Image

ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ 111-മത് ജന്മ വാര്‍ഷികം ഇന്ന്

അജു വാരിക്കാട് Published on 13 June, 2020
ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ 111-മത് ജന്മ വാര്‍ഷികം ഇന്ന്
ജൂണ്‍ 13. ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ (ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്) നൂറ്റിപതിനൊന്നാം ജന്മ വാര്‍ഷികം.

'ഋഗ്വേദത്തില്‍ നിന്ന് കമ്മ്യൂണിസത്തിലേക് , ബ്രഹ്മശ്രീയില്‍ നിന്ന് സഖാവിലേക്ക്, ജന്മിത്തത്തില്‍ നിന്ന് ജന്മിത്തം അവസാനിപ്പിച്ച കാര്‍ഷിക ബന്ധ ബില്ലിന്റെ ശില്‍പ്പിയായ മുഖ്യമന്ത്രിയിലേക്ക്.'

ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ചരിത്രകാരന്‍, മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രജ്ഞന്‍, സാമൂഹിക പരിഷ്‌ക്കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രധാനിയാണ്.

അടിച്ചമര്‍ത്തപ്പെടുന്നവന്റെ നിവര്‍ന്നു നില്‍ക്കുവാനുള്ള കെല്പ് എന്നത് തൊഴിലാളി വര്‍ഗബോധമാണെന്നും , അ വര്‍ഗ്ഗ ബോധത്തിന്റെ രാഷ്ട്രീയം ഒരു ജനതയുടെ അതിജീവനത്തിന്റെ രാഷ്ട്രീയം കൂടിയാണ് എന്നതും ഒരു ജനതയെ ഉദ്‌ബോധിപ്പിച്ച സഖാവ് .

ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേതാവ് എന്ന നിലയില്‍ ആഗോള പ്രശസ്തന്‍.

ജനകീയാസൂത്രണ പദ്ധതിയുടെ മുന്‍നിരക്കാരിലൊരാള്‍ കൂടിയായിരുന്ന ഇ.എം.എസ്സ് ജൂണ്‍ 13, 1909-നു പരമേശ്വരന്‍ നമ്പൂതിരിയുടെയും വിഷ്ണുദത്ത അന്തര്‍ജനത്തിന്റെയും നാലാമത്തെ മകനായി പെരിന്തല്‍മണ്ണയില്‍ ജനിച്ചു. 'കുഞ്ചു' എന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്തു അറിയപ്പെട്ടിരുന്നത്.

രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്. 1934-36 ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1936 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രൂപ്പ് രൂപം കൊണ്ടു. അങ്ങനെ 1937-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളില്‍ ഒരാളായി.

ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അദ്ദേഹം രണ്ടുവര്‍ഷം മുഖ്യമന്ത്രിയായിരുന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്‌കരണ നിയമം മന്ത്രിസഭ പാസ്സാക്കി.

1937 ഒക്ടോബര്‍ 17-ന് ആര്യ അന്തര്‍ജനവുമായി വിവാഹം. നാലു മക്കള്‍.

1998 മാര്‍ച്ച് 19-ന് തന്റെ 89-ആം വയസ്സില്‍ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ അന്തരിച്ചു.

കമ്മ്യൂണിസത്തെ അറിയുക എന്നത് ലോകത്തെ അറിയുക എന്നതാണെന്നും, വായിക്കുന്നതും മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതിനും അവിശ്വസിക്കുന്നതിനും മാത്രമല്ല ചിന്തിക്കുവാനും വിയോജിക്കുവാനും കൂടി വേണ്ടിയാവണം എന്ന ചിന്ത സമൂഹത്തിനു നല്‍കിയ സഖാവ് ഇ എം എസ് ...
ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ 111-മത് ജന്മ വാര്‍ഷികം ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക