Image

വര്‍ധിപ്പിച്ച വിമാന ടിക്കറ്റ് നിരക്ക് പിന്‍വലിക്കുക : കേളി

Published on 09 June, 2020
വര്‍ധിപ്പിച്ച വിമാന ടിക്കറ്റ് നിരക്ക് പിന്‍വലിക്കുക : കേളി

റിയാദ് : വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഏര്‍പ്പെടുത്തിയ വിമാനങ്ങളുടെ യാത്രാനിരക്ക് ഇരട്ടിയോളം വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

കോവിഡ് 19 വ്യാപനം തടയാന്‍ വേണ്ടി സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് ജോലിയും വരുമാനവും നിലച്ച് മാസങ്ങളായി പുറത്തിറങ്ങാന്‍ പറ്റാതെ ലക്ഷക്കണക്കിന് പ്രവാസികളാണ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കാര്യമായ യാതൊരു ഇടപെടലും നടത്തുന്നില്ല എന്നത് അത്യന്തം നിര്‍ഭാഗ്യകരമാണ്. അതിനിടയിലാണ് ഇരുട്ടടി എന്നോണം വിമാനനിരക്ക് ഇരട്ടിയോളം വര്‍ധിപ്പിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

ഇത്തരം ദ്രോഹകരമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളേയും ഉടനടി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക