവരണം താഴ്ത്തിയിട്ടിട്ട് കൂട്ടമായി ചേർന്നു നിൽക്കുന്നത് കാണാം.
ഇതിനേക്കാളൊക്കെ പ്രധാനമാണ് പുറത്തു പോയ ഒരാൾ തിരിച്ചു വീട്ടിൽ വന്നാൽ എങ്ങിനെ പ്രവർത്തിക്കണമെന്നുള്ളത്. 
ഓർക്കുക നിങ്ങളുടെ കൊച്ചു കുട്ടികളും പല വിധ രോഗങ്ങൾ ഉള്ളവരും പ്രായമായവരും ഇവിടെ റിവേഴ്‌സ് ക്വാറന്റൈനിൽ കഴിയുന്നുണ്ട്. അവരെ സമ്പർക്കത്തിലാക്കാതെ വീടിനു വെളിയിൽ തന്നെ മാസ്ക് അഴിച്ചു മാറ്റി ഏതെങ്കിലും ഡിറ്റര്ജന്റ് സൊല്യൂഷനിൽ ഇടുക. വസ്ത്രങ്ങൾ മാറ്റി, കുളിച്ചു ദേഹശുദ്ധി വരുത്തിയ ശേഷം മാത്രം വീട്ടിലുള്ളവരുമായി ഇടപഴകുക. 
ആരോഗ്യ പ്രവർത്തകർ, മറ്റാവശ്യങ്ങൾക്കു ഹോസ്പിറ്റലിൽ പോയവർ ഒക്കെ ഈ മര്യാദകൾ പാലിക്കുക. മാസ്കുമായി ഒരിക്കലും വീടിനുള്ളിലേക്ക് കടന്നു വരാതിരിക്കുക. 
Face മാസ്ക്, ഉപയോഗശേഷം ഒരു നല്ല വസ്തുവേ അല്ല. അതിന്റെ പുറവശം ബാക്ടീരിയ, വൈറസ്, ഇവയാൽ സമൃദ്ധം. അകവശം നിങ്ങളുടെ സ്വന്തം മൂക്കിലേയും വായിലേയും പലതരം അണുക്കളാൽ സമൃദ്ധം. 
ഇത്രയും പിടികിട്ടിയാൽ കാര്യങ്ങൾ എളുപ്പമാകും. നല്ല exposure ഉള്ള ഇടങ്ങളിൽ പോകുന്നവർ ആറ് മണിക്കൂറുകൾക്കു ശേഷം രണ്ടാമതൊരു മാസ്ക് ധരിക്കുക. കഴുകി ഉപയോഗിക്കുവാൻ ഉചിതം തുണി മാസ്കുകൾ ആണ്. 
ഇത്രയും എഴുതിയത് നല്ല ഉദ്ദേശ ശുദ്ധിയോടെ ആണ്. 
സ്നേഹപൂർവ്വം 
ഡോ.കുഞ്ഞമ്മ ജോർജ്ജ്
സ്നേഹമുള്ളവർ ഇങ്ങിനെ ആണ് വേണ്ടത് : ഡോ.കുഞ്ഞമ്മ ജോർജ്ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക