Image

കുഞ്ഞനന്തന്‍ ഖത്തറിലുണെ്ടന്നു റിപ്പോര്‍ട്ട്

Published on 29 May, 2012
കുഞ്ഞനന്തന്‍ ഖത്തറിലുണെ്ടന്നു റിപ്പോര്‍ട്ട്
തലശേരി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവില്‍പോയ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തന്‍ ഖത്തറിലുണെ്ടന്നു റിപ്പോര്‍ട്ട്. ഖത്തറിലെ കോര്‍ എന്ന സ്ഥലത്ത് ഒരു മലയാളിയുടെ മുറിയില്‍ കുഞ്ഞനന്തന്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം പാനൂരിലെ ചിലര്‍ക്കു ലഭിച്ചതായും അറിയുന്നു. ഖത്തറിലെ യുഡിഎഫ് അനുകൂലികളായ ചില മലയാളികളാണ് കുഞ്ഞനന്തന്റെ ചിത്രം രഹസ്യമായി മൊബൈലില്‍ പകര്‍ത്തി നാട്ടിലേക്ക് അയച്ചതെന്നാണ് വിവരം.

കുഞ്ഞനന്തന്റെ മകനും ബന്ധുക്കളും അയല്‍വാസികളുമുള്‍പ്പെടെ നിരവധിപേര്‍ ഖത്തറിലുണ്ട്. ഇവരിലൊരാളുടെ മുറിയിലാണ് കുഞ്ഞനന്തന്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. സുബൈര്‍ വധക്കേസിലെ ഒരു പ്രതിയുടെയും പൊയിലൂരിലെ സിപിഎം അനുഭാവിയായ ഒരു വ്യവസായ പ്രമുഖന്റെയും സഹായത്തോടെയാണ് കുഞ്ഞനന്തന്‍ ഖത്തറിലേക്ക് കടന്നതെന്നും പറയുന്നു. സിപിഎം പ്രവര്‍ത്തകനും ഖത്തറിലെ വ്യവസായ പ്രമുഖനുമായ വ്യക്തിയാണ് കുഞ്ഞനന്തന് ഖത്തറില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കിയിരിക്കുന്നതത്രെ.

കുഞ്ഞനന്തന്‍ ഖത്തറിലുണെ്ടന്ന റിപ്പോര്‍ട്ട് പോലീസിനും ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് തേടിയിരിക്കുകയാണ്. പാനൂരിലെ ചിലരുടെ മൊബൈലിലുള്ള കുഞ്ഞനന്തന്റെ ചിത്രങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഖത്തറുമായി പ്രതികളെ കൈമാറുന്നതിന് നിയമതടസമില്ലാത്തതിനാല്‍ കുഞ്ഞനന്തന്‍ ഖത്തറിലുണെ്ടന്ന് ഉറപ്പായാല്‍ പോലീസ് സംഘം ഖത്തറിലേക്ക് പോകും. ഇതേസമയം കുഞ്ഞനന്തന്‍ കീഴടങ്ങാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുശേഷം കീഴടങ്ങാനാണ് ശ്രമം. എന്നാല്‍ കുഞ്ഞനന്തനെ അറസ്റ്റു ചെയ്യാന്‍തന്നെയാണ് പോലീസിന്റെ നീക്കങ്ങള്‍. ഇയാളെ പിടികൂടിയാല്‍ മാത്രമേ സംഭവത്തില്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖരുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. കുഞ്ഞനന്തനുവേണ്ടി പാറാട്, കൊളവല്ലൂര്‍, തൂവക്കുന്ന്, കല്ലിക്കണ്ടി തുടങ്ങിയ മേഖലയില്‍ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.പാനൂര്‍ സിഐ ജയന്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കുഞ്ഞനന്തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പാര്‍ട്ടി കേന്ദ്രങ്ങളിലുമായിരുന്നു റെയ്ഡ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക