Image

കുവൈറ്റില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഉടന്‍ തുറക്കും

Published on 14 June, 2020
 കുവൈറ്റില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഉടന്‍ തുറക്കും

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ആരാധകര്‍ക്കായി തുറന്നു കൊടുക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പള്ളി തുറക്കാന്‍ അനുവദിക്കുന്നതിന് അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുവൈത്തിലെ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെയര്‍മാന്‍ ഇമ്മാനുവല്‍ ഗാരിബ് സ്ഥിരീകരിച്ചു. എന്നാല്‍ ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല .

15 വയസിനു താഴെയുള്ളവരോ 65 വയസിനു മുകളിലുള്ളവരോ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരോ പള്ളികളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഗാരിബ് വിശദീകരിച്ചു.

കൈയുറകള്‍ ധരിക്കുക, താപനില പരിശോധിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച മുതല്‍ ആരാധകരെ സ്വീകരിക്കാനാകുമെന്നു സഭ പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

സല്‍വ പ്രദേശത്തെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളി ഒരു മണിക്കൂറോളം നടക്കുന്ന പ്രാര്‍ഥനാ സേവനങ്ങള്‍ക്കായി വെള്ളി രാവിലെ 9 നു തുറക്കുമെന്ന് കുവൈത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാസ്റ്ററും കുവൈറ്റ് ബാഗ്ദാദ് രൂപതയുമായ ബിഷപ് ഗട്ടാസ് ഹസീം അറിയിച്ചു. പള്ളിയിലെത്തുന്ന ആരാധകരുടെ പൊതു സുരക്ഷയ്ക്കായി ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആരാധകര്‍ക്ക് അണുവിമുക്തമാക്കിയ ശേഷം മാസ്‌ക് ധരിച്ച് പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു അടുത്തയാഴ്ചയോടെ കുവൈത്തിലെ ഗ്രീക്ക് കത്തോലിക്കരുടെ പള്ളി തുറക്കുമെന്ന് പാത്രിയാര്‍ക്കല്‍ വികാരി ആര്‍ക്കിമാന്‍ഡ്രൈറ്റ് ബൌട്രോസ് ഗാരിബ്അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക