Image

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്വീകരണത്തിനിടെ ലാത്തി ചാര്‍ജ്

Published on 29 May, 2012
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്വീകരണത്തിനിടെ ലാത്തി ചാര്‍ജ്
കോല്‍ക്കത്ത: ഐപിഎല്‍ ചാമ്പ്യന്‍മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ സ്വീകരണത്തിനിടെ ലാത്തി ചാര്‍ജ്. കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സ്വീകരണച്ചടങ്ങിലേക്ക് ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് ലാത്തിചാര്‍ജിന് ഇടയാക്കിയത്. ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

സ്റ്റേഡിയത്തിലെ മൂന്നാം നമ്പര്‍ ഗേറ്റിനു മുമ്പിലാണ് ലാത്തി ചാര്‍ജ് ഉണ്ടായത്. സ്റ്റേഡിയം നിറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ബാരിക്കേഡ് വെച്ച് പ്രവേശനം നിയന്ത്രിക്കുകയായിരുന്നു. എന്നാല്‍ പ്രവേശനം നല്‍കാത്തതില്‍ പ്രകോപിതരായ ആരാധകര്‍ ബാരിക്കേഡ് തകര്‍ത്ത് സ്റ്റേഡിയത്തിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് ലാത്തി ചാര്‍ജില്‍ കലാശിച്ചത്.

പ്രവേശനം സൗജന്യമായിരുന്ന സ്വീകരണച്ചടങ്ങില്‍ എഴുപതിനായിരത്തോളം പേരാണ് പങ്കെടുത്തത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഗവര്‍ണര്‍ എം.കെ.നാരായണന്‍, മന്ത്രിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ രാവിലെ 11 മണിയോടെ തെക്കന്‍ കോല്‍ക്കത്തയിലെ ഹംസയില്‍ നിന്ന് തുറന്ന ബസിലാണ് കോല്‍ക്കത്ത ടീം അംഗങ്ങള്‍ ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് തിരിച്ചത്.

ഈഡനിലേക്കുള്ള അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഇരുവശവും പതിനായിരക്കണക്കിന് ആരാധകരാണ് കനത്ത ചൂടിനെ അവഗണിച്ച് ടീം അംഗങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനായി കാത്തു നിന്നിരുന്നത്. കോല്‍ക്കത്ത ടീം ഉടമ ഷാരൂഖ് ഖാനും ജൂഹി ചൗളയും ടീം അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക