Image

കോവിഡ്‌-19ന്റെ ആഘാതം-കുട്ടികളിൽ (ലിസി സണ്ണി സ്റ്റീഫൻ)

Published on 14 June, 2020
കോവിഡ്‌-19ന്റെ ആഘാതം-കുട്ടികളിൽ (ലിസി സണ്ണി സ്റ്റീഫൻ)
രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഇത്രയും വലിയ ഒരു പ്രതിസന്ധി ലോകം കണ്ടിട്ടില്ല. ഐക്യ രാഷ്ട്രസംഘടനയുടെ പഠനങ്ങൾ അനുസരിച്ച്‌ കോവിഡ്‌ 19 കുട്ടികളിൽ ഏൽപ്പിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണ്‌.കുട്ടികളിലെ കോവിഡ്‌ വ്യാപനവും മരണനിരക്കും താരതമേന്യ കുറവാണെങ്കിലും പല മേഖലകളിലും , പ്രത്യേകിച്ച്‌ സാമൂഹിക,സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കോവിഡ്‌ ഏൽപ്പിച്ച ആഘാതം ചെറുതല്ല.

ഇന്ത്യയെപ്പോലെ ജനസാന്ദ്രതയേറിയ രാജ്യങ്ങളിലെ കുട്ടികളിലാണ്‌ കോവിഡ്‌19 കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്‌.ലോക്ഡൗൺ കാലത്ത്‌ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ വ്യക്തമാകുന്നത്‌ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കുടുംബങ്ങളെ പട്ടിണിയിലാക്കുമ്പോൾ നല്ലൊരു ശതമാനം കുട്ടികളും ദാരിദ്രത്തിനടിമപ്പെടും എന്നാണ്‌.2019ലെ ലോക കണക്കുകൾ നോക്കിയാൽ ഏതാണ്ട്‌ 386 മില്യൻ കുട്ടികൾ ഇപ്പോൾത്തന്നെ ദാരിദ്രിയമനുഭവിക്കുന്നുണ്ട്‌.

ലോകം മുഴുവൻ സ്കൂളുകൾ അടച്ചിട്ട ഒരു ചരിത്രം ഇതിനുമുൻപ്‌ ഉണ്ടായിട്ടില്ല.പകർച്ചവ്യാധികളോ, യുദ്ധങ്ങളോ മറ്റുദുരന്തങ്ങളോ ഉണ്ടായപ്പോൾ ചില രാജ്യങ്ങളിൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്‌. കുട്ടികളുടെ വിദ്യാഭ്യാസം ഏതാണ്ട്‌ നിശ്ചലമായിരിക്കുകയാണ്‌.ഈ വർഷം വിദ്യ ആരംഭിക്കേണ്ടവരും വിദ്യാഭ്യാസം പൂത്തിയാക്കേണ്ട യുവജനങ്ങളും വീണ്ടും നാളുകൾ കാത്തിരിക്കേണ്ടി വരുന്നു. യുവതലമുറയിൽ ഒരു തൊഴിൽ രഹിത സമൂഹമാണ്‌ ഇനി വരാനിരിക്കുന്നത്‌. ലോക്ഡൗൺ കാലത്ത്‌ സാങ്കേതിക വിദ്യയുടെ സഹായത്തോടെപഠനങ്ങൾ മുന്നോട്ടുകൊണ്ടുപോകാം എന്ന് അവകാശപ്പെടുമ്പോഴും ദാരിദ്ര്യമേഖലയ്ക്ക്‌ താഴെയുള്ള കുട്ടികൾക്ക്‌ പഠനം നിഷേധിക്കപ്പെടുന്നു.എത്രനാൾ സ്കൂൾ തുറക്കാതിരിക്കുന്നുവോ, അതിനനുസരിച്ച്‌ കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തോടുള്ള താത്പര്യം കുറയുകയും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യും. വിദ്യാഭ്യാസമില്ലാത്ത ഒരു തലമുറയ്ക്‌ ഇത്‌ വഴിയൊരുക്കും. ഇതിന്റെ ഫലമായി ബാലവേല കൂടാനുള്ള സാധ്യതയുണ്ട്‌.ഇങ്ങനെ പഠനം നിറുത്തിയ കുട്ടികൾ കുറ്റക്രുത്യങ്ങളിലേയ്ക്കും മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തിലേയ്ക്കും മാറാനുള്ള സാഹചര്യം ഏറെയാണ്‌.സ്കൂൾ തുറന്നാലും ക്ലാസ്സുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ എന്ന രീതി അവലംബിച്ചുകോണ്ട്‌ ബാക്കി സമയം ഓൺലൈൻ പഠനമായിരിക്കുമെന്ന് പല വിദ്യാഭ്യാസബോർഡുകളും ഉത്തരവിറക്കിക്കഴിഞ്ഞു. മാതാപിതാക്കൾ ജോലിക്കു പോകുകയും കുട്ടികൾ വീട്ടിലിരുന്ന് ഓൺലൈനിലൂടെ പഠിക്കുന്നതും പല പ്രശ്നങ്ങൾക്കും വഴിയൊരുക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ കമ്പ്യൂട്ടറും ഇന്റർനെറ്റും സ്മാർട്ട്ഫോണും ഒന്നും കാണില്ല. ഒരു സ്മാർട്ഫോൺ ഉണ്ടെങ്കിൽത്തന്നെ അത്‌ ജോലിക്കുപോകുന്ന മാതാപിതാക്കളുടെ കയ്യിലായിരിക്കും. തനിയെ ആയിരിക്കുന്ന കുട്ടിക്ക്‌ ഒരു സുരക്ഷയും ഇല്ല. മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ ഇന്റർനെറ്റും മൊബൈൽ ഫോണും ഉപയോഗിക്കുന്നത്‌ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. കുട്ടിയുടെ സുരക്ഷ ഒരു വലിയ പ്രശ്നമായിത്തീരും. അതുപോലെ പെൺകുട്ടികൾക്ക്‌ മിക്കവാറും പഠനത്തിനുവേണ്ടി ഫോണോ ഇന്റർനെറ്റോ കിട്ടിയെന്നുവരില്ല.ഇതു പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും. പല ഓഫറുകളുമായി കാത്തിരിക്കുന്ന ഇന്റർനെറ്റ്‌ വേട്ടക്കാർ കുട്ടികൾക്കുനൽകുന്ന വിവരങ്ങളുടെ വിശ്വാസ്യതയും പരിശോധിക്കേണ്ടതുണ്ട്‌. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഭിന്നശേഷിക്കാരുടെ പഠനവും ബുദ്ധിമുട്ടാകും.ഭാവിയുടെ മനുഷ്യസമ്പത്ത്‌ ഇന്നത്തെ കുട്ടികളാണ്‌ എന്ന സത്യം മറക്കരുത്‌.ചില രാജ്യങ്ങളിൽ, സ്കൂളുകൾ മിലിട്ടറിക്കും ക്വാറന്റൈൻ നടപ്പിലാക്കുന്നതിനുമായി ഉപയോഗിക്കുന്നുണ്ട്‌.സ്കൂളിലെ പഠന സാമഗ്രികളും മറ്റുപകരണങ്ങളും നശിച്ചുപോകാൻ ഇത്‌ ഇടയാക്കാം. വിദൂര പഠനങ്ങളിലൂടെ ഉന്നതവിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാൻ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്‌.

ആരോഗ്യരംഗത്ത്‌‌ ക്രുത്യമായി രോഗപ്രതിരോധകുത്തിവെയ്പുകൾ എടുക്കാൻ ഈ കോവിഡ്‌ കാലത്ത്‌ കഴിഞ്ഞിട്ടില്ല. ഇത്‌ ശിശുരോഗങ്ങളും ശിശുമരണനിരക്കും വർദ്ധിപ്പിക്കും.

മറ്റുരോഗങ്ങൾക്ക്‌ ചികിത്സതേടിയിരുന്ന കുട്ടികൾക്ക്‌ തുടർചികിത്സ കിട്ടാതെ വരുന്ന സാഹചര്യത്തിൽ ആ രീതിയിലും മരണനിരക്ക്‌ കൂടാനിടയുണ്ട്‌.

കുട്ടികളിൽ പോഷകാഹാരക്കുറവുണ്ടാകും. കുടുംബത്തിലെ ദാരിദ്ര്യം ഏറ്റവുമധികം ബാധിക്കുന്നത്‌ കുട്ടികളെയായിരിക്കും.ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾ സ്കൂളുകളിലെ ഉച്ചഭക്ഷണത്തെയായിരുന്നു ആശ്രയിച്ചിരുന്നത്‌. പോഷകാഹാരങ്ങളുടെ ദൗർലഭ്യം മറ്റുപല രോഗങ്ങൾക്കും വഴിതെളിക്കും.SAM(Severe Acute Malnutrition), Anemia (വിളർച്ച) ഇതൊക്കെ കുട്ടികളുടെയിടയിൽ സാധാരണമായിത്തീരും. ബാല്യ, ശൈശവ, കൗമാരകാലഘട്ടങ്ങളിൽ ലഭ്യമാക്കേണ്ട പോഷകാംശങ്ങൾ ലഭിക്കാതെ വന്നാൽ അത്‌ കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയെയും ബാധിക്കും.

കുടുംബങ്ങൾ ദാരിദ്ര്യത്തിലും സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെടുമ്പോൾ കുട്ടികൾ പലരും പഠനം നിറുത്തി, അല്ലെങ്കിൽ പഠനമില്ലാത്ത ദിവസങ്ങളിൽ ദിവസവേതനക്കാരായി മാറുന്ന ഒരു സാഹചര്യമുണ്ടാകാം.കുട്ടികൾ സാമ്പത്തിക ചൂഷണത്തിനും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കും ഇരയാകാം.

കുട്ടികളുടെ സുരക്ഷിതത്വമൊരുപ്രശ്നമാകും.അഭയാർത്ഥിക്യാമ്പുകളിലും പ്രശ്നമേഖലയിലും കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾ പീഡനങ്ങൾക്ക്‌ വിധേയരാകുന്നതായി വാർത്തകൾ വരുന്നുണ്ട്‌. ശൈശവ വിവാഹങ്ങളും നേരത്തേയുള്ള ഗർഭധാരണങ്ങളും പെൺകുട്ടികളുടേയും ശിശുക്കളുടേയും മരണനിരക്ക്‌ വർദ്ധിപ്പിക്കും.കോവിഡ്‌ മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ ലൈംഗിക പീഡനങ്ങൾക്കും ഭിക്ഷാടനത്തിനും തെരുവിൽ കച്ചവടങ്ങൾ നടത്തുന്നതിനും നിർബന്ധിതരാകാം.

കോവിഡ്‌19 കുട്ടികളിൽ പല മാനസിക പ്രശ്നങ്ങൾക്കും വഴിയൊരുക്കാം. ശാരീരിക അകലം പാലിക്കലും ലോക്ഡൗൺ നിയന്ത്രണങ്ങളും കുട്ടികളിൽ ഉത്ക്കൺഠയും വിഷാദവും ഉണ്ടാകാൻ കാരണമാകാം.കുടുംബം നേരിടുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും മറ്റുള്ളവരുടെ രോഗങ്ങളുമൊക്കെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്‌ കുട്ടികളെയാണ്‌. കുടുംബത്തിലെ ഈ സമ്മർദ്ദങ്ങൾ കുടുംബകലഹങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കും വഴിതെളിക്കുന്നു. ഇതിനെല്ലാം സാക്ഷികളാകുന്ന കുട്ടികൾക്ക്‌ പലതരം മാനസികവും ബൗദ്ധികവുമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു.തൊഴിലില്ലായ്മയും തൊഴിൽ നഷ്ടപ്പെടുന്നതും യുവജനങ്ങളിൽ മാനസിക പ്രശ്നങ്ങളും കുറ്റക്രുത്യങ്ങളും ലഹരി ഉപയോഗം കൂടുന്നതിനുമൊക്കെ കാരണമാകും.

ഇതിനൊരു പരിഹാരമുണ്ടാകണമെങ്കിൽ ഈ മഹാമാരിയുടെ വ്യത്യസ്ഥതലങ്ങളെക്കുറിച്ചും അവ കുട്ടികളിൽ ഏൽപിക്കുന്ന ആഘാതങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളും വിവരശേഖരണങ്ങളും ദ്രുതഗതിയിലാക്കുകയും ഐക്യദാർഡ്ഠ്യത്തോടെ എല്ലാവരും പ്രയത്നിക്കുകയും വേണം.സ്വീഡൻ പോലുള്ള രാജ്യങ്ങൾ അവലംബിച്ചിരിക്കുന്ന മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട്‌, രാജ്യം സാമ്പത്തിക തകർച്ചയിലേയ്‌ക്ക്‌ വീണുപോകാതെ, നമ്മുടെ കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയെ മുൻ നിറുത്തി എല്ലാ മേഖലകളിലും പുനക്രമീകരണങ്ങൾ ഉണ്ടാകണം. ഭരണതലത്തിൽ നമ്മുടെ കുട്ടികൾക്കുവേണ്ടി ഗ്രാന്റുകൾ അനുവദിച്ചുകൊണ്ട്‌ കുടുംബത്തിന്‌ താങ്ങാകണം. അതുപോലെ കുട്ടികൾക്കായി സപ്ലൈകോയിലൂടെയോ ഹെൽത്ത്സെന്ററുകൾ വഴിയോ പോഷകാഹാരങ്ങൾ വിതരണം ചെയ്യാനാവണം.ശാരീരിക അകലവും മറ്റുനിയന്ത്രണങ്ങളും പാലിച്ചുകൊണ്ടുതന്നെ അവരുടെ വിദ്യാഭ്യാസം മുന്നോട്ടുപോകണം. കുട്ടികൾ പീഡനങ്ങൾക്കോ മറ്റുചൂഷണങ്ങൾക്കോ വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ ഇന്റർനെറ്റ്‌ ഉപയോഗം സുരക്ഷിതമായിരിക്കണം. മാതാപിതാക്കൾക്കും സംരക്ഷണച്ചുമതലയുള്ളവർക്കും പരിശീലനങ്ങളും ബോധവത്ക്കരണങ്ങളും നൽകി കുട്ടികളുടെ മാനസികാരോഗ്യം നിലനിറുത്തണം. അതോടൊപ്പം കുട്ടികൾക്കും കൗമാരക്കാർക്കും കോവിഡ്‌ പരിശോധന, ചികിത്സ, വാക്സിൻ വന്നുകഴിയുമ്പോൾ അതും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കുട്ടികൾക്കു മാത്രമായുള്ള സർവീസ്‌ സെന്ററുകൾ വഴി അവരുടെ സുരക്ഷയും പോഷകാഹാരവിതരണവും രോഗപ്രതിരോധ കുത്തിവെയ്പുമൊക്കെ ഉറപ്പുവരുത്തേണ്ടതായിവരും.അതുപോലെ സ്കൂൾ സമയത്തിനുശേഷം കുട്ടികൾ തനിച്ചായിരിക്കാനുള്ള അവസരം കൊടുക്കാതെ അവരെ ശ്രദ്ധിക്കാനും ഓൺലൈൻ പഠനം ഉറപ്പൂവരുത്താനും കെയർ ടേക്കിംഗ്‌ സെന്ററുകൾ ഒരുക്കേണ്ടിവരും.

ഈ മഹാമാരി എത്രനാൾ ഇങ്ങനെ നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്‌ ഏൽപ്പിക്കുന്ന ആഘാതവും. ഉദാഹരണത്തിന്‌ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമെത്രനാൾ നീണ്ടുനിൽക്കുന്നുവോ അതിനനുസരിച്ച്‌ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾ നിലനിൽപ്പിനായി ഉള്ളതെല്ലാം വിൽക്കേണ്ട അവസ്ഥ വരാം. വിദ്യാലയങൾ തുറക്കാൻ വൈകുന്തോറും കുട്ടികൾ ഇതുവരെ ആർജിച്ച അറിവും കഴിവുകളും നഷ്ടപ്പെടും. രോഗപ്രതിരോധകുത്തിവെയ്പുകൾ മുടങ്ങിയാൽ നമ്മൾ നിർമാർജനം ചെയ്ത പോളിയോയും വസൂരിയുമൊക്കെ തിരികെ വരാം.

ഇത്‌ അഭൂതപൂവമായ ഒരു പ്രതിസന്ധിയാണ്‌. ഇവിടെ ആഗോള തലത്തിൽ കുട്ടികൾക്കും മാനവികതയ്ക്കും വേണ്ടി ഐക്യദാർഡ്ഠ്യത്തോടെ പ്രവർത്തിക്കുകയാണ്‌ വേണ്ടത്‌. ഈ മഹാമാരിയെ കീഴടക്കാനുള്ള ഒരു അവസരം മാത്രമല്ല, നമ്മുടെ യുവതലമുറ വളർന്നതും ശീലിച്ചതുമായ രീതികളിൽ നിന്ന് വേറിട്ട്‌ ചിന്തിക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമായി ലഭിച്ച ഒരു അവസരം കൂടിയായി നമുക്കിതിനെ കാണാം.

(ലിസി സണ്ണി സ്റ്റീഫൻ, പ്രിൻസിപ്പൽ, സെന്റ്സെബാസ്റ്റിയൻസ്‌ പബ്ലിക്സ്കൂൾ, പേരൂർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക