Image

ഷുക്കൂര്‍വധം: പോലീസ് കൂടുതല്‍ അറസ്റ്റിന് ഒരുങ്ങുന്നു

Published on 29 May, 2012
ഷുക്കൂര്‍വധം: പോലീസ് കൂടുതല്‍ അറസ്റ്റിന് ഒരുങ്ങുന്നു
കണ്ണൂര്‍ : തളിപ്പറമ്പ് അരിയിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ അവശേഷിക്കുന്ന പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി ശക്തമാക്കി. പതിനഞ്ചോളം പോലീസുകാരെ മഫ്തിയില്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും മറ്റും നിയോഗിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ളവര്‍ക്കു പുറമെ പിടികൂടിയവരില്‍നിന്നു ലഭിച്ച മൊഴികളില്‍ പറയുന്ന സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.

ഇതിനിടെ ഷൂക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൊറാഴ തയ്യില്‍ ഹൗസില്‍ വിജേഷ് എന്ന ബാബൂട്ടി, കീഴറയിലെ എം.വി. ദിനേശന്‍ എന്നിവരെ സെന്‍ട്രല്‍ ജയിലില്‍വച്ചു കണ്ണൂര്‍ ഡിവൈഎസ്പി പി. സുകുമാരന്‍, വളപട്ടണം സിഐ യു. പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു. ഇരുവരില്‍നിന്നും നിര്‍ണായകമായ തെളിവുകളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ഷൂക്കൂറിനെ വധിച്ച മൂന്നുപേരെക്കുറിച്ചും ഗൂഢാലോചനയ്ക്കു നേതൃത്വം നല്കിയവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്ത മൂന്നുപേരെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണു പോലീസ്.

ഈ കേസില്‍ സിപിഎം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണു, ഡിവൈഎഫ്‌ഐ പാപ്പിനിശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് കണ്ണപുരം ചൈനാക്ലേയ്്ക്കു സമീപത്തെ പാറയില്‍ ഗണേശന്‍, ഡിവൈഎഫ്‌ഐ മുതുവാണി യൂണിറ്റ് സെക്രട്ടറി മൊറാഴ മുതുവാണി ചാലില്‍ വീട്ടില്‍ ലതീഷ് എന്നിവര്‍ അറസ്റ്റിലായതോടെയാണു കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്. ഇക്കാര്യങ്ങളെക്കുറിച്ചു കൂടുതല്‍ മനസിലാക്കുന്നതിനാണ് ഇരുവരെയും ജയിലിലെത്തി ചോദ്യം ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക