Image

കോവിഡ് പോരാട്ടത്തിലെ ഒന്നാംസ്ഥാനം (ഷിബു ഗോപാലകൃഷ്ണൻ)

Published on 09 June, 2020
കോവിഡ് പോരാട്ടത്തിലെ ഒന്നാംസ്ഥാനം (ഷിബു ഗോപാലകൃഷ്ണൻ)
ലോകത്തെ വേറെ ഏതെങ്കിലും ഒരു ഭരണാധികാരിയുടെ ഫേസ്‌ബുക്ക് ലൈവിന് ആ രാജ്യത്തെ ആകെ ജനസംഖ്യയിലധികം വ്യൂ ലഭിച്ചിട്ടുണ്ടോ എന്നറിയില്ല. ന്യുസിലാൻഡിലെ ആകെ ജനസംഖ്യ അഞ്ചു മില്യൺ ആണെങ്കിൽ ലോക്ഡൗൺ പ്രഖ്യാപിച്ച അന്നുരാതി സ്വന്തം വീട്ടുമുറിയിൽ നിന്നും രണ്ടുവയസാവുന്ന മകളെ കഷ്ടപ്പെട്ടു ഉറക്കിയതിനു ശേഷം ഇത്തിരിവൈകി വീട്ടുവേഷത്തിൽ ലൈവിൽ വന്ന ജസീന്ത സ്വന്തമാക്കിയത് ഒരു രാജ്യത്തിന്റെ മുഴുവൻ സമ്മതമായിരുന്നു. 75 ദിവസങ്ങൾക്കു ശേഷം ഇന്നലെ രാജ്യം കോവിഡ് മുക്തമായിരിക്കുന്നു എന്ന പ്രഖ്യാപിക്കുമ്പോൾ, അതിലേക്കുള്ള യാത്ര ശരിക്കും ആരംഭിച്ചത് അവിടെനിന്നുമായിരുന്നു. ഇന്നലെ രാത്രിയിലും ജസീന്ത ലൈവിൽ വന്നു, അതേയിടത്തു നിന്നും ഒരിക്കൽ കൂടി, നമ്മൾ അത് സാധ്യമാക്കിയിരുന്നു എന്നു വിളിച്ചുപറഞ്ഞു, നന്ദി ന്യുസിലാൻഡ് എന്നു അത്രയും പ്രിയപ്പെട്ട ഒരാൾ ഓരോരുത്തരോടും നേരിട്ടു പറയുന്നതുപോലെ ആവർത്തിച്ചു.

അണമുറിയാതെ നിലനിർത്തിയ ആശയവിനിമയത്തിന്റെ വിജയമാണിത്. ദിവസേനയുള്ള ഔദ്യോഗിക പത്രസമ്മേളനം മാത്രമല്ല ജനങ്ങളുമായുള്ള ആശയവിനിമയമെന്നു തെളിയിച്ചുകൊണ്ട് അവരുടെ ചോദ്യങ്ങൾക്കെല്ലാം നേരിട്ടുള്ള ഉത്തരമായി ജസീന്ത മാറി. തെറ്റായ വിവരങ്ങൾ കോവിഡിനെക്കാൾ വേഗത്തിൽ പടർന്നു പിടിക്കുന്ന മഹാമാരിക്കാലത്തു കൃത്യമായ ഉത്തരങ്ങളും ശാസ്ത്രീയവിശകലനങ്ങളും ആഹ്വാനങ്ങളുമായി അവർ ജനങ്ങളുടെ ഫാക്ട് ചെക്കിങ് കേന്ദ്രമായി. കുപ്രചാരണങ്ങൾക്കോ കുത്തിത്തിരിപ്പുകൾക്കോ ഇടനൽകാതെ വസ്തുതകളും വിശകലനങ്ങളും കൊണ്ടവർ വിജയത്തിന്റെ ദീപശിഖയായി. ഞാനും നിങ്ങളെ പോലെ ഒരു സാധാരണ പൗരൻ മാത്രമാണെന്ന സഹവർത്തിത്തത്തിലേക്കു ജസീന്ത ഇറങ്ങിവന്നു. മറുപടി പറയാൻ കഴിയാത്ത കമന്റുകൾക്കുള്ള ഉത്തരങ്ങളുമായി സ്വന്തം ഓഫീസിൽ നിന്നും അവർ തിരക്കിട്ട ഫേസ്‌ബുക്ക് ലൈവുകളിലേക്ക് കയറിവന്നു.

നേതൃത്വത്തെ കുറിച്ചുള്ള ചോദ്യത്തിനു ജസീന്ത ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്, വിശ്വാസമാണ് അതിന്റെ അടിത്തറ. അതാണ് എല്ലാ തീരുമാനങ്ങൾക്കും പിന്നിലുള്ള ആത്മവിശ്വാസം. ജനതയുടെ വിശ്വാസം കൊണ്ടാണ് കഠിനമായ എല്ലാ തീരുമാനങ്ങളെയും അവർ വിജയപൂർവം നടപ്പാക്കിയത്. ആ വിശ്വാസം വെറുതെയങ്ങ് ഉണ്ടായതല്ല.

തീവ്രവാദി ആക്രമണത്തിൽ പള്ളിയിൽ പ്രാർത്ഥനയ്ക്കിടയിൽ ആളുകൾ കൊല്ലപ്പെട്ടപ്പോൾ ശിരോവസ്ത്രമണിഞ്ഞു നമ്മൾ ഒന്നാണ് എന്നുപറഞ്ഞവർ സ്വന്തം ജനതയെ കെട്ടിപ്പിടിച്ചു. വിഭജനങ്ങളുടെ തീയണയ്ക്കാൻ അപ്പോൾ അത്തരമൊരു കരുതൽ ആവശ്യമായിരുന്നു. നമ്മൾ എന്നാണ് അവർ എല്ലായിപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. ഒരിക്കൽ പോലും വേർതിരിവിന്റെ വിത്തുകൾ ഒളിപ്പിച്ചുവച്ചില്ല. ഇന്നലെ കോവിഡ് വിമുക്തിയുടെ വിജയപ്രഖ്യാപനം നടത്തുമ്പോൾ പോലും നമ്മൾ 5 മില്യൺ പേരടങ്ങുന്ന ഒരു ടീമാണ് ഇത് നേടിയതെന്നാണ് അവർ അടിവരയിട്ടത്.

വിവേചനങ്ങളൊന്നുമില്ലാതെ ഒരു വൈറസ് യുദ്ധത്തിനിറങ്ങുമ്പോൾ ഒരുമയുടെ ഭാഷ കൈവശമുള്ളവർ വിജയിച്ചു കയറുക സ്വാഭാവികമാണ്. വിള്ളലുകൾക്കതീതമായി അവർ ജനങ്ങൾക്കിടയിൽ നേടിയെടുത്ത വിശ്വാസമാണ് അവരുടെ മൂലധനം. ഏറ്റവും പുതിയ കാലത്തിന്റെ നേതൃത്വമൂല്യങ്ങൾ സംയുക്തമായി അണിനിരന്നു നേടിയെടുത്ത വിജയമാണ് ജസീന്ത ആൻഡേൻ എന്ന ഭരണാധികാരിയുടെ കോവിഡ് പോരാട്ടത്തിലെ ഒന്നാംസ്ഥാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക