Image

വാണിയംകുളം കന്നുകാലിചന്ത (ശങ്കര്‍ ഒറ്റപ്പാലം)

Published on 11 June, 2020
വാണിയംകുളം കന്നുകാലിചന്ത (ശങ്കര്‍ ഒറ്റപ്പാലം)
(The Largest Cattle Market in KERALA)

ഇവിടെ ഇങ്ങിനെയും ഒരു ചന്തയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ “വാണിയംകുളം, കന്നുകാലിചന്ത”.

ഇന്ന് വളരെ അറിയപ്പെടുന്ന സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായ വരിക്കാശ്ശേരി മനയില്‍ നിന്നും രണ്ടു, മൂന്നു കിലോമീറ്റര്‍ അടുത്താണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുളള ഈ ചന്ത.

പഴയ പ്രതാപകാലത്ത് ഇവിടെ ആനകച്ചവടവും നടന്നിരുന്നതായി പറയപ്പെടുന്നു. ഈ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരാകാം….എന്റെ ചെറുപ്പകാലത്ത് നാട്ടില്‍ അറിയപ്പെട്ടിരുന്ന നാരായണപട്ടര് (ആനസ്വാമി) എന്നൊരു ആനകച്ചവടക്കാരന്‍ ഉണ്ടായിരുന്നു. ഒരേ സമയം ഏഴ്, എട്ട് ആനകളെ വരെ അദ്ദേഹം വീട്ടുവളപ്പിലും മറ്റുമായി പോറ്റി വളര്‍ത്തിവന്നിരുന്നു. അക്കാലത്ത് പല സ്ഥലങ്ങളില്‍ നിന്നും ലക്ഷണമൊത്ത ആനകളെ നോക്കി, വാങ്ങി ഞങ്ങളുടെ നാടായ തൃക്കങ്ങോട് കൊണ്ട് വന്ന്, ചിലപ്പോള്‍ ചില ആനകളുടെ കൊമ്പുകളൊക്കെ, ചെറിയ കൈവാളുകള്‍ കൊണ്ട് ഈര്‍ന്നു മുറിച്ചും, കൂര്‍പ്പിച്ചും കാണാന്‍ നല്ല ആകൃതി വരുത്തുകയും ഒക്കെ ചെയ്തിരുന്നു. നാട്ടിലെ ക്ഷേത്രോത്സവങ്ങള്‍ക്കും സ്വാമിയുടെ ഈ ആനകള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ആനസ്വാമിയുടെ വസ്ത്രധാരണവും വേറിട്ടുനില്‍ക്കുന്നു. ഇറക്കം കൂടിയ അരകയ്യന്‍ വെളുത്ത ഷര്‍ട്ടും, മുട്ടിനു താഴെ ഞെരിയാണിക്കു മുകളില്‍ വരെ നില്ക്കുന്ന വെളുത്ത മുണ്ടുമാണ് വേഷം. കോടീശ്വരനാണെങ്കിലും ലളിതമായ വേഷം….പാദരക്ഷകള്‍ ഉപയോഗിക്കാറില്ല. ആനകച്ചവടത്തിനു പുറമെ സ്വാമിക്ക് പണം പലിശക്ക് കൊടുക്കുന്ന രീതിയും ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ടവര്‍ക്കും, വിശ്വാസമുള്ളവര്‍ക്കും മാത്രമേ പണം കൊടുക്കുകയുള്ളൂ. വാങ്ങിയവര്‍ മുറ തെറ്റിച്ചാലും കുഴപ്പമില്ല. പലിശ മാത്രം കണിശമായി സ്വാമിക്ക് കിട്ടിയാല്‍ മതിയായിരുന്നു.

1930കളില്‍ കോട്ടയം. പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ വളളുവനാടു ഭാഗത്തേക്ക് കുടിയേറിയിരുന്നു. അതില്‍ ഒരാളാണ് സി.എ.മാത്യു. ഡ്രൈവിങ്ങ് ലൈസന്‍സ് മാത്രം കാര്യമായി കയ്യിലുണ്ടായിരുന്ന സി.എ.മാത്യുവിനെ പലരും സഹായിച്ചു. ആനസ്വാമിയും കടാക്ഷിച്ചു. അങ്ങിനെ അദ്ദേഹം വാണിയംകുളത്തിനടുത്ത കൂനത്തറയിലെ പൊന്നപ്പന്‍ ചെട്ടിയാരില്‍ നിന്നും “മയില്‍വാഹനം” എന്നു പേരുളള ആദ്യ ബസ്സ് വാങ്ങി. മാത്യു “മയില്‍വാഹനം” എന്ന പേരു മാറ്റിയതുമില്ല. പിന്നെ മയില്‍വാഹനം ബസ്സുകളുടെ ഒരു ജൈത്രയാത്രയായിരുന്നു വള്ളുവനാട്ടില്‍! നൂറുകണക്കിനു ബസ്സുകള്‍ പിന്നെ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ പ്രദേശങ്ങളിലൂടെ ഓടിക്കൊണ്ടിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ പുതിയ തലമുറ ഈ ബസ് സര്‍വ്വീസില്‍ അത്ര ശുഷ്കാന്തി കാണിച്ചില്ല. ഇന്ന് അവര്‍ മറ്റു പല ബിസിനസ്സിലേക്കും തിരിഞ്ഞിരിക്കുന്നു. അങ്ങിനെ ആനസ്വാമി, മാത്യു കഥ തല്‍ക്കാലി ഇവിടെ നിര്‍ത്തട്ടെ. വീണ്ടും വാണിയംകുളം ചന്തയിലേക്കു വരാം…

കവളപ്പാറ സ്വരൂപത്തിലെ മൂപ്പില്‍നായരാണ് ഒരു നൂറ്റാണ്ടിലധികം ചരിത്രമുളള കേരളത്തിലെ ഈ കന്നുകാലിചന്ത തുടങ്ങിയത് എന്നു പറയപ്പെടുന്നു. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ പിന്നീടത് വാണിയംകുളം പഞ്ചായത്തിന്റെ കീഴിലായി. അങ്ങിനെ ഇന്നും നല്ലൊരു വരുമാനം വാണിയംകുളം പഞ്ചായത്തിന് ഈ ചന്തയില്‍ നിന്നും ലഭിക്കുന്നു.

പണ്ടു മുതല്‍ക്കേ വാണിയംകുളം ചുറ്റുവട്ടത്തിലുളള പലരും ഈ കന്നുകാലിചന്തയും, കച്ചവടവും ഒരു ഉപജീവനമാര്‍ക്ഷമായി സ്വീകരിച്ചിരുന്നു.

ദേശത്തെ പുല്ലാട്ടുതൊടി കുഡുംബക്കാര്‍, തലമുറകളായി ഈ കന്നുകാലി കച്ചവടവും വിപുലമായി നടത്തിപോന്നിരുന്നു. ആഴ്ചയില്‍ ഒരു ദിവസം “വ്യാഴാഴ്ച” മാത്രമാണ് ഈ ചന്ത കൂടുന്നത്. ആന്ധ്ര, പഴനി, പൊള്ളാച്ചി എന്നീ ദൂരസ്ഥലങ്ങളില്‍ നിന്നുമായി അനേകം കന്നുകാലികളുമായി ആളുകള്‍ കാല്‍നടയായി ഇവിടെ എത്തിയിരുന്നു.

കാലത്ത് ഏഴ്, എട്ട് മണിയാകുമ്പോഴേക്കും ചന്തക്കളം കടല്‍പോലെ കന്നുകാലികളെ കൊണ്ട് നിറയും. പിന്നെ കച്ചവടം പൊടിപൊടിക്കുകയായി. കന്നുകാലികളെ വാങ്ങാന്‍.

വന്നവരും, വില്‍ക്കാന്‍ വന്നവരും, പിന്നെ ഇവര്‍ക്കിടയില്‍ കച്ചവടം നടത്തികൊടുക്കുന്ന “പൊരുത്തുകാര്‍” എന്നൊരു വിഭാഗവുമുണ്ട്. കച്ചവടം നടന്നുകഴിഞ്ഞാല്‍ രണ്ടുകൂട്ടരും ചെറിയൊരു തുക പൊരുത്തുകാരനു നല്കും. അങ്ങിനെ പൊരുത്തുകാരും അവരുടേതായ തൊഴില്‍ ചെയ്തു ജീവിച്ചുപോകുന്നു. എന്റെ ചെറുപ്പകാലത്ത് തറവാട്ടുവകയായി കുറച്ച് കൃഷിയും കൃഷിസ്ഥലങ്ങളുമൊക്കെ ഉണ്ടായിരുന്നു. മുത്തശ്ശന്റെ കാലത്ത് പച്ചക്കറികളും, നെല്ലും, എള്ളും എല്ലാം കൃഷി ചെയ്തിരുന്നു. വയലുകള്‍ക്കിടയില്‍ ഏരുമാടം കെട്ടി എള്ളുതിന്നാന്‍ വരുന്ന കാടപ്പക്ഷികളെ പിടിക്കാന്‍ നീണ്ട വടിയില്‍ ചക്കമുളഞ്ഞി പുരട്ടി ഞങ്ങള്‍ കാത്തിരുന്ന ഒരു ചെറുപ്പകാലം ഉണ്ടായിരുന്നു. അന്നൊക്കെ കന്നുകളെ വാങ്ങാനും, വില്ക്കാനുമൊക്കെ മുത്തശ്ശന്‍ സഹായികളുമായി വാണിയംകുളം ചന്തയില്‍ പോകുമ്പോള്‍ അപൂര്‍വ്വമായി ഞാനും കൂടെ കൂടാറുണ്ടായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം അന്ന് ചന്ത എനിക്ക് ഒരു കൗതുകവും, അത്ഭുതവുമായിരുന്നു.

ഇന്നത്തെ കന്നുകാലിചന്ത നടക്കുന്ന സ്ഥലത്തിന്റെയും അധികം സ്ഥലം തന്ന് പടിഞ്ഞാറുഭാഗത്തായി മറ്റു പലവിധ കച്ചവടങ്ങള്‍ക്കായി ഈ ചന്തക്ക് ഉണ്ടായിരുന്നു.

അത് മറ്റൊരു ലോകം തന്നെയായിരുന്നു. ഒരു ഭാഗത്ത് പഴം, പച്ചക്കറികള്‍, നാടന്‍ നേന്ത്രക്കുലകള്‍ മുതലായവകള്‍. മറ്റൊരു ഭാഗത്ത് കോഴി, പ്രാവ്, വെരുക്, മുയല്‍, ഉടമ്പ്, ആമ എന്നീ ജീവികളെ പിടിച്ചുകൊണ്ടുവന്ന് വില്ക്കുന്നവരെ കാണാമായിരുന്നു. അക്കാലത്ത് ഇതിനു കച്ചവടനിയന്ത്രണമുണ്ടായിരുന്നില്ലെന്നു തോന്നുന്നു.

എന്റെ നാട്ടുകാരന്‍ മിസ്റ്റര്‍. പുടിങ്ങ എന്ന വിദ്വാന്‍ ഉടുമ്പ്, പ്രാവ് പിടുത്ത വിദഗ്ധനായിരുന്നു. ഉടുമ്പിനെ കിട്ടിയാല്‍ അതിനെ ജീവനോടെ ഒരു മുട്ടന്‍ വടിയില്‍ വരിഞ്ഞുകെട്ടി ഇഷ്ടന്‍ ചന്തയിലേക്ക് കൊണ്ടുപോകുന്നതു കാണാം.

അന്നൊക്കെ നാട്ടിലെ മണ്‍പാതയിലൂടെ കാലത്തു തൊട്ട് ആളുകളുടെ ഒഴുക്കായിരിക്കും. വ്യാഴാഴ്ച ദിവസം ചന്തയിലേക്ക്.

പല ഉല്പന്നങ്ങളും തോളിലും തലയിലുമേറ്റി ചന്ത ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന ജനങ്ങള്‍! ഇവര്‍ക്ക് യാത്രക്കിടയില്‍ ദാഹം തീര്‍ക്കാനും വിശ്രമിക്കാനുമായി റോഡിന്റെ വശത്തായി ഞെഴുകത്തൊടി കുഡുംബക്കാരുടെ ഒരു “തണ്ണീര്‍പന്തല്‍” ഉണ്ട്. ഇവിടെ നിന്നും ആവശ്യത്തിന് മോരുംവെള്ളം കുടിക്കാം. കൂടെ ആള്‍ക്ക് ഒരു “ഉപ്പിലിട്ട നെല്ലക്കിയും” കിട്ടുമായിരുന്നു. അവിടെ തണ്ണീര്‍പന്തല്‍ ഇന്നും ഉണ്ട്. മറ്റു സര്‍വ്വീസ് ഒന്നും ഇല്ല. തൊട്ടടുത്തായി ഞങ്ങള്‍ തലമുറകള്‍ അക്ഷരജ്ഞാനം നേടിയ മനിശ്ശീരി പ്രൈമറി സ്കൂള്‍ ഇന്നും അതിന്റെ ഗാംഭീര്യതയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ചന്തയില്‍ മറ്റു സാധനസാമഗ്രികളുടെ കച്ചവടങ്ങള്‍ക്ക് വെവ്വേറെ ഇടങ്ങളുണ്ട്. ഇതിനായി ചന്തപ്പുരയ്ക്കകത്ത് പല കടമുറികളായിട്ടുണ്ട്. പലതരം സാധനങ്ങളുടെ കടകള്‍ കൃഷി ആയുധങ്ങള്‍, ചിരട്ടകയിലുകള്‍, മരക്കയിലുകള്‍, ഉപ്പുപാത്രം, ഭസ്മക്കൊട്ട, കുട്ടികള്‍ക്കായുള്ള മുച്ചക്ര വണ്ടി തുടങ്ങിയവകള്‍…..അത്യാവശ്യം തുണിത്തരങ്ങള്‍…

പിന്നെ ഹല്‍വ, പൊരി, മുറുക്ക്, എണ്ണയപ്പം, ആറാം നമ്പര്‍ തുടങ്ങിയ മധുരപലഹാരങ്ങളുടെ കടകള്‍…

ഇവകളെല്ലാം വാണിയംകുളം ചെട്ടിയാര്‍ സമുദായാംഗങ്ങളുടെ വകയാണ്.

മനിശ്ശേരി വെസ്റ്റ് കഴിഞ്ഞാല്‍ പിന്നെ വാണിയംകുളം ടൗണ്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും, അഗ്രഹാരങ്ങള്‍ പോലെ കാണുന്ന ചെറിയ വീടുകള്‍ ഈ ചെട്ടിയാര്‍ സമുദായങ്ങളുടേതാണ്. ഈ പ്രദേശത്തു തന്നെ ഇവരുടെ ആരാധനാലയങ്ങളായ മൂന്നു നാല് മാരിയമ്മന്‍ കോവിലുകളുമുണ്ട്.

ഇവിടുത്തെ വര്‍ഷത്തിലൊരിക്കല്‍ കൊണ്ടാടുന്ന മാരിയമ്മന്‍ പൂജകള്‍ നാട്ടില്‍ പ്രസിദ്ധമാണ്.

ഇവര്‍ പൊതുവെ കച്ചവടത്തില്‍ നൈപുണ്യം ഉള്ളവരാണ്. വള്ളുവനാട്ടില്‍ ഒരു കച്ചവടസംസ്കാരം ഉണ്ടാക്കാനും, പുരോഗതിക്കും ഉന്നം വെച്ചുകൊണ്ട് ഇവരെ പണ്ട് കവളപ്പാറ മൂപ്പില്‍നായര്‍ ആന്ധ്രയില്‍ നിന്നും ക്ഷണിച്ചുകൊണ്ടു വന്നതാണത്രേ. ഇവര്‍ ഇപ്പോഴും വീടുകളില്‍ പരസ്പരം ആശയവിനിമയം നടത്തുന്നതും തെലുങ്കുഭാഷയിലാണ്. ഇവരില്‍ കച്ചവടക്കാരല്ലാതെ മറ്റെന്തെങ്കിലും തൊഴിലെടുത്തു ജീവിക്കുന്നവര്‍ വിരളമാണ്. വാണിയംകുളം കന്നുകാലിചന്തയിലെ കച്ചവടങ്ങളില്‍ വലിയ പങ്കുവഹിക്കുന്നവരും ഇവര്‍ തന്നെയാണ്.

ഇന്ന് വാണിയംകുളം ഏറെ പുരോഗമിച്ചു.
P.K.Das Institute of Medical Sciences,

Hospital and Medical College സമുച്ചയം ഇന്ന് ഈ ചന്തയോടു ചേര്‍ന്നു നിലകൊള്ളുന്നു. പിന്നെ ഷോപ്പിങ്ങ് കോംപ്ലക്‌സുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഇവയെല്ലാം ഇന്ന് വാണിയംകുളത്തെ കൂടുതല്‍ പ്രശസ്തമാക്കുന്നു.



വാണിയംകുളം കന്നുകാലിചന്ത (ശങ്കര്‍ ഒറ്റപ്പാലം)
വാണിയംകുളം കന്നുകാലിചന്ത (ശങ്കര്‍ ഒറ്റപ്പാലം)
വാണിയംകുളം കന്നുകാലിചന്ത (ശങ്കര്‍ ഒറ്റപ്പാലം)
(ശങ്കര്‍ ഒറ്റപ്പാലം)
Join WhatsApp News
Sudhir Panikkaveetil 2020-06-12 07:26:11
ഒറ്റപ്പാലത്തെ കൗതുകകരമായ വിശേഷങ്ങളുമായി വരിക ശ്രീ .ശങ്കർ ജി. കഴിഞ്ഞ തവണ കുഞ്ചൻ നമ്പ്യാരെ കുറിച്ച് എഴുതിയത് വായിച്ചു. നന്മകൾ നേരുന്നു.
ജോസഫ്‌ എബ്രഹാം 2020-06-12 18:03:15
വാണിയംകുളത്തെ കുറിച്ചും അവിടുത്തെ ചന്തയെക്കുറിച്ചുമൊക്കെ കേട്ടിട്ടുണ്ട് . മലബാറിന്‍റെ ചരിത്രത്തില്‍ ഏറെ പരാമര്‍ശിച്ചു കേട്ട വാണിയം കുളത്തെക്കുറിച്ച് വളരെ മനോഹരമായി എഴുതി. മലബാറിലെ ഇങ്ങിനെയുള്ള ചെറിയ ചെറിയ പ്രാധാന്യമുള്ള സ്ഥലങ്ങളെക്കുറിച്ച് മങ്ങാട് രത്നാകരന്‍ ഒരു യാത്രാ പരിപാടി ഒരു ചാനലില്‍ മുന്‍പ് അവതരിപ്പിച്ചിരുന്നു. അപ്പോഴാണ് നമ്മള്‍ അവഗണിച്ചു കളയുന്ന ഓരോ ഗ്രാമത്തിലും എന്തെങ്കിലും വിശേഷപ്പെട്ടത് ഉണ്ടെന്ന കാര്യം മനസ്സിലായത്. മലബാറിലെ ഇത്തരം ഗ്രാമങ്ങളെക്കുറിച്ച് വീണ്ടു എഴുതുക. ഇതെല്ലാം കേരളത്തെക്കുറിച്ചുള്ള പുതിയ അറിവുകളാണ്. ആശംസകള്‍
Babushankar 2020-08-01 08:10:33
Shankar ottappalam is very talented person. He wrote all story belonging to vanitamkulam market. Week done . I am proud you Mr.shankar your from ottappalam as well as I am proud of myself I am also from ottappalam.
Sadananda Pulavar 2020-09-18 15:18:57
good.
SURESH KUMAR 2022-08-27 16:19:03
സുന്ദരേട്ടന്റെ കഥ എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു പിന്നെ എന്റെ അച്ഛച്ഛന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് ആട്ടിൻ ചോരയിൽ മുതിര കറി കഴിക്കാൻ ഒരുപാട് പേർ നാട്ടിൽ നിന്നും ചന്തയിലേക്ക് എത്തുമായിരുന്നുവത്രേ ഒരു വിധം എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ👌👌👌👌👌🙏🙏🙏🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക