Image

മറവി പെയ്തിറങ്ങവേ (കഥ: റാണി.ബി.മേനോൻ)

Published on 10 June, 2020
മറവി പെയ്തിറങ്ങവേ (കഥ: റാണി.ബി.മേനോൻ)
ഓർമ്മകൾ തെളിഞ്ഞും മറഞ്ഞും അയാൾക്കു മുന്നിൽ ഒളിച്ചുകളിച്ചു.
ചിലപ്പോൾ പൊള്ളിച്ച്, ചിലപ്പോൾ തണുപ്പിച്ച്, കരയിച്ച്, ചിരിപ്പിച്ച്.... അങ്ങിനങ്ങിനെ....

ചിലപ്പോൾ അയാൾക്കൊരു സിനിമ കാണണമെന്നു തോന്നും, സിനിമയേതെന്നറിയാത്തതിനാൽ വേണ്ടെന്നു വയ്ക്കും.
ചിലപ്പോൾ ആശുപത്രിയിൽ നിന്ന് അത്യാസന്ന രോഗികൾ ചികിത്സയ്ക്കായി വാതിൽക്കൽ നിൽക്കുന്നതായി തോന്നി ക്യൂ നിൽക്കുന്നവരെ അകത്തേയ്ക്ക് വിടാൻ സഹായിയായ ചെറുപ്പക്കാരനോട് അയാളാവശ്യപ്പെടും!
മറ്റു ചിലപ്പോൾ രോഗികളെ സന്ദർശിയ്ക്കാൻ പോവേണ്ടതുണ്ടല്ലോ എന്ന തോന്നലയാളെ ധൃതിയിൽ പുറത്തേയ്ക്ക് നടത്തും - ബലമായി പൂട്ടിയ വാതിൽ തടയുവോളം.....

വൈകുന്നേരം, സൂര്യൻ ഒലിച്ചിറങ്ങിയ വലിയൊരു കുങ്കുമപ്പൊട്ടു പോലെ കടലിലേയ്ക്ക് താഴ്ന്നു പോകുമ്പോൾ മാത്രം, അയാൾ ആ നിമിഷത്തിൽ ജീവിയ്ക്കുന്ന മനുഷ്യനാകും.
വൃദ്ധൻ, ഏകാകി, എല്ലാം വെട്ടിപ്പിടിച്ച് എല്ലാം ചുട്ടെരിച്ചു കളഞ്ഞയാൾ!
ഒന്നിലും തെല്ലും സങ്കടങ്ങളില്ലാത്തയാൾ....
ഒന്നിലൊഴികെ...
അവൾ, തന്റെ അവസാന ശ്വാസം വരെ കൂട്ടിരിയ്ക്കുമെന്നു വാക്കാേതി, തെറ്റിച്ച് പാറിപ്പോയവൾ.
അസ്തമയത്തിൽ ചേക്കേറുന്ന തത്തകൾ അവളെ ഓർമ്മിപ്പിച്ചു.
തളിരിലയുടെ മാർദ്ദവം, ജീവന്റെ പച്ചപ്പ്.... ആ തത്തക്കൂട്ടത്തിൽ ഒന്നവളാകുമെന്നയാൾക്കുറപ്പാണ്, പക്ഷെ എങ്ങിനെ.... അടയാളവാക്യങ്ങൾ അയാൾക്കറിയില്ലായിരുന്നു.

ചെറുപ്പക്കാരനായ തുണക്കാരന് അയാളങ്ങിനെ നിൽക്കുന്നതിഷ്ടമല്ല
"വന്നു കഞ്ഞി കുടിച്ച് കിടക്കൂ ഡോക്റ്റർ", അയാൾ ഉറക്കെയല്ലെങ്കിലും ഉറച്ച ശബ്ദത്തിൽ പറയും, അതിനു ശേഷം അയാളുടെ ചെറിയ ആവശ്യങ്ങൾ നിറവേറ്റി, മരുന്നും കൊടുത്തു കിടത്തിയാൽ ബാക്കി രാത്രി അവന്റെ സ്വന്തം!
ചിത്രങ്ങൾ കാണുകയോ, തുണ്ടു പരതുകയാേ, ഏതെങ്കിലും അജ്ഞാതയായ സുന്ദരിയോട് നഷ്ടസ്വർഗ്ഗങ്ങളുടെ പടിവാതിൽക്കലൊരു രാജകുമാരനായി ചമഞ്ഞ് ചാറ്റു ചെയ്യുകയോ ചെയ്യാം......
ആ വെർച്വൽ ലോകം, ഉറക്കം കണ്ണുകളെതാഴിട്ടുപൂട്ടുംവരെ തുടരും.

അയാൾ, അവളോട് പറയാൻ മറന്ന കഥകൾ പറയുന്നതും, പാടാൻ മറന്ന പാട്ടുകൾ പാടുന്നതും അപ്പോഴാണ്.
മൂളി മൂളി, ഇക്കിളിച്ചിരിയോടെ അവളടുത്തുണ്ടെന്ന ആശ്വാസം അയാളെ ശമിപ്പിയ്ക്കും.
'നീയടുത്തുള്ളപ്പോൾ ഉറങ്ങാനും ഉറങ്ങാതിരിക്കാനും ഒരു പോലെ തോന്നും', അയാൾ അവളുടെ മാർദ്ദവമാർന്ന കൈത്തണ്ടയിൽ ഇക്കിളിയാക്കും.
'ഇത്ര പതുക്കെ തൊടാതിരിയ്ക്കൂ അവൾ കൊഞ്ചും'.
'പിന്നെങ്ങിനെ.....'
'ഇതൊന്നും ഞാനുള്ളപ്പോൾ എന്തേ ചെയ്യാഞ്ഞൂ' എന്നവൾ സങ്കടത്തോടെ ജനലിലൂടെ പാറിപ്പോകും പിന്നയാൾ അവൾ പറന്നു പോയ, ഇരുളിലേയ്ക്ക് കൺപായിച്ച് പിൻതുടരും.
എല്ലായ്പോഴും അയാളോർക്കും അടയാളവാക്യമവളോട് ചോദിയ്ക്കണമെന്ന്, ഏതു മരക്കൊമ്പിലേ, ഏതു ചില്ലയിലാണവൾ ചേക്കേറിയതെന്ന് നോക്കി വയ്ക്കുകയെങ്കിലും വേണമെന്ന്.

എന്തുകൊണ്ടാണ് തനിയ്ക്കതാവാത്തതെന്നറിയുന്ന സന്ധ്യകൾ, അയാൾക്ക് നോവാണ്.
അന്നാെരു രാത്രിയിൽ, ഒരു രോഗിയുടെ വിളിപ്പുറത്തേയ്ക്ക് സുഖമില്ലാത്ത അവളെ തുണയ്ക്കൊരാൾ പോലുമില്ലാതെ തനിച്ചാക്കി പോയ അന്നാണ് അവൾ അയാളോട് പരിഭവിച്ച് ആ ജനലിലൂടെ പാറിപ്പോയി തത്തക്കൂട്ടങ്ങൾക്കിടയിൽ ചേക്കേറിയത്!
പോകവെ, തിരിച്ചറിയാനുള്ള അടയാളവാക്യം അവളവിടെ വച്ചു പോയിരിയ്ക്കുമെന്നയാൾക്കുറപ്പാ
ണ്.
അതിനാലാണ് അയാൾ രാത്രി മുഴുവൻ അത് തിരഞ്ഞു കൊണ്ടേയിരിയ്ക്കുന്നത് -
ഏതു മരത്തിലെ ഏതു കൊമ്പിലെ ഏതു ചില്ലയിലെ ഏതു തത്തയെന്ന അടയാളവാക്യം!

തിരഞ്ഞു തളർന്ന ഒരു നാൾ അയാൾ സ്വയം കൈവീശിപ്പറക്കാൻ ശ്രമിച്ചു. അയാളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ മുറിയിൽ പറന്നു നടന്നു. പറന്ന്, ജനൽപ്പടിയിലിരുന്ന്, മെല്ലെ തല മുന്നോട്ടാക്കി ജനൽപ്പടി പിന്നിലേയ്ക്കു തള്ളി അയാൾ പറക്കാൻ തുടങ്ങി....
അവളിരിയ്ക്കുന്ന കൊമ്പു തേടി, ചില്ല തേടി......

പിറ്റേന്ന് അതിരാവിലെ, വാതിൽക്കലെ പതിവില്ലാത്ത തട്ടു കേട്ടുണർന്ന സഹായിയെ എതിരേറ്റത്, ഒരു പോലീസ് സംഘമായിരുന്നു.
മറവി പെയ്തിറങ്ങവേ (കഥ: റാണി.ബി.മേനോൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക