Image

എയര്‍ ഇന്ത്യയുടെ നടപടി കടുത്ത വഞ്ചന

Published on 09 June, 2020
 എയര്‍ ഇന്ത്യയുടെ നടപടി കടുത്ത വഞ്ചന

മക്ക : ഭാരത് മിഷന്‍ വഴി നാടണയുന്ന യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വര്‍ധിപ്പിച്ച എയര്‍ ഇന്ത്യയുടെ നടപടി കടുത്ത വഞ്ചനയാണെന്ന് ഐസിഎഫ് നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പട്ടു.

കോവിഡ് 19 മൂലം കൊടിയ അവഗണനയും പീഡനങ്ങളും സഹിച്ച പ്രവാസികളെ വിദേശ രാജ്യങ്ങളുടെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കുശേഷം മാത്രമാണ് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത്. നാമമാത്രമായ ആളുകളെ മാത്രമാണ് ഇതുവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനായത്.

ഗര്‍ഭിണികളും പ്രായാധിക്യമുള്ളവരും സന്ദര്‍ശക വീസയിലെത്തി തിരിച്ചുപോവാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നവരും മാസങ്ങളായി ജോലിയില്ലാത്തവര്‍ക്കുമാണ് വന്ദേ ഭാരത് മിഷനിലൂടെ നാട്ടിലേക്ക് തിരിച്ചു പോവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്. ഇവരുടെ തന്നെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക വഴി സര്‍ക്കാര്‍ ചെയ്യുന്നത് സാമാന്യ നീതിക്ക് പോലും നിരക്കാത്തതാണ്. എല്ലാ രാഷ്ട്രങ്ങളും അവരുടെ പൗരന്മാരെ കൃത്യ സമയത്ത് നാട്ടിലെത്തിച്ചത് തീര്‍ത്തും സൗജന്യമായാണ്.

സാമൂഹിക സംഘടനകള്‍ ഒരുക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളേക്കാള്‍ ഉയര്‍ന്ന നിരക്കിലേക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവാസം തെരഞ്ഞെടുത്ത പ്രവാസികളെ മറ്റു രാജ്യങ്ങളെ മാതൃകയാക്കി സൗജന്യമായി നാട്ടിലെത്തിക്കാന്‍ വഴിയൊരുക്കണമെന്നും നാഷണല്‍ കമ്മിറ്റി പത്രകുറിപ്പില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക