Image

ടിപി വധം: മുംബൈ ബന്ധം അന്വേഷിക്കണമെന്ന് എളമരം കരീം

Published on 29 May, 2012
ടിപി വധം: മുംബൈ ബന്ധം അന്വേഷിക്കണമെന്ന് എളമരം കരീം
കോഴിക്കോട്: ടിപി വധം ആസൂത്രണം ചെയ്ത ടി.കെ. രജീഷിന്റെയും സി.എച്ച്. അശോകന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്ന വ്യവസായിയുടെയും ആസ്ഥാനം മുംബൈ ആയതിനാല്‍ കൊലപാതകത്തിനു പിന്നിലെ മുംബൈ ബന്ധം അന്വേഷിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം.

ടിപി വധക്കേസില്‍ സിപിഎം ഇതുവരെയും ആരെയും പ്രതിസ്ഥാനത്തു നിര്‍ത്തിയിട്ടില്ല. അതെല്ലാം അന്വേഷണത്തില്‍ തെളിയണമെന്നാണ് നിലപാട്. എന്നാല്‍ പി.വി. സുകുമാരന്റെ ഐസ് പ്ലാന്റിനെതിരെ ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടന്നിരുന്നു. സുകുമാരന്‍ മരുമകന്‍ പ്രദീപിന്റെ പേരില്‍ തുടങ്ങാനിരുന്ന മൂന്നു കോടിയിലേറെ മുതല്‍ മുടക്കുള്ള പ്ലാന്റ് സമരം മൂലം തുടങ്ങാനായില്ല. ഈ വിവരങ്ങള്‍ അറിയുന്നതു കൊണ്ടാണ് അശോകന്‍ ജാമ്യ ഹര്‍ജിയില്‍ ഇയാളുടെ പങ്ക് സൂചിപ്പിച്ചത്. കൊലയാളികളെ ചൂണ്ടിക്കാണിക്കുന്ന പരിപാടി സിപിഎമ്മിനില്ലാത്തതു കൊണ്ടാണ് ആരുടെയും പേരില്‍ പാര്‍ട്ടി ആരോപണം ഉന്നയിക്കാത്തതെന്നും കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്ന അതിക്രൂര മര്‍ദ്ദനങ്ങളുടെ വിവരമാണ് റിമാന്‍ഡില്‍ കഴിയുന്ന പടയങ്കണ്ടി രവീന്ദ്രനില്‍ നിന്നറിയാന്‍ കഴിഞ്ഞതെന്നും കരീം പറഞ്ഞു. വിരലുകള്‍ക്കിടയില്‍ പേന കയറ്റി കൈ ഞെരിച്ചാണ് ചില പേരു പറയിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചത്. ചോമ്പാല്‍ എസ്‌ഐ രണ്ടു കൈകൊണ്ട് ചെവി പൊത്തിയടിച്ചതായും രവീന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ക്രൂര മര്‍ദ്ദനങ്ങളാണ് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലുള്ളത്. കസ്റ്റഡിയിലുള്ള ഒരു പ്രതിയെ ഉപയോഗിച്ചു രവീന്ദ്രന്റെ കവിളത്ത് അടിപ്പിച്ചതായും കരീം പറഞ്ഞു.

നക്‌സല്‍ വര്‍ഗീസിനെ വെടിവച്ചു കൊല്ലാന്‍ നിര്‍ദേശിച്ച ലക്ഷ്മണയുടെ രീതികളാണ് ഇപ്പോള്‍ അന്വേഷണ ക്യാംപിലെ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ചു നേരത്തെ അറിവില്ലായിരുന്നെന്നു രവീന്ദ്രന്‍ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ചന്ദ്രശേഖരനെ ആര്‍ക്കാണ് അറിയാത്തതെന്നും കാണിച്ചു കൊടുക്കേണ്ടതുണ്ടോയെന്നും രവീന്ദ്രന്‍ ചോദിച്ചതായും കരീം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക