Image

കോവിഡ് 19: പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിക്കണമെന്ന്

Published on 14 June, 2020
 കോവിഡ് 19: പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിക്കണമെന്ന്


കുവൈറ്റ് സിറ്റി: കോവിഡ് മൂലം വിദേശത്തു മരണമടയുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടില്‍നിന്നോ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ സഹായധനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ഓവര്‍സീസ് എന്‍സിപി ദേശിയ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ ഓരോ വര്‍ഷത്തിലും കോടികണക്കിന് രൂപയാണ് ഇന്ത്യയിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വ്വേ അനുസരിച്ച് ഈ റെമിറ്റന്‍സിന്റെ ഏകദേശം 19 ശതമാനവും ലഭിക്കുന്നത് കേരളത്തിനാണ്. കേരളത്തിന്റെയും ഇന്ത്യയുടേയും സമ്പദ് വ്യവസ്ഥയില്‍ പ്രവാസികളുടെ പങ്കാളിത്തത്തിനുള്ള തെളിവാണിത്. എന്നാല്‍ ഇപ്പോള്‍ കോവിഡ് മഹാമാരി പ്രവാസി സമൂഹത്തിനുമേല്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ മാത്രമായി നൂറുകണക്കിനു മലയാളികള്‍ ഇതിനകം മരണത്തിനു കീഴടങ്ങിക്കഴിഞ്ഞു. തങ്ങളുടെ കുടുംബാംഗങ്ങളുടെ വിയോഗം മൂലം വരുമാനമാര്‍ഗവും നഷ്ടപ്പെട്ടു കഴിഞ്ഞു. ഇവര്‍ക്ക് കാര്യമായ ധനസഹായമോ നഷ്ടപരിഹാരമോ നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റോ, സംസ്ഥാന സര്‍ക്കാരോ ഇതുവരെ തയാറായിട്ടില്ല എന്നതു വളരെ വിഷമകരമാണ്.

കേരളീയരായ പ്രവാസി കുടുംബങ്ങളെ സഹായിക്കാന്‍ കേരളത്തിലെ പ്രവാസി വകുപ്പ്, ലോക കേരളസഭ, നോര്‍ക്ക, പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവരും അടിയന്തിരമായി, നടപടി സ്വീകരിക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മിറ്റി പ്രസിഡണ്ട്, ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ജീവസ് എരിഞ്ചേരിയും പത്രകുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക