Image

പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ - 90: ജയൻ വർഗീസ്)

Published on 12 June, 2020
പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ - 90: ജയൻ വർഗീസ്)
ജോലിക്ക് പോകാനുള്ള കപ്പാസിറ്റി ഇല്ലെന്നു മാത്രമല്ലാ, പത്തു പൗണ്ടിൽ കൂടുതൽ പോക്കാനുള്ള അനുമതിയും  ഡോക്ടർമാർ rനിഷേധിച്ചിരുന്നു. പ്രമുഖനായ അമേരിക്കൻ കാർഡിയോളജിസ്റ്റും, ഇന്ത്യക്കാരനുമായ ഡോക്ടർ ' ഡെവോരി ' യുടെ ചികിത്സയിൽ ഞാൻ എത്തിപ്പെട്ടു. വലതു വശത്തെ ബ്ലോക്കുകൾ എത്രയും വേഗം നീക്കംചെയ്‌യണം എന്നുള്ള ഇന്ത്യയിൽ നിന്നുള്ള മുന്നറിയിപ്പ് കണക്കിലെടുത്താണ് മകൻ എന്നെ എത്രയും വേഗംഡോക്ടറുടെ മുന്നിൽ എത്തിച്ചത്. വളരെ സൗമ്യനായി ഒരു സാധാരണക്കാരനെപ്പോലെ സ്വഹൃദത്തോടെപെരുമാറുന്ന ഈ ഇന്ത്യക്കാരൻ, തലക്കനം കൊണ്ട് തങ്ങൾ എന്തൊക്കെയോ ആണെന്ന് സ്വയം നിരൂപിക്കുകയും, സാഹചര്യങ്ങൾ സമ്മർദ്ദിച്ചു തങ്ങൾക്കൊപ്പം എത്തിപ്പെടാൻ കഴിയാതെ പോയ സാധാരണക്കാരെചവിട്ടിത്താഴ്‌ത്താൻ സദാ സമയത്തും  മെനക്കെടുകയും ചെയ്‌യുന്ന ഇന്ത്യൻ - അമേരിക്കൻ ഇട പ്രഭുക്കളുടെരീതികളിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു എന്റെ അത്ര പ്രായമുള്ള  ഈ മനുഷ്യൻ.

ഡോക്ടറുടെ പരിശോധനയിൽ എനിക്ക് കുഴപ്പമൊന്നും കാണുന്നില്ല. ഇന്ത്യയിൽ നിന്നുള്ള വീഡിയോയിൽബ്ലോക്കുകൾ കാണുന്നുണ്ട്. പക്ഷെ അവിടെ വീഡിയോയിൽ കാണാത്ത ഒരു ബൈപ്പാസ് സൃഷ്ടിക്കപ്പെടുകയും, അതിലൂടെ സുഗമമായി ബ്ലഡ്‌ സർക്കുലേഷൻ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ആരാണീ പുതിയമാർഗ്ഗം സൃഷ്ടിച്ചത് ? ആർക്കും അറിയില്ല. ദൈവം എന്ന് ദൈവ വിശ്വാസിക്ക് പറയാം, വിശ്വസിക്കാം. ശരീരം തന്നെഎന്ന് ശാസ്ത്രജ്ഞന് പറയാം, വിശദീകരിക്കാം. ശരീരം സൃഷ്ടിക്കുകയും, അതിനെ നില നിർത്തുകയും ചെയ്യുന്നവൈറ്റൽ പവർ എന്ന ആത്മ ശക്തി എന്ന് പ്രകൃതി ചികിത്സകന് പറയാം, ആശ്വസിക്കാം. എങ്കിൽപ്പിന്നെ ഈആത്മ ശക്തി ഹൃദയ സ്തംഭനം വന്നപ്പോൾ എവിടെയായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവണമല്ലോ? നമുക്കുത്തരമില്ല. എല്ലാ ചോദ്യങ്ങൾക്കുമുള്ള എല്ലാ ഉത്തരങ്ങളും നമുക്ക് ഉണ്ടായിരുന്നുവെങ്കിൽ നാമുൾപ്പെടുന്നഈ മനുഷ്യ വർഗ്ഗം ഇന്നും ഈ മണ്ണിലെ മരങ്ങളെടെയും, ചെടികളുടെയും വേരും, കായും, താരും, തളിരുംമാത്രമല്ലാ, നമുക്ക് വേണ്ടി മുന്നമേ അത് തിന്ന മറ്റു ജീവികളെയും പിടിച്ചു തിന്ന് ജീവിക്കുമായിരുന്നില്ലല്ലോ ?

തങ്ങൾ എല്ലാം കണ്ടെത്തിക്കഴിഞ്ഞു എന്ന് നെഞ്ചു വിരിച്ചു നിന്ന് പ്രഖ്യാപിക്കുന്ന മാനവിക വിജ്ഞാന ശാഖ, അപരനെ ആക്രമിച്ചു കൊല്ലാൻ വേണ്ടി അതി ശക്തമായ ആണവത്തലപ്പുകൾ ഘടിപ്പിച്ച ഭീമൻ ഭൂഖണ്ഡാന്തരമിസൈലുകൾ കരയിലും, കടലിലും, ആകാശത്തിലും മാത്രമല്ലാ, സ്വന്തം മനസ്സിലും അതി സമർത്ഥമായിവിന്യസിച്ച് പരസ്പരം കാത്തിരിക്കുന്പോൾ ഒന്നുമേയല്ലെന്ന് നമ്മൾ വിലയിരുത്തുന്ന എത്രയോ കുഞ്ഞു കുഞ്ഞൻവൈറസുകളുടെ ആക്രമണത്തിൽ അടി പിണയുന്ന മനുഷ്യ രാശി ഇന്നും ലോകത്താകമാനം മരിച്ചു വീണുകൊണ്ടിരിക്കുകയാണ്. ഈ വൈരുദ്ധ്യം നമ്മെ ഓർമ്മപ്പെടുത്തുന്നത്, ഒരിക്കലും നമുക്ക് മനസിലാക്കാനാവാത്തഒരായിരം സത്യങ്ങളുടെ അക്ഷയ ഖനിയാണ്  നാം ജീവിക്കുന്ന മഹാ പ്രപഞ്ചം എന്ന വസ്തു നിഷ്ഠമായയാഥാർഥ്യമാണ് !

ഒന്ന് നമുക്ക് മനസ്സിലാവുന്നുണ്ട്. എല്ലാറ്റിനും ഒരു നിയമമുണ്ടെന്നും, എങ്ങോ, എവിടെയോ അത്നിയന്ത്രിക്കപ്പെടുന്നുണ്ട് എന്നുമുള്ള സനാതന സത്യ സത്ത. അനിർവചനീയമായ അതിന്റെ നയാമിക രൂപരേഖയിൽ വിരചിതമാവുന്ന പ്രപഞ്ച വിസ്‌മയത്തിന്റെ പ്രകട പ്രതിഭാസങ്ങളെ മനസിലാക്കാൻ മണ്ണ് തിന്ന് ജീവിച്ച്മണ്ണിലൊടുങ്ങുന്ന മണ്ണുമാക്രിയായ ഈ മനുഷ്യന് എത്ര വളർന്നാലും സുസാധ്യമാവുകയില്ല എന്ന്സമ്മതിക്കുകയാണ് നമുക്ക് നമ്മോടു തന്നെ നിവർത്തിക്കുവാനുള്ള പരമമായ ധർമ്മം എന്ന് എനിക്കുതോന്നുന്നു.

ഡോക്ടറുടെ പരിശോധനയിൽ കുഴപ്പമൊന്നും കാണുന്നില്ലെങ്കിലും എന്റെ ശരീരം ക്ഷീണിച്ചു വരികയാണ്. നൂറ്റിയന്പത് പൗണ്ട് എന്ന എന്റെ ശരീര ഭാരം വളരെ കാലമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. അമേരിക്കയിലെത്തുന്ന മലയാളി ഇവിടുത്തെ ചിക്കൻ കാലുമായി ഗുസ്തി പിടിച്ച് ഹോട്ട് ഡോഗ് പോലെവളർന്നപ്പോളൊക്കെ പ്രകൃതി ജീവന രീതിയുടെ പ്രചോദനം ഉൾക്കൊണ്ട് സസ്യാഹാരത്തിനു മുൻഗണനകൊടുത്തിരുന്നതു കൊണ്ടാവാം എന്റെ ശരീര സ്ഥിതി മാറ്റമില്ലാതെ ഇക്കാലമത്രയും തുടരുകയായിരുന്നു. ഇതിൽനിന്നാണ് സുമാർ ഇരുപത്തഞ്ച് പൗണ്ട് ഈസിയായി ചോർന്നു പോയിരിക്കുന്നത്.

 മുൻപ് ഞാനെഴുതിയ " മരണം മധുരോദാരം " എന്ന കവിതയിൽ,


 ' മരണമേ, മരണമേ, 
മധുരോദാരമാം മരണമേ, 
വരികയെന്നാത്മാവിൻ താലത്തിലൊരു പിടി,
യരിമുല്ലപ്പൂവുമായ് ഞാനിരിപ്പൂ ! ' എന്നും,  


മരണമാം മാന്ത്രികൻ, മയക്കിക്കിടത്തുമെന്നെ
മറവി തൻ ശവക്കോട്ട, പ്പറന്പിലൊന്നിൽ,
ഞാനുറങ്ങും, ഞാൻ വീണുറങ്ങും - എന്റെ
മോഹങ്ങളലിഞ്ഞൊരീ ചുവന്ന മണ്ണിൽ.

 എന്നുമെഴുതിയ എനിക്ക് മരണത്തിന്റെ പാദ പതന നാദം അടുത്തെത്തുന്നുണ്ടോ എന്ന് സംശയംതോന്നിയിരുന്നു. ആശുപത്രിക്കിടക്കയിൽ അത്യാധുനിക സംവിധാനങ്ങളിൽ പൊതിഞ്ഞു കിടക്കുന്പോൾപോലും ജീവിതത്തെക്കുറിച്ച് ഞാൻ ആധി പിടിച്ചിരുന്നില്ല. എന്റേതായ യാതൊരു പങ്കുമില്ലാതെ ഈ രൂപത്തിൽഇവിടെ വന്നു പെട്ട ഞാൻ എന്ന പ്രപഞ്ച വസ്തു, എനിക്ക് വേണ്ടി ഒരുക്കി വച്ച ഒരായിരം സാഹചര്യങ്ങൾ  ഒന്നൊന്നായി ആസ്വദിച്ചു കൊണ്ട് നടന്നു വരുന്പോൾ മരണ കരമായ ആപത്തുകളുടെ എത്രയോ ഗുഹാമുഖങ്ങളിൽ അകപ്പെട്ടു പോയിരിക്കുന്നു ? അജ്ഞാതവും, അതി ശക്തവുമായ ഏതോ കരങ്ങൾ അവിടുന്നെല്ലാംഎന്നെ വാരിയെടുത്തു മാറോടു ചേർത്തത് ഞാനറിഞ്ഞിരുന്നുവല്ലോ എന്നതിനാൽ, ആവശ്യമെങ്കിൽ ആകരങ്ങൾ ഇനിയും എനിക്ക് വേണ്ടി ഉണ്ടാവും എന്ന വിശ്വാസത്തോടെ ഭയ രഹിതമായ ഒരവസ്ഥയിലായിരുന്നുഎന്റെ ആശുപത്രി നാളുകൾ.

' തലതല്ലി, ച്ചിരിച്ചാർത്തു,  തലമുറ വരും പോകും, 
സമയത്തിൻ രഥ ചക്ര,  മുരുണ്ടു നീങ്ങും,
അനുസ്യൂത, മവിരാമ, മൊഴുകുമീ പ്രവാഹത്തിൽ,
ഒരു വെറും കുമിള ഞാൻ, എന്റെ സ്വപ്നം '

എന്ന്  ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ചു നിർഭയനായി മേൽ കവിതയിൽ എഴുതിപ്പോയ എന്റെ മനസ്സ് ഒരുപുനർ ചിന്തനത്തിന്റെ പുളച്ചിലിൽ പിടയുന്നത് ഞാനറിഞ്ഞു. എന്റെ കൊച്ചു മക്കളുടെ കിളിക്കൊഞ്ചലുകളിൽഅടരുന്ന പഞ്ചവർണ്ണ നറും മുത്തുകൾ കുറേക്കൂടി വാരിവാരിയെടുക്കണമെന്നും, എല്ലാ രാത്രികളിലും എന്റെയും, ഭാര്യയുടെയും നടുക്ക് കിടന്നുറങ്ങാൻ വേണ്ടി മത്സരിച്ചോടിയെത്തുന്ന അവരെ കുറേക്കാലം കൂടി ചേർത്തുപിടിച്ചുറങ്ങങ്ങണമെന്നും ആത്മാവിൽ ഒരു മോഹപ്പക്ഷിയുടെ അലമുറയുയരുന്നത് ഞാൻ കേട്ടു. ആശകളുടെഅനശ്വര തീരത്ത് നിന്ന്  " ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി ? " എന്ന്  കരഞ്ഞുചോദിക്കുന്ന വയലാറിന്റെ മനോനില എന്തായിരുന്നുവെന്ന് ഞാനും തിരിച്ചറിഞ്ഞു.

ആശുപത്രിയിൽ അഡ്‌മിറ്റായ എനിക്ക് ഫ്ലൂ ആണെന്ന് സ്ഥിടീകരിക്കപ്പെട്ടതോടെ എന്റെ ശാരീരിക കാലാവസ്ഥമാറി മറിഞ്ഞതായി ഞാൻ തിരിച്ചറിഞ്ഞു. ജീവിതത്തിൽ അന്നുവരെ ഒരു ഫ്ലൂ ഷോട്ടെടുക്കാതെ ഏതൊരുമഴയിലും, മഞ്ഞിലും നിർഭയനായി ജീവിച്ച എനിക്ക് ഫ്‌ളുവിനുള്ള ചികിത്സയുമായി ഒരാഴ്ച അവിടെ കിടക്കേണ്ടിവന്നു. ഒരു വിധത്തിൽ അങ്ങിനെ ഫ്ലുവിൽ നിന്നും രക്ഷപെട്ട് വീട്ടിലെത്തുന്പോൾ തോൽ സഞ്ചിയിൽ വാരിയിട്ടഎല്ലിൻ കഷണങ്ങളുടെ ഒരു ചുമട് പോലെ ഞാൻ രൂപം മാറിയിരുന്നു.

ഒരു വിശ്രമ ജീവിതം നയിക്കാനായി ഞാൻ ചാർട്ട് ചെയ്യപ്പെട്ടു. ഇത് വരെയുള്ള ജീവിതത്തിൽ പരുപരുത്തയാഥാർഥ്യങ്ങളോട് ഏറ്റു മുട്ടാൻ വിധിക്കപ്പെട്ടത് കൊണ്ടാവാം, വിശ്രമ രഹിതമായ ഒരു ജീവിതമാണ് ഞാൻനയിച്ചിരുന്നതെന്ന് ഇവിടെവരെ വായിച്ചു വരുന്ന ഏതൊരാൾക്കും അനായാസം ബോധ്യപ്പെടുന്നതാണല്ലോ ? ഇപ്പോൾ എല്ലാത്തിനും റിസ്‌ട്രക്ഷൻ. നിവർത്തിയില്ലെങ്കിൽ നീതിമാൻ എന്ത് ചെയ്‌യും ? എന്ന ബൈബിൾ ചോദ്യംഅനുസ്മരിച്ചു കൊണ്ട് ഇഴഞ്ഞു നീങ്ങുന്ന ദിനരാത്രങ്ങളുടെ സഹയാത്രികനായി ഞാനും ജീവിക്കുകയാണ്. മകന്റെ കണ്ണ് എപ്പോഴും എന്റെ പിറകിലുണ്ട്. നേരവും, കാലവും രേഖപ്പെടുത്തിയിട്ടുള്ള ചെറു ബോക്സുകളിൽഅവൻ തന്നെ തരം തിരിച്ചു വച്ചിട്ടുള്ള മരുന്നുകൾ സമയത്ത് കഴിക്കാൻ ഓർമ്മപ്പെടുത്തിക്കൊണ്ട് സദാ സമയവുംഉണർന്നിരിക്കുന്ന ' അലക്സ ' എന്ന ഡിവൈസർ സിസ്റ്റമുണ്ട്. അതിന്റെ ശബ്ദം കേട്ട് കഴിഞ്ഞാലുടനെ പിന്നെപേരക്കുട്ടിയുടെ ഊഴമാണ്. അവർ മാറിമാറി വന്നു കൈയിൽ തൂങ്ങി ഓർമ്മപ്പെടുത്തി മരുന്ന് കഴിപ്പിച്ചിട്ടേ വിടൂഎന്നതാണ്  നില. അത്രക്കങ്ങു ആരെയും അനുസരിക്കാതെ ഇത്ര കാലവും ജീവിച്ച ഞാൻ അനുസരണയുള്ളഒരു പൂച്ചക്കുട്ടിയെപ്പോലെ എല്ലാം അനുസരിക്കുന്നു. അതിന്റെ ഫലം ശരീരത്തിൽ കാണുന്നുണ്ട്, പഴയനിലയിലേക്ക് അത് തിരിച്ചു വന്നു കൊണ്ടേയിരിക്കുകയാണ്  ഇപ്പോൾ.

ആറു മാസം ജോലിയിൽ നിന്നുള്ള ഡിസേബിലിറ്റി ബെനിഫിറ്റോടെ ആയിരുന്നു ജീവിതം. അത് തീരുന്നതോടെഒന്നുകിൽ ജോലിക്ക് കയറണം, അല്ലെങ്കിൽ പിരിയണം. ഞങ്ങളുടെ കുടുംബത്തിന്റെ പൊതുവായ ഒരു ശീലംഎന്ന് പറയാവുന്നത് കഠിനമായി ജോലി ചെയ്‌യാനുള്ള സന്നദ്ധതയാണ്. വട്ടപ്പൂജ്യത്തിൽ നിന്ന് തുടങ്ങിയഞങ്ങൾ ഇത്രയൊക്കെ എത്തിച്ചേർന്നതും, ആ ഒരു മനോഭാവം ഞങ്ങൾക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്. ജോലിയില്ലാതെ വീട്ടിലിരിക്കുക എന്നതിനെപ്പറ്റി ഓർത്തപ്പോൾ തന്നെ തല കറങ്ങുന്നതു പോലെ തോന്നി.

അവസാനമായി റിട്ടയർമെന്റ് എടുക്കുവാൻ തന്നെ തീരുമാനിച്ചു. സോഷ്യൽ സെക്യുരിറ്റി ഓഫിസിലും, 1199 യൂണിയൻ ഓഫിസിലും ആവശ്യമായ പേപ്പർ വർക്കുകൾ നടത്തി. യൂണിയൻ പെൻഷനും, സോഷ്യൽസെക്യുരിറ്റി ബെനിഫിറ്റുകളും കൂടി ജോലി ചെയ്യുന്പോൾ കിട്ടിയിരുന്ന അത്രയും തുക കിട്ടും എന്ന വലിയആശ്വാസം കൈവന്നു.

ചില പേപ്പറുകൾ സൈൻ ചെയ്‌യാനുണ്ട് എന്ന് അറിയിച്ചതിനെ തുടർന്നാണ് ഞാൻ സ്റ്റാറ്റൻ ഐലൻഡ് കെയർസെന്ററിൽ വീണ്ടും എത്തിയത്. ചെന്നപാടെ ആൻസി വന്ന് എന്നെ മെയിൻ ഡൈനിങ് ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ അഡ്‌മിനിസ്‌ട്രേഷൻ ഉൾപ്പടെയുള്ള എല്ലാ ഡിപ്പാർട്ട്‌ മെന്റുകളിൽ നിന്നുമുള്ളചെറിയൊരു ആൾക്കൂട്ടം കാത്തു നിൽക്കുകയാണ്. എന്നെ കണ്ടതേ, ' സർപ്രൈസ് ' എന്ന് പറഞ്ഞു കൊണ്ട്കൈയടികളോടെ ആളുകൾ എന്നെ സ്വീകരിച്ചു. അഡ്‌മിനിസ്‌ട്രേറ്റർ മുന്നോട്ടു വന്ന് ഒരു ഫലകവും, സമ്മാനപ്പൊതിയും എനിക്ക് തന്നു. കഴിഞ്ഞ പതിനെട്ടു വര്ഷങ്ങളായി സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിൽഞാൻ നടത്തിയിട്ടുള്ള സേവനങ്ങളും, സഹപ്രവർത്തകരുമായി സ്ഥാപിച്ചിട്ടുള്ള സൗഹൃദങ്ങളും എടുത്തുപറഞ്ഞുകൊണ്ട് എനിക്ക് സന്തോഷകരമായ ഒരു വിശ്രമ ജീവിതം ഉണ്ടാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചപ്പോൾ എനിക്കുംഒരു നഷ്ട ബോധം അനുഭവപ്പെട്ടു.

അവരുടെ സ്നേഹത്തിന് ഒരു മറുപടി പറയണമെന്ന് എനിക്ക് തോന്നി. അഡ്‌മിനിസ്ട്രേറ്ററുടെ അനുമതിയോടെഞാൻ സംസാരിച്ചു. പതിനെട്ടു വര്ഷം മുൻപ് മിൽട്ടൺ ലിൻഡോർ നയിച്ചിരുന്ന മെയിന്റനൻസ് ഡിപ്പാർട്ട്‌ മെന്റിൽഒരു സഹായിയായി ജോലിയിൽ പ്രവേശിച്ച്, മാനേജുമെന്റിന്റെയും, മറ്റു ഡിപ്പ്പാർട്ടു മെന്റുകളുടെയുംസ്‌നേഹാദരവുകൾ ഏറ്റു വാങ്ങി, തികഞ്ഞ ആത്മാർഥതയോടെ കൊണ്ടും, കൊടുത്തും സ്ഥാപിച്ചെടുത്ത എല്ലാസൗഹൃദങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ടും, മിൽട്ടനെയും, ജെയ്‌മിയെയും മാത്രമല്ലാ, സ്ഥാപനത്തിലെ ഓരോമൺതരിയെയും പിരിയുന്നതിലുള്ള വേദന അറിയിച്ചു കൊണ്ടും, അഞ്ചു മിനിറ്റിൽ താഴെ സമയം കൊണ്ട്ഇംഗ്ലീഷിൽ  ഞാൻ നടത്തിയ ഹൃസ്വമായ നന്ദിപ്രസംഗം  പറഞ്ഞവസാനിപ്പിക്കുന്പോൾ അവിടെ കൂടിയിരുന്നസ്ത്രീകളിൽ അധികം പേരും അവരുടെ കൈലേസുകൾ കൊണ്ട് കണ്ണ് നീർ  ഒപ്പുന്നുണ്ടായിരുന്നു

എന്റെ ശരീര സ്ഥിതിയൊക്കെ പഴയ നിലയിലേക്ക് തിരിച്ചെത്തി. തൂക്കം മാത്രം രണ്ടോ, മൂന്നോ പൗണ്ട് കുറഞ്ഞുനിന്നു. ശരീരത്തിന് ഒരു രക്ത പ്രസാദവും, മുഖ ശോഭയും കൈവന്നു. തടസപ്പെട്ടു കിടന്ന രക്ത ചംക്രമണംകൂടുതൽ സുഗമമായത് കൊണ്ടാണ് ഈ മാറ്റം വന്നതെന്ന് ചിലർ വിലയിരുത്തി. വീട്ടിൽ ടി. വി.ക്ക് മുന്നിൽസ്ഥിരമായി കുത്തിയിരിക്കാൻ എനിക്കാവുമായിരുന്നില്ല. കുട്ടികളെ സ്‌കൂളിൽ കൊണ്ട് വിടുന്നതും, കൂട്ടിക്കൊണ്ട്വരുന്നതും എന്റെ ജോലിയായി ഞാൻ സ്വീകരിച്ചു. വീട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്ന അകലം മാത്രമുള്ളസ്‌കൂളിലേക്ക് എന്റെ കൂടെ കാറിൽ മാത്രമേ പോവുകയുള്ളു എന്ന വാശിയിലാണ് പ്രീ കെ. കാരനായ ഡിലൻജയൻ വർഗീസ്. മൂത്തവളായ നിയക്കുട്ടിയാവട്ടെ, സ്‌കൂൾ ബസ്സിൽ നിന്ന് കൂട്ടിക്കൊണ്ടു പോരാൻ അവൾ ' പപ്പി ' എന്ന് വിളിക്കുന്ന ഞാൻ തന്നെ എത്തണം എന്ന് നിർബന്ധക്കാരിയും. മൂന്നാമത്തവൾ ഒന്നര വയസുകാരിമിലക്കുട്ടിക്ക് എപ്പോഴും  വെളിയിൽ പോകണം. മഞ്ഞപ്പൂവുകൾ വിടർന്നും, കൊഴിഞ്ഞും തഴച്ചു നിൽക്കുന്ന പാവൽപന്തലിന്നടിയിൽ അവളെയും കൊണ്ടുള്ള നടത്തവും ഒരു ദിനചര്യ ആയിക്കഴിഞ്ഞു.

ഭാര്യയെ ഷോപ്പിങ്ങിന് കൊണ്ട് പോകുന്നതും, മകനെ രാവിലെ ബസ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്യുന്നതും, വൈകിട്ട്അവിടെ നിന്ന് പിക്ക് ചെയ്യുന്നതും ഒക്കെ ഞാനാണ് എന്നതിനാൽ എനിക്ക് വീട്ടിലിരുന്ന് മുഷിയേണ്ടി വരുന്നില്ല. കൂടാതെ സീസണുകളിൽ പച്ചക്കറി കൃഷിയും, സ്വന്തം വീടുകളുടെ മെയിന്റെനൻസും ഒക്കെക്കൂടി നല്ല തിരക്കിൽതന്നെ ജീവിതം മുൻപോട്ടു പോകുന്നു. ഇ മലയാളി ഉൾപ്പടെയുള്ള ഓൺലൈൻ പത്ര മാധ്യമങ്ങളിൽ എഴുത്തുംവായനയും കൂടിയായപ്പോൾ സുഖകരവും, ശാന്ത സുന്ദരവുമായ ഒരു മാനസിക  അവസ്ഥയോടെ ആയിരുന്നുജീവിതം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക