Image

എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട നഴ്സുമാര്‍ക്ക് അഭയമേകി കെഎംസിസി

Published on 12 June, 2020
 എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട നഴ്സുമാര്‍ക്ക് അഭയമേകി കെഎംസിസി


റിയാദ്: കോവിഡ് മഹാമാരിക്കെതിരെയുള്ള സൗദിയുടെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു പ്രത്യേക വിമാനത്തിലെത്തിയ നഴ്‌സുമാര്‍ക്ക് സ്‌നേഹ തണലൊരുക്കി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. കണക്ഷന്‍ വിമാനം വൈകിയതുമൂലം റിയാദില്‍ കുടുങ്ങിയ 49 ഇന്ത്യന്‍ നഴ്‌സുമാര്‍ക്കാണ് റിയാദ് കെഎംസിസി പ്രവര്‍ത്തകര്‍ തുണയായത്.

മക്ക, ഹഫര്‍ അല്‍ബാതിന്‍ തുടങ്ങി സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട ഇവരെ കെഎംസിസി പ്രവര്‍ത്തകരെത്തി ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. വൈകുന്നേരത്തോടെ അധികൃതരെത്തി ഇവരെ ഹോട്ടലില്‍ നിന്നും പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി പത്തോടെയാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്നും 134 മലയാളി നഴ്‌സുമാര്‍ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതില്‍ 49 നഴ്‌സുമാര്‍ക്കാണ് യാത്രാ സൗകര്യം ലഭ്യമാവാതിരുന്നത്. യാത്ര പുറപ്പെടുമ്പോള്‍ തന്നെ ഇതു സംബന്ധമായ അനിശ്ചിതത്വം നിലവിലുണ്ടായിരുന്നെന്നും എന്നാല്‍ റിയാദിലെത്തുന്ന മുറക്ക് യാത്രാ സൗകര്യമൊരുക്കുമെന്നായിരുന്നു എംബസിയില്‍ നിന്നും ലഭിച്ച വിവരമെന്നും നഴ്‌സുമാര്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് കണക്ഷന്‍ വിമാനം ലഭിച്ചതിനെ തുടര്‍ന്ന് അവരെല്ലാം വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കൃത്യമായ വിവരമൊന്നും ലഭിക്കാതിരുന്നതുകൊണ്ടാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫയുമായി നഴ്‌സുമാര്‍ ഫോണില്‍ ബന്ധപ്പെട്ടതിനെതുടര്‍ന്നു ഉടന്‍ തന്നെ വാഹനങ്ങളുമായി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തുകയും നഴ്‌സുമാരെ അവിടെ നിന്നും ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു.

ഈ വിഷയം സിദ്ദീഖ് തുവൂര്‍ വിമാനത്താവള അധികൃതരുമായി സംസാരിക്കുകയും വിമാനത്താവള മാനേജരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. ഹോട്ടലിലെത്തി വിശ്രമിച്ച നഴ്‌സുമാര്‍ക്ക് ഭക്ഷണവും കെഎംസിസി എത്തിച്ചു നല്‍കി. വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ രംഗത്തുണ്ടായിരുന്നു.

അബ്ദുല്‍ മജീദ് പയ്യന്നൂര്‍, ഷംസു പെരുമ്പട്ട, ശിഹാബ് കൊടിയത്തൂര്‍, ഹുസൈന്‍ കുപ്പം, മജീദ് പരപ്പനങ്ങാടി, മെഹബൂബ് കണ്ണൂര്‍, അഷ്‌റഫ് പയ്യന്നൂര്‍, കുഞ്ഞിമുഹമ്മദ് അല്‍ മദീന തുടങ്ങിയവര്‍ സഹായത്തിനായി രംഗത്തുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക