Image

വേതാളങ്ങളെ ഒളിപ്പിച്ചിട്ടുള്ള പെൺ മനസ്സുകൾ (ദിനസരി-11- ഡോ സ്വപ്ന. സി. കോമ്പാത്ത്)

Published on 13 June, 2020
വേതാളങ്ങളെ ഒളിപ്പിച്ചിട്ടുള്ള പെൺ മനസ്സുകൾ (ദിനസരി-11- ഡോ സ്വപ്ന. സി. കോമ്പാത്ത്)
Morality, for all the conditioning to which the human mind has been and is subjected, is always a personal choice in the last analysis.
John Christopher  

സദാചാരബോധവും ധാർമികതയുമെല്ലാം വൈയക്തികമായ അതിർവരമ്പുകളിൽ നിർണ്ണയിക്കപ്പെടേണ്ട മാനസികഭൂഖണ്ഡങ്ങളാണെന്ന് ഉറക്കെ പറയുന്ന പതിനൊന്ന് കഥകളുടെ സമാഹാരമാണ് ഇരുപതാം നിലയിൽ ഒരു പുഴ .ഒരു പുസ്തകത്തിന്റെ വായന മേലാസകലം മുളകുനീറ്റുന്നുവെന്ന് തോന്നിപ്പിച്ച  ആദ്യ അനുഭവമാണ് ഇരുപതാംനിലയിൽ ഒരു പുഴ.    

  ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ഈ സമാഹാരം വാർപ്പുമാതൃകകളിൽ നിന്ന് വ്യത്യസ്തമായി അവതാരികയൊന്നുമില്ലാതെ നേരിട്ടു കഥകളിലേക്ക്  കടക്കുകയാണ്.സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ സൂക്ഷ്മവും തീവ്രവുമായ ഉള്ളടരുകൾ തുറന്നു കാട്ടുന്ന കഥകൾ എന്ന് പ്രസാധകർ വിശേഷിപ്പിക്കുന്ന ഇതിലെ കഥകൾ മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കുള്ള പ്രയാണമാണ്. ലൈംഗികതയും ഉന്മാദവും ഏകാന്തതയും പ്രണയവും അപരിചതത്വവും അനാഥത്വവും നിസ്സഹായതയുമെല്ലാം വന്മരങ്ങളായി വേരുപടർത്തിയ കൊടും വനങ്ങളാണ് ഓരോ മനസ്സെന്നും അതിൽ പെട്ട് ദിക്കറിയാതുഴലുന്ന ഭാഗ്യഹീനരാണ് അവ പേറുന്ന മനുഷ്യരെന്നും വ്യക്തമാക്കുന്ന രചനകളാണ് ഇരുപതാം നിലയിൽ ഒരു പുഴയുടെ ഉള്ളിലുള്ളത്.

 ഓരോ കഥയും ഒരു പുഴയാണ് .ഓരോ വായനക്കാരന്റെ മനസ്സിലും വ്യത്യസ്ത അനുഭവങ്ങളുണ്ടാക്കുന്ന പുഴ .മിക്കവാറും എല്ലാ കഥകളിലും പുഴയുടെ ജൈവിക സാന്നിധ്യവുമുണ്ട്. ബ്യൂട്ടിപാർലറിലെ ഹെൽപ്പർ മുതൽ കോളേജധ്യാപികമാർ വരെയുള്ള വിവിധ പെൺജീവിതങ്ങളും പ്രണയം മുതൽ ദുരഭിമാനകൊലപാതകം വരെയുള്ള വിവിധസംഭവങ്ങളും കഥകളുടെ ആത്മാവാകുന്നു., കാലത്തെ  അതേപടി ഭാവനാത്മകമായി പകർത്തിയ കൈക്കുറ്റപ്പാടില്ലാത്ത കഥകൾ .

രചനയിൽ ആഖ്യാതാവിന്റെ നിലപാടെന്താണെന്ന് വായനക്കാർക്ക് സംശയിക്കാനിട വരുത്താത്തത്ര സ്പഷ്ടമായ നിരീക്ഷണങ്ങൾ .കഥകളോരോന്നും ധീരമായ തുറന്നു പറച്ചിലുകളാകുന്നു. സ്വപ്നങ്ങളും പുഴകളും ഓർമകളും നഷ്ടപ്പെട്ടവരുടെ ലോകത്തെ വീണ്ടെടുക്കുകയും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്ന വലിയൊരു തിരശ്ശീലയാണ് ഈ കഥകളോരോന്നും .

പ്രമേയവും അതിന്റെ സാമൂഹിക പ്രസക്തിയും,ആഖ്യാനതന്ത്രവും, കഥയുടെ  രാഷ്ട്രീയമാനങ്ങളുമൊക്കെ മാറ്റിനിർത്തി കഥയെ കഥയായി മാത്രം വായിക്കാൻ പരിശ്രമിക്കുമ്പോഴും കഥയുടെ പേരുകളും കഥാപാത്രങ്ങളുടെ പേരുകളും ഓരോരോ ഭൂഖണ്ഡങ്ങളായി പരിണമിക്കപ്പെടുകയാണ്. ഇതു വരെ രേഖപ്പെടുത്തപ്പെടാതെ പോയ പുതിയ ഭൂഖണ്ഡങ്ങളുടെ കണ്ണത്താത്ത  വിശാലതയും ഇതുവരെ കാണാത്ത  ജൈവ നിർമിതികളുടെ കൂറ്റൻ എടുപ്പുകളും  തീർച്ചയായും ആശ്ചര്യപ്പെടുത്തും. നിശ്ശബ്ദതയും അട്ടഹാസവും കൈകോർത്തു പിടിച്ച് ഭയപ്പെടുത്തും.

മണിമേഖലയും സുദീപ്തയും ശിവമായയും മണിവീണയും സങ്കല്പനയും നർമദയും അനുപമയുമെല്ലാം എത്രയെത്ര കൂറ്റൻ പെണ്ണെടുപ്പുകളാണ്‌ . കഥകൾക്കും കഥാപാത്രങ്ങൾക്കും പേരിടുന്നതും ഒന്നാന്തരം കലയാണെന്ന് ജിസാ ജോസ് നമ്മെ പഠിപ്പിക്കുന്നുണ്ട്.  കഥയിലായാലും ജീവിതത്തിലായാലും പെണ്ണവസ്ഥകളിൽ വലിയ മാറ്റങ്ങളൊന്നുമില്ലെന്ന ജീവിത സത്യത്തെ  ഊട്ടിയുറപ്പിക്കാനെന്ന പോലെ തെക്കൻ കേരളവും വടക്കൻ കേരളവും കഥകളിൽ മാറിമാറി വരുന്നു. ജീവിതമാണോ  കഥയാണോ ഒരു സൈക്യാട്രിസ്റ്റ് നമ്മുടെ മനസ്സ് വായിക്കുകയാണോ എന്ന മട്ടിൽ വായനക്കാരെ കുഴപ്പിക്കുന്ന ആഖ്യാന തന്ത്രമാണ് ഇരുപതാം നിലയിൽ ഒരു പുഴയുടെ ജീവരഹസ്യം

വേതാളങ്ങളെ ഒളിപ്പിച്ചിട്ടുള്ള പെൺ മനസ്സുകൾ (ദിനസരി-11- ഡോ സ്വപ്ന. സി. കോമ്പാത്ത്)വേതാളങ്ങളെ ഒളിപ്പിച്ചിട്ടുള്ള പെൺ മനസ്സുകൾ (ദിനസരി-11- ഡോ സ്വപ്ന. സി. കോമ്പാത്ത്)വേതാളങ്ങളെ ഒളിപ്പിച്ചിട്ടുള്ള പെൺ മനസ്സുകൾ (ദിനസരി-11- ഡോ സ്വപ്ന. സി. കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക