Image

പരാക്രമം പ്രതിമകളോടാണോ വേണ്ടത്? ( ജോണ്‍ കുന്തറ)

Published on 12 June, 2020
പരാക്രമം പ്രതിമകളോടാണോ വേണ്ടത്? ( ജോണ്‍ കുന്തറ)

ജോര്‍ജ് ഫ്‌ലോയിഡ് വധത്തില്‍ തുടങ്ങിയ പ്രതിഷേധ പ്രകടനങ്ങളും, വസ്തു നശിപ്പിക്കലും ഇപ്പോള്‍ പ്രതിമകള്‍ക്കു നേരെ ആയി . അമേരിക്കയില്‍ ഇതൊരു പുതുമയല്ല. രണ്ടു വര്‍ഷം മുന്‍പ് ഷാര്‍ലെറ്റ്‌സ്വില്‍ സമരത്തിലും ഈ വിഷയം പൊന്തിവന്നു.

അന്ന് റോബര്‍ട്ട് ലീ ആയിരുന്നു വില്ലന്‍. ആഭ്യന്തര യുദ്ധ സമയത്തെ തെക്കന്‍ പക്ഷക്കാരുടെ സൈനിക തലവന്‍ ആയിരുന്നു ലീ.

അമേരിക്കയുടെ ചരിത്രത്തില്‍ മുന്നൂറും നാന്നൂറും വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ചതില്‍ ഇപ്പോള്‍ രോഷം. അതിനാല്‍ ചരിത്രം തിരുത്തി എഴുതുക. ചരിത്ര വസ്തുക്കള്‍ നശിപ്പിക്കുക

ക്രിസ്റ്റോഫോര്‍ കൊളംബസ് എന്ന ഇറ്റാലിയന്‍ അന്വേഷണ സഞ്ചാരി 1492ല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എത്തിയിരുന്നില്ല എങ്കില്‍ ഇന്നു നാം കാണുന്ന അമേരിക്ക രൂപം കൊള്ളുമായിരുന്നോ? ഉത്തരം ഇല്ല.

കൊളംബസ് ഇവിടെത്തി ഈ ഭൂഖണ്ഡം മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തു. അവരും ഇവിടെത്തി ഈ നാടിന്റെ രൂപഛായ മാറ്റി. അന്ന് ഇവിടെ ജീവിച്ചിരുന്ന മനുഷ്യരാശിയെ നശിപ്പിച്ചു എന്നതും സത്യം. അതിനുള്ള പരിഹാരം അയാളുടെ പ്രതിമ നശിപ്പിക്കുക ആണോ??

ഇന്ന് കൊളംബസ്, നാളെ ജോര്‍ജ് വാഷിംഗ്ടണ്‍, അതിനു പിന്നാലെ ജെഫേഴ്‌സണ്‍, എബ്രഹാം ലിങ്കണ്‍. കൂടാതെ നിരവധി കെട്ടിടങ്ങള്‍ക്കുമുണ്ട് ഭീഷണി. അടിമകളാണു അത് നിര്‍മ്മിച്ചതെന്നത് കാരണം.

ഇവയെല്ലാം പൊളിച്ചു മാറ്റേണ്ടേ? മതങ്ങളും എന്തിനു ഇംഗ്ലീഷ് ഭാഷ വരെ പുറത്തുനിന്നും വന്നത്.

ഇതുപോലുള്ള ബാലിശ ചെയ്തികളിലേയ്ക്കാണ് നിരവധി പേര്‍ നീങ്ങുന്നത്. ചരിത്രം തിരുത്തി എഴുതുവാന്‍ പറ്റുമോ? ആ ഒരു ചോദ്യത്തിന് പ്രസക്തിയില്ല. ഒരുസമയം ശരിയെന്നു കണ്ടത് ഇന്നത്തെ കണ്ണുകള്‍ തെറ്റായി കാണുന്നു. അമേരിക്കയില്‍ മാത്രമല്ല ലോകചരിത്രം മുഴുവന്‍ നോക്കിയാലും ഇതെല്ലാം കാണും.

ഉദാഹരണത്തിന്, മറ്റു പലേ നാമങ്ങളിലും അറിയപ്പെട്ടിരുന്ന പുരാതന ഇന്‍ഡസ് വാലി . ഇന്നത്തെ ഇന്ത്യ. കാലാന്തരങ്ങളായി എത്രയോ വിദേശി പടയോട്ടക്കാര്‍ എത്തി. ഹിന്ദുസ്ഥാന്റെ മുഖച്ഛായ തന്നെ അവര്‍ മാറ്റി. അവസാനം ബ്രിട്ടീഷുകാര്‍.

ഇതിനെല്ലാം ആര് ആരോടു പരാതി പറയും? ബ്രിട്ടനില്‍ ചെന്ന് നഷ്ടപരിഹാരം ചോദിക്കണമോ? കൊളംബസ്സിനെ പറഞ്ഞുവിട്ട ഇറ്റലി/സ്‌പെയിന്‍ ഉത്തരം പറയണം? വാസ്‌ക്കോ ഡ ഗാമ വന്ന പോര്‍ട്ടുഗലും.

അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ദേശവാസികള്‍ എന്നു വിശേഷിപ്പിക്കുന്ന നേറ്റിവ് അമേരിക്കക്കാര്‍ക്കു മുന്‍പ് ആസ്‌ടെക്ക് എന്ന മറ്റൊരു വംശം ജീവിച്ചിരുന്നു എന്നും പറയുന്നു. പുറകോട്ട് എന്നുവരെ പോകണം?

ആ സമയങ്ങളില്‍ ആയിരക്കണക്കിന് നിര്‍മ്മിതികള്‍, പേരുകള്‍ പുതിയ മതങ്ങള്‍ ഭാഷകള്‍ ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമായി. ഇന്ന് കുറേപ്പേര്‍ സംഘടിച്ചു പറയുന്നു പൂര്‍വ കാലങ്ങളില്‍ നടന്നതെല്ലാം തെറ്റ്. അത് തിരുത്തണം, അതെങ്ങിനെ സാധ്യമാകും?

ഈപാതയില്‍ സഞ്ചരിച്ചാല്‍ ചരിത്രസംഭവങ്ങളില്‍ അസന്തുഷ്ടിയില്‍ ജീവിക്കുന്ന നിരവധിയെ കാണും. അവര്‍ക്കെല്ലാം എന്തെങ്കിലുമൊക്കെ ആവലാതി കാണും. പ്രതിഷേധം കാണും അവരുടെ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കേണ്ടേ?

ഇവിടെ കാണുന്നത് ആര്‍ക്കും സഹിക്കുവാന്‍ പറ്റാത്ത നാശ നഷ്ടങ്ങള്‍ കൊളംബസ് വരുത്തി വച്ചു അതിനാല്‍ അയാളെ ഓര്‍മ്മകളില്‍ നിന്നും മായിച്ചു കളയണം . ഇതില്‍ പങ്കെടുക്കുന്ന ഒരാള്‍ക്കെങ്കിലും കൊളംബസ് ആരായിരുന്നു എവിടെനിന്നും വന്നു എന്നൊന്നും അറിയാം എന്ന് കരുതേണ്ട

വിഘടിത രാഷ്ട്രീയ ശക്തികളും, മറ്റു പലേ മുതലെടുപ്പുകളും മുന്നില്‍ കാണുന്ന ശക്തികളാണ് ഈ പ്രതിമാ യുദ്ധത്തിനു പിന്നില്‍. ഇവരെ തുണക്കുന്നതിന് നിരവധി മാധ്യമങ്ങളും കൂടെ. ഒന്നിനു പിന്നെ മറ്റൊന്നായി ഓരോ വിവാദ വിഷയം കൊണ്ടുവരുക. ജനതയെ തമ്മില്‍ തമ്മില്‍ വെറുപ്പിക്കുക ഇതാണ് വാസ്തവത്തില്‍ ഇന്ന് അമേരിക്കയില്‍ നടക്കുന്നത്.


ഫോട്ടോ: ബോസ്റ്റണിലെ തല പോയ കൊളംബസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക